Saturday 09 October 2021 11:37 AM IST

അടിവയർ ഒതുങ്ങുന്നതിനും തടിയെ നിലയ്ക്കു നിർത്താനും ജീരകം–നാരങ്ങാ മാജിക്: ലക്ഷ്മിയുടെ ബ്യൂട്ടി ഡ്രിങ്ക്സ്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

lekshmi-nakshathra

മിനിസ്ക്രീൻ ഷോകളിൽ ഹൃദയം കൊണ്ടു സംസാരിക്കുന്ന ചില അവതാരകരുണ്ട്. മാധുര്യമാർന്ന കൈയടക്കത്തോടെ പ്രേക്ഷകമനസ്സുകളെ സ്വന്തമാക്കുന്നവർ. പ്രസരിപ്പിന്റെ പുതിയ ഉൗർജ്ജം കാഴ്ചക്കാരിൽ നിറച്ചും മറകളില്ലാതെ ചിരിച്ചും സംസാരിച്ചും അവർ നമ്മുടെ വീട്ടിലെ അംഗങ്ങളാകും. കാണെക്കാണെ ഏറെ പ്രിയപ്പെട്ടവരാകും. അടുത്ത കാലത്ത് മിനിസ്ക്രീൻ അവതാരകർക്കിടയിൽ ജനപ്രിയത കൊണ്ട് ഏറെ ശ്രദ്ധേയയായ ഒരു അവതാരകയുണ്ട്. ലക്ഷ്മി നക്ഷത്ര. ഹൃദയഹാരിയായ അവതരണ ചാരുത കൊണ്ട് ‘സ്‌റ്റാർ മാജിക്’ എന്ന ജനപ്രിയ ഷോയുടെ ജീവതാളമായി മാറിക്കഴിഞ്ഞു ഈ തൃശ്ശൂർകാരി. സ്വകാര്യ എഫ്എമ്മിൽ റേഡിയോ ജോക്കിയുമാണ് ലക്ഷ്മി.

ഷൂട്ടിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സൗന്ദര്യപരിചരണത്തിലും ലക്ഷ്മി ഏറെ ശ്രദ്ധിക്കാറുണ്ട്.

‘‘എന്നെ പ്രേക്ഷകർ കൂടുതലായും കാണാനാഗ്രഹിക്കുന്നത് നാടൻ ലുക്കിലാണ്. അതുകൊണ്ടു ഒാവർ മെയ്ക്ക് ഒാവറുകൾ ഒഴിവാക്കും’’ – ലക്ഷ്മി മനസ്സു തുറക്കുന്നു.

ബ്യൂട്ടി പാർലറിൽ അത്യാവശ്യ കാര്യങ്ങൾക്കേ ലക്ഷ്മി പോകാറുള്ളൂ. ത്രെഡിങ്, വാക്സിങ്, വൈറ്റ് ഹെ‍ഡും ബ്ലാക് ഹെഡും നീക്കുക അങ്ങനെ. ക്ലീൻ അപ്, ഫേഷ്യലുകൾ ഒന്നും ചെയ്യാറില്ല.

ln-2

Favourite Hot Oil Massage

ഷൂട്ടിന്റെ ഷെഡ്യൂൾ തീർന്ന് വീട്ടിലെത്തിയാൽ ലക്ഷ്മി ആദ്യം ചെയ്യുന്നത് ഹോട്ട് ഒായിൽ മസാജാണ്.

ഷൂട്ടിനു വേണ്ടി മുടിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതിനാൽ ഈ മസാജിന് ഏറെ പ്രാധാന്യമുണ്ട്. വെളിച്ചെണ്ണ ചെറുചൂടോടെ തലയോടിൽ തേച്ചു പിടിപ്പിക്കും. പിന്നീട് മസാജ് ചെയ്യും. രണ്ടു മൂന്നു മണിക്കൂർ അങ്ങനെ ഇരിക്കും, ആവി കൊള്ളിക്കും. അമ്മ ബിന്ദുവാണ് ഇതിനു സഹായിക്കുന്നത്. ഷൂട്ട് കഴിഞ്ഞ് ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടാണ് മേക്കപ് നീക്കുന്നത്.

