Monday 13 September 2021 04:21 PM IST : By സ്വന്തം ലേഖകൻ

'ഒരു ദിവസം പത്തുതവണ ചായ വേണം'; ഭർത്താവിന്റെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കാൻ കത്തെഴുതി ഭാര്യ, വൈറൽ

wfh55533f

കോവിഡ് കാലത്ത് തൊഴിൽ മേഖലയിൽ വ്യാപകമായി നടപ്പാക്കിയ രീതിയാണ് വർക്ക് ഫ്രം ഹോം. വീട്ടിൽ ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യൽ പലർക്കും ഇഷ്ടമായെങ്കിലും ചിലർക്കൊക്കെ ഈ രീതിയോട് എതിർപ്പാണ്. ഈ സാഹചര്യത്തിൽ ബിസിനസുകാരനായ ഹർഷ് ഗോയങ്ക പങ്കുവച്ച കത്താണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 

ഭർത്താവിന്റെ വർക്ക് ഫ്രം ഹോം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭാര്യ എഴുതിയ കത്താണ് ഹർഷ് ഗോയങ്ക ട്വിറ്ററിലൂടെ പങ്കുവച്ചത്. ജീവനക്കാരനായ മനോജിന്റെ ഭാര്യയാണ് കത്തെഴുതിയത്. അദ്ദേഹത്തെ ദയവായി ഓഫീസിൽ എത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്നും എല്ലാ കോവിഡ് പ്രോട്ടോക്കോളും അദ്ദേഹം പാലിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

വർക്ക് ഫ്രം ഹോം തുടർന്നാൽ തങ്ങളുടെ വിവാഹബന്ധം നിലനിന്നുപോകില്ല. അതിനുള്ള കാരണങ്ങളും യുവതി വ്യക്തമാക്കുന്നു. ഒരു ദിവസം പത്തു തവണ ചായ വേണം. പലമുറികളിലായി ഇരിക്കുകയും അവിടെയെല്ലാം വൃത്തികേടാക്കുകയും ചെയ്യും. എപ്പോഴും ഭക്ഷണം ചോദിക്കുന്നു. മാത്രമല്ല, ജോലിക്കിടെ ഉറങ്ങുന്നതായും കണ്ടിട്ടുണ്ട്. രണ്ടു കുട്ടികളുടെ കാര്യം കൂടി നോക്കാനുണ്ടെന്നും തന്റെ മാനസികാരോഗ്യം കണക്കിലെടുത്താണ് സഹായം തേടുന്നതെന്നും സ്ത്രീ കത്തിൽ പറയുന്നു. യുവതിയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല എന്ന് ഹർഷ് ഗോയങ്ക കത്തിനൊപ്പം കുറിക്കുന്നു. 

Tags:
  • Spotlight
  • Social Media Viral