Saturday 06 February 2021 01:41 PM IST : By സ്വന്തം ലേഖകൻ

ആരും വിശ്വസിക്കാത്ത ഈ സമാനതകൾ എങ്ങനെ വന്നു? യുവരാജിന് കേരളത്തിൽ നിന്നൊരു അപരൻ, കുറിപ്പ് വൈറൽ

yuvarajjhjgf

തിരുവനന്തപുരം ആർസിസി വാർഡിൽ നിന്നും യുവരാജ്. ജി. മേനോൻ കാൻസർ ദിനത്തിൽ എഴുതിയ ഈ ഫെയ്സ്ബുക് ‌പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും യുവരാജ്. ജി. മേനോനും തമ്മിലുള്ള സമാനതകളെ കുറിച്ചാണ് കുറിപ്പ്. ജീവിതവും രോഗവുമെല്ലാം ഒരുപോലെ വന്ന അവിശ്വസിനീയമായ തന്റെ ജീവിതകഥ പറയുകയാണ് യുവരാജ്. ജി. മേനോൻ.

കുറിപ്പ് വായിക്കാം;

ഒരേ മുഖഛായ ഉള്ള എത്രപേർ ഈ ലോകത്ത് കാണും? ശാസ്ത്രത്തിന്റെ കണക്ക് പ്രകാരം ഏഴു പേരാണത്രേ ഒരേ മുഖഛായയിൽ ഈ ഭൂമിയിൽ ഉള്ളത്. അങ്ങനെ എങ്കിൽ ഒരേ പേരുള്ളവരോ? എണ്ണിയാൽ ഒടുങ്ങില്ല. അല്ലേ? എന്നാൽ ഒരേ പേരും ഒരേ മുഖഛായയും സമാന ജീവിതാനുഭവങ്ങളും ഉള്ള രണ്ട് വ്യക്തികളെ നിങ്ങൾക്ക് ചൂണ്ടികാണിക്കാൻ പറ്റുമോ?നിങ്ങളുടെ ഉത്തരം ഇല്ല എന്നാണെങ്കിൽ, ട്രിവാൻഡ്രം R.C.C. വാർഡിൽ നിന്നും ഒരു യുവാവ് ഇക്കഴിഞ്ഞ കാൻസർ ദിനത്തിൽ എഴുതിയ ഈ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കണം.....

--------------------------------------------------------------------

1981 Dec 12 ശനിയാഴ്ച്ച ഉച്ചക്ക് 12:43 ന് യോഗ് രാജ് സിംഗിനും ഷബ്നം സിംഗിനും അങ്ങ് ചണ്ടീഗഡിൽ ഒരാൺകുഞ്ഞ് പിറന്നപ്പോൾ, കൃത്യം 11 വർഷം ഇപ്പുറം ഇതേ ദിവസത്തിൽ ഏതാണ്ട് അതേ സമയത്തിൽ ഇങ്ങ് തലസ്ഥാന നഗരിയിലെ AKG നഗറിൽ ഗൗതം മേനോനും പത്നി ഹേമക്കും ഒരാൺകുട്ടി പിറന്നു. "Son of the king"എന്നർത്ഥം വരുന്ന 'യുവരാജ്'എന്ന പേര് യോഗ് രാജ് സിംഗ് തന്റെ മകനിട്ടപ്പോൾ ഗൗതം മേനോൻ എന്ന എന്റെ അച്ഛൻ എനിക്കും അതേ പേര് പതിനൊന്നു വർഷങ്ങൾക്കിപ്പുറം ചെവിയിലോതി.

"യുവരാജ്. ജി. മേനോൻ"

ഞാൻ ജനിച്ച 1992 ൽ സാക്ഷാൽ യുവരാജ് സിംഗ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുന്നത് സ്വപ്നം പോലും കണ്ടു തുടങ്ങി കാണുമോ എന്നത് മറ്റൊരു കൗതുകം. എന്നാൽ രണ്ടായിരമാണ്ടിലെ ഒക്ടോബർ മാസം, യുവരാജ് സിംഗ് കെനിയക്കെതിരെ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതോടെ എന്റെ പേരും യുവരാജിനോട് സാമ്യം ഉള്ള എന്റെ മുഖഛായയും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. പോരാഞ്ഞിട്ട് ഞാനും യുവിയെ പോലെ ഇടങ്കയ്യൻ.....

