Friday 28 October 2022 11:39 AM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരോടൊപ്പം എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കുന്ന ആൾ; ഭാര്യ അൽപനേരം അടുത്തുവന്നിരുന്നാൽ ഒന്നും പറയാനില്ലാത്ത മൗനിയാവും! ഹൃദ്യമായ കുറിപ്പ്

bboldddddd

"പുലർവെട്ടം വീണു തുടങ്ങുമ്പോൾ ഭാര്യയോടൊപ്പം ഒന്നിച്ചിരുന്നു പ്രഭാതം ആസ്വദിക്കാൻ സൗകര്യത്തിൽ പുതിയ വീട്ടിൽ ബാൽക്കണി ഒരുക്കിയ സുഹൃത്തിനെ അറിയാം. പക്ഷെ, പ്രഭാതങ്ങളിൽ മാത്രമല്ല ഒരു സമയത്തും അയാൾക്ക് അതിന് സാധിച്ചിരുന്നില്ല. കാരണം അങ്ങനെ ഇരുന്നു സംസാരിക്കുന്നതിൽ പങ്കാളിക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഇതുപോലെ എത്രയോ പുരുഷന്മാരും ഉണ്ട്. കൂട്ടുകാരോടൊപ്പം എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കുന്ന ആൾ ഭാര്യ അൽപനേരം അടുത്തു വന്നിരുന്നാൽ ഒന്നും പറയാനില്ലാത്ത മൗനിയാവും. പിണക്കമോ അകൽച്ചയോ ഉണ്ടായിട്ടല്ലെങ്കിലും ഈ മൗനം ചില ഇണകളെയെങ്കിലും വല്ലാതെ വേദനിപ്പിക്കുന്നതാണ്, പ്രത്യേകിച്ചും വീടിനകത്തു തന്നെ കഴിയുന്ന സ്ത്രീകൾക്ക്."- എഴുത്തുകാരനായ നജീബ് മൂടാടി പങ്കുവച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

കുവൈത്തിൽ എന്റെ കടയുടെ അടുത്തായിരുന്നു പ്രായം ചെന്ന ആ ദമ്പതികളുടെ വീട്. കാണുമ്പോഴൊക്കെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെ ബെഞ്ചിൽ അവർ വർത്തമാനം പറഞ്ഞിരിക്കുന്നുണ്ടാവും. വളരെ രസത്തോടെ, ഇഷ്ടത്തോടെയാണ് രണ്ടുപേരും സംസാരിച്ചിരിക്കുന്നത്. ഇടക്ക് വൃദ്ധൻ ഭാര്യക്ക് പത്രം വായിച്ചു കൊടുക്കുന്നതും അവർ ശ്രദ്ധയോടെ കെട്ടിരിക്കുന്നതും അഭിപ്രായം പറയുന്നതും കാണാം.

അയാളെ കാണുമ്പോൾ എനിക്ക് നാട്ടിലെ ഏതോ ഒരു ബർമ്മക്കാരൻ ഹാജിയാരെ പോലെ തോന്നും. മൂട്ടിയ കള്ളിമുണ്ടും ബനിയനും അരപ്പട്ടയും വെളുത്ത തൊപ്പിയുമിട്ട വെളുത്തു കിളരം കൂടിയ മനുഷ്യൻ. ഉയരം കുറഞ്ഞ പർദ്ദയിട്ട ആ ഉമ്മയും. വിവാഹം കഴിഞ്ഞിട്ടു തന്നെ ഒരു അറുപതു കൊല്ലം കഴിഞ്ഞിട്ടുണ്ടാവും. മക്കളും പേരക്കുട്ടികളും ജോലിക്കും സ്‌കൂളിലേക്കും പോകുമ്പോഴും തിരിച്ചു വരുമ്പോഴും അവർക്ക് മുത്തം കൊടുക്കും. നിത്യം ഈ ദമ്പതികളെ ഇങ്ങനെ കാണുന്നത്, ഈ പ്രായത്തിലും അവരുടെ സ്നേഹം കാണുന്നത് തന്നെ സന്തോഷമാണ്.

