Thursday 02 July 2020 11:40 AM IST : By സ്വന്തം ലേഖകൻ

ഓരോരുത്തരെയായി തിരികെ നൽകി; മൂന്നാംപക്കം മൂന്നാമന്റെ മൃതദേഹവും കിട്ടി; തിരമായ്ച്ച ജീവനുകൾ

sea

ഉറ്റകൂട്ടുകാരെ മൂന്നായി പിരിച്ച കടൽ മൂന്നാംപ്പക്കം ജീവന്റെ മറുകരയിൽ അവരെ ഒരുമിപ്പിച്ചു . ബ്ലാങ്ങാട് കടലിൽപ്പെട്ട യുവാക്കളിൽ മൂന്നാമത്തെയാളുടെ മ‍ൃതദേഹം ഇന്നലെയാണ് കരയ്ക്കെത്തിക്കാനായത്. കടലാഴമുണ്ടായിരുന്ന സൗഹൃദം കണ്ടുകൊതിച്ച കടൽ മൂന്നുദിവസവും ഓരോരുത്തരെയായി തിരികെ നൽകുകയായിരുന്നു. ആദ്യദിനം വിഷ്ണുരാജ്, രണ്ടാം പക്കം ജിഷ്ണു, മൂന്നാംപക്കം ജഗന്നാഥൻ! മൂവരും ഇഴപിരിയാത്ത സുഹൃത്തുക്കൾ .

ഫുട്ബോളിനെയും ക്രിക്കറ്റിനെയും ജീവവായുപോലെ കാത്തവർ. വിഷ്ണുരാജും ജഗന്നാഥനും ഏത് സമയവും ഒരുമിച്ചുകാണും. ജഗന്നാഥനെ സ്വന്തം വീട്ടിലില്ലെങ്കിൽ പിന്നെ വിഷ്ണുവിന്റെ വീട്ടിലാണ് ഉണ്ടാകുക. ഇരട്ടപ്പുഴയിലെ അങ്കണവാടി മുതൽ ചാവക്കാട് എംആർആർഎം ഹൈസ്ക്കൂളിൽ പത്താം ക്ലാസ് കഴിയുന്നതുവരെ ഒരുമിച്ചു പഠിച്ചവർ . ചാവക്കാട് ഗവ. ഹൈസ്ക്കൂളിൽ പ്ലസ് ടൂ പരീക്ഷയെഴുതി വിഷ്ണുവും ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിൽ പ്ലസ് ടൂ പരീക്ഷയെഴുതി ജഗന്നാഥനും ഫലം കാത്തിരിക്കുകയാണ്.

ഇരട്ടപ്പുഴ ഗ്രൗണ്ടിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കുമ്പോഴാണു ജിഷ്ണു ഇവർക്കൊപ്പം കൂടുന്നത്. പിന്നെ വലിയ കൂട്ടായി. പ്രാദേശിക ക്ലബ്ബുകൾക്കു വേണ്ടി ഫുട്ബോൾ കളിക്കാനും ഇവർ പോകാറുണ്ടായിരുന്നു. പഠനത്തോടൊപ്പം ചെറിയ വരുമാനത്തിനായി ഗുരുവായൂരിലെ കടകളിലും വൈകുന്നേരങ്ങളിൽ ഇവർ ജോലി ക്ക് പോയി. സാമ്പത്തിക ഭദ്രതയില്ലാത്ത മൂന്നു കുടുംബങ്ങളുടെയും പ്രതീക്ഷയായിരുന്നു ഇൗ ചെറുപ്പക്കാർ. തിങ്കളാഴ്ച രാവിലെ 8.45 നാണു കടലിലേക്ക് പോയ ഫുട്ബോളിനായ ഇറങ്ങിയപ്പോഴായിരുന്നു ഇവരെ കാണാതായത്. ആദ്യം ഇറങ്ങിയത് ജഗന്നാഥനായിരുന്നു. പ്രിയ സുഹൃത്ത് ആഴങ്ങളിലേക്ക് പോകുന്നത് കണ്ടപ്പോൾ എടുത്ത് ചാടിയതായിരുന്നു വിഷ്ണുവും ജിഷ്ണുവും. അവനെ ഒറ്റയ്ക്കു വിടാതെ ജീവന്റെ മറുകരയിലേക്ക് ഒരുമിച്ചുള്ള പോക്ക്!

