2010....കൊച്ചിയിലെ ലെ മെരിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്റർ. മിസ് കേരള ബ്യൂട്ടി പേജന്റ് മത്സരവേദിയിൽ കുറെ സുന്ദരിക്കുട്ടികൾ. അവർക്കിടയിൽ തലസ്ഥാനനഗരിയിൽ നിന്ന് പ്രകാശഭരിതമായ മുഖത്തോടെ ഒരു പെൺകുട്ടി. അവൾക്ക് ഇരുപതു വയസ്സേയുള്ളൂ. പേര് ഇന്ദു തമ്പി. അഴകും ആത്മവിശ്വാസവും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ഇന്ദു കേരളത്തിന്റെ അഴകിന്റെ രാജകുമാരിയായി. പിന്നെ ഫാദേഴ്സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങൾ... അങ്ങനെ സിനിമകൾ, പ്രമുഖ ചാനൽ പരമ്പരയിലെ ശ്രദ്ധേയമായ വേഷം... നമ്മിൽ പലർക്കും ഇന്ദുവിനെക്കുറിച്ച് ഇത്രയുമേ അറിയാവൂ. എന്നാൽ ജീവിതകാലം മുഴുവൻ കൂടെയുള്ള ഒരു രോഗത്തോടൊപ്പമാണ് ഇന്ദുവിന്റെ ജീവിതം സ്വപ്നങ്ങളിലേക്കു സഞ്ചരിക്കുന്നത്...
ലോകത്തോട് പറയുന്നു
മിസ് കേരള എന്ന പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോഴാണ് തന്റെ രോഗത്തെക്കുറിച്ച് ലോകത്തോടു പറയണം എന്ന് ഇന്ദു ആഗ്രഹിച്ചത്. സാധാരണക്കാർക്ക് അത് ഒരു മോട്ടിവേഷൻ ആകുമല്ലോ. ഡോ. ജ്യോതിദേവിനെക്കുറിച്ച് അറിയുന്നതു വരെ കൃത്യമായി ഡോക്ടറെ കാണുന്ന രീതി ഇന്ദുവിന് ഉണ്ടായിരുന്നില്ല. ഒാൾ സെയ്ന്റ്സ് കോളജിൽ ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് ഇന്ദു ഡോക്ടറെ കാണുന്നത്. ഡോക്ടറിൽ നിന്ന് ഇന്ദുവും മാതാപിതാക്കളും ടൈപ്പ് വൺ രോഗത്തെക്കുറിച്ച് കൂടുതലറിഞ്ഞു. പിന്നീടാണ് ഇൻസുലിൻ പമ്പിനെക്കുറിച്ചറിയുന്നത്. ചെക്കപ്പ്, പരിശോധനകളുെട അനിവാര്യത, പുതിയതരം ഇൻസുലിനുകൾ ഇവയെക്കുറിച്ചും അറിഞ്ഞു. ഇൻസുലിൻ പമ്പാണ് ഇന്ദു ഉപയോഗിക്കുന്നത്.
മൂന്നു മാസം കൂടുമ്പോൾ ചെക്കപ്പിനായി ഇന്ദു ഡോക്ടറെ കാണും. യാത്രകളിലാണെങ്കിൽ രക്തപരിശോധനാഫലം അയച്ചു കൊടുക്കും. ‘‘ഡോക്ടർ എനിക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. ടെൻഷനുഭവപ്പെടുമ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും’’ – ഇന്ദു പറയുന്നു.
ജീവിതം മാറ്റിയെടുത്തു
ടൈപ്പ് 1 പ്രമേഹം ഉണ്ടെങ്കിൽ ജീവിതശൈലി സ്വയം രൂപപ്പെടുത്തണം എന്നതാണ് ഇന്ദുവിന്റെ അഭിപ്രായം. ഒാരോരുത്തരും അനുയോജ്യമായ വിധം ആഹാരവും ഇൻസുലിനും ക്രമീകരിക്കണം. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഇന്ദു പതിവായി ജിമ്മിൽ വർക്ഔട്ട് ചെയ്യും. വീട്ടിൽ ഡാൻസ് ചെയ്യാറുണ്ട്. നടക്കാറുണ്ട്. എപ്പോഴും ആക്‌റ്റീവായിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ചുറുചുറുക്കിന്റെ രഹസ്യം.
