Saturday 10 July 2021 03:20 PM IST

അരിപ്പൊടിയും മഞ്ഞളും പാലും കടലമാവും ചേർന്ന് അമ്മയൊരുക്കുന്ന സൗന്ദര്യപരിചരണം: നടി മൃദുല വിജയുടെ സൗന്ദര്യക്കൂട്ടുകൾ....

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

mridular322

നിറയെ ആത്മവിശ്വാസമുള്ളൊരു പെൺകുട്ടി. മായാത്ത  പുഞ്ചിരി കൂടി  അവൾ അണിയുമ്പോൾ  അത് അഴകിനു പുതിയ മാനങ്ങൾ  നൽകുന്നു. തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് എന്ന യുവ അഭിനേത്രിയ്ക്ക് മിനി സ്ക്രീൻ ആരാധകർ ഏറെയാണ്.

മിനി സ്ക്രീൻ താരമായ യുവ കൃഷ്ണയ്ക്കൊപ്പം പുതുജീവിതം ആരംഭിച്ചിരിക്കുകയാണ്  ഇപ്പോൾ മൃദുല.  സൗന്ദര്യ സംരക്ഷണത്തിൽ പൊതുവെ ശ്രദ്ധിക്കുന്ന മൃദുല  വിവാഹ വിശേഷങ്ങൾക്കു പിന്നാലെ  സൗന്ദര്യപരിചരണത്തെക്കുറിച്ചും തുറന്നു സംസാരിക്കുന്നു.

My  Hair Oil  

ഭംഗിയുള്ള മുടി മൃദുലയ്ക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്. അമ്മയ്ക്കും നല്ല മുടിയുണ്ട്. തലയിൽ കാച്ചിയ എണ്ണ മാത്രം തേയ്ക്കാനാണ്  അമ്മ   മൃദുലയോടു പറഞ്ഞിരിക്കുന്നത്. ‘‘അമ്മൂമ്മ അമ്മയ്ക്കു പറഞ്ഞു കൊടുത്ത ഒരു സ്പെഷൽ എണ്ണക്കൂട്ടാണ്  ആ കാച്ചെണ്ണ.  അത് അമ്മ എനിക്കു പറഞ്ഞു തന്നു. ശുദ്ധമായ വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി, കറ്റാർവാഴ, കയ്യോന്നി, കുരുമുളക് ഇതെല്ലാം ചേർത്ത്   വീട്ടിൽ തയാറാക്കുന്ന ഈ എണ്ണയാണ് സ്ഥിരമായി ഉപയോഗിക്കുന്നത് ’’– മൃദുല പറയുന്നു.  

Special  hair Care

കറ്റാർവാഴയുടെ പൾപ്പും സവാളയും മിക്സിയിൽ അടിച്ചെടുക്കുന്നത് മൃദുലയ്ക്ക് ഏറെ പ്രിയപ്പെട്ട  ഹെയർ പായ്ക്കാണ്.  കഞ്ഞിവെള്ളം കൊണ്ടു മുടികഴുകുന്നതാണ് അടുത്ത രീതി .

 ‘‘ പാർലറിൽ സ്പാ ചെയ്യാറുണ്ട്. തുടരെ ഷൂട്ട് നടക്കുമ്പോൾ , മുടി കഴുകുമ്പോഴെല്ലാം ഷാംപൂ ഉപയോഗിക്കേണ്ടി വരും. അത്രയും ദിവസങ്ങൾ എണ്ണ ഇല്ലാതെ വരുമ്പോൾ മുടി വരണ്ടു പോകും. അതിൽ നിന്ന്  പെട്ടെന്ന്
റിക്കവർ ചെയ്യുന്നതിന് ഷൂട്ട് കഴിയുന്ന പിറ്റേ ദിവസം സ്പാ ചെയ്യും. ബാക്കി ദിവസങ്ങളിൽ നാടൻ പരിചരണമാർഗങ്ങൾ ചെയ്യും. എന്റെ മുടി സ്ട്രെയ്റ്റ് ആ ണ്. ഒരു തവണ സ്മൂത്തനിങ് ചെയ്തിരുന്നു. തുടർന്ന് ധാരാളം മുടി കൊഴിച്ചിലുണ്ടായി. കഞ്ഞിവെള്ളം, താളി  ഒക്കെ ഉപയോഗിച്ചാണ് ആ മുടികൊഴിച്ചിൽ കുറച്ചത്. ചെമ്പരത്തിയില അരച്ചാണ്   താളിയാക്കുന്നത്’’ – മൃദുല പറയുന്നു.  

milkcream & Turmeric Powder

പാൽപ്പാടയും മഞ്ഞൾപ്പൊടിയും യോജിപ്പിച്ചു മൃദുലമുഖത്തു പുരട്ടാറുണ്ട്. നാടൻ  കുടമഞ്ഞൾ  അൽപം കല്ലിൽ ഉരച്ചതു മുഖത്തു  തേയ്ക്കും. കറ്റാർവാഴ പൾപ്പും മുഖത്തു
പുരട്ടും.