Natural Keratin Treatment

ലോക് ഡൗൺ സമയത്താണ് കറ്റാർവാഴയുമായി ലക്ഷ്മി കൂട്ടുകൂടുന്നത്. കറ്റാർവാഴ കൊണ്ട് ഒരു പ്രകൃതിദത്ത ഹെയർ കെരാറ്റിൻ ട്രീറ്റ്മെന്റ് ലക്ഷ്മി ചെയ്യുന്നുണ്ട്. കറ്റാർവാഴ പൾപ്പ്, കട്ടിയുള്ള തേങ്ങാപ്പാൽ, നന്നായി വെന്ത ചോറ്, ഒരു മുട്ടയുടെ വെള്ള , ഒലിവ് ഒായിൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കും.ഇത് തലയോടിലും മുടിയിലും പുരട്ടി ഒരു മണിക്കൂർ വരെ ഇരിക്കും. രണ്ടാഴ്ചയിലൊരിക്കൽ അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാറുണ്ട്. മുടി നിവർത്താനും മുടിയുടെ വരൾച്ച മാറ്റാനുമെല്ലാം ഈ പായ്ക്ക് സൂപ്പറാണെന്നു ലക്ഷ്മി പറയുന്നു.

ln

Orange for Glowing Face

മുഖത്ത് ഒാറഞ്ചോ കറ്റാർവാഴയോ ആണ് ലക്ഷ്മി ഉപയോഗിക്കുന്നത്. ഒാറഞ്ചിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ട്. വീട്ടിലുള്ളപ്പോൾ ഒാറഞ്ച് മുറിച്ച് മുഖത്തു നന്നായി മസാജ് ചെയ്യും. അത്യാവശ്യത്തിന് പാർലറിൽ പോയാലും ഫ്രഷ് ഒാറഞ്ച് കൊണ്ടുള്ള ഗാൽവാനിക് ഒാറഞ്ച് എന്ന ട്രീറ്റ്മെന്റ ് മാത്രമേ ചെയ്യൂ.

കറ്റാർവാഴ പൾപ്പിനൊപ്പം കുറച്ച് അരിപ്പൊടി അല്ലെങ്കിൽ റവ ചേർത്തു മുഖത്തു സ്ക്രബ് ചെയ്യും.ശേഷം കറ്റാർ വാഴയും തേനും ചേർന്ന പായ്ക്ക് പുരട്ടും. 15 മിനിറ്റ് കഴിഞ്ഞ് ഇതു കഴുകും. കടലമാവും അരിപ്പൊടിയും കസ്തൂരിമഞ്ഞളും തൈരും യോജിപ്പിച്ചു മുഖത്തു പുര ട്ടാൻ ലക്ഷ്മിയോട് അമ്മ പറയാറുണ്ട്. തൈരു പുരട്ടുമ്പോൾ മുഖത്തു കുരു വരുന്നവർക്ക് പകരം റോസ് വാട്ടർ ഉപയോഗിക്കാം.

Magic with salt

പൊടിയുപ്പ് കൊണ്ട് മറ്റൊരു മാജിക് ഉണ്ട് ലക്ഷ്മിക്ക്. ബ്രഷ് ചെയ്തു കഴിഞ്ഞ് ടൂത് ബ്രഷിൽ അൽപം ഉപ്പു വച്ച് ചുണ്ട് സ്ക്രബ് ചെയ്യുന്നതാണത്. മൂക്കിലെ ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയുന്നതിന് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് പുരട്ടും. മുഖം സ്ക്രബ് ചെയ്യുന്നത് പഞ്ചസാര ഉപയോഗിച്ചാണ്.

Onion Juice For Eyebrows

പുരികങ്ങളും കൺപീലിയും കൊഴിയുന്നതിനും ലക്ഷ്മിയുടെ കൈയിൽ സൂപ്പർ ടിപ്പുണ്ട്. ചുവന്നുള്ളി നീര് അല്ലെങ്കിൽ സവാളയുടെ നീര് എടുത്ത് തുല്യഅളവ് ആവണക്കെണ്ണയുമായി യോജിപ്പിച്ച് രാത്രി കിടക്കുമ്പോൾ പുരട്ടുക. ചെറിയ ഉള്ളിയാണ് കുറച്ചു കൂടി നല്ലത്.

