Monday 07 January 2019 03:38 PM IST

ചൂടനല്ല, അടുക്കളയിൽ ഭാര്യയെ സഹായിക്കുന്ന പാവത്താൻ, അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയും ഭക്തൻ! യതീഷ് ചന്ദ്രയുടെ ആരും കാണാത്ത മുഖം

Sujith P Nair

Sub Editor

yathish001

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് തൃശൂർ പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടേത്. ശബരിമലയിൽ കേന്ദ്രമന്ത്രിയെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ യതീഷ് ചന്ദ്രയുടെ ജാതിയും മതവുമൊക്കെ ചർച്ചയായി. നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനി എന്ന മട്ടിൽ വരെ എഴുതിക്കളഞ്ഞു ചിലർ.  ‘ചൂടൻ പൊലീസ്’ എന്ന വിളിപ്പേരുമായി ചർച്ചകളിൽ നിറയുമ്പോഴും യതീഷ് ചന്ദ്ര പറയുന്നു, സഹപ്രവർത്തകരോടു പോലും ദേഷ്യപ്പെടാത്ത, വീട്ടിൽ അടുക്കളയിൽ കയറി ഭാര്യയെ സഹായിക്കുന്ന, ദിവസവും മുക്കാൽ ലിറ്ററോളം പാലു കുടിക്കുന്ന തികച്ചും സാധാരണക്കാരനാണ് താനെന്ന സത്യം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു.

ക്രിസ്ത്യാനിയല്ല, ഷീലയെ അറിയില്ല

നടി ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്നൊക്കെയാണ് ചിലർ എഴുതിപ്പിടിപ്പിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിലാണ് ഇങ്ങനെയൊരു വാർത്ത ആദ്യം വന്നത്. എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് വലിയ തമാശ. ഷീലയുടെ ബന്ധുവല്ല എന്നുമാത്രമല്ല, മാഡത്തെ അറിയുക പോലും ഇല്ല. കേരളത്തിൽ ബന്ധുക്കളൊന്നും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. വെബ് സീരിസുകളാണ് മിക്കപ്പോഴും കാണുക. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ എനിക്ക് അറിയൂ. മലയാളത്തിലെ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരെക്കുറിച്ച് കേട്ടിട്ടുണ്ടെന്നു മാത്രം.

ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നും. നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മൾ പ്രളയം അതിജീവിച്ചിട്ട്. അന്നന്നും ആരും ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളും ആയിരുന്നില്ല. എല്ലാവരും മനുഷ്യരായിരുന്നു. ക്യാമ്പുകളിൽ നൽകിയ ഭക്ഷണം തയാറാക്കിയത് ഏതു മതക്കാരനാണെന്ന് ആരും ചോദിച്ചില്ല. രക്ഷിക്കാൻ വരുന്നവരുടെ സ്റ്റാറ്റസ് തിരക്കാൻ നിന്നില്ല. ആ ദിവസങ്ങളിൽ ഞങ്ങൾ പൊലീസുകാർ രാപകലില്ലാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കർമ്മനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോലും ഞാൻ പങ്കെടുത്തില്ല.

എല്ലാം കഴിഞ്ഞിട്ടിപ്പോൾ ഞങ്ങൾ പൊലീസുകാരുടെ ജാതിയും മതവുമൊക്കെ തിരക്കുന്നത് എന്തിനാണ്. അന്ന് നല്ലവരായിരുന്ന പൊലീസ് സേന മൂന്നു മാസം കഴിയുമ്പോൾ എങ്ങനെ മോശക്കാരാകും. എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവൻ വേദനയാണിത്. മുമ്പും എല്ലാ വർഷവും മുടങ്ങാതെ ശബരിമലയിൽ വരുമായിരുന്നു. ഈ സീസണിൽ മാത്രം നാലുവട്ടം അയ്യപ്പനെ തൊഴുതു. തൃശൂരിലേക്ക് മാറിയതിൽ പിന്നെ ഇടയ്ക്കിടെ ഗുരുവായൂരമ്പലത്തിലും പോകാറുണ്ട്. ഹിന്ദുവാണെന്ന് പറഞ്ഞു നടക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

yathish003

ചൂടൻ പൊലീസല്ല

ഇവിടെ ഓഫീസിൽ ആരോടു വേണമെങ്കിലും അന്വേഷിക്കാം. കീഴുദ്യോഗസ്ഥരോടു പോലും മുഖം കറുപ്പിച്ച് സംസാരിക്കാത്ത ആളാണ് ഞാൻ. വീട്ടിലേക്കും ദേഷ്യവുമായി പോകാൻ പറ്റില്ലല്ലോ. അതുകൊണ്ട് ടെൻഷനുകളെല്ലാം ഓഫീസിൽ തന്നെ വയ്ക്കും. ഫയലുകൾ നോക്കുന്നതും ഓഫീസിൽ വച്ചു തന്നെ. വീട്ടിൽ പാചകം അടക്കമുള്ള കാര്യങ്ങളിൽ ഭാര്യയെ സഹായിക്കുന്ന (അ)സാധാരണ ഭർത്താവാണ് ഞാൻ.

