Wednesday 28 October 2020 12:51 PM IST : By സ്വന്തം ലേഖകൻ

നിന്നെക്കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ട്... ചോദ്യമില്ല, പറച്ചിലില്ല, സമ്മതം വാങ്ങലില്ല; പെണ്ണിനെ കെട്ടിച്ച് ഭാരമൊഴിവാക്കുന്നവര്‍; കുറിപ്പ്

nelson-jo

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള വിപ്ലകരമായ പ്രഖ്യാപനം ഏതു നിമിഷത്തിലും പ്രതീക്ഷിക്കാം. നിയമം അണിയറയില്‍ ഒരുങ്ങുമ്പോഴും അത് ദഹിക്കാത്ത നിരവധി പേര്‍ ചുറ്റുമുണ്ടെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അടിവരയിടുന്നു. പെണ്‍കുട്ടികളെന്നാല്‍ കുടുബവും കുട്ടികളുമായി ഒതുങ്ങേണ്ടവരാണെന്ന അത്തരം പഴകി ദ്രവിച്ച ചിന്തകള്‍ക്ക് വീണ്ടും മറുപടി നല്‍കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. പെണ്ണിന്റെ തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാം മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഓങ്ങളമാരുടെ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും

ഓങ്ങളയെന്താന്നാരിക്കും...ഓൺലൈൻ ആങ്ങള ലോപിച്ചതാണ്..

പെൺകുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് എഴുതിയ കുറിപ്പിൽ ചില നിഷ്കളങ്കമായ ചോദ്യങ്ങളും പരിഭവങ്ങളും കാണുകയുണ്ടായി.

അവയിൽ തിരഞ്ഞെടുത്ത " കുത്തുകൾക്കുള്ള " മറുപടികൾ ചുരുക്കിയെഴുതുന്നതാണ്.

ഫസ്റ്റ് ക്വസ്റ്റ്യൻ ഒരു തേങ്ങ....ദതല്ല, തേങ്ങലാണ്.

രാജ്യത്തിൻ്റെ ഭരണകർത്താക്കളെ തിരഞ്ഞെടുക്കാൻ പതിനെട്ട് വയസ് മതി. പക്ഷേ സ്വന്തം ഭർത്താവിനെ തിരഞ്ഞെടുക്കാൻ പതിനെട്ട് വയസ് പോരാ എന്ന്...

എന്തോ? എങ്ങനേ?

സ്വയം തിരഞ്ഞെടുക്കാൻ...അല്ലിയോ? ഈ പറയുന്ന പെൺകുട്ടികളിൽ ഏതെങ്കിലുമൊരാൾ സ്വയം ഭർത്താവിനെ തിരഞ്ഞെടുത്ത് നോക്കട്ടെ..

" പ്ഫാ.....ഒരുമ്പെട്ടോളേ...കുടുമ്പത്തിൻ്റെ മാനം കളയാനായിട്ട് ഓരോന്ന് കുരുത്തോളും...മതി നിൻ്റെ പഠിത്തോം കോപ്പും എല്ലാം...ഇനി ഈ പെരയ്ക്ക് വെളീലെറങ്ങിയാൽ മുട്ടുകാല് രണ്ടും..."

അല്ലേ?

നമ്മുടെ ഭാവനയിലെ സ്വയം തിരഞ്ഞെടുപ്പ് ഏതാണ്ട് ഇങ്ങനെയാണ്...

" നിന്നെ കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്...അവരങ്ങ് വന്നേച്ച് പോവട്ടെ " ....ഭും....ഒരു ബോംബ്..ചോദ്യമില്ല, പറച്ചിലില്ല, സമ്മതം വാങ്ങലില്ല...മുൻ കൂട്ടി പറയുന്നുപോലുമുണ്ടാവില്ല..

നെക്സ് ഡേ

" നല്ല കൂട്ടരാടീ.... ഇനി ഇതുപോലെ ഒരെണ്ണം വന്നോളണമെന്നില്ല.. നമുക്കിതങ്ങ് ഉറപ്പിക്കാം അല്ലേ? "

ഒ.കെ.... ബൈ...