നമ്മുടെ ആഹാരത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവിനനുസരിച്ച് ഇൻസുലിൻ വേണ്ടി വരും. അതുകൊണ്ട് കാർബോഹൈഡ്രേറ്റ് ക്രമീകരിച്ച് , ഒരുപാട് ഡോസ് ഇൻസുലിൻ എടുക്കാതിരിക്കാൻ ഇന്ദു ശ്രദ്ധിക്കും. ജിമ്മിൽ പോകണമെങ്കിൽ ഉൗർജം വേണമല്ലോ. അതിനു മുൻപായി ആഹാരം കഴിക്കും. കഴിക്കുന്നതിനു മുൻപ് രക്തം പരിശോധിക്കും. മധുരം കഴിയുന്നത്ര ഒഴിവാക്കും. അൽപം മധുരം കഴിക്കേണ്ടി വന്നാൽ ഇൻസുലിൻ എടുത്ത് പിന്നീടുള്ള ആഹാരം ശ്രദ്ധിക്കും. രക്തപരിശോധന ചെയ്യും.
ഡയറ്റിന് പ്രാധാന്യമേറെ
ബ്രഞ്ചിന് (പ്രാതലും ഉച്ചഭക്ഷണവും കൂടിയ ഭക്ഷണം) ആണ് ഇന്ദു കൂടുതൽ പ്രാധാന്യം നൽകുന്നത്. ദിവസവും രാവിലെ പാൽ ചേർത്ത ചായ കുടിക്കാറുണ്ട് ഇന്ദു. ഉച്ചയ്ക്ക് ഒാട്സ് പോലെയുള്ളവ. ബാലൻസ്ഡ് ഡയറ്റ് ആണ് വേണ്ടത്. പ്രോട്ടീനും ഫൈബറും വെജിറ്റബിൾസും എല്ലാം ഉൾപ്പെടുത്തണം. ചപ്പാത്തിയും ഗോതമ്പു വിഭവങ്ങളുമാണ് കൂടുതൽ കഴിക്കുന്നത്. വിവാഹസദ്യയോ മറ്റോ വന്നാൽ ചോറു കഴിച്ചു ബാക്കിയുള്ള നേരങ്ങളിൽ ഭക്ഷണം നിയന്ത്രിക്കും. ഇൻസുലിൻ ഡോസ് ശ്രദ്ധയോടെ ക്രമീകരിക്കും.
ആഹാരക്രമീകരണത്തിന് ആപ്പുകളുടെ സഹായവും തേടാറുണ്ട്. ധാരാളം വെള്ളം കുടിക്കും. ഭക്ഷണം ഒഴിവാക്കുകയല്ല ഗുണമേൻമയുള്ളതു മിതമായി കഴിക്കുകയാണ് ചെയ്യുന്നത്. ക്രാൻബെറീസ്, ഡ്രൈഫ്രൂട്ട്സ്, ചെറിയൊരു ആപ്പിൾ കഷണം ഇതെല്ലാം ഇന്ദുവിന്റെ പ്രിയ സ്നാക്സ് ആണ്.
ധാരാളം വെള്ളം കുടിച്ച് ഹൈഡ്രേറ്റഡ് ആയി ഇരിക്കുന്നത് ചർമത്തിനും നല്ലതാണല്ലോ. നല്ല ഉറക്കമാണ് ഇന്ദുവിന്റെ സൗന്ദര്യരഹസ്യത്തിൽ പ്രധാനം. നന്നായി ഉറങ്ങിയാൽ ശരീരത്തിനുള്ളിലും പുറത്തും ആ വ്യത്യാസം അറിയാനാകും. കഴിയുമെങ്കിൽ എട്ടു മണിക്കൂർ ഉറങ്ങാൻ ഇന്ദു ശ്രദ്ധിക്കും. പൊസിറ്റീവ് മൈൻഡ് സൗന്ദര്യം നിലനിർത്താൻ പ്രധാനമാണ്. എണ്ണ കലർന്ന ആഹാരം ഒഴിവാക്കും. ചർമസംരക്ഷണത്തിനു ട്രീറ്റ്മെന്റ് ചെയ്യാറില്ല.