എന്റെ അച്ഛൻ ഒരു തികഞ്ഞ സിനിമാപ്രേമി ആയിരുന്നു. പക്ഷെ ഒരു സിനിമയിൽ പോലും അദ്ദേഹത്തിന് മുഖം കാണിക്കാൻ അവസരം കിട്ടിയിട്ടില്ല. എന്തിനേറെ പറയുന്നു, എന്നെ പ്രസവിക്കാൻ വേണ്ടി അമ്മയെ ലേബർ റൂമിൽ കയറ്റിയപ്പോൾ പോലും അടുത്തുണ്ടാകാതെ ശ്രീ. യോഗ് രാജ് ഇൻസ്‌പെക്ടർ അജയ് സിംഗായി അഭിനയിച്ച Insaaf Ki davi(1992) എന്ന ഹിന്ദി സിനിമയുടെ സെറ്റിൽ അച്ഛൻ അവസരം തെണ്ടി നടക്കുക ആയിരുന്നു. പക്ഷെ, ഒടുവിൽ ആയിരത്തിൽ പരം നാടകത്തിന്റെ അനുഭവജ്ഞാനം മാത്രമായിരുന്നു അഛന്റെ അഭിനയസമ്പാദ്യം. 

നാടകത്തിൽ തന്റേതായ ഇരിപ്പിടം അച്ഛൻ നേടി എടുത്തെങ്കിലും സിനിമ മാത്രമായിരുന്നു ഊണിലും ഉറക്കത്തിലും അദ്ദേഹത്തിന്റെ സ്വപ്നം കെടുത്തിയിരുന്നത്.ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ എനിക്ക് 10 വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് അങ്ങോട്ട് യുവിയുടെ ബാല്യം പോലെ അച്ഛന്റേയും അമ്മയുടേയും ഒരുമിച്ചുള്ള സ്നേഹം എനിക്കും അനുഭവിക്കാൻ ഭാഗ്യം ഉണ്ടായിരുന്നില്ല .പക്ഷെ ഒരു വിളിപ്പാടകലെ ഇരുവരും എനിക്ക് വേണ്ടി ജീവിതം മാറ്റിവച്ചിരുന്നു. ശിഷ്ടകാലം ഞാൻ അച്ഛനോടൊപ്പവും അനിയൻ അമ്മക്കൊപ്പവും ആണ് വളർന്നത്.

എനിക്ക് ചെറുപ്പത്തിലേ ഏറ്റവും ഇഷ്ടം പെൻസിൽ ഡ്രോയിങ് ആയിരുന്നു. അറിയപ്പെടുന്ന ഒരു ചിത്രകാരൻ ആവുക ആയിരുന്നു ആ സമയത്തെ എന്റെ ലക്ഷ്യം. കുട്ടിക്കാലത്ത് ടെന്നീസിനും റോളേഴ്സ് സ്‌കേറ്റിങ്ങിനും കിട്ടുന്ന ട്രോഫികൾ സന്തോഷത്തോടെ യുവി തന്റെ അച്ഛനെ കാണിക്കാൻ കൊണ്ട് വരുമ്പോൾ, അദ്ദേഹം അവയെല്ലാം ദൂരെ വലിച്ചെറിയുമായിരുന്നു. ശേഷം ബാറ്റുമെടുത്ത് യുവിയെ രാപ്പകൽ ഇല്ലാതെ ക്രിക്കറ്റ്‌ പ്രാക്ടീസിന് കൂട്ടികൊണ്ട് പോയിരുന്നു. തനിക്ക് ക്രിക്കറ്റിൽ കിട്ടാതെ പോയ സൗഭാഗ്യങ്ങൾ തന്റെ മകനിലൂടെ നിറവേറ്റാൻ ഉള്ള വ്യഗ്രത ആയിരുന്നു ആ മനസ്സിൽ. സമാന അനുഭവം എന്റെ ലൈഫിലും ഉണ്ടായി. എനിക്ക് ചിത്രരചനയ്ക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ എന്റെ തൊട്ട് മുമ്പിൽ വച്ച് എത്രയോ തവണ അച്ഛൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചിട്ടുണ്ട്.