അടുത്ത സംശയം സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്ത്യൻ പൗരനില്ലേ എന്നതാണ്. ഇപ്പോൾ പഠിക്കേണ്ട, വിവാഹം മതിയെന്ന് പറയാനും വിവാഹം കഴിഞ്ഞായാലും പഠിച്ചാൽ മതിയെന്ന് പറയാനും ഒക്കെയുള്ള...സ്വാതന്ത്ര്യം.

വളരെ മികച്ച ഒരു ചോദ്യമാണ്. തീർച്ചയായും സ്വാതന്ത്ര്യം വേണം. ഒരൊറ്റക്കുഴപ്പമേയുള്ളു. എത്ര പെണ്ണുങ്ങൾക്ക് ഈ സ്വാതന്ത്യ്രം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാവും?

" അമ്മേ...എനിക്കിപ്പം കല്യാണമൊന്നും വേണ്ട...പഠിച്ചാ മതി..."

ഉത്തരങ്ങൾ...

" ഓ...അതിപ്പൊ കല്യാണം കഴിഞ്ഞായാലും പഠിക്കാന്നേ...."

" പ്രായം മുന്നോട്ടാ....ഓർമ വേണം..."

" നിനക്ക് താഴെയൊള്ളതുങ്ങളെക്കൂടി ഓർക്കണ്ടേ? "

" ഞങ്ങടെ കണ്ണടയുന്നേന് മുമ്പ്...."

ഒറ്റ വാക്കിൽ ഇമോഷണൽ ബ്ലാക് മെയിലിങ്ങ്....സ്വാതന്ത്ര്യമാണേയ്..

ക്ലാസിക് ചോദ്യമുണ്ട്..." പൗരൻമാരുടെ പ്രായപൂർത്തി അംഗീകരിച്ചു അവർക്ക് വോട്ടവകാശം നൽകുന്ന സർക്കാർ ശേഷം അവരുടെ വിവാഹ കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ് "

ഹോ...ഉത്തരം മുട്ടിപ്പോയി....

ഡോ..ഡോ...രാജ്യം ഭരിക്കേണ്ടത് ആരാന്ന് തീരുമാനിക്കാൻ കെല്പുള്ള (അല്ല, അങ്ങനാല്ലോ മുമ്പ് പറഞ്ഞത്) ആളുകളുടെ വിവാഹക്കാര്യത്തിൽ നിങ്ങൾ ഇടപെടാറില്ലേ?

എത്ര പെൺകുട്ടികൾ പൂർണമായും വിവാഹത്തിൽ അവരുടെ ഇഷ്ടവും തീരുമാനവും എടുത്തിട്ടുണ്ടാവും? ഉത്തരമൊന്നും പറയേണ്ട...ചുമ്മാ ആലോചിച്ചാൽ മതി...വിവാഹപ്രായം കുറയ്ക്കണമെന്ന് പറയാനാണെങ്കിലും പെണ്ണിനെ ഒരു വ്യക്തിയായി കണ്ടല്ലോ....

സന്തോഷമായി...

വലിയ മാളികകളിൽ താമസിക്കുന്നവർക്ക് പാവപ്പെട്ടവൻ്റെ ആധി അറിയില്ല. അങ്ങനെയുള്ള പാവപ്പെട്ടവർ പെൺകുട്ടിയെ ഒരാളെ ഏൽപ്പിച്ചു സമാധാനത്തോടെ ഉറങ്ങാൻ കാത്തിരിക്കുകയാണെന്ന് മറ്റൊരാൾ.

പെണ്ണ് ഒരു ബാദ്ധ്യതയാണെന്നും നഷ്ടം മാത്രമുണ്ടാക്കുന്ന ഒരു കമ്മോഡിറ്റിയാണെന്നും ഇതിലും നൈസായിട്ട് എങ്ങനെ പറഞ്ഞ് വയ്ക്കാനാണ്. ഇജ്ജാതി ഡയലോഗൊക്കെ അടിക്കുന്നത് എന്ത് തേങ്ങ അറിഞ്ഞിട്ടാണോ ആവോ?

രാജകുമാരനും രാജകുമാരിയും സുഖമായി കഴിഞ്ഞെന്ന് അവസാന വാചകം പറഞ്ഞ് പുസ്തകം അടയ്ക്കാൻ ഇത് മുത്തശ്ശിക്കഥയല്ല അനിയാ....

