Saturday 27 November 2021 03:29 PM IST : By സ്വന്തം ലേഖകൻ

‘വേദനയാൽ പുളയുന്നു, ഗർഭപാത്രം തകർന്ന് അമ്മയും കുഞ്ഞും മരിച്ചേക്കാവുന്ന അവസ്ഥ’: വാട്സ് ആപ് പ്രസവം: ഡോക്ടറുടെ അനുഭവം

hospital-dr-santhosh

‘വേദനയാൽ പുളയുന്നു, ഗർഭപാത്രം തകർന്ന് അമ്മയും കുഞ്ഞും മരിച്ചേക്കാവുന്ന അവസ്ഥ’: വാട്സ് ആപ് പ്രസവം: ഡോക്ടറുടെ അനുഭവം

ദുരന്തമുഖങ്ങളിലേക്കും സാംക്രമിക രോഗമേഖലകളിലേക്കും സധൈര്യം ഇറങ്ങി ച്ചെന്ന് സാന്ത്വനവും പരിചരണവും നൽകുന്ന ഒരുഡോക്ടറുടെ അപൂർവ അനുഭവങ്ങൾ– ഡോ. സന്തോഷ്കുമാർ എസ്. എസ്. എഴുതുന്ന പംക്തി.

ജൂബയിൽ നിന്ന് 200 കിലോമീറ്റർ അകലെ ബണ്ടുവിൽ നിന്നാണ് അമൂച്ചെ എത്തിയത്. പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു അവൾ. രൂക്ഷമായ ആഭ്യന്തരകലാപം നടക്കുന്ന സ്ഥലമാണ് ബണ്ടു. പ്രസവവേദന തുടങ്ങിയപ്പോൾ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന അഭയാർത്ഥി ക്യാമ്പിൽ അഭയം തേടിയതാണ്.

അവരുടെ പരിശോധനയിൽ കുഞ്ഞിന്റെ കിടപ്പ് ഗർഭപാത്രത്തിനു കുറുകെയാണെന്ന് ബോധ്യപ്പെട്ടു. ട്രാൻസ്‌വേഴ്സ് ലൈ (Transverse Lie) എന്നു വൈദ്യശാസ്ത്രത്തിൽ പറയും. ഗർഭപാത്രം തകർന്ന് അമ്മയും കുഞ്ഞും മരിച്ചേക്കാവുന്ന അവസ്ഥ.മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാൻ വാഹനസൗകര്യം പോലുമില്ല.

അമൂെച്ചയുടെ ഭർത്താവ് തോൽക്കാൻ തയാറല്ലായിരുന്നു. നാലു കൂട്ടുകാരെ കൂടെക്കൂട്ടി ഒരു കസേരയില്‍ കമ്പുകൾ കെട്ടിവച്ച് ഒരു പല്ലക്കുണ്ടാക്കി ഗർഭിണിയായ ഭാര്യയെ അതിലിരുത്തി ദുർഘടമായ വഴികളിലൂടെ കലാപകാരികളുടെ കണ്ണ് വെട്ടിച്ച് ഡസൻ കണക്കിന് കിലോമീറ്ററുകൾ താണ്ടി പട്ടണത്തിൽ എം.എസ്.എഫിന്റെ ആശുപത്രിയിലെത്തിച്ചു. അവിടെയും അത്തരം ചികിത്സയ്ക്കുള്ള യാതൊരു സൗകര്യവുമില്ലായിരുന്നു. എന്നാൽ, ആശുപത്രി അധികൃതർ അവിടെ നിന്ന് ഒരു വണ്ടി ഏർപ്പാട് ചെയ്തു കൊടുത്തു. അതിലാണ് അവർ ജൂബയിലെ ഐക്യരാഷ്ട്രസഭയുടെ ക്യാംപ് ആശുപത്രിയിലെത്തുന്നത്.

ഐക്യരാഷ്ട്രസഭയുടെ ക്യാംപ് ആശുപത്രിയിൽ അമൂച്ചെ എത്തുമ്പോൾ ജൂബയിലെ സർജൻ ഞാൻ മാത്രമാണ്. അതും ഒരു ഓർത്തോപീഡിക് സർജൻ. സിസേറിയൻ ചെയ്തിട്ടുണ്ടെങ്കിലും സ്ഥാനം തെറ്റിയുള്ള കുഞ്ഞിന്റെ കിടപ്പിനെപ്പറ്റി എനിക്ക് യാതൊരു പിടിയുമില്ല.

വേദനയാൽ പുളയുകയാണ് അമൂച്ചെ. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ രണ്ടു ജീവനുകളാണ് നഷ്ടപ്പെടാൻ പോകുന്നത്. കൂടെയുണ്ടായിരുന്ന അനസ്തറ്റിക് നഴ്സ് മുറ്റായിയോട് ഇതേപ്പറ്റി വല്ല പിടിയുമുണ്ടോയെന്ന് ചോദിച്ചു. അയാൾ കൈമലർത്തി.