ഇൻസുലിൻ പമ്പ്
ഇൻസുലിൻ പമ്പ് ഉപയോഗം കുറച്ചു കൂടി എളുപ്പമാണെന്ന് ഇന്ദു പറയുന്നു. കുത്തിവയ്പിന്റെ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനാണ് ഇന്ദു ഇൻസുലിൻ പമ്പ് തിരഞ്ഞെടുത്തത്. .
‘‘ ഒാരോ നിമിഷവും കരുതലോടെയിരിക്കേണ്ട രോഗമാണിത്. ചിലപ്പോൾ നടക്കുന്നതിനിടയിൽ ഷുഗർ താഴ്ന്നു പോകും. ഉറക്കം ചെറുതായി തടസ്സപ്പെട്ടാൽ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരും. ടൈപ്പ് വൺ രോഗികളെ മറ്റുള്ളവരും മനസ്സിലാക്കണം. സഹകരണം നൽകണം. നല്ല ഒരു സപ്പോർട്ട് സിസ്‌റ്റം വേണം. ചെറിയ കുട്ടികളുടെ കാര്യത്തിൽ അധ്യാപകർക്കും മാതാപിതാക്കൾക്കും നല്ല റോൾ ഉണ്ട് ’’
കരുതലേകി നല്ല പാതി
‘‘എന്റെ ഭർത്താവ് ( നടൻ മേജർ കിഷോർ) വളരെ ഒാപ്പൺ മൈൻഡഡ് ആണ്. പലപ്പോഴും ഞാൻ തളർന്നു പോകുമ്പോൾ ധൈര്യം പകരുന്നത് ഭർത്താവാണ്– ഇന്ദു മനസ്സു തുറക്കുന്നു.
നമ്മൾ കരുത്തുള്ളവരാണ്
‘‘ടൈപ്പ് വൺ രോഗികളോട് നമ്മൾ സൂപ്പർ ഹീറോകൾ ആണ് എന്നാണു ഞാൻ പറയുന്നത്. കാണുമ്പോൾ നമുക്ക് ഈ രോഗം ഉണ്ടെന്ന് ആർക്കും മനസ്സിലാകില്ല. അത് നമ്മൾ നിശ്ശബ്ദമായി കൂടെക്കൊണ്ടു നടക്കുകയാണല്ലോ. എന്റെയടുത്ത് പലരും പറയാറുണ്ട്– ഇയാളെ കണ്ടാൽ ടൈപ്പ് വൺ ആണെന്നു തോന്നുകയില്ലല്ലോ എന്ന്. പ്രശസ്തരായ ഒരുപാടു പേരുണ്ട് ഈ രോഗത്തിനൊപ്പം ജീവിക്കുന്നവർ. ഇപ്പോൾ ഡോക്ടർമാരുടെ പിന്തുണയുണ്ട്, പുതിയ ടെക്നോളജിയുണ്ട്. ഇത്രയും തരണം ചെയ്യാമെങ്കിൽ നാം വളരെകരുത്തുള്ളവരാണെന്നു തെളിഞ്ഞു കഴിഞ്ഞു. ഇനി ജീവിതത്തിൽ എന്തിനെയും നേരിടാം. മാനസികമായി തളരുമ്പോൾ അച്ഛനും അമ്മയും പറഞ്ഞു തന്ന ഒരു കാര്യം ഞാനോർമിക്കും. നമുക്കു മുകളിലുള്ളവരെയല്ല, നമുക്കു താഴെ കഷ്ടപ്പെട്ടു ജീവിക്കുന്നവരെയാണ് നോക്കേണ്ടത്. ഇപ്പോൾ 30 വയസ്സായി. 20 വർഷത്തിലേറെയായി ഈ രോഗത്തിനൊപ്പം ഞാൻ ജീവിക്കുന്നു.അങ്ങനെയെങ്കിൽ എനിക്കിനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനാകും. നമുക്കും ജീവിക്കാൻ പറ്റും, ജീവിച്ച് കാണിച്ചു കൊടുക്കുക തന്നെ വേണം’’– ഇന്ദു വിജയ മന്ത്രങ്ങൾ പങ്കുവയ്ക്കുകയാണ്.
(വിശദമായി വായിക്കാൻ മനോരമ ആരോഗ്യം നവംബർ ലക്കം വായിക്കുക)