ഒരു ഒറ്റമുറി വീട്ടിലാണ് പതിനഞ്ച് വയസ് കഴിയുന്നത് വരെ ഞാൻ താമസിച്ചത്. മാളികയൊക്കെ കണ്ടിട്ടുണ്ട്. അകത്തു കിടന്ന് ഉറങ്ങിയിട്ടില്ല.

അന്ന് പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലുമൊരുത്തിയുടെ കയ്യിൽ പിടിച്ചേല്പിക്കണം എന്നോ മറ്റോ അപ്പനും അമ്മയും ആലോചിച്ചിരുന്നെങ്കിലോ?....പെൺകുട്ടികളെ കെട്ടിച്ച് ഭാരമൊഴിവാക്കണം എന്നല്ലാതെ പഠിച്ച് ജോലി നേടണം എന്ന് തലയിൽ തെളിയില്ല അല്ലിയോ?

മറ്റിടങ്ങളിലെ സ്ത്രീകൾ നേട്ടങ്ങൾ കൊയ്യുമ്പൊ ഇവിടുള്ളോരെന്താ ഒന്നും ഉണ്ടാക്കാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ? പതിനെട്ട് വയസിൽ കുടുംബഭാരമെടുത്ത് തലയിൽ വച്ചുകൊടുത്താൽ മതി...നേട്ടം താനേ വരും...

" ജോലി ഇല്ലാതെയും മക്കളെ നോക്കിയും അതിൽ നിന്നുള്ള സന്തോഷം അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ."....സ്റ്റേറ്റ്മെൻ്റാണ്...കിളിയെ പിടിച്ച് കൂട്ടിലിട്ടിട്ട് എന്ത് ഭംഗിയുള്ള പാട്ട് എന്ന് പുകഴ്ത്തുന്നപോലുണ്ട്.

തെരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ച് ഒരുപാട് പേർ പറഞ്ഞ് വാദിക്കുന്നത് കണ്ടു.

സ്വന്തം ഇഷ്ടത്തിനു പഠിക്കാൻ അനുവാദമില്ല.

ഇഷ്ടമുള്ള ജോലി ചെയ്യാൻ അനുവാദമില്ല.

ശമ്പളം സ്വന്തം ഇഷ്ടത്തിനു ചിലവാക്കാൻ അനുവാദമില്ല.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുവാദമില്ല.

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അനുവാദമില്ല.

സമയം ഇഷ്ടമുള്ളവരോടൊപ്പം ചിലവഴിക്കാൻ അനുവാദമില്ല.

പുറത്ത് ഇറങ്ങാൻ വിലക്ക്..

ആൺ കൂട്ടുകാർക്ക് വിലക്ക്..

പ്രൊഫൈൽ പിക്ചറിടാൻ വരെ വിലക്കുള്ളിടങ്ങളുണ്ട്..

അവസാനം എല്ലാറ്റിനും ഒരു ന്യായീകരണവും...നിൻ്റെ നന്മയ്ക്ക് വേണ്ടിയാണ് എന്ന്...

എന്തോന്ന് നന്മ?

എന്തോന്ന് സ്വാതന്ത്ര്യം?

എന്തോന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം?

നിങ്ങളാണ് തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതും വേലികെട്ടുന്നതുമൊക്കെ..ഇപ്പൊ തിരഞ്ഞെടുക്കാനുള്ള അവകാശം പ്രസംഗിക്കുന്നത് കാണുമ്പൊ ചിരി വരുന്നു..

ഏറ്റവും ദുരന്തം ഏറ്റവും അവസാനത്തേക് വച്ചതാണ്.

" പതിനാറാം വയസ്സിൽ തന്തയില്ലാത്ത കുട്ടിയുടെ അമ്മ എന്ന് പാശ്ചാത്യ നാടുകളിൽ കേൾക്കുന്നത് ഇരുപതാം വയസ്സ് വരെ നമ്മുടെ നാട്ടിൽ ഉണ്ടായിക്കൊണ്ടിരിക്കും. "

എന്തോന്ന് പറയാൻ !!!