വാട്സ് ആപ് വഴി ക്ലാസ്സ്

അമൂെച്ചയെ അവിടെ കിടത്തിയിട്ട് ആശുപത്രിയിൽ ഇന്റർനെറ്റ് ലഭ്യമായ സ്ഥലത്തേക്കോടി. കൈയിലുള്ള സാംസങ്ങ് നോട്ട് ത്രീ ഫോൺ ആയിരുന്നു ഏക ആശ്രയം. വാട്സ്ആപ് തുറന്നു. നൂറുപേരടങ്ങുന്ന സുഹൃത്തുക്കളുടേയും സഹപ്രവർത്തകരുടേയും ഒരു കൂട്ടായ്മയുണ്ട്. അതിൽ നാലു പേർ ഗൈനക്കോളജിസ്റ്റുകൾ – കൊല്ലം ജില്ലാ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. റീന, പുനലൂരിലെ ഡോ. അഞ്ജന പി.ബി., കിംസിലെ ഡോ. മഞ്ജുഷ, കൊട്ടിയത്തെ ഡോ. ശാലിനി. രാത്രി മുഴുവൻ എനിക്കവരുടെ പഠനക്ലാസ്സുകളായിരുന്നു.

അവർ പല വീഡിയോകൾ അയച്ചു തന്നു. ഗർഭപാത്രം എങ്ങനെ കീറണമെന്നും കാലിൽ പിടിച്ചാണ് കുഞ്ഞിനെ പുറത്തേക്കെടുക്കേണ്ടതെന്നുമൊക്കെ. കുറുകെ കിടക്കുന്ന കുഞ്ഞുങ്ങളുടെ കൈയും കാലും കണ്ടാൽ തിരിച്ചറിയാനാവില്ല. പിന്നെ നല്ല ബ്ലീഡിങ്ങ് ഉണ്ടാവും രക്തം കരുതിയേക്കണം എന്നൊക്കെ നിർദേശങ്ങൾ കിട്ടി.

പേടിച്ചോടിയവർ

ലാബ് ടെക്നീഷ്യനെ അന്വേഷിച്ചപ്പോൾ ആൾ സ്ഥലത്തില്ല. ഒടുവിൽ ഞാൻ തന്നെ ബ്ലഡ് ഗ്രൂപ്പൊക്കെ നിർണയിച്ചു. ‘ഒ പോസിറ്റീവ് ’ ആയിരുന്നു. ക്യാംപ് മുഴുവൻ തപ്പിനടന്ന് ആ ഗ്രൂപ്പുകാരായ ഒന്നുരണ്ട് ചെറുപ്പക്കാരെ സംഘടിപ്പിച്ചു കൊണ്ടുവന്നു നിർത്തി.കുറച്ചു കഴിഞ്ഞപ്പോൾ അവരെ കാണാതായി. അന്വേഷിച്ചപ്പോഴാണറിയുന്നത്, ഇപ്രകാരം രക്തം നൽകിയാൽ ലൈംഗികേശഷി നഷ്ടപ്പെടുമെന്ന് പേടിച്ച് അവർ സ്ഥലം വിട്ടതാണെന്ന്!

രാവിലെ തദ്ദേശവാസിയായ സ്റ്റാഫ് നഴ്സിന്റെ സഹായത്താൽ രണ്ടു പേരുടെ രക്തം ശേഖരിച്ചു. എന്നിട്ട് രണ്ടും കൽപിച്ച് സ്പൈനൽ അനസ്തേഷ്യ നൽകി സിസേറിയൻ ചെയ്തു. ഭാഗ്യമെന്നേ പറയേണ്ടൂ, കുഞ്ഞിന്റെ കാലിൽ തന്നെ പിടുത്തം കിട്ടി. കുട്ടിയെ പുറത്തെടുത്തു. ഗർഭപാത്രം തുന്നിക്കെട്ടി. പ്രതീക്ഷിച്ചത്ര ബ്ലീഡിംഗ് ഉണ്ടായില്ല. ഒരു കുപ്പി രക്തം മാത്രമേ ആവശ്യമായി വന്നുള്ളൂ.

സംഭവ ബഹുലമായ ഓപ്പറേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുശേഷം അമൂച്ചെയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പറഞ്ഞയച്ചു. അളവറ്റ ചാരിതാർഥ്യം തോന്നിയ നിമിഷങ്ങൾ. ഒരു ഭിഷഗ്വരനായതിൽ അതിയായ അഭിമാനം തോന്നി. ഒപ്പം സോഷ്യൽ മീഡിയയായ വാട്സ്ആപിനോടും സഹായിച്ച സുഹൃത്തുക്കളോടും അളവറ്റ നന്ദിയും. ശാസ്ത്രം ജയിക്കുന്നു എന്നു പറയുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.