Monday 06 December 2021 11:26 AM IST : By സ്വന്തം ലേഖകൻ

ജപ്തി ഉണ്ടാകില്ല, പോരേ... യൂസഫലി പറഞ്ഞു, നിറകണ്ണുകളോടെ കൈകൂപ്പി ആമിന: ഹൃദയംതൊടും നിമിഷം

yousafali-5

നന്മ നിറഞ്ഞ മനസ്സുകൾക്കു നന്ദി പറയാൻ കൈ നിറയെ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തിയപ്പോൾ ആ സ്നേഹസാഗരം ഏറ്റുവാങ്ങിയവരിൽ ഒരാൾ കൂടിയുണ്ടായിരുന്നു. മഹാമനസിന്റെ ഉടമയെ കാണാൻ വഴിക്കണ്ണുമായി കാത്തുനിന്നു കാഞ്ഞിരമറ്റം സ്വദേശി ആമിന

തന്നെ സഹായിക്കാൻ ഓടിയെത്തിയ പനങ്ങാട്ടെ നാട്ടുകാരോടു നന്ദി പറയാനാണു യൂസഫലി എത്തിയത്. ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയ ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിൽ രാജേഷ് ഖന്നയേയും ഭാര്യ ബിജിയേയും കാണാന്‍ യൂസഫലി സമ്മാനങ്ങളുമായെത്തി.

അവിടെ നിന്നു മടങ്ങുന്നതിനിടയിൽ കയ്യിലെ തുണ്ടുക്കടലാസിൽ കുറിച്ച സങ്കടവുമായി ആമിന മഹാമനസിന്റെ ഉടമയെ കാണാനെത്തുകയായിരുന്നു. 5 ലക്ഷം രൂപ വായ്പയെടുത്തതു കാരണം ആമിനയുടെ വീട് ജപ്തി ഭീഷണിയിലാണ്. ജപ്തി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജീവനക്കാർക്കു നിർദേശം നൽകിയ ശേഷം യൂസഫലി ആമിനയോടു പറഞ്ഞു. ‘ജപ്തിയുണ്ടാകില്ല, പോരേ’. നിറഞ്ഞ കണ്ണുകളോടെ ആമിന കൈകൂപ്പി.

ഏപ്രിൽ 11നാണു യൂസഫലിയും ഭാര്യയുമുൾപ്പെടെ 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പനങ്ങാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പിൽ ഇടിച്ചിറങ്ങിയത്.  നെട്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ കടവന്ത്രയിലെ വീട്ടിൽ നിന്നുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. കാലാവസ്ഥ മോശമായിരുന്നെങ്കിലും പൈലറ്റിന്റെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണു ഡിജിസിഎ അന്വേഷണത്തിൽ മനസ്സിലായതെന്നു യൂസഫലി പറഞ്ഞു. ഹെലികോപ്റ്ററിനു സാങ്കേതിക പിഴവുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്നു നട്ടെല്ലിനു ശസ്ത്രക്രിയയ്ക്കു വിധേയനായ യൂസഫലി 4 മാസത്തോളം വിശ്രമത്തിലായിരുന്നു.