Wednesday 08 January 2025 11:57 AM IST : By സ്വന്തം ലേഖകൻ

സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന വാക്കുകള്‍, ആംഗ്യങ്ങൾ... ഇതെല്ലാം നിയമത്തിന്റെ പരിധിയിൽ: ശിക്ഷ ഇങ്ങനെ

law-spike-aug-last

സ്ത്രീകള്‍  അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച്  േകസ്  സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

കുറ്റകൃത്യങ്ങള്‍ നടക്കാത്ത നാടൊന്നുമില്ല. കുറ്റകൃത്യം നടക്കുമ്പോൾ അതു വ്യക്തിയോടു ചെയ്യുന്ന തെറ്റായിട്ടല്ല, പകരം സമൂഹത്തോടു തന്നെ ചെയ്യുന്ന കുറ്റകരമായ കൃത്യമായിട്ടാണ് നിയമം അതിനെ കാണുന്നത്. വിചാരണ നടത്തുന്നതും ശിക്ഷ വിധിക്കുന്നതുമെല്ലാം ഈ അടിസ്ഥാനത്തിലാണ്. അത് ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പാണ് ഒാരോ ശിക്ഷാവിധിയും.

സ്ത്രീകളാണ് കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നതെങ്കില്‍, അവരുെട മാനസികാവസ്ഥ വാക്കുകൾക്ക് അതീതമാണ്. അതിലൂടെ കടന്നു പോകുന്നവർക്കു മാത്രമേ ആ മാനസിക സമ്മർദ്ദത്തിന്റെ ആഴം മനസിലാകൂ. കുറ്റകൃത്യങ്ങൾക്കു ശിക്ഷാവിധികൾ നൽകിക്കൊണ്ടു വിവിധ നിയമങ്ങൾ ഭാരതത്തിൽ ഉണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ടത് 1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാ നിയമമാണ് (Indian Penal Code).

സ്ത്രീകള്‍ക്കെതിെരയുള്ള അതിക്രമങ്ങള്‍ക്കു നല്‍കേണ്ട ശിക്ഷകളെക്കുറിച്ചും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.

സ്ത്രീയുടെ മാന്യതയ്ക്കു കോട്ടം തട്ടുന്ന രീതിയിലോ അവളുടെ മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെയോ ഒരു വാക്ക് ഉച്ചരിക്കുകയോ ആംഗ്യങ്ങൾ കാണിക്കുകയോ അവളുടെ സ്വകാര്യതയിലേക്കു നുഴഞ്ഞു കയറുകയോ ചെയ്യുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാനിയമം 509–ാം വകുപ്പു പ്രകാരം മൂന്നു വർഷം വരെ തടവിനും പിഴയ്ക്കും ശിക്ഷിക്കപ്പെടാവുന്നതാണ്. സ്ത്രീയുടെ മാനത്തിനു നമ്മുടെ രാജ്യം നൽകുന്ന സ്ഥാനം എത്ര വലുതാണെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ ബഹുമാനം അർഹിക്കുന്നവരായി പെരുമാറണം. അതുവഴി അവള്‍ക്കു സമൂഹത്തില്‍ ഉന്നതമായ സ്ഥാനം തന്നെ ലഭിക്കും. തുല്യതയ്ക്കു വേണ്ടി പോരാടേണ്ട ആവശ്യം പോലും അപ്പോള്‍ വരില്ല.

നിയമ സാക്ഷരത ഒരോ സ്ത്രീയും അവശ്യം നേടിയിരിക്കണം. മോശമായ ഒരു അനുഭവം ഉണ്ടായാൽ, തന്നോടുള്ള ആ പെരുമാറ്റം ശിക്ഷാർഹമായ കുറ്റകൃത്യമാണ് എ ന്നെങ്കിലും പെൺകുട്ടി അറിഞ്ഞിരിക്കണമല്ലോ. കുറ്റകൃത്യം നടന്നാൽ പൊലീസ് അധികാരികളെ അറിയിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും മടിക്കരുത്. അടിയന്തര ഘട്ടത്തിൽ 1090, 1091, 100 എന്നീ നമ്പരുകളില്‍ വിളിച്ചു വിവരം പറയാം.

