നർത്തകി, നടി, സംവിധായിക എന്നീ മേഖലകളിലെല്ലാം കഴിവു തെളിയിച്ച ഉത്തര ഉണ്ണി ‘ധീ മഹിയുടെ അമ്മ ’ എന്ന പുതിയ റോളിൽ ഏറെ സന്തോഷവതിയാണിപ്പോൾ. ആ സന്തോഷത്തിനു മാറ്റു കൂട്ടുന്ന ഒന്നുകൂടിയുണ്ട്. നൃത്തവും യോഗയും കൊണ്ട് ആരോഗ്യകരമാക്കിയ തന്റെ ഗർഭസമയത്തെ അനുഭവങ്ങളും തിരിച്ചറിവുകളും ഡോക്ടർമാരിൽ നിന്നും ലഭിച്ച അറിവുകളുമെല്ലാം ചേർത്ത് ‘പ്രഗ്നൻസി മെമ്മോയിർ’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുന്നു.
തന്റെ ഗർഭകാല അനുഭവങ്ങളെ കുറിച്ച് ഉത്തര ഉണ്ണി മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു. ‘‘നർത്തകിയാണെങ്കിലും എട്ടാം മാസം വരെ ഒരു ആക്ടിവിറ്റി എന്ന നിലയിൽ നൃത്തത്തെ കണ്ടിരുന്നില്ല. കുറച്ചുകൂടി ആക്ടീവാകണം എന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് നൃത്തത്തെക്കുറിച്ചു ചിന്തിക്കുന്നത്. പരിചയമില്ലാത്ത എന്തെങ്കിലും ഹെവി ആക്ടിവിറ്റി ചെയ്യുന്നതിലും നല്ലതാണല്ലൊ അറിയുന്ന കാര്യം ചെയ്യുന്നത്.
ഭർത്താവ്, നിതേഷ് മിക്കവാറും ബിസിനസ് സംബന്ധമായ യാത്രകളിലാകും. അതുകൊണ്ട് ഗർഭകാലം കൊച്ചിയിലെ എന്റെ വീട്ടിലായിരുന്നു. വൈകുന്നേരങ്ങളിൽ പദങ്ങളും കീർത്തനങ്ങളുമൊക്കെ വച്ച് അതു ഫീൽ ചെയ്ത് ചുവടുവയ്ക്കും. എല്ലാവരും കൂടെ കൂടും... അങ്ങനെ നല്ല രസമായിരുന്നു ആ ദിവസങ്ങൾ.
അവസാന മാസമായപ്പോഴേക്കും സാധാരണ പ്രസവം ലക്ഷ്യമിട്ടു കുറച്ചു കൂടുതൽ നൃത്തം ചെയ്തു. പക്ഷേ, അധികം ചാടിത്തുള്ളിയുള്ള ചുവടുകളൊന്നും ഇനി വേണ്ട എന്നു ഡോക്ടർ വിലക്കിയതോടെ കുറച്ചു. നൃത്തം ചെയ്യുമ്പോൾ അര മണ്ഡലത്തിലിരുപ്പും ഇരുന്ന് എഴുന്നേറ്റുള്ള ചുവടുകളുമൊക്കെ കൊണ്ട് ഇടുപ്പുഭാഗത്തിനു നല്ല വ്യായാമം കിട്ടുന്നുണ്ട്. നൃത്തം ചെയ്യുന്നതിനു മുൻപ് ചെറുതായി സ്ട്രെച്ചിങ്–സ്ട്രെങ്തനിങ് വ്യായാമങ്ങളും ചെയ്യുമായിരുന്നു. അതൊക്കെ ഗുണം ചെയ്തുവെന്നാണു വിശ്വാസം.
’’
വിശദമായ വായനയക്ക് മനോരമ ആരോഗ്യം മാർച്ച് ലക്കം കാണുക