Saturday 22 January 2022 01:03 PM IST : By സ്വന്തം ലേഖകൻ

കലയുടെ ചരിത്രം വഴിമാറുന്നു, പുരുഷൻമാർ കയ്യടക്കിവച്ചിരുന്ന പാവക്കൂത്തിൽ പെൺവിപ്ലവം

paavakkoothu

പുരുഷൻമാർ കയ്യടക്കി വച്ചിരുന്ന പാവക്കൂത്തിൽ വിപ്ലവകരമായ പെൺസാന്നിദ്ധ്യം. രജിത രാമചന്ദ്രൻ എന്ന കലാകാരിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കലാകാരികളാണ് പാരമ്പര്യത്തിന്റെ പെരുമയിൽ അരങ്ങിലേക്കെത്തുന്നത്.

1970-കളിൽ മുത്തച്ഛൻ ശ്രീകൃഷ്ണൻ കുട്ടി പുലവർ തുടങ്ങിവച്ച തോൽപ്പാവക്കൂത്താണ് രജിതയുൾപ്പെടുന്ന പിൻതലമുറയുടെ സിരകളിൽ കലയുടെ വിത്തുപാകിയത്. ക്ഷേത്രകലാരൂപമായി വളർന്നു വന്ന കല പിൽക്കാലത്ത് മതിൽക്കെട്ടുകൾ കടന്ന് വേദികളിലേക്കെത്തി. ശ്രീകൃഷ്ണൻ കുട്ടി പുലവരുടെ മകൻ പത്മശ്രീ രാമചന്ദ്ര പുലവർ ഈ കലാരൂപം വളരെയേറെ ജനകീയമാക്കപ്പെട്ടു. പാവക്കൂത്തിന്റെ വളർച്ചയുടെ വഴികളിൽ കലയുറങ്ങുന്ന പെൺമനങ്ങളിലേക്കും തോൽപ്പാവക്കൂത്ത് പകർന്നു നൽകി കലയുടെ കാരണവൻമാർ.

കല സ്വായത്തമാക്കാനുള്ള യാത്രയിൽ രജിതയെ പോലുള്ള കലാകാരികൾക്ക് ഒത്തിരികടമ്പകളേയും നേരിടാനുണ്ടായിരുന്നു. 995ൽ CCRTസ്കോളർഷിപ്പിന് അപേക്ഷിച്ചുരുന്നു. എന്നാൽ ഇന്റർവ്യൂവിനു പോലും വിളിക്കാത്ത സ്ഥിതിവിശേഷമുണ്ടായി. കാരണം തിരക്കിയപ്പോൾ ലഭിച്ചത് ‘സ്ത്രീകൾ ഈ കലാരൂപത്തിൽ ഇല്ലാത്തതുകൊണ്ട് നിങ്ങൾ ഇതിൽ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു എന്ന മറുപടിയാണ്. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിൽ പാലക്കാട് ജില്ലയിലെഒറ്റപ്പാലം മുനിസിപ്പാലിറ്റി നിയോഗിക്കപ്പെട്ടപ്പോൾ വളരെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു രജിതയെന്ന കലാകാരിക്ക്.

എന്നാൽ നല്ല മാറ്റം സംഭവിക്കുമെന്ന പ്രതീക്ഷയിൽ മുന്നോട്ടുപോയി. എന്നാൽ അതുവരെ ഉണ്ടായ അവഗണനകൾക്കെല്ലാം പരിഹാരമായി വലിയ വേദികൾ ആ കലാകാരികൾക്കായി കാലം കാത്തുവച്ചു. ദേശീയ– രാജ്യാന്തര തലത്തിൽ നിരവധി വേദികൾ ഈ കലാകാരികൾക്ക് ലഭിച്ചു. നാഷണൽ ഇന്റർനാഷണൽ puppetry ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള നിയോഗം പോലും രജിത ഉൾപ്പെടെയുള്ള കലാകാരികൾക്ക് ലഭിച്ച അർഹിച്ച അംഗീകാരമാണ്. 2018 കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2018ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് ജേതാവ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ഈ കലാകാരികഴെ തേടിയെത്തി.

കലയുടെ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുന്ന ഈ കലാകാരികൾ പാവനാടകവേദിയുമായി സഹൃദയർക്കു മുന്നിലേക്കെത്തുന്നുമുണ്ട്. സ്ത്രീകളുടെ കഥ പറഞ്ഞ് കൊണ്ടുതന്നെ പെൺ പാവക്കൂത്ത് ആസ്വാദകർക്കു മുന്നിലെത്തും.