കുടുംബവും സമൂഹവും എന്തു കരുതും എന്നു കരുതി കുറ്റകൃത്യം മറച്ചു വയ്ക്കുന്നവരും പരാതിപ്പെടാന്‍ മടിക്കുന്നവരുമുണ്ട്. ഇതു കുറ്റകൃത്യങ്ങള്‍ കൂടാനും കുറ്റവാളികള്‍ െപരുകാനും മാത്രമേ ഉപകരിക്കൂ. േകസു െകാടുത്താല്‍ മാത്രം പോര, നിലപാടുകളിൽ ഉറച്ചു നിൽക്കുകയും വേണം. ഭീഷണിയില്‍ പേടിച്ചോ പ്രലോഭനങ്ങളില്‍ വഴങ്ങിയോ വിട്ടുവീഴ്ചയ്ക്കു തയാറാകരുത്. എത്ര വലിയ നഷ്ടപരിഹാരത്തുകയും അവള്‍ അനുഭവിച്ച മാനസികാഘാതത്തിന് പകരമാവില്ല എന്നോര്‍ക്കുക.

െെലംഗികപരാമര്‍ശവും കുറ്റം

സ്ത്രീയുടെ മാനത്തിനു ഹാനി സംഭവിക്കും വിധം പെരുമാറാൻ ഒരു പുരുഷനും അധികാരമില്ല എന്നതിന്റെ തെളിവാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354–ാം വകുപ്പ്. ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി നടത്തുന്ന ശാരീരിക സ്പർശവും മുന്നേറ്റവും ഒക്കെ ഇതിന്റെ പരിധിയില്‍ വരും.

ലൈംഗിക നേട്ടങ്ങൾക്കു വേണ്ടി നിർബന്ധിക്കുക, ആവശ്യപ്പെടുക, ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തുക ഒക്കെ ലൈംഗികപീഡനമാണ് (Sexual Harassment). ഇവ ചെയ്യുന്ന ഏതു പുരുഷനും ഇന്ത്യൻ ശിക്ഷാനിയമം (IPC) 354A വകുപ്പ് പ്രകാരം മൂന്നു വർഷത്തോളം കഠിനതടവോ പിഴ ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

വിവസ്ത്രയാക്കാനുള്ള (disrobe) ഉദ്ദേശത്തോടു കൂടി സ്ത്രീക്കു നേരെ നടത്തുന്ന കയ്യേറ്റമോ ബലപ്രയോഗമോ ആണു മറ്റൊ രു കുറ്റം. ഇതിനൊരുമ്പെടുന്ന വ്യക്തിക്കു മൂന്നു വർഷത്തിൽ കുറയാത്തതും എന്നാൽ ഏഴു വർഷത്തോളമാകുന്നതുമായ കാലത്തേക്കു തടവിനു ശിക്ഷിക്കപ്പെടാം. പിഴ ശിക്ഷയും ഉണ്ടാകും.

സ്ത്രീ തന്റെ സ്വകാര്യ കൃത്യങ്ങളിൽ (Private Acts) ഏർപ്പെടുന്ന അവസരങ്ങളിൽ ഒളിഞ്ഞു നോക്കുകയോ (Voyerism) ഫോട്ടോ എടുക്കുകയോ അതു പ്രചരിപ്പിക്കുകയോ ചെയ്താൽ ഒരു വർഷം മുതൽ മൂന്നു വർഷം വരെയും കുറ്റകൃത്യം വീണ്ടും ആവർത്തിച്ചാൽ മൂന്നു വർഷം മുതൽ ഏഴു വർഷം വരെ ശിക്ഷ ലഭിക്കാം.

പൂവാലന്മാരും സൂക്ഷിക്കുക

പണ്ടു പൂവാലന്മാർ എന്നു കളിയാക്കി വിളിച്ചിരുന്ന തരക്കാരെയും 2012ൽ ഉ ണ്ടായ ക്രിമിനൽ ഭേദഗതി നിയമം വഴി കുറ്റക്കാരാക്കിയിട്ടുണ്ട്. സ്ത്രീയെ നേരിട്ടോ, ഇന്റർനെറ്റ് വഴിയോ, ഇ–മെയിലോ മറ്റേതെങ്കിലും ഇലക്ട്രോണിക് വിനിമയ മാർഗത്തിലൂടെയോ പിന്തുടർന്നു ശല്യപ്പെടുത്തുന്നതു കുറ്റകരമാണ്. ഇത്തരം ശല്യക്കാര്‍ക്കു മൂന്നു വർഷം മുതൽ അഞ്ചു വർഷം വ രെയും തടവും പിഴയും ആണ് ശിക്ഷ.

