Saturday 05 June 2021 10:54 AM IST : By സ്വന്തം ലേഖകൻ

മുണ്ടിന്റെ കുത്തഴിച്ചില്ല, മുഖത്തടിച്ച് എസ്ഐ; അന്നുതൊട്ട് യഹിയയുടെ വേഷം നൈറ്റി! അധികാരത്തിന്റെ അഹന്തയുള്ളവരോടുള്ള പ്രതികാരം, കുറിപ്പ്

yahiyaannbb55r

"യഹിയാക്ക ഒരു രോഗമുള്ള ആളോ.. വസ്‌ത്രം വാങ്ങാൻ കാശില്ലാത്ത ആളോ അല്ല. പണ്ട് മുണ്ടും ഉടുത്ത് റോഡിൽ നിൽക്കുമ്പോൾ പൊലീസിനെ കണ്ടിട്ട് മടക്കി കുത്തഴിച്ചില്ല എന്നും പറഞ്ഞ് പൊലീസ് ഒറ്റതല്ല്. അന്ന് മുതൽ നൈറ്റിയാണ് ഇടുന്നത്. അധികാരത്തിന്റെ അഹന്തയുള്ളവരോടുള്ള പ്രതികാരം.!"- നിസാം മുഹമ്മദ് സലിം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.  

നിസാം മുഹമ്മദ് സലിം പങ്കുവച്ച കുറിപ്പ് വായിക്കാം; 

മുൻപ് പഠിക്കാൻ പോകുമ്പോൾ ഒരുപാട് തവണ ബസിൽ  ഇരുന്ന് ഞാൻ ഈ മനുഷ്യനെ കണ്ടിട്ടുണ്ട്..

നൈറ്റിയും ധരിച്ച് ചായക്കടയുടെ മുൻപിൽ നിൽക്കുന്ന ഈ മനുഷ്യനെ  ഒരു അന്യഗ്രഹ ജീവിയെ കാണുന്ന അത്ഭുതത്തോടെ ഞാൻ നോക്കിയിട്ടുണ്ട്.

ക്ലാസ്സ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചില ദിവസങ്ങളിൽ ഈ മനുഷ്യൻ റോഡിലൂടെ നടന്ന് പോകുന്നതും കാണാം.

" ഇതെന്തിനാണ് ഇയാൾ ഇങ്ങനെ നടക്കുന്നത് ?? 

പാവം നല്ലൊരു വസ്ത്രം പോലും ഇടാൻ ഉണ്ടാവില്ല !

അല്ലെങ്കിൽ എന്തെങ്കിലും മാനസിക പ്രശ്നം ആയിരിക്കും ...ഇയാൾക്ക് ആരായിരിക്കും കഴിക്കാനുള്ള ആഹാരം കൊടുക്കുന്നത്... " 

അങ്ങനെ ഇരിക്കെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോൾ കാണുന്നത് ഈ മനുഷ്യൻ ആ ചായക്കടയിൽ ചായ അടിച്ചുകൊണ്ടിരിക്കുന്നതാണ് .

" ങേ...ഇയാൾ ഇവിടത്തെ ജോലിക്കാരൻ ആയിരുന്നോ...എന്നിട്ടും നല്ലൊരു വസ്‌ത്രം മേടിക്കാനുള്ള കാശ് അവര് കൊടുക്കില്ലേ..." 

ഒരു ദിവസം കൂടെ പഠിക്കുന്ന സുഹൃത്താണ് എന്റെ ചിന്തകളും ,ധാരണകളും തെറ്റാണെന്ന് എന്നെ പഠിപ്പിച്ചത് .

" യഹിയാക്ക ഒരു രോഗമുള്ള ആളോ .. വസ്‌ത്രം വാങ്ങാൻ കാശില്ലാത്ത ആളോ അല്ല... പണ്ട് മുണ്ടും ഉടുത്ത് റോഡിൽ നിൽക്കുമ്പോൾ പോലീസിനെ കണ്ടിട്ട് മടക്കി കുത്തഴിച്ചില്ല എന്നും പറഞ്ഞ് പോലീസ് ഒറ്റ തല്ല്...അന്ന് മുതൽ  നൈറ്റിയാണ് ഇടുന്നത്... അധികാരത്തിന്റെ അഹന്തയുള്ളവരോടുള്ള പ്രതികാരം....!!.

ഇങ്ങനെ ഓരോ വിഷയത്തിലും യഹിയാക്കക്ക് അതിന്റേതായ നിലപാടുകളുമുണ്ട് . . " 

ചില മനുഷ്യർ അങ്ങനെയാണ് സാധാരണക്കാരുടെ ചിന്തകൾക്കും , ധാരണകൾക്കും അപ്പുറമാണ് .

പെട്ടെന്നൊന്നും ഒരാൾക്കും പിടി കൊടുക്കില്ല ...

Tags:
  • Spotlight
  • Social Media Viral