Wednesday 20 March 2019 12:29 PM IST : By സ്വന്തം ലേഖകൻ

മൊട കണ്ടാൽ രണ്ട് പെടതരാൻ ഇനി വനിതാ പൊലീസും; പെൺപുലികൾക്ക് ലാത്തിച്ചാർജിൽ സ്പെഷ്യൽ ക്ലാസ്

police

തിരുവനന്തപുരം∙ ലാത്തിവീശാൻ ഇനി വനിതാപൊലീസും. സംഘർഷമേഖലകളിൽ കുഴപ്പമുണ്ടാക്കിയാൽ ചുട്ട പെട തരാൻ ഇനി പുരുഷപൊലീസിനൊപ്പം വനിതാ പൊലീസിലെ ചുണക്കുട്ടികളുമുണ്ടാകും. വനിതാപൊലീസുകാർക്ക് പുതിയ ചട്ടപ്രകാരമുള്ള ലാത്തിച്ചാർജിൽ പരിശീലനം തുടങ്ങി. മേനംകുളത്തെ വനിതാ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് 40 പേരടങ്ങുന്ന ആദ്യബാച്ചിന്റെ പരിശീലനം ഈയാഴ്ച പൂർത്തിയാകും. തുടർന്ന് ബറ്റാലിയനിലെ 568 പേർക്കും പരിശീലനം നൽകും.  

പൊലീസിലും വനിതാ മതിൽ... മേനംകുളത്ത് വനിതാ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് വനിതാ പൊലീസുകാർക്ക് അക്രമികളെ നേരിടാനായി പരിശീലനം കൊടുക്കുന്നു.

തലയ്ക്ക് അടിക്കുക, വായിൽ കുത്തുക, കഴുത്തിന് അടിക്കുക തുടങ്ങിയ ക്രൂരമായ ലാത്തിച്ചാർജ് പരിശീലനമാണ് നേരത്തെ പൊലീസുകാർക്കു നൽകിയിരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം ഡിഐജി കെ. സേതുരാമന്റെ നേതൃത്വത്തിൽ അടുത്തിടെ ഇതു പരിഷ്കരിച്ചിരുന്നു. പുതിയ നിയമപ്രകാരം ഇടതുകൈയുടെ മുട്ടിനു മുകളിലും ഇടതുകാൽമുട്ടിനു താഴെയും മാത്രമേ അടിക്കാവൂ.

ഇതിന്റെ അടിസ്ഥാനത്തിൽ പുരുഷ പൊലീസുകാർക്കു നേരത്തെ പരിശീലനം തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണു വനിതാപൊലീസുകാർക്കു പരിശീലനം നൽകുന്നത്. നേരത്തെ ലാത്തിച്ചാർജിൽ പുരുഷപൊലീസുകാർക്കു മാത്രമായിരുന്നു പരിശീലനം. എന്നാൽ, വനിതാപൊലീസുകാരെയും സംഘർഷബാധിതമേഖലകളിൽ ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു ലാത്തിച്ചാർജ് പരിശീലനം നൽകുന്നത്.  

p1 ഇന്ന് ഓങ്ങ്, നാളെ അടി...മേനംകുളത്ത് വനിതാ പൊലീസ് ബറ്റാലിയൻ ആസ്ഥാനത്ത് വനിതാ പൊലീസുകാർക്ക് ലാത്തിച്ചാർജിൽ പരിശീലനം നൽകുന്നു. ചിത്രം : മനോജ് ചേമഞ്ചേരി ∙ മനോരമ

വനിതാ ബറ്റാലിയൻ കമൻഡാന്റ് ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാരായ ഗണേഷ് കുമാർ (വിജിലൻസ്), ഷാഹിർ ഷാ (സ്പെഷൽ ബ്രാഞ്ച് സിഎഡി), രാകേഷ്, സഞ്ജുഷൻ (പൊലീസ് ട്രെയിനിങ് കോളജ്) എന്നിവരാണ് പരിശീലനം നൽകുന്നത്. സംഘർഷമേഖലകളിൽ നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്തുനീക്കൽ, ആൾക്കൂട്ടത്തെ ചിതറിച്ച് പ്രതിരോധിക്കൽ, കല്ലേറ് പ്രതിരോധിക്കാനുള്ള ലോ ആൻഡ് ഹൈ ഷീൽഡ് വാൾ എന്നിവ ഉൾപ്പെടെയുള്ളവയിലാണു പരിശീലനം നൽകുന്നത്.

More