ചെയ്യുന്ന ജോലി ആത്മാർഥമായി തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. അവിടെ ജാതിയും മതവും രാഷ്ട്രീയവുമൊന്നും പരിഗണിക്കാറില്ല. നിയമം വിട്ട് ഒന്നും ചെയ്യാറുമില്ല. ഓരോ സമരമുഖത്തും എങ്ങനെ പെരുമാറണമെന്ന് ഞങ്ങൾക്ക് പരിശീലനം കിട്ടിയിട്ടുണ്ട്. എനിക്കെതിരേ ഒരു കേസു പോലും ഇല്ലല്ലോ. വൈപ്പിൻ കരയിൽ ഞങ്ങൾ കുട്ടികളെ തല്ലിയിട്ടില്ല. സ്ത്രീ സമരക്കാരെ നേരിട്ടത് വനിതാ പൊലിസുകാരാണ്. സർക്കാരിന്റെ തീരുമാനങ്ങളാണ് പൊലീസുകാർ നടപ്പാക്കുന്നത്, ഞങ്ങളുടെ സ്വന്തം ഇഷ്ടത്തിലല്ല. പക്ഷേ, അതിന്റെയൊക്കെ പേരിൽ പഴി കേൾക്കുമ്പോൾ ദുഃഖം തോന്നും. അപ്പോഴൊക്കെ ദൈവം കൂടെയുണ്ടെന്നു ഉറച്ചു വിശ്വസിക്കും.

മുക്കാൽ ലിറ്റർ പാൽ, നെയ്യും തൈരും കൊതിതീരുവോളം

ജീവിക്കുന്നതു തന്നെ ഭക്ഷണം കഴിക്കാനാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്കാ വെജിറ്റേറിയനാണ്. കേരളത്തിൽ വന്ന ശേഷം നോൺവെജ് കഴിക്കാൻ ശ്രമിച്ചെങ്കിലും രുചി അത്ര പിടിച്ചില്ല. ഇവിടത്തെ പായസം കൂട്ടിയുള്ള സദ്യ വളരെ ഇഷ്ടമാണ്. ആകെയുള്ള പ്രശ്നം വെളിച്ചെണ്ണയാണ്. തലയിൽ തേക്കുന്ന വെളിച്ചെണ്ണ എന്തിനാണ് ഭക്ഷണത്തിൽ ചേർക്കുന്നത്. വെളിച്ചെണ്ണ ചേർക്കുന്നതു കൊണ്ടുതന്നെ ഹോട്ടൽ ഭക്ഷണത്തോട് തീരെ താത്പര്യമില്ല.
    
എന്റെ ഭക്ഷണ ശീലങ്ങൾ വിചിത്രമാണെന്ന് ഭാര്യ പറയാറുണ്ട്. പാലും തൈരും മോരും നെയ്യും വെണ്ണയുമെല്ലാം ഞാൻ ദിവസവും വാരിക്കോരി കഴിക്കും. വീട്ടിൽ ദിവസവും നാലു ലിറ്റർ പാൽ വാങ്ങും. മുക്കാൽ ലിറ്റർ ഞാൻ തന്നെ കുടിക്കും. പിന്നെ ഒരു വലിയ ബൗൾ തൈര് മൂന്നു നേരമായി കഴിക്കും. ഇടയ്ക്കിടെയായി ഒരു ലിറ്ററോളം മോരും കൂടിക്കും. എല്ലാ ഭക്ഷണത്തിലും ധാരാളം നെയ്യ് ചേർക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഭക്ഷണം ആസ്വദിച്ചു കഴിക്കണം എന്നതാണ് പോളിസി. എന്തെങ്കിലും കഴിച്ചാൽ അതിനുള്ളിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നയത്ര ഭക്ഷണ വിദഗ്ധനാണ് ഞാൻ. കുക്കിങ് വലിയ ഇഷ്ടമാണ്. എന്റെ അഭിപ്രായത്തിൽ ഒരു നാടിന്റെ സംസ്കാരമാണ് ഭക്ഷണം.

yathish002