Monday 06 December 2021 11:05 AM IST : By സ്വന്തം ലേഖകൻ

രാജേഷിനു രണ്ടര ലക്ഷം രൂപയും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാല: രക്ഷകരുടെ മനംനിറച്ച് യൂസഫലി

yousafali

നന്മ നിറഞ്ഞ മനസ്സുകൾക്കു നന്ദി പറയാൻ കൈ നിറയെ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തി. ഹെലികോപ്റ്റർ അപകടം നടന്നപ്പോൾ തന്നെ സഹായിക്കാൻ ഓടിയെത്തിയ പനങ്ങാട്ടെ നാട്ടുകാരോടു നന്ദി പറയാനാണു യൂസഫലി എത്തിയത്. ‘ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇവരാണ്’. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിൽ രാജേഷ് ഖന്നയെയും ഭാര്യ സിവിൽ പൊലീസ് ഉദ്യോഗസ്ഥ എ.വി. ബിജിയെയും ചേർത്തു പിടിച്ചു യൂസഫലി പറഞ്ഞു.

‘ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്തു പ്രത്യുപകാരം ചെയ്താലും മതിയാകില്ല’. രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകൻ ഒരു വയസ്സുള്ള ദേവദർശനു സ്വർണ കൈ ചെയിനും മിഠായിപ്പൊതികളും യൂസഫലി സമ്മാനിച്ചു. രാജേഷിന്റെ പിതൃ സഹോദരന്റെ മകൾ വിദ്യയുടെ വിവാഹത്തിനു സ്വർണമാല സമ്മാനമായി നൽകാനും ജീവനക്കാരോടു നിർദേശിച്ചു.

അപകടം നടന്ന സ്ഥലവും യൂസഫലി സന്ദർശിച്ചു. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പീറ്റർ നിക്കോളസിനെയും കുടുംബത്തെയും കണ്ടു നന്ദി പറഞ്ഞ യൂസഫലി അവർക്ക് രണ്ട് മൊബൈൽ ഫോണുകളും വാച്ചും സമ്മാനമായി നൽകി.

ഏപ്രിൽ 11നാണു യൂസഫലിയും ഭാര്യയുമുൾപ്പെടെ 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പനങ്ങാട് പൊലീസ് സ്റ്റേഷനു സമീപമുള്ള ചതുപ്പിൽ ഇടിച്ചിറങ്ങിയത്.  നെട്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ കടവന്ത്രയിലെ വീട്ടിൽ നിന്നുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. കാലാവസ്ഥ മോശമായിരുന്നെങ്കിലും പൈലറ്റിന്റെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണു ഡിജിസിഎ അന്വേഷണത്തിൽ മനസ്സിലായതെന്നു യൂസഫലി പറഞ്ഞു. ഹെലികോപ്റ്ററിനു സാങ്കേതിക പിഴവുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്നു നട്ടെല്ലിനു ശസ്ത്രക്രിയയ്ക്കു വിധേയനായ യൂസഫലി 4 മാസത്തോളം വിശ്രമത്തിലായിരുന്നു.

More