"നിന്റെ മേഖല പടം വരപ്പ് അല്ല, നീ നിന്റെ കഴിവ് തെളിയിക്കേണ്ടത് സിനിമയിൽ ആണ്" 

"എന്റെ മോനെ സിനിമയുടെ ഏതെങ്കിലും ഒരു മേഖലയിൽ എങ്കിലും എനിക്ക് Success ആയി കാണണം "

ഏറെ ആഗ്രഹിച്ചിട്ടും തനിക്ക് നടക്കാതെ പോയ ആ സ്വപ്നം, എന്തിനേറെ തന്റെ വിവാഹജീവിതം വരെ ഇല്ലാതാക്കിയ സിനിമ എന്ന വികാരത്തെ തന്റെ മകനിലൂടെ എത്തിപ്പിടിക്കാൻ ഉള്ള വാശി ആയിരുന്നു ആ കണ്ണുകളിൽ എനിക്ക് കാണാൻ സാധിച്ചിരുന്നത്....

തൊണ്ണൂറുകളിൽ ഇറങ്ങിയ മിക്ക സിനിമകളും ഞാനും അച്ഛനും ആദ്യ ദിനം തന്നെ കൊട്ടകയിൽ പോയി കണ്ടിട്ടുണ്ട്. എനിക്ക് വെറും 2 വയസുള്ളപ്പോൾ റിലീസ് ആയ കാബൂളിവാല ആയിരുന്നു അച്ഛൻ എന്നെയും കൊണ്ട് ആദ്യമായി കൊട്ടകയിൽ കൊണ്ട് പോയി കാണിച്ച പടം.. കേട്ടറിവാണ്... പക്ഷെ, പിന്നീട് ഈ പടം ദൂരദർശനിൽ കണ്ടതോടുകൂടി അതിലെ വിനീതിനെ പോലെ മുടി ബാക്കിൽ നീട്ടി വളർത്താൻ തുടങ്ങി....മുടി എന്റെ വീക്നെസ് ആയിരുന്നു അന്നും ഇന്നും.

കൂടാതെ പപ്പേട്ടന്റേയും ഭരതൻ സാറിന്റേയും ശ്രീ.കെ.ജി.ജോർജിന്റെയും 80's ലെ ക്ലാസ്സിക്‌ സിനിമകളുടെ VCR കൊണ്ട് എന്റെ അലമാര നിറഞ്ഞ ദിനങ്ങൾ... പതിയെ പതിയെ ചിത്ര രചന ഉപേക്ഷിച്ച് ഞാനും സിനിമ എന്ന വികാരത്തെ നെഞ്ചിലേറ്റി..സാക്ഷാൽ യുവരാജ് സിംഗ് ബാറ്റിംഗിന് പുറമെ ബൗളിങ്ങിലും  ഫീൽഡിങ്ങിലും തന്റെ വരവ് അറിയിച്ചപ്പോൾ ഞാൻ സിനിമയിൽ കേറാൻ ഉള്ള ചവിട്ട് പടി ആയി മിമിക്സും എഴുത്തും അഭിനയവും കൊണ്ട് എന്റേതായ ലോകം സൃഷ്ടിച്ചു.

പെൺ വിഷയങ്ങളിൽ ഞാനും ഒട്ടും മോശമായിരുന്നില്ല. യുവിയുടെ ഗോസിപ്പ് കാമുകിമാർ സിനിമ താരങ്ങൾ ആയ കിം ശർമ്മ,പ്രീതി സിന്റാ, ദീപിക തുടങ്ങിയവർ ആയിരുന്നെങ്കിൽ എന്റെ കാമുകിമാർ യഥാക്രമം B.Com ഫസ്റ്റ് ഇയറിലെ കീർത്തി, സെക്കന്റ്‌ ഇയറിലെ സൈനബ, തേർഡ് ഇയറിലെ കാതറിൻ തുടങ്ങിയവർ ആയിരുന്നു. ഡിഗ്രിക്ക് ചേർന്നതോടെ യുവരാജിന്റെ ഫെയിസ് കട്ട്‌ അപ്പാടെ എന്നിലെ കൗമാരകാരനിൽ നിറഞ്ഞു നിന്നു. പേരിനെ കുറിച്ച് പിന്നെ പറയേണ്ടത് ഇല്ലല്ലോ...എന്താ അളിയാ ഇത്??ശരിക്കും നിന്റെ അച്ഛൻ പഞ്ചാബിൽ എങ്ങാനും സിനിമാ കൃഷി നടത്താൻ പോയത് തന്നേ???? ഈ ക്ലിഷേ ഡയലോഗ് കുറച്ചൊന്നുമല്ല അന്നും ഇന്നും ഞാൻ കേൾക്കുന്നത്.....

