Saturday 28 December 2019 04:23 PM IST

‘ജീവൻ നൽകിയ ആ ട്രാഫിക് സിഗ്നൽ’; പൊലീസിന്റെ ജാഗ്രതയ്ക്ക് സ്നേഹമുഖം ചാർത്തിയ മഹിളാ മണി!

Roopa Thayabji

Sub Editor

_BAP0044 മഹിളാ മണി സീനിയർ സിവിൽ പൊലീസ് ഓഫിസർ, ഇടപ്പള്ളി ട്രാഫിക്

ചേർത്തലയിലെ അന്ധകാരനഴിയാണ് സ്വദേശം. അച്ഛൻ ദിവാകരൻ പാചകത്തൊഴിലാണ്, അമ്മ അംബുജാക്ഷി. ഒൻപതുമക്കളിൽ ഏഴാമത്തെയാണ് ഞാൻ. സ്കൂളിൽ പഠിക്കുമ്പോഴേ ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ സമ്മാനം കിട്ടും. അന്നേ ടീച്ചർമാരോട് പറയുമായിരുന്നു, പൊലീസുകാരിയാകാനാണ് മോഹമെന്ന്. എട്ടാം ക്ലാസു വരെ സ്പോർട്സ് പ്രാക്ടീസിനു പോയി. പിന്നെ, നിർത്തി.

പട്ടണക്കാട് സ്കൂളിൽ നിന്നാണ് പത്താം ക്ലാസ് പാസായത്, അതുകഴിഞ്ഞ് എറണാകുളത്ത് എക്സ്റേ ടെക്നീഷ്യൻ കോഴ്സിനു ചേർന്നു. സാമ്പത്തിക പ്രയാസം കാരണം കോഴ്സ് പൂർത്തിയാക്കും മുൻപേ പരസ്യ കമ്പനിയിൽ ജോലിക്കു ചേർന്നു. അവിടെ ജോലി ചെയ്യുന്ന സമയത്താണ് പിഎസ്‌സി പരീക്ഷയെഴുതണമെന്ന ചിന്ത വന്നത്. കാത്തുകാത്തിരിക്കെ വനിത പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വിജ്ഞാപനം വന്നു. അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന ദിവസം ജില്ലാ ആസ്ഥാനത്ത് നേരിട്ടു പോയി അപേക്ഷ പെട്ടിയിലിടുകയായിരുന്നു.

2001ൽ, എന്റെ 26–ാം വയസ്സിൽ വനിത സിവിൽ പൊലീസ് ഓഫിസറായി സർവീസിൽ കയറി. ആദ്യ പോസ്റ്റിങ് അങ്കമാലിയിലായിരുന്നു. ട്രെയിനിങ് കഴിഞ്ഞയുടൻ  വിവാഹം നടന്നു, ഭർത്താവ് ഡാർലി ആർ. കൃഷ്ണന് സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. സന്തോഷക്കൂട്ടിൽ മക്കളായ പ്ലസ് വൺകാരൻ കണ്ണനും ഏഴാംക്ലാസുകാരി നിരഞ്ജനയുമുണ്ട്. ഇപ്പോൾ സീനിയർ സിവിൽ പൊലീസ് കോൺസ്റ്റബിളായി പ്രമോഷൻ കിട്ടി, ഇടപ്പള്ളി ട്രാഫിക് സെക്‌ഷനിലാണ്.’ അങ്ങനെയാണ് ജീവിതത്തിൽ നന്മയുടെ ദീപം തെളിക്കാനായി ചുമതല  മഹിളാമണിയിലേക്ക് എത്തുന്നത്.

നിയോഗം ചുമലിലേറ്റി

‘2019 സെപ്റ്റംബർ 13. ഓണം പ്രമാണിച്ച് അന്നു കൂടി അവധിക്ക് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ചതയദിനാഘോഷമാണ്, റോഡിൽ നല്ല തിരക്ക്. കാൽനടയാത്രക്കാരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെ അറുപത്തിയഞ്ച് വയസ്സുള്ള ഒരു മനുഷ്യൻ കയ്യിൽ കയറിപ്പിടിച്ചു. നോക്കുമ്പോൾ അയാളുടെ കണ്ണുകൾ മുകളിലേക്ക് മറിയുന്നു. ഒരു വിധത്തിൽ താങ്ങി ഇരുത്തി. ഓട്ടോ വിളിച്ചിട്ടു വരുമ്പോഴേക്കും ഛർദ്ദിച്ച് അവശനായ അദ്ദേഹത്തെ ഓട്ടോയിൽ കയറ്റി.

എന്നേക്കാൾ തടിയും ഉയരവുമുള്ള അദ്ദേഹത്തെ എങ്ങനെയാണ് തനിയെ ഓട്ടോയിലേക്കു കയറ്റിയതെന്ന് ഇപ്പോഴും അറിയില്ല. ആശുപത്രിയിലേക്ക് പായുന്നതിനിടെ വയർലെസിലൂടെ സന്ദേശം നൽകി കലൂരിലേയും സ്റ്റേഡിയത്തിലെയും ട്രാഫിക് സിഗ്നലുകൾ ഓപ്പണാക്കി. രോഗിയുമായി വരുന്നുണ്ടെന്ന് അറിയിച്ചിരുന്നതിനാൽ സർവസജ്ജരായാണ് ഡോക്ടർമാർ നിന്നത്. ‘ഹാർട്ട് അറ്റാക്കാണ്, അൽപം കൂടി വൈകിയിരുന്നെങ്കിൽ അദ്ദേഹം ജീവനോടെ ഉണ്ടാകില്ലായിരുന്നു...’ അവർ പറഞ്ഞതു കേട്ട് കരഞ്ഞുപോയി.

സംഭവമറിഞ്ഞ് ഡിസിപി മുതലുള്ളവർ വിളിച്ച് അഭിനന്ദിച്ചു. കാഷ് അവാർഡും ഗുഡ് സർവീസ് എൻട്രി ശുപാർശയുമൊക്കെയായി ദിവസങ്ങൾ കഴിയുന്നതിനിടെ ഒരു ഫോൺകോൾ. ‘ആൻജിയോപ്ലാസ്റ്റി കഴിഞ്ഞു, സുഖമായിരിക്കുന്നു, ഇപ്പോൾ വിശ്രമത്തിലാണ്’ അത് അദ്ദേഹം ആയിരുന്നു. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല...’

Tags:
  • Spotlight
  • Inspirational Story