Wednesday 30 November 2022 04:16 PM IST : By സ്വന്തം ലേഖകൻ

കളിപ്പാട്ടങ്ങളിലേക്ക് കൊതിയോടെ നോക്കി നിന്ന ആ കുഞ്ഞുമക്കൾ... കുഞ്ഞുമുഖങ്ങളിൽ പുഞ്ചിരി വിരിയിച്ച പെൺകൂട്ടം

team-spike-vanitha ‘സ്പ്രെഡ് ദ് സ്പാർക്കിളി’ ലെ അംഗങ്ങൾ കൊച്ചിയിലെ കോഫീ മീറ്റപ്പിനിടെ

സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞുവിസ്മയങ്ങൾ, ആനന്ദങ്ങൾ.പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

പുത്തൻ കളിപ്പാട്ടം കയ്യിൽ കിട്ടിയാൽ സന്തോഷിക്കാത്ത കുട്ടികളുണ്ടോ? ആ നിമിഷം കുഞ്ഞിക്കണ്ണുകളിൽ വിരിയുക ലോകം കീഴടക്കിയ വെളിച്ചമായിരിക്കും. അങ്ങനെയൊരു പുഞ്ചിരിത്തെളിച്ചത്തിൽ നിന്നാണ് കൊച്ചിയിലെ ‘സ്പ്രെഡ് ദ് സ്പാർക്കിൾ’ എന്ന പെൺകൂട്ടായ്മയുടെ ആരംഭം.

‘‘ഒരിക്കൽ ഞങ്ങൾ കൂട്ടുകാർ മക്കളെയും കൊണ്ടു പാർക്കിൽ പോയി. കുഞ്ഞുങ്ങൾ അ വരുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും ഒപ്പമെടുത്തിരുന്നു. ഞങ്ങൾ സൊറ പറയുന്നതിനിടയിൽ മ ക്കളെന്തു ചെയ്യുന്നുവെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് രസകരമായ കാഴ്ച കണ്ടത്. പാർക്കിൽ കളിക്കാൻ വന്ന മറ്റു കുട്ടികൾ ഇ വരുടെ ചുറ്റും കൂട്ടംകൂടി നിൽക്കുന്നു. കളിപ്പാട്ടങ്ങളിലേക്കായിരുന്നു അവരുടെ കൊതിയൂറുന്ന നോട്ടം. ഞങ്ങൾ ആ കുഞ്ഞുങ്ങളെയും മക്കളുടെ കൂടെ കളിക്കാൻ ക്ഷണിച്ചു. എന്തൊരു ഉത്സാഹമായിരുന്നു അവർക്ക്’’ കൂട്ടായ്മയുടെ തുടക്കകാരി കാവ്യ ബാബുരാജ് പറഞ്ഞു.

‘‘നമ്മുടെ വീട്ടിൽ അധികമുള്ള ടോയ്സ്, ഷൂ സ്, ബുക്സ് എന്നിവ ശേഖരിച്ച് ഓർഫനേജുകളിലെ കുഞ്ഞുങ്ങൾക്ക് എത്തിച്ചു കൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. അനാഥാലായങ്ങളിൽ ഭക്ഷണം, വസ്ത്രം, മരുന്നുകൾ എന്നിങ്ങനെ അത്യാവശ്യ സാധനങ്ങളാണ് പൊതുവേ ആളുകൾ നൽകുന്നത്. കുട്ടികൾക്കു കളിക്കാനുള്ള കളിപ്പാട്ടങ്ങൾ ആ ലിസ്റ്റിൽ ഉൾപ്പെടാറില്ല. കളിപ്പാട്ടങ്ങൾ ആഗ്രഹിക്കാത്ത കുഞ്ഞുങ്ങളുണ്ടോ?

ചായപെൻസിലുകൾ കിട്ടിയപ്പോഴാണ് കൂടെയുള്ള കുട്ടികൾക്ക് വരയ്ക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായതെന്നു വിളിച്ചു പറഞ്ഞ ഭാരവാഹികളുണ്ട്. അതു കേൾക്കുമ്പോൾ ഉദ്ദേശം സഫലമായല്ലോ എന്നു സന്തോഷം തോന്നും.’’

കളിപ്പാട്ടമായ് കൺമണീ...

‘‘കുറച്ചു നാളുകളേ ആയിട്ടുള്ളൂ ഈ കൂട്ടായ്മ തുടങ്ങിയിട്ട്. ഞങ്ങളിൽ മിക്കവരും കൊച്ചിക്കാരല്ല. ബിസിനസിനും ജോലിക്കുമൊക്കെയായി വന്നു താമസിക്കുന്നവരാണ്. മക്കളെ സ്കൂളി ൽ ചേർത്തപ്പോഴാണ് തമ്മിൽ കണ്ടുമുട്ടിയതും കൂടുതൽ അടുത്തതും.

ആദ്യം ‘മംമ്സ് ആൻഡ് മംച്കിൻസ്’ എന്ന പേരിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി. ഇപ്പോൾ 164 പേരുണ്ട്. ആ ഗ്രൂപ്പിലാണ് ‘സ്പ്രെഡ് ദി സ്പാർക്കിൾ’ പിറക്കുന്നത്. മാസത്തിലൊരിക്കൽ കോഫീ മീറ്റപ്പുകൾ വച്ചു കളിപ്പാട്ടം ശേഖരിക്കും. അന്നത്തെ ദിവസം സ്ത്രീ സംബന്ധമായ ഏതെങ്കിലും വിഷയത്തിൽ ക്ലാസുകളും നടത്താറുണ്ട്.

ഇപ്പോൾ കൊച്ചി, കോട്ടയം തൃശ്ശൂർ ഇവിടങ്ങളിലാണ് ശാഖകളുള്ളത്. തിരുവനന്തപുരത്ത് ഉടനെ ആരംഭിക്കും. പഴകിയതോ ഉപയോഗശൂന്യമായതോ ഒന്നും എടുക്കാറില്ല.

ഓരോ കളിപ്പാട്ടവും സമ്മാനപ്പൊതികളിലാക്കിയാണ് കുഞ്ഞുങ്ങൾക്ക് നൽകുക. അതു കിട്ടുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയുണ്ടല്ലോ, കൂടുതൽ കുഞ്ഞുപൂക്കളിലേക്ക് ആ പുഞ്ചിരി എത്തിക്കണമെന്നാണ് ഞങ്ങളുടെ മോഹം.’’ കാവ്യ പറയുന്നു. ∙