യുവിയുടെ ജീവിതത്തിലെ മറക്കാൻ ആവാത്ത മുഹൂർത്തങ്ങൾ ആയിരുന്നു അണ്ടർ 19 വേൾഡ് കപ്പ്, പ്രഥമ T-20 വേൾഡ് കപ്പ്,2011 ലെ ഏകദിന വേൾഡ് കപ്പ് എന്നിവയിലെ Man of the series പട്ടങ്ങൾ.ഏതാണ്ട് അതിനോട് കിടപിടിക്കുന്ന തരത്തിൽ ഡിഗ്രിയിലെ 3 വർഷവും ജില്ലാ തലത്തിൽ മിമിക്രിയിൽ മികച്ച പെർഫോർമറായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു.അച്ഛന്റെ മോഹങ്ങളിലേക്ക് പറക്കാൻ എനിക്ക് കിട്ടിയ ആദ്യ ചിറകുകൾ.....

യുവി 6 പന്തിൽ 6 സിക്സ് അടിച്ചതിനും സമാന സംഭവം എന്റെ ലൈഫിൽ ഉണ്ടായി. യുവിയുടെ ഒരോവറിൽ Mascarenhas 5 സിക്സ് ചേർത്ത് അടിച്ചപോലെ ഞാൻ എഴുതിയ 5 ചെറുകഥകൾ അന്നത്തെ ട്രെൻഡിങ് മാസിക ആയ മഞ്ചാടിയുടെ എഡിറ്റർക്ക് എന്റെ ഫ്രണ്ട് വഴി അയച്ചു കൊടുത്തു. കൊണ്ട് പോയി കത്തിച്ചു കളയാൻ പറയടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ വെറും മാസങ്ങൾക്കിപ്പുറം അതേ മാസികയിൽ എന്റെ 6 ചെറുകഥകൾ തുടർച്ചയായി ആ പറഞ്ഞ എഡിറ്ററിന്റെ തന്നെ കൈകളാൽ പ്രസിദ്ധീകരിച്ചു.

പതിയെ പതിയെ യുവരാജിന്റെ ജീവിതവുമായി എന്റെ ലൈഫ് പരോക്ഷമായി കൂടിചേർന്ന് കിടക്കുന്നത്, എന്നിൽ ഭയം ഉണ്ടാക്കി. പക്ഷെ ഒരിക്കൽ എങ്കിലും അദ്ദേഹത്തെ നേരിൽ കാണാനും ഇവയൊക്കെ ഷെയർ ചെയ്യാനും ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. സ്വാഭാവികമായും ദിവസങ്ങൾ കഴിയും തോറും ആ ഭീതി എന്നെ വല്ലാണ്ട് അലട്ടിയിരുന്നു.ഭാവിയിൽ യുവിക്ക് വന്ന പോലെ ക്യാൻസർ രോഗം എനിക്കും വരുമോ? യേയി.... ഇല്ല......... ഞാൻ സ്വയം മനസ്സിനെ സാന്ത്വനപ്പെടുത്തികൊണ്ടേ ഇരുന്നു.... അങ്ങനെ ദിവസങ്ങൾ കടന്നു പോയി.......

B.com നല്ല മാർക്കോടുകൂടി ഞാൻ പാസ് ഔട്ട്‌ ആയി. യുവിയുടേയും ക്വാളിഫിക്കേഷൻ B. Com ആയിരുന്നു എന്നത് ഈ അടുത്ത ഇടക്കാണ് ഞാൻ വായിച്ചറിഞ്ഞത്. ഒപ്പം അദ്ദേഹവും കുട്ടികാലത്തു ചില പഞ്ചാബി സിനിമകളിൽ അഭിനയിച്ചിരുന്നു. അല്ലറ ചില്ലറ Short film ൽ പിന്നണിയിലും മുന്നണിയിലും ഭാഗം ആവാൻ കഴിഞ്ഞു എന്നത് ഒഴിച്ചാൽ, സിനിമ എന്ന മായാ ലോകം ഇന്നും എനിക്ക് കൈ എത്തി പിടിക്കാൻ പോലും പറ്റാത്ത ദൂരത്താണ്...