My Super Beauty Drinks

‘‘ എനിക്ക് 59 കിലോ ഭാരമേയുള്ളൂ. എങ്കിലും സ്ക്രീനിൽ കാണുമ്പോൾ നല്ല തടിയുള്ളതായി തോന്നും’’– ലക്ഷ്മി പറയുന്നു. എത്ര ഭാരം കുറച്ചാലും‚സ്ക്രീനിൽ വണ്ണം തോന്നുന്നതിനാൽ വർക് ഒൗട്ടുകളൊന്നും ചെയ്യാറില്ല ലക്ഷ്മി. എന്നാൽ ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിനും ശരീരഭംഗിക്കുമായി പ്രിയപ്പെട്ട കുറേ ഡ്രിങ്കുകളുണ്ട് ലക്ഷ്മിക്ക്.

രണ്ടു ടേബിൾ സ്പൂൺ പെരുംജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. അത് രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെയാകുമ്പോൾ ജീരകത്തിന്റെ ഗുണമെല്ലാം വെള്ളത്തിലടിയും. ഈ വെള്ളം ചെറുതായി ചൂടാക്കി ആവശ്യമെങ്കിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കും. ഈ പാനീയം വെറുംവയറ്റിൽ കുടിക്കും. ഇത് അടിവയർ ഒതുങ്ങുന്നതിനും നല്ലതാണ്.

മറ്റൊരു ഡ്രിങ്ക് കൂടിയുണ്ട്. ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കും. അതിലേക്ക് ഒരു സാലഡ് വെള്ളരി, രണ്ട് ചെറുനാരങ്ങ എന്നിവ മുറിച്ചിടാം. ഇഞ്ചി ചതച്ചതും പുതിനയിലയും ചേർക്കാം. ഉറങ്ങുന്നതിന് അൽപം മുൻപ് ഇങ്ങനെ വെള്ളം തയാറാക്കി വയ്ക്കും. പിറ്റേന്നു കാലത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ സാധാരണ വെള്ളം കുടിക്കുന്നതിനു പകരമായി ഈ വെള്ളമാണ് ലക്ഷ്മി കുടിക്കുന്നത്. ഇതു രണ്ടു കുപ്പി നിറയെ ലക്ഷ്മി കൂടെ കരുതും. – ‘‘ ഇതൊരു ഡീ ടോക്സ് ഡ്രിങ്കാണ്. ശരീരത്തിലെ വിഷാംശമകറ്റും, തടി വയ്ക്കാതിരിക്കാനും സഹായിക്കും’’ – ലക്‌ഷ്മി പറയുന്നു.

അഴകിനു വേണ്ടി ഒന്നിടവിട്ട ദിവസങ്ങളിൽ ബീറ്റ്റൂട്ട് ജ്യൂസും ലക്ഷ്മി കുടിക്കും. ഇതിൽ പഞ്ചസാര ചേർക്കില്ല. ഇനി ഇതിന്റെ രുചി ഇഷ്ടമില്ലാത്തവർക്ക് ഒരു കാരറ്റ് കൂടി ചേർക്കാം. ഫ്ളേവറിന് അൽപം പുതിനയിലയും. ആന്റി ഒാക്സിഡന്റുകളാൽ സമ്പന്നമാണീ ഡ്രിങ്ക്.

NonVeg and Green Tea

ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളുമെല്ലാം ലക്ഷ്മി ഉൾപ്പെടുത്തും. നോൺവെജിൽ ചിക്കനാണ് കൂടുതൽ ഇഷ്ടം. നോൺവെജ് കഴിച്ചാൽ അതു ബാലൻസ്ഡ് ആക്കാൻ ഉടൻ ഗ്രീൻ ‍ടീ കുടിക്കും. എത്ര ഇഷ്ടമുള്ള ആഹാരമാണെങ്കിലും കുറച്ച് അളവിലേ കഴിക്കൂ. ‘‘ മറ്റുള്ളവരെ പൊസിറ്റീവ് ആക്കുക എന്നതിലാണ് ഒരാളുടെ സൗന്ദര്യം. മറ്റൊരാളുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർത്താനായാൽ അതു വലിയ നേട്ടമല്ലേ? ബാഹ്യസൗന്ദര്യം അത്ര പ്രധാനമല്ല.’’– ലക്ഷ്മി സൗന്ദര്യസങ്കൽപങ്ങളും പങ്കുവയ്ക്കുകയാണ്.