ആ ഉമ്മ ഒരു ദിവസം പെട്ടെന്നാണ് മരിച്ചത്. നിറഞ്ഞ കണ്ണോടെ അന്നാ മനുഷ്യനെ പള്ളിയിൽ കണ്ടിട്ടുണ്ട്. പിന്നീട് ആ പഴയ ബെഞ്ചിൽ ഒറ്റക്ക് എന്തോ ഓർമ്മകളിൽ വാടിയിരിക്കുന്ന അയാളെയും.... ഇരുപത്തിയഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഈ ദമ്പതികൾ  ഉള്ളിൽ മായാതെയുണ്ട്. ഇതുപോലെ കുറേ മനുഷ്യരെ അറിയാം. പ്രത്യേകിച്ചും പ്രായം ചെന്നവർ. മക്കളുടെയും സ്വന്തക്കാരുടെയും വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങളും നാട്ടുവാർത്തമാനങ്ങളും മാത്രമല്ല ലോകകാര്യങ്ങൾ പോലും സംസാരിക്കാൻ അവർക്ക് പ്രിയമുള്ള കൂട്ട് ഇണയാണ്. അതിനിടെ പരസ്പരം കളിയാക്കിയും ചിരിപ്പിച്ചും ഇടക്ക് പരിഭവപ്പെട്ടും... ഒരിക്കലും പറഞ്ഞു തീരാതെ...

ദാമ്പത്യത്തിൽ പരസ്പരമുള്ള മിണ്ടലും പറച്ചിലും വല്ലാതെ കുറഞ്ഞുപോയ മനുഷ്യരെ കാണുമ്പോൾ ഇവരെയൊക്കെ ഓർത്തുപോകും. ഇന്നലെ ഒരു സുഹൃത്ത് പറഞ്ഞു. ഭാര്യയോടൊപ്പം ഒരു ദീർഘദൂരയാത്രയിലാണ് ഒരു മണിക്കൂറിനപ്പുറം ഞങ്ങൾക്ക് ഒന്നും സംസാരിക്കാനില്ല എന്ന് ബോധ്യപ്പെട്ടതെന്ന്. ഇങ്ങനെ ഒരുപാട് മനുഷ്യരുണ്ട്. വിവാഹം കഴിഞ്ഞു കുറച്ചുകാലം കഴിയുമ്പോഴേക്കും ഇണയോട് കാര്യങ്ങളല്ലാത്ത വർത്തമാനം ചുരുങ്ങിപ്പോകുന്നവർ. ജോലി, മക്കൾ, ജീവിതം ഇങ്ങനെ പലവിധ  സ്‌ട്രെസ്സും തിരക്കുകളും കാരണമായി പറയുമെങ്കിലും അടുത്തിരുന്ന് മനസ്സ് തുറന്ന് വർത്തമാനം പറയാൻ പോലും നേരമില്ലാതെ/ താല്പര്യമില്ലാതെ എന്ത് ജീവിതമാണ്.

പുലർവെട്ടം വീണു തുടങ്ങുമ്പോൾ ഭാര്യയോടൊപ്പം ഒന്നിച്ചിരുന്നു പ്രഭാതം ആസ്വദിക്കാൻ സൗകര്യത്തിൽ പുതിയ വീട്ടിൽ ബാൽക്കണി ഒരുക്കിയ സുഹൃത്തിനെ അറിയാം. പക്ഷെ, പ്രഭാതങ്ങളിൽ മാത്രമല്ല ഒരു സമയത്തും അയാൾക്ക് അതിന് സാധിച്ചിരുന്നില്ല. കാരണം അങ്ങനെ ഇരുന്നു സംസാരിക്കുന്നതിൽ പങ്കാളിക്ക് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഇതുപോലെ എത്രയോ പുരുഷന്മാരും ഉണ്ട്. കൂട്ടുകാരോടൊപ്പം എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കുന്ന ആൾ ഭാര്യ അൽപനേരം അടുത്തു വന്നിരുന്നാൽ ഒന്നും പറയാനില്ലാത്ത മൗനിയാവും. പിണക്കമോ അകൽച്ചയോ ഉണ്ടായിട്ടല്ലെങ്കിലും ഈ മൗനം ചില ഇണകളെയെങ്കിലും വല്ലാതെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും വീടിനകത്തു തന്നെ കഴിയുന്ന സ്ത്രീകൾക്ക്.