പക്ഷെ, അതിനേക്കാൾ ഏറെ അച്ഛന്റേയും അമ്മയുടേയും വേർപിരിയൽ എന്നെ ഒത്തിരി അലട്ടിയിരുന്നു. ഒടുവിൽ ഞാൻ ഭയന്നിരുന്ന ആ ദിവസം വന്നെത്തി. വിട്ടു മാറാത്ത ചുമ ആയിരുന്നു ആദ്യ വില്ലൻ. പതിയെ പതിയെ കഫത്തിന്റെ കൂടെ രക്തം കൂടി ഛർദിക്കാൻ തുടങ്ങി. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ സിനിമക്ക് വേണ്ടി, ആദ്യമായി തിരക്കഥ എഴുതി കൊണ്ടിരുന്ന പേപ്പറിൽ എന്റെ ചോര വീഴ്ത്തി കൊണ്ടാണ് cancer എന്ന ജിന്ന് എന്റെ ലൈഫിലോട്ട് എൻട്രി ചെയ്യുന്നത്......

പരിശോധനയിൽ യുവരാജിന് വന്ന പോലെ എനിക്കും Lung Cancer ആണെന്ന് തിരിച്ചറിഞ്ഞു. ഒപ്പം ഒരു സന്തോഷ വാർത്ത കൂടി എന്നെ കാത്തിരിപ്പുണ്ടായിരുന്നു. രണ്ട് ധ്രുവങ്ങളിൽ നിന്നിരുന്ന അച്ഛനും അമ്മയും എനിക്ക് വേണ്ടി 18 വർഷങ്ങൾക്ക് ശേഷം ഒന്നായി. ആദ്യമായി Cancer ആണെന്ന് തിരിച്ചറിഞ്ഞ ദിവസം കരഞ്ഞോ എന്ന് ചോദിച്ചാൽ തീർച്ചയായും Yes എന്നാണ് എന്റെ മറുപടി. പക്ഷെ അതിനു ശേഷം ദാ ഈ നിമിഷം വരെ ക്യാൻസറിനെ കുറിച്ചോർത്ത് ഞാൻ കരഞ്ഞിട്ടില്ല....ഭയം ഉണ്ടായിരുന്നു എങ്കിലും ഞാൻ ഇത് പ്രതീക്ഷിച്ചതാണ്.

തിരിച്ചു ലൈഫിൽ പൂർവാധികം ശക്തി ആയി തിരിച്ചു വരാൻ ഉള്ള ആത്മബലവും പ്രചോദനവും എന്റെ അപരൻ എനിക്ക് മുന്നിൽ തുറന്നിട്ടുണ്ട്. ആ പാതയിലൂടെ ഓരോ ഘട്ടവും അതിജീവിച്ചു പോവുക എന്നത് മാത്രമാണ് ഇന്നെന്റെ ലക്ഷ്യം. ഒരു തരത്തിൽ ഞാൻ ഏറെ ഭാഗ്യവാൻ ആണ്. കുറച്ചു വൈകിയാണ് ദൈവം ഈ രോഗം (തെറ്റ്, ഈ അവസരം ) എനിക്ക് തന്നിരുന്നു എങ്കിൽ "മനുഷ്യൻ" എന്ന വ്യക്തി ദാ ഇത്രയേ ഉള്ളൂ എന്ന വല്യ സത്യം ഇത്രയും ആഴത്തിൽ എനിക്ക് മനസ്സിക്കാൻ സാധിക്കിലായിരുന്നു... RCC യിലെ ഓരോ കാഴ്ചകളും ഓരോ പാഠം ആണ്..........

ഇപ്പോൾ ഞാൻ കീമോ സ്റ്റേജിൽ ആണ്. കാബൂളിവാലയിലെ വിനീതിനെ പോലെ എന്റെ വീക്നെസ് ആയ മുടി തല്ക്കാലം ഇപ്പോൾ ഒളിവിൽ ആണ്..

"സ്നേഹം ആരിൽ നിന്നും സ്വീകരിക്കും... പക്ഷെ സഹതാപം വേണ്ട"

ഇന്നലെ വൈകുന്നേരം അച്ഛൻ എനിക്കൊരു കിറ്റ് തന്നു.. തുറന്നു നോക്കിയപ്പോൾ പടം വരയ്ക്കാൻ ഉള്ള കളർ പെൻസിലും പേപ്പറുകളും.....

മോന് ഇഷ്ടമുള്ളത് വരച്ചോളൂ, ഓരോ കലയും ഓരോ അനുഗ്രഹം ആണ്.......

പടം വരപ്പിന് എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞ അതേ ഗൗതം മേനോൻ.