കുറ്റകൃത്യം നടന്നതായി രേഖാമൂലമോ അല്ലാതെയോ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുമ്പോള്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങളുണ്ട്. ആ സമയം പൊലീസ് സ്റ്റേഷൻ ചാർജിലിരിക്കുന്ന ഉദ്യോഗസ്ഥൻ പരാതി രേഖപ്പെടുത്തുകയും അതു വായിച്ചു കേൾപ്പിച്ചു ബോധ്യപ്പെടുത്തി ഒപ്പിടുവിച്ചു വാങ്ങുകയും വേണം. പ്രഥമവിവര റിപ്പോര്‍ട്ട് (FIR–First Information Report) എന്നാണിത് അറിയപ്പെടുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈം റജിസ്റ്റർ ചെയ്യും. എഫ്െഎആറിന്‍റെ േകാപ്പി വിവരം നൽകിയ ആളിനു സൗജന്യമായി നൽകണമെന്നും വ്യവസ്ഥയുണ്ട്.

പിന്നീട് റജിസ്റ്റർ ചെയ്ത കേസിന്റെ പ്രഥമ വിവര സ്റ്റേറ്റ്മെന്റും (FIS. First Information Statement) പ്രഥമ വിവര റിപ്പോർട്ടും റജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം അധികാരപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജ രാക്കണം. അങ്ങനെ ഒരു കേസ് റജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടന്‍ അധികാരപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കും.

പിന്നീട് നിശ്ചിത സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് (Charge) കോടതി മുൻപാകെ ഹാജരാക്കണം. അന്വേഷണത്തിൽ കണ്ടെത്തുന്ന തെളിവുകളുടെയും മറ്റു സാക്ഷി മൊ ഴികളുടെയും അടിസ്ഥാനത്തിൽ ആ ണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതി ഏ തു തരത്തിലുള്ള കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത് എന്നും ഏതു നിയമപ്രകാരമാണ് അതു ശിക്ഷാർഹമായിട്ടുള്ളത് എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്.

ചോദ്യം ചെയ്യാം, ആരെയും

കേസിലെ സംഭവത്തെപ്പറ്റി അറിയാമെന്നും അറിയാൻ സാധ്യതയുണ്ടെന്നും കാണുന്ന ആരെയും കേസന്വേഷണത്തിനു വേണ്ടി നോട്ടീസയച്ചു വരുത്തി ചോദ്യം ചെയ്തു തെളിവ് ശേഖരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ട്.

എന്നാൽ സ്ത്രീകളെയും 15 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെയും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ഭിന്നശേഷിയുള്ളവരെയും അവർ താമസിക്കുന്ന സ്ഥലത്തല്ലാതെ മറ്റേതെങ്കിലും സ്ഥലത്തു ചോ ദ്യം ചെയ്യാൻ വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടു കൂടായെന്നു ക്രിമിന ൽ നടപടി നിയമത്തിലെ 160–ാം വകുപ്പിൽ നിബന്ധന ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കു സൗജന്യ നിയമസ ഹായത്തിനും അർഹതയുണ്ട്. പുതുതായി ഒരു കേസ് ഫയൽ ചെയ്യാൻ മാത്രമല്ല, സ്ത്രീക്ക് എതിരെ ആരെങ്കിലും കേസ് ഫയൽ ചെയ്താൽ അതു മുന്നോട്ടു നടത്താനും ജില്ലാ നിയമ സേവന അതോറിറ്റി വഴിയോ താലൂക്ക് നിയമ സേവന കമ്മിറ്റി വഴിയോ നിയമ സഹായം ലഭിക്കും. നീതി ലഭ്യമാകുന്നതിൽ നിന്ന് ഏതൊരു കാരണം കൊണ്ടായാലും ആരും പിന്തള്ളപ്പെട്ടു പോകരുത് എന്നതാണ് നിയമ സേവന അതോറിറ്റി നിയമം കൊണ്ടുലക്ഷ്യമാക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)

  </p>