Saturday 19 March 2022 03:12 PM IST : By സ്വന്തം ലേഖകൻ

മാറ്റാം മുഖക്കുരുവും കരിമംഗല്യവും രോമവളർച്ചയും: സൗന്ദര്യപ്രശ്നങ്ങൾക്ക് വേഗം ഫലം തരും ഹോമിയോചികിത്സകൾ

homeobeauty324

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണു പറയപ്പെടുന്നത്. എങ്കിലും സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. ബാഹ്യസൗന്ദര്യമല്ല മനസ്സിലെ നന്മയാണ് സൗന്ദര്യം എന്നു വാദിക്കുന്നവരും കുറവല്ല. ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവര്‍ക്ക് അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് എന്നാണു പൊതുവേ പറയപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല. സൗന്ദര്യത്തെക്കുറിച്ചു പറയുനമ്പോള്‍ മുഖസൗന്ദര്യം ആണ് ഏറ്റവും ആദ്യം ചിന്തിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങിയ എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും. മുഖം ആരോഗ്യത്തിന്റെയും സ്ത്രീകളില്‍ പ്രത്യേകിച്ചു സൗന്ദര്യത്തെയും കൂടെ കണ്ണാടിയാണ്.

മുഖക്കുരു

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്‍ഡ് കൂടുതലായി സെബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടുപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാനകാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബത്തിനു പുറത്തുപോകാന്‍ കഴിയാതെ അടിഞ്ഞുകൂടുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. മുഖക്കുരു പലതരത്തില്‍ കാണപ്പെടാം. കോമിഡോണ്‍ (Black & White heads) ആയോ ചെറിയ കുരുക്കള്‍ അഥവാ Papules അല്ലെങ്കില്‍ കുറച്ചുകൂടി വലുതായ പസ്ടുള്‍സ് (Pustules) എന്നിങ്ങനെ. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായി കാണപ്പെടുന്നു.

കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം.

∙ അമിതമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക.

∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കാതെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കറുത്ത പാട് കൂടുതല്‍ ഉണ്ടാവും.

∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

∙ സാധാരണയില്‍ കൂടുതല്‍ മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഹോമിയോ ചികിത്സ

ഹോമിയോപ്പതി ചികിത്സ സാദൃശ്യം സാദൃശ്യ സുഖപ്പെടുത്തുന്നു അഥവാ സമം സമേന ശാന്തി എന്ന അടിസ്ഥാനതത്വത്തിലാണ്. രോഗലക്ഷണങ്ങള്‍ക്കു സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടാതെ ഒാേരാ വ്യക്തിയുടെയും പ്രത്യേകതകള്‍ കൂടെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതിനാല്‍ ഹോമിയോപ്പതി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ആവര്‍ത്തനത്തിലും മാത്രമേ ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കാവൂ. പള്‍സാറ്റില (Pulsatilla), നാട്രം മോര്‍ (Natrum Mur), ബെറിബെറിസ് അകുഫോളിയം (BeriBeris Aquifollium), കലെന്‍ടുല (Calendula) തുടങ്ങിയ ഒൗഷധങ്ങള്‍ അടങ്ങിയ ഫേസ് ക്രീമുകളും വിപണിയില്‍ ലഭ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പുനിറം

മുഖത്തു കാണുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. മറ്റു ശരീരങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്തനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം.

∙ പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙ മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകുകയും കറുത്തനിറം കൂടുതലായി കാണുകയും ചെയ്യും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ. അയണ്‍ കുറവ് കറുത്ത നിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

∙ കരള്‍ സംബന്ധമായ അസുഖങ്ങള്‍: കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്.

∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കോളാജന്‍ നഷ്ടപ്പെടുകയും ചര്‍മം കൂടുതല്‍ കട്ടികുറയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ത്വക്ക് അത്രയും സുന്ദരമായിരിക്കും.

∙ നന്നായി ഉറങ്ങുക. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙ അടിസ്ഥാനമായ രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

∙ കണ്ണില്‍ െഎസ് പാക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തി നല്‍കും.

∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 ചികിത്സ

അടിസ്ഥാനപരമായ രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China), െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകള്‍ അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കൊള്ളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊള്ളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയപ്പെടുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു െെസഡിലും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കൂടാതെ ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. കൂടാതെ ചില സൗന്ദര്യവര്‍ധക വസ്തുക്കളും, ഒാവറി, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലനോമ കാണാറുണ്ട്.

ചികിത്സ

ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അമിത രോമവളര്‍ച്ച (Hirsuitism)

സാധാരണയായി സ്ത്രീശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ Hirsuitism എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. ആണുങ്ങളുടേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്. അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്.

പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റുവിറ്ററി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ച കാരണമാകാറുണ്ട്.

അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുകയും പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

സൂര്യാഘാതം (Photo Dermatitis)

അള്‍ട്രാവയലറ്റ് രശ്മികളോടുള്ള അലര്‍ജി കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും ത്വക് രോഗങ്ങള്‍ അടക്കമുള്ള ചില രോഗങ്ങളും ചര്‍മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നുണ്ട്. കൂടുതല്‍ വെളുത്തതും കട്ടികുറഞ്ഞതുമായ ചര്‍മമുള്ളവര്‍ക്ക് സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു 11 മണി മുതല്‍ 3 മണി വരെയുള്ള ശക്തമായ സൂര്യപ്രകാശം.

∙ ശരീരഭാഗങ്ങള്‍ കൂടുതല്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ശീലിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക.

നാട്രം കാര്‍ബ് (Natrum Carb), നാട്രം മോര്‍ (Natrm mur), കാന്താരിസ് (Cantharis), റസ്റ്റ് ടോക്സ് (Rhus tox) മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി.കെ. പ്രിയദര്‍ശിനി

ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ)

കോട്ടയം

Tags:
  • Manorama Arogyam
  • Beauty Tips