ഈറൻമുടി കാറ്റിലുലയുമ്പോൾ എങ്ങും കാച്ചെണ്ണയുടെ സൗരഭ്യം നിറയും. മുടിയിലെ തുളസിക്കതിരിനുമുണ്ട് ഒരു പ്രത്യേക ഭംഗി. വാലിട്ടെഴുതിയ കണ്ണുകളിൽ ആകാശനീലിമ മുഴുവനുമുണ്ടെന്നു തോന്നും. പുളിയിലക്കര പുടവയുടുത്ത്, നെറ്റിയിൽ ഇലക്കുറി തൊട്ട്, പൊൻവെയിലിന്റെ കാന്തിയോടെ അവൾ വരികയാണ്. അരുണിമയാർന്ന ചുണ്ടുകളിൽ മൃദുസ്മിതം. മൈലാഞ്ചിച്ചോപ്പലിഞ്ഞ പാദങ്ങൾക്കും കുപ്പിവളക്കൈകൾക്കും എന്തൊരഴകാണ്! കാലമെത്ര കഴിഞ്ഞാലും നമ്മുടെ മനസ്സിലെ നാടൻ പെണ്ണിന്റെ ചിത്രം ഇങ്ങനെ തന്നെയാണ്. പരിഷ്കാരങ്ങളുടെ ഈ പുതിയ കാലത്ത്, തനിക്കു പ്രിയപ്പെട്ട നാടൻ സൗന്ദര്യക്കൂട്ടുകൾ പങ്കു വയ്ക്കുകയാണ് മലയാളിയുടെ പ്രിയ അഭിനേത്രി ആനി.
ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു എന്റെ മുടിയുടെ കരുത്ത്. അന്ന് സമൃദ്ധമായി മുടി ഉണ്ടായിരുന്നു. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം മുടിയിൽ കാച്ചെണ്ണ പുരട്ടും. പിന്നെ കാച്ചെണ്ണ തൊട്ട് മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണു മുടി കഴുകുന്നത്. ഷാംപൂ ഉപയോഗിക്കില്ല. കോളജ് പഠനകാലത്ത് കുറേ സൗന്ദര്യക്കൂട്ടുകളുണ്ടായിരുന്നു. അന്ന് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അതു പോലെ അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇന്നും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് ഇന്നും ഇഷ്ടം.