ഒരു ദിവസം ഒപിയിൽ ഭയങ്കര ബഹളം കേട്ടു. നഴ്സിനെ വിളിച്ചു കാര്യം തിരക്കിയപ്പോൾ ബിപി കൂടുതലാണെന്നു പറഞ്ഞു വന്ന ഒരു മനുഷ്യൻ പുറത്തു കിടന്ന് ആകെ ബഹളമാണ്. അയാൾക്ക് ഉടനെ എന്നെ കാണണം. ഇത്രയും രോഗികൾ കാണാൻ നിൽക്കുന്നതാണെന്നും അയാളുടെ ടോക്കൺ അനുസരിച്ചുള്ള സമയം ആയില്ലെന്നൊന്നും പറഞ്ഞിട്ടും ഒരു കൂസലുമില്ല. ഒടുവിൽ അയാളെ ഒപിയിലേക്കു വിളിപ്പിച്ചു ഞാൻ സംസാരിച്ചു-‘‘നിങ്ങൾക്കു ബിപി കൂടുതലാണെങ്കിൽ ഈ ബഹളമുണ്ടാക്കുന്നതിനിടയ്ക്കു കണ്ടിട്ടു കാര്യമില്ല. ദയവായി ഇപ്പോൾ സ്വസ്ഥമായി പുറത്തു വെയിറ്റ് ചെയ്യൂ’’.
എന്തായാലും അയാൾ തിരക്കൊഴിഞ്ഞ ഒരു വശത്തു പോയി ഇരുന്നു. ഊഴമെത്തിയപ്പോൾ അയാളെ വിളിച്ചു. ബിപി നോക്കിയപ്പോൾ 180/100 ഉണ്ട്. ഹാർട്ട് റേറ്റ് 100 ഉണ്ട്. എന്നെ തല്ലിയാൽ കൊള്ളാമെന്ന മട്ടിലാണ് ഇരിപ്പ്. വിശദമായി നോക്കിയ ശേഷം ഞാൻ ചോദിച്ചു- ‘‘വർഗ്ഗീസേ വീട്ടിൽ വല്ലപ്പോഴും ബിപി നോക്കാറുണ്ടോ?’’. ‘‘ ഉണ്ട് ... അപ്പോഴൊന്നും ഇതുപോലെ 180 ഉം നൂറുമൊന്നുമില്ല....’’. പൊട്ടിത്തെറിച്ചുള്ള മറുപടി വന്നു.
ഞാൻ പറഞ്ഞു. ‘‘ഒരു കാര്യം ചെയ്യൂ. 24 മണിക്കൂർ നേരത്തേക്കു നിങ്ങളുടെ ശരീരത്തിൽ ഒരു ബിപി മീറ്റർ കണക്ട് ചെയ്തു വീട്ടിൽ വിടും. അതുകൂടി ഒന്നു നോക്കട്ടെ... ’’
‘‘സാറ് ഒന്നും നോക്കണ്ട. മരുന്നിങ്ങു തന്നാൽ മതി’’-വർഗ്ഗീസ് ചൂടിലാണ്. ഞാൻ വീണ്ടും പറഞ്ഞു ‘‘ മരുന്നൊക്കെ തരാം, ബിപി നോക്കിയിട്ട് വരൂ’’
പുള്ളി ലാബിൽ പോയി ബിപി നോക്കുന്ന യന്ത്രമൊക്കെ ഫിറ്റു ചെയ്തു വീട്ടിൽ പോയി. ലാബിലും കുറേ ബഹളമുണ്ടാക്കിയിട്ടാണു പോയത്. വർഗീസിന്റെ ശരീരത്തിൽ ബിപി മീറ്റർ ഘടിപ്പിച്ചു വിട്ടത് 24 മണിക്കൂർ നേരത്തെ ബിപി (ആബുംലേറ്ററി ബിപി മോണിട്ടറിങ്) നോക്കാനാണ്. ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന മെഷീൻ ഒാരോ 30 മിനിറ്റു കൂടുമ്പോഴും ബിപി അളന്നു രേഖപ്പെടുത്തും. രാത്രി ഉറക്കത്തിലുള്ളത് ഉൾപ്പെടെ. തിരിച്ചുവരുമ്പോൾ കംപ്യൂട്ടർ ഈ ഡേറ്റ വിശകലനം ചെയ്യും. അപ്പോൾ ബിപിയുടെ ഉയർച്ച താഴ്ചകൾ എപ്പോഴൊക്കെയാണു സംഭവിക്കുന്നതെന്ന് ഒരു ഐഡിയ കിട്ടും.
അടുത്ത ദിവസം വർഗീസ് റിസൽട്ടുമായി എന്നെ കാണാൻ വന്നു. ഞാൻ ബിപി ഗ്രാഫ് കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു.‘‘വർഗ്ഗീസേ, നിങ്ങൾ ഈ ബഹളമുണ്ടാക്കുന്നതു നിർത്തണം. നോക്കൂ, നിങ്ങൾ ഇവിടെ നിന്നിറങ്ങി വീട്ടിലെത്തി ആഹാരമൊക്കെ കഴിച്ച് ഒരു ഉറക്കം കഴിഞ്ഞുള്ള സമയത്തെ ബിപി നോർമലാണ്. മാത്രമല്ല, രാത്രി ഉറങ്ങിക്കഴിഞ്ഞപ്പോൾ നിങ്ങളുടെ ബിപി പിന്നെയും കുറഞ്ഞു. അതു സ്വാഭാവികമാണ്. എന്നാൽ, ആശുപത്രിയിലെത്തുന്നതിനു മുൻപത്തെ ബിപി റീഡിങ് നോക്കൂ... 160 നു മുകളിലാണ്. വർഗ്ഗീസേ, ഇതാണ് വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ. നിങ്ങൾ ആശുപത്രിയിൽ വരുമ്പോഴേക്ക് എല്ലാവരോടും ദേഷ്യപ്പെടുന്നു. വന്നാലുടനെ ഡോക്ടറെ കാണണമെന്നു ബഹളം കൂട്ടുന്നു. അതുകൊണ്ടാണു ബിപി കൂടുന്നത്. നിങ്ങൾക്ക് ഒരു ചികിത്സയും ആവശ്യമില്ല എന്നാണ് ഞാൻ എഴുതാൻ പോകുന്നത്.’’
ശേഷം, ദേഷ്യമൊക്കെ കുറച്ചു രണ്ടാഴ്ച കഴിഞ്ഞു