വയനാട്ടിലെ കൂട്ടുകാര്‍ക്കായി എന്തുചെയ്യാം എന്ന ചിന്ത കോഴിക്കോട് മാറാട് ജിനരാജദാസ് എഎല്‍പി സ്കൂളിലെ കുട്ടികളെ എത്തിച്ചത് വ്യത്യസ്തമായൊരു ആശയത്തിലേക്ക്. ഓണപ്പരീക്ഷയോട് അടുപ്പിച്ച് അവര്‍ക്ക് നഷ്ടമായ നോട്ടുകള്‍ കൂടി എഴുതി നല്‍കുക.
അക്ഷരമുറ്റത്തെ തണലില്‍ അവര്‍ ഒത്തുകൂടി. പരസ്പരം കണ്ടിട്ടില്ലാത്ത, പരിചയമില്ലാത്ത വെള്ളാര്‍മലയിലെയും മുണ്ടക്കൈയിലെ 138 കൂട്ടുകാര്‍ക്കായി. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ നോട്ടുകളാണ് അതാത് ക്ലാസുകളിലെ കുട്ടികള്‍ തയാറാക്കുന്നത്. ഒരു ബുക്കില്‍ തന്നെ എല്ലാ വിഷയങ്ങളുടെയും നോട്ടുണ്ടാവും. ഓരോ ക്ലാസിലെയും മികച്ച കൈയ്യക്ഷരമുളളവര്‍ ചേര്‍ന്നാണ് നോട്ട് തയാറാക്കുന്നത്.
ഇതിന്റ പ്രിന്റെടുത്ത് എല്ലാവര്‍ക്കും വിതരണം ചെയ്യും. കുട്ടികള്‍ തന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്ന് അധ്യാപകര്‍. ആദ്യം എഴുതി പൂര്‍ത്തിയാക്കിയ രണ്ടാം ക്ലാസ് നോട്ടുകള്‍ പ്രിന്റ് ചെയ്ത് കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ബാക്കി കൂടി പ്രിന്റടിക്കണം. നോട്ട് ബുക്കുകള്‍ വയനാട്ടിലെ കൂട്ടുകാരുടെ കൈയ്യില്‍ കിട്ടുമ്പോള്‍ ഇവരുടെ സന്തോഷം ഇരട്ടിയാകും.