Beautycare by Mom

‘‘ അമ്മ  എനിക്കായി ഒരു സൗന്ദര്യക്കൂട്ട് കണ്ടെത്തിയിട്ടുണ്ട്. അരിപ്പൊടി, മഞ്ഞൾ, പാൽ... എന്നിവ കൊണ്ട്  ശരീരമാകെയുള്ള സൗന്ദര്യ പരിചരണമാണ് ഉദ്ദേശിക്കുന്നത്. അരിപ്പൊടി സ്ക്രബായാണ് ഉപയോഗിക്കുന്നത്. അരിപ്പൊടിക്കൊപ്പവും മഞ്ഞൾ ചേർക്കും. പിന്നെ പാലും മഞ്ഞളും ചേർത്ത് ശരീരം മുഴുവനും മസാജ് ചെയ്യും. അടുത്തത് ഫുൾ ബോ‍ഡി പായ്ക്കാണ്. ഈ പായ്ക്കിൽ കടലമാവിനൊപ്പം മഞ്ഞളും ചേർക്കും. എല്ലാ ഘട്ടങ്ങളിലും മഞ്ഞൾ ഉണ്ടാകും. സ്കൂൾ കാലത്തും  സൗന്ദര്യ പരിചരണത്തിൽ ശ്രദ്ധിച്ചിരുന്നു മൃദുല.  സ്കൂൾ കഴിഞ്ഞെത്തുമ്പോൾ

ഒാട്സും പാലും ചേരുന്ന പായ്ക്ക് മുഖത്തിട്ടിരുന്നു.

Clean up in Parlour

ബ്യൂട്ടി പാർലറിൽ ക്ലീൻ അപ് മാത്രമേ മൃദുല ചെയ്യാറുള്ളൂ. ഷൂട്ട് തുടരെ നീളുമ്പോൾ ഫൗണ്ടേഷൻ  സ്‌റ്റിക് ഉപയോഗിക്കുന്നതിനാൽ മുഖചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനാണ് ക്ലീൻ അപ്. പാർലറിൽ ഫേഷ്യലുകളൊന്നും ചെയ്യാറില്ല. ‘‘ നാലഞ്ചു മാസം കൂടുമ്പോഴാകും ത്രെഡ് ചെയ്യുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം ത്രെഡ് ചെയ്യും –
മൃദുല പറയുന്നു.

  My  Make up

‘‘ ഒാരോ സന്ദർഭത്തിനും അനുസരിച്ചാണ് മേക്കപ്പ് തീരുമാനിക്കുന്നത്. എനിക്ക് പൊതുവെ അധികം മേക്കപ്പ് വേണ്ടി വരാറില്ല. ഒരു സ്‍റ്റിക് , കോംപാക്‌റ്റ് , ലിപ്സ്‌റ്റിക്... അങ്ങനെ.
പുറത്തു പോകുമ്പോൾ മേക്കപ്പ് ചെയ്യാറില്ല. എന്നാൽ ലിപ്സ്‌റ്റിക് ഇടും. മേക്കപ്പ് തുടരെയിട്ടാൽ ചർമത്തിനു പ്രശ്നമാകും. അതു കൊണ്ട് മേക്കപ്പ് ഇല്ലാതെ അഭിനയിച്ചാലോ എന്നു കൂടി ആലോചിക്കുന്നുണ്ട് ’’.– മൃദുല ചിരിക്കുന്നു.

മേക്കപ്പിന് ബ്രാൻഡഡ് പ്രോഡക്‌റ്റുകൾ ആണ് മൃദുല ഉപയോഗിക്കുന്നത്.  മേക്കപ്പ് നീക്കം ചെയ്യുന്നത് റിമൂവർ കൊണ്ടാണ്. ആദ്യമൊക്കെ മേക്കപ്പ് നീക്കാൻ വെറ്റ് ടിഷ്യുവും വെളിച്ചെണ്ണയുമൊക്കെ ഉപയോഗിച്ചിരുന്നു. കുരുക്കൾ വരുന്നതു കൊണ്ട് അതു മാറ്റി. ക്ലെൻസറും  ഉപയോഗിക്കും. പിന്നീട് വെള്ളം ഉപയോഗിച്ചു മുഖം നന്നായി  കഴുകും. രാത്രി മുഖം കഴുകിയതിനു ശേഷം റോസ് വാട്ടർ ഉപയോഗിച്ചിരുന്നു.  ഇപ്പോൾ   ഹിമാലയയുടെ നൈറ്റ് ക്രീം പുരട്ടുന്നുണ്ട്.

Beauty Concept

ബ്യൂട്ടി എന്നത് നമ്മുടെ സ്കിൻ ടോണിലൊന്നുമല്ല. പൊതുവെ  എല്ലാവരുടെയും വിചാരം  വെളുത്ത ചർമമാണെങ്കിൽ ബ്യൂട്ടിഫുൾ ആണെന്നാണ്. നിറം കുറവാണെങ്കിൽ തങ്ങളെ  കാണാൻ കൊള്ളില്ല എന്നു കരുതുന്നവരുമുണ്ട്. ബ്യൂട്ടി എന്നത് ഒാരോരുത്തരിലും ഒാരോ കാര്യങ്ങളിലാകും. ചിലരുടെ ചിരിയിലാകും. കണ്ണുകളിലാകും. മറ്റു ചിലരിൽ സ്വഭാവത്തിലായിരിക്കും – മൃദുല വാചാലയാകുന്നു.   

Tags:
  • Manorama Arogyam
  • Celebrity Fitness
  • Beauty Tips