Friday 11 December 2020 03:13 PM IST : By സ്വന്തം ലേഖകൻ

ബാല വിവാഹത്തിന്റെ വേരറുത്തു, കന്നുകാലി ഷെഡിനെ വിദ്യയുടെ കേന്ദ്രമാക്കി; ഡിസാലെ 7.2 കോടി നേടിയത് 12000 പേരെ പിന്തള്ളി

Disale

ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേട്ടവുമായി ഇന്ത്യക്കാരൻ. മഹാരാഷ്ട്ര സ്വദേശിയായ രഞ്ജിത് സിന്‍ഹ് ഡിസാലെയാണ് ഇത്തവണത്തെ ഗ്ലോബൽ ടീച്ചർ പ്രൈസ് വിജയിയായത്. 32 വയസ്സുള്ള ഡിസാലെയ്ക്ക് 7.2 കോടി രൂപയുടെ അവാര്‍ഡ് തുകയാണ് ലഭിക്കുക. സമ്മാനം പ്രഖ്യാപിച്ച അതേ വേദിയില്‍ തന്നെ തനിക്ക് കിട്ടിയ തുക എന്തു ചെയ്യുമെന്നും ഡിസാലെ പ്രഖ്യാപിച്ചു. തനിക്കൊപ്പം ഫൈനലില്‍ എത്തിയ മറ്റു ഒമ്പതു പേര്‍ക്കായി തുക വീതിച്ചു നല്‍കുമെന്ന് ഇദ്ദേഹം ഉറപ്പുനൽകി. ആതിഥേയനായ സ്റ്റീഫൻ ഫ്രൈയോട് പരിപാടിയുടെ തത്സമയ സംപ്രേഷണത്തിനിടെ ഡിസാലെ ഇക്കാര്യം പറഞ്ഞു.

140 രാജ്യങ്ങളില്‍ നിന്നുള്ള 12,000 പേരെ പിന്തള്ളിയാണ് രഞ്ജിത് സിന്‍ഹ് ഡിസാലെ ഒന്നാമത് എത്തിയത്. 2009 ൽ സോളാപൂരിലെ ഒരു ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്കൂളിൽ അധ്യാപകനായി എത്തിയ ഡിസാലെ ചെയ്ത മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. ഡിസാലെ അവിടെയെത്തുമ്പോൾ സ്കൂളിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിരുന്നു. ഒരു വശത്ത് കന്നുകാലി ഷെഡും മറുവശത്ത് ഒരു സ്റ്റോർ റൂമും ഉള്ള ഒരു കെട്ടിടമായിരുന്നു അത്. പ്രധാനമായും ആദിവാസി സമൂഹത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അവിടെ പഠിച്ചിരുന്നത്. വെറും രണ്ടു ശതമാനം മാത്രമായിരുന്നു പെൺകുട്ടികൾ. എന്നാൽ ഇന്ന് വിദ്യാലയം ലോകത്തിന് സുപരിചിതമാണ്. സാങ്കേതികവിദ്യയിലൂടെ അവരുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിച്ച ഡിസാലെയുടെ പരിശ്രമങ്ങൾക്കാണ് അവാർഡ്.

പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഗ്രാമത്തിലെ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുകയും ഇതോടെ ബാലവിവാഹത്തിന് അവസാനമാകുകയും ചെയ്തു. പാഠപുസ്തകങ്ങളില്‍ ക്യുആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചതും ഡിസാലെയുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു. പാഠങ്ങളുടെ ഓഡിയോകളും വിഡിയോകളുമാണ് ക്യുആര്‍ കോഡ് വഴി കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു. ഈ രീതി മഹാരാഷ്ട്രയില്‍ ആദ്യമായി പരീക്ഷിച്ചതും ഡിസാലെയാണ്. രാജ്യാന്തര വിദ്യാഭ്യാസ സംരംഭകനായ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി സ്ഥാപിച്ച വര്‍ക്കി ഫൗണ്ടേഷനാണ് 2014 മുതല്‍ മികച്ച അധ്യാപകർക്കുള്ള അവാര്‍ഡ് നല്‍കുന്നത്. പത്തനംതിട്ട റാന്നിയാണ് ഇവരുടെ സ്വദേശം.

Tags:
  • Spotlight
  • Inspirational Story