Thursday 03 December 2020 11:24 AM IST : By സ്വന്തം ലേഖകൻ

ഹിറ്റ് കൂട്ടാൻ പ്രാങ്ക് വി‍ഡിയോ; കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സോപ്പിനു മുകളില്‍ ചോക്ലേറ്റ് പുരട്ടി നല്‍കി, ഒടുവില്‍ പുലിവാലു പിടിച്ച് യൂട്യൂബര്‍!

youytbb656

ലക്ഷക്കണക്കിന് യൂട്യൂബ് ചാനലുകളാണ് ലോകത്ത് ഉള്ളത്. അതുകൊണ്ടുതന്നെ ഇവർക്കിടയിൽ കടുത്ത മത്സരങ്ങളും നടക്കാറുണ്ട്. അത്തരത്തിൽ പ്രാങ്ക് വി‍ഡിയോ ചെയ്തു പുലിവാൽ പിടിച്ചിരിക്കുകയാണ് ഒരു യൂട്യൂബർ. മില്‍റ്റണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് പണി കിട്ടിയത്. കേക്ക് സിക്കിള്‍ ആണെന്നു പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് ഉരുക്കിയൊഴിച്ച് ആളുകള്‍ക്ക് നല്‍കുകയായിരുന്നു ഇയാൾ.

ജെയ് ടോമി എന്നറിയപ്പെടുന്ന ഇയാള്‍ സോപ്പിനെ കേക്ക്‌ സിക്കിള്‍ ആണെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയായിരുന്നു. പുതിയ ബേക്കറി തുടങ്ങിയെന്നു പറഞ്ഞ് ആദ്യം പ്രായമായ ഒരാൾക്കാണ് കഴിക്കാനായി നൽകിയത്. ഒന്ന് കടിച്ച ശേഷമാണ് പലരും ഇത് സോപ്പ് ആണെന്ന് തിരിച്ചറിഞ്ഞത്.

വിഡിയോ പുറത്തു വന്നതോടെ നിരവധി പേര്‍ ഇയാൾക്കെതിരെ രംഗത്തുവന്നു. കുട്ടികളെയും പ്രാങ്കിൽ ഉൾപ്പെടുത്തിയത് വിവാദത്തിന് വഴിതെളിച്ചു. ഇതോടെ യൂട്യൂബര്‍ മാപ്പു പറഞ്ഞു തലയൂരാൻ ശ്രമിച്ചെങ്കിലും നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ.

Tags:
  • Spotlight