3–ാം പക്കം മൂന്നാമത്തെയാളുടെ മൃതദേഹവും കിട്ടി

ചാവക്കാട്∙ ബ്ലാങ്ങാട് പാറൻപടി തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ എടുക്കാനിറങ്ങി കാണാതായ യുവാക്കളിൽ മൂന്നാമത്തെയാളുടേയും മൃതദേഹം കിട്ടി. ഇരട്ടപ്പുഴ കരിമ്പാച്ചൻ സുബ്രഹ്മണ്യന്റെ മകൻ ജഗന്നാഥിന്റെ (20) മൃതദേഹമാണു കിട്ടിയത്. കടലിൽ മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടതിനെത്തുടർന്നു ബ്ലാങ്ങാട് കടപ്പുറത്ത് നിന്നുള്ള വഞ്ചിയിൽ നജീബ്, സുനിൽ, ഗോപി, റിയാദ്, നഫറത്ത്, സദാനന്ദൻ എന്നീ തൊഴിലാളികളാണ് മൃതദേഹം രാവിലെ എട്ടോടെ കരയ്ക്കെത്തിച്ചത്.

പുത്തൻകടപ്പുറം കടലിലാണ് മൃതദേഹം കണ്ടത്. ഇരട്ടപ്പുഴ സ്വദേശി വലിയകത്ത് ജനാർദ്ദനന്റെ മകൻ ജിഷ്ണു(23) വിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രിയിലും കുമാരൻപ്പടി ചക്കര ബാബുരാജിന്റെ മകൻ വിഷ്ണുരാജിന്റെ (വിഷ്ണു–19 ) മൃതദേഹം സംഭവമുണ്ടായ തിങ്കളാഴ്ചയും കിട്ടിയിരുന്നു. ആലിപ്പരി മോഹനന്റെ മകൻ സരിൻ(ചിക്കു–20), ചക്കര ബാലകൃഷ്ണന്റെ മകൻ കണ്ണൻ(20) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.45 നാണു കടലിൽ ശക്തമായ ചുഴിയിൽ അഞ്ച് യുവാക്കൾ അകപ്പെട്ടത്.

മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസിന്റെയും ഫിഷറീസിന്റെയും ബോട്ടുകളും മുനക്കക്കടവ് പോക്കാക്കില്ലത്ത് റസാഖിന്റെ ബോട്ടും തിരച്ചിൽ നടത്തിയിരുന്നു. അഗ്നിരക്ഷാസേനയും തിരഞ്ഞു. വിഷ്ണുരാജിന്റെ സംസ്കാരം ചെ‌ാവ്വാഴ്ച നടന്നു. ജിഷ്ണുവിന്റെയും ജഗന്നാഥിന്റെയും മൃതദേഹങ്ങൾ തൃശൂർ ഗവ.മെഡിക്കൽ കേ‌ാളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കും പേ‌ാസ്റ്റ്മോർട്ടത്തിനും ശേഷം ഇരുവരുടെയും മൃതദേഹം ഇന്നു സംസ്കരിക്കും. ജഗന്നാഥന്റെ അമ്മ: സുജാത. സഹേ‌ാദരിമാർ: സുബിത, സുജിത, സൂര്യ.

രണ്ടുദിവസം നീണ്ടുനിന്ന തിരച്ചിൽ

ചാവക്കാട്∙ മത്സ്യത്തൊഴിലാളികളുടെ ഉൗഹവും അധ്വാനവും വെറുതെയായില്ല. കടലിൽ കാണാതായവർക്കുവേണ്ടി 2 നാൾ തിരഞ്ഞതിനൊടുവിലാണ് 2 പേരെയും കണ്ടെത്തിയത്. കാണാതായവർ ദൂരേക്ക് ഒഴുകിപ്പോകാൻ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു മത്സ്യത്തൊഴിലാളികൾ. അതിനാൽത്തന്നെ തീരത്തോടു ചേർന്നുതന്നെ തിരച്ചിലും നടത്തി. തിങ്കൾ രാവിലെ 8.45 ന് 5 യുവാക്കൾ ചുഴിയിൽപ്പെട്ടപ്പോൾത്തന്നെ മത്സ്യത്തൊഴിലാളികൾ വഞ്ചിയുമായി കടലിലിറങ്ങി.

രാത്രിയും പകലും തിരച്ചിൽ നടത്തി. അതേസമയം കടൽത്തീരത്തുകൂടി കിലോമീറ്ററുകളോളം നടന്നാണ് ഇവരുടെ സുഹൃത്തുക്കളും ഇരട്ടപ്പുഴയിലെ യുവാക്കളും കൂട്ടുകാരെ കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ചാവക്കാട് എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിൽ പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളായ നസറത്ത് ബ്ലാങ്ങാട്, വടക്കൂട്ട് പ്രിയേഷ്, രമേഷ് കളൂർ, ഗോപി, പ്രദേശവാസികളായ പ്രദീപ് ചക്കര, നാരായണൻകുട്ടി, വിജേഷ്, കൊപ്പര പ്രദീപ്, കിഴക്കൂട്ട് സുരേഷ്, അജയൻ, ശ്രീജിത്ത് ഇരട്ടപ്പുഴ തുടങ്ങിയവരെല്ലാം തിരച്ചിലിന് സജീവമായുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