ഇന്നിതാ ഏകദേശം 20 വർഷങ്ങൾക്കു ശേഷം ഞാൻ ഈ RCC വാർഡിൽ ഇരുന്ന് കൊണ്ട് ഒരു പടം വരക്കുന്നു.. കൈ തളരുമ്പോൾ കൂട്ടിനായി ശ്രീ. ഇന്നസെന്റ് ചേട്ടന്റെ "ക്യാൻസർ വാർഡിലെ ചിരിയും".

ഈയിടെ ക്യാൻസറിനെ  ആസ്പദമാക്കി നിവിൻ നായകൻ ആയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ വന്നപ്പോൾ ഞാൻ സ്വാഭാവികമായും ആലോചിച്ചു.. ഇതെന്താ ഇങ്ങനെ ഒരു പേര്? ഇന്ന് ഞാൻ തിരിച്ചറിയുന്നു. ആ പേര് കറക്റ്റ് ആണ്. ഞണ്ടിനെ പോലെ ഇത് നമ്മുടെ ശരീരത്തെ ചുറ്റി വരിയും. കാർന്നു തിന്നും. പക്ഷെ ജനഗണമന  ട്രൈലെറിലെ രാജുവേട്ടനെ പോലെ ഞാൻ നിന്നോട് ചിരിച്ചോണ്ട് തിരിച്ചു പറയും. 

"ഞാൻ ഊരി പോകും"❣

ഒന്നുമല്ലെങ്കിലും ഞാനും നന്ദു മഹാദേവന്റെ നാട്ടുകാരൻ അല്ലേ??? നന്ദൂ, നിന്റെ പോസ്റ്റുകൾ /ആറ്റിട്യൂട് എന്നിൽ ഉണ്ടാക്കിയ മാറ്റം ഒത്തിരി വലുതാണ്..

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം, പുകയരുത് ജ്വലിക്കണം 🔥(നന്ദു മഹാദേവ )

പക്ഷെ ഇനിയുള്ള ചികിത്സ ചിലവ് എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം..

പക്ഷെ എന്നെ ശരിക്കും ഞെട്ടിച്ചോണ്ട് ഇപ്പോൾ എനിക്കൊരു Mail വന്നു.

Mr.Yuvraj.G.Menon,

Its Yuvraj singh from YOUWECAN foundation.Kindly call me when u get free.

Its My Number 9803456***. Hope we will meet soon 🙂

Regards

Yuvraj Singh

😳😳😳😳😳😳😳😳😳😳😳😳😳😳😳

------------------------------------------------------------------

(നമുക്കും പ്രാർത്ഥിക്കാം നമ്മുടെ യുവരാജിന്റെ മടങ്ങിവരവിനായി. ഒപ്പം ബാക്കി ചികിത്സ ചിലവുകൾ സാക്ഷാൽ യുവരാജ് സിംഗിന്റെ Youwecan foundation ഏറ്റെടുക്കും എന്ന് വിശ്വസിക്കാം.. ഇത് വരെ ഇരുവരുടേയും ലൈഫിൽ നടന്ന അവിശ്വസനീയ മുഹൂർത്തങ്ങൾ സത്യമാണെങ്കിൽ യുവരാജ് തിരിച്ചു വരും. എഴുത്തിനിടെ ചോര ഛർദിച്ച ആ Script പേപ്പറിലെ അക്ഷരങ്ങൾ വെള്ളിത്തിരയിൽ ഒരു ദിവസം കാണാൻ സാധിക്കട്ടെ. ഒപ്പം യുവരാജ് സിംഗിന്റെ ലൈഫിൽ ഹെസൽ കീച്ചീനെ പോലെ, തന്റെ മനസ്സ് അറിയുന്ന ഒരു പെൺകുട്ടി താങ്കളുടെ ലൈഫിലും വന്നു ചേരട്ടെ..

പക്ഷെ, യുവരാജ് സിംഗിന് അദ്ദേഹത്തെ എങ്ങനെ Contact ചെയ്യാൻ സാധിച്ചു എന്നതും, ആരും വിശ്വസിക്കാത്ത ഈ സമാനതകൾ എങ്ങനെ വന്നു എന്നതും ഉത്തരം ഇല്ലാത്ത ചോദ്യമായി എന്നെന്നും നിലനിൽക്കട്ടെ 🙂)

NB:99:99% ഫിക്ഷൻ എഴുത്ത്

©️✍️Darsaraj R Surya

🎨Darsaraj R Surya

കടപ്പാട് -ധനേഷ്, അമലേഷ്, അജിൻ 

Tags:
  • Spotlight
  • Social Media Viral