Monday 24 September 2018 10:29 AM IST : By സ്വന്തം ലേഖകൻ

ഫുട്ബോൾ മത്സരം കാണാന്‍ ആൺവേഷത്തില്‍ സ്റ്റേഡിയത്തിൽ; അറസ്റ്റിലായ യുവതിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ!

iranian-girl

ലോകമാകെ കണ്ട ഒരു ഇറാനിയന്‍ സിനിമയുണ്ട്. ‘ഓഫ്സൈഡ്’ എന്നാണ് പേര്. ജാഫര്‍ പനാഹി സംവിധാനം ചെയ്ത ചിത്രം. തെഹ്‌‌റാനില്‍ നടക്കുന്ന ഇറാന്‍റെ ലോകകപ്പ് യോഗ്യതാ മല്‍സരം കാണാന്‍ ആണ്‍വേഷത്തില്‍ സ്റ്റേഡിയത്തിന് അകത്ത് കയറുന്ന നാല് പെണ്‍കുട്ടികളുടെ കഥ. നാലുപേരും പൊലീസ് പിടിയിലാകുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. ലോകമാകെ കയ്യടിച്ചുകണ്ട ആ സിനിമ ആവര്‍ത്തിക്കുകയായിരുന്നു സൈനബിന്‍റെ ജീവിതത്തില്‍.

ഫുട്ബോൾ മൽസരം കാണണമെന്ന ആഗ്രഹമാണ് ഈ ഇറാനിയൻ യുവതിയെ ആൺവേഷം കെട്ടിച്ചത്. ആൺവേഷം കെട്ടി സ്റ്റേഡിയത്തിലെത്തിയതോടെ പൊലീസിന്റെ പിടിയിലുമായി. പുരുഷന്മാരുടെ മൽസരങ്ങൾ നേരിൽ കാണാൻ വിലക്കുള്ള സ്ഥലമാണ് ഇറാൻ. ഇവിടെ കായികവിനോദങ്ങളിൽ ഏർപ്പെടുന്നതിൽ സ്ത്രീകൾക്ക് വിലക്കുമുണ്ട്. ഇത് മറികടന്ന് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിച്ച സൈനബിനെയാണ് പൊലീസ് പിടികൂടിയത്.

പിടിയിലായ വിവരം സൈനബ് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തറിയിച്ചത്. ആൺവേഷത്തിലുള്ള ചിത്രവും ഇവർ പങ്കുവച്ചു. കടുത്ത ശിക്ഷയാണ് സൈനബിനെ കാത്തിരിക്കുന്നതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനബിനെ പോലെ ഫുട്‌ബോളില്‍ താല്‍പ്പര്യമുള്ള ധാരാളം പെണ്‍കുട്ടികള്‍ ഇറാനിലുണ്ട്. വേഷം മാറി മത്സരം കാണാനെത്തുന്ന പെണ്‍കുട്ടികള്‍ ഇറാനില്‍ അറസ്റ്റിലാകുന്നത് ഇത് ആദ്യത്തെ സംഭവവുമല്ല.

more...