ഗൾഫിലാവുമ്പോൾ മണിക്കൂറുകളോളം ഭാര്യയോട് സംസാരിച്ചിരുന്ന ചിലർക്ക് നാട്ടിലെത്തിയാൽ പറയാനൊന്നും ഇല്ലാതായിപ്പോകുന്നത് കൗതുകകരമാണ്. ബന്ധുക്കളോടൊക്കെ സംസാരപ്രിയയായ ഭാര്യക്ക് ഭർത്താവിനോട് മാത്രം മിണ്ടാനൊന്നുമില്ലാതാകുന്നതും കുറവല്ല. സ്നേഹക്കുറവുണ്ടായിട്ടല്ല സംസാരിച്ചിരിക്കാത്തതെന്നും, എല്ലാവരുടെയും പ്രകൃതം അങ്ങനെ ആവണമെന്നില്ല എന്നതൊക്കെ ശരിയാവാമെങ്കിലും ഇണകൾക്കിടയിൽ സംസാരം കുറഞ്ഞു വരുന്നത് ദാമ്പത്യത്തിൽ ഒട്ടും ഗുണകരമല്ല. മൗനം ഏറിവരും തോറും അറിയാതെ ഒരു അകൽച്ച ഉള്ളിൽ പൂപ്പലു പോലെ കനം വച്ചു തുടങ്ങുക കൂടിയാണ്.

പ്രശ്‌സ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയുടെ ആത്മകഥയിൽ, രാത്രികളിൽ നഗരത്തിൽ ശരീരം വിറ്റു ജീവിക്കുന്ന ചില സ്ത്രീകൾ അദ്ദേഹത്തോട് പറഞ്ഞ ഒരു അനുഭവം പറയുന്നുണ്ട്. ഭാര്യയും കുടുംബവും ഉള്ള ചില പുരുഷന്മാരെങ്കിലും അവരെ തേടി വരുന്നത് രതിസുഖത്തിന് വേണ്ടിയല്ല, പുലരും വരെ വെറുതെ സംസാരിച്ചിരിക്കാനാണെന്ന്. ഭർത്താവുണ്ടായിട്ടും വീട്ടിലെ കനത്ത മൗനത്തിൽ നിന്നും ഒറ്റപ്പെടലിൽ നിന്നും മോചനമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എത്രയോ സ്ത്രീകളുണ്ട്.

ഇണയോട് മിണ്ടാനും സംസാരിക്കാനും തമാശ പറയാനുമൊന്നും സമയമോ താല്പര്യമില്ലാത്ത, അതിന്റെയൊന്നും ആവശ്യമില്ല  കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നുണ്ടല്ലോ എന്നു കരുതുന്ന എത്രയോ മനുഷ്യരാണ്. മറുപാതി അങ്ങനെ ആഗ്രഹിക്കുന്നു എന്നുപോലും അറിയാതെ. നഷ്ടമാണ്. ഇങ്ങനെ ബലം പിടിച്ചു തീർക്കേണ്ട ഒന്നല്ല ജീവിതം.

എല്ലാ തിരക്കുകളിൽ നിന്നും മാറി ചിലർക്കെങ്കിലും ഒന്നിച്ചിരുന്നു സംസാരിക്കാൻ സമയം കിട്ടുന്നത് ഒരാൾ ഇനി എഴുന്നേൽക്കാതെ ആശുപത്രിക്കിടക്കയിൽ ആവുമ്പോഴായിരിക്കും. പറയാനൊരുപാടുണ്ടെങ്കിലും പറയാനാവാതെ, തൊട്ടടുത്തുള്ളയാൾ ഒന്നും കേൾക്കാതെ..... അറിയാതെ.... അങ്ങനെ ആവാതിരിക്കട്ടെ. മിണ്ടിപ്പറഞ്ഞിരിക്കാതെ നഷ്ടപ്പെടുത്തിയ കാലമോർത്ത് ഖേദിക്കേണ്ടി വരും. അതിലും വലിയ നഷ്ടമെന്താണ്.

Tags:
  • Spotlight
  • Social Media Viral