Wednesday 16 January 2019 05:44 PM IST : By സ്വന്തം ലേഖകൻ

കണ്ണിലുറക്കം തട്ടിയാൽ, കണ്ണൊന്നു തെറ്റിയാൽ ഈ പിഞ്ചോമന മരിക്കും; കണ്ണീരോടെ മാതാപിതാക്കൾ

yadath

അവന്റെ കണ്ണിണകളിൽ ഉറക്കമെത്തുന്നത് തടയാൻ കണ്ണിമ ചിമ്മാതെ കാവലിരിക്കുകയാണ് ആ അച്ഛനും അമ്മയും. വേദന മറന്ന് ഒന്നുറങ്ങണമെന്ന് നിനച്ചാലോ?, ആ പൈതലിനെ കാത്തിരിക്കുന്നത് മരണമായിരിക്കും. വിധി നൽകുന്ന പരീക്ഷണങ്ങളിൽ ഇങ്ങനേയും ചിലതുണ്ട്. യാഥാഥ് ദത്ത് എന്ന കുഞ്ഞ് പൈതലിന് വന്നു ചേർന്നിരിക്കുന്ന ഈ ദുരിത ജീവിതത്തിന് സമാനതകളില്ല എന്നു തന്നെ പറയേണ്ടി വരും. അപൂർവ രോഗത്തിന്റെ രൂപത്തിൽ ഈ കുഞ്ഞിന് വിധി പകുത്ത് നൽകിയിരിക്കുന്ന വേദനയുടെ കഥയൊന്നു കേൾക്കണം, കണ്ണീരുവറ്റിപ്പോകും തീർച്ച.

ഡൽഹി കർവാൾ നഗറിൽ നിന്നുള്ള ദമ്പതികളുടെ മകൻ യാഥാഥ് ദത്ത്. ലോകത്ത് ആയിരം പേർക്ക് മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്ന അപൂർവ രോഗമാണ് ഈ പൈതലിന് പിടിപ്പെട്ടിരിക്കുന്നത്. 'ഹൈപ്പോവെൻറിലേഷൻ സിംപ്റ്റം' എന്ന പേരിലാണ് രോഗം അറിയപ്പെടുന്നത്. സാധാരണയിലേതിനേക്കാൾ കൂടുതൽ ശാസേച്ഛ്വാസം ചെയ്ത് രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ഇതുമൂലം ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. ഇത് മരണത്തിലേക്കും നയിച്ചേക്കാം. 

പിഞ്ചോമനക്കു വേണ്ടി തങ്ങൾ ഉറങ്ങാതെ കാവലിരിക്കുകയാണെന്ന് അമ്മ മീനാക്ഷി പറയുന്നു.നല്ല ഉറക്കത്തിലേക്ക് വഴുതിവിഴുന്നുവെന്നു തോന്നിയാൽ മകനെ ഇവർ തട്ടിയുണര്‍ത്തും. ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇവർ.  20  വർഷത്തെ സേവനത്തിനിടയിൽ ഇത്തരത്തിലുള്ള 2 കേസുകൾ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ എന്ന് യാഥാർത്ഥിനെ ചികിത്സിക്കുന്ന ഡോ. ഗംഗ റാം പറയുന്നു. 

കുഞ്ഞിന്റെ ശരീരത്തിൽ ഡയഫ്രം പേസിങ്ങ് സിസ്റ്റം സ്ഥാപിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നത്. ഇത് ജീവിച്ചിരിക്കുന്നിടത്തോളം കാലം തുടരേണ്ടിവരും. എന്നാല്‍ ഈ ചികിത്സ ഇന്ത്യയിൽ നിലവിലില്ല. അമേരിക്കയില്‍ പോയി ചികിത്സിക്കാനാണ് ‍ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. അതിന് ചെലവേറുകയും ചെയ്യും. സർജറിയിലൂടെയാണ് ഈ രോഗത്തിന് ഡോക്ടർമാർ ശാശ്വത പരിഹാരം നിർദ്ദേശിക്കുന്നത്. എന്നാൽ അതിന് ചെലവാകുന്നതാകട്ടെ, 38 ലക്ഷം രൂപയും. സാധാരണക്കാരായ തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുകയെന്ന് യഥാഥിൻറെ മാതാപിതാക്കൾ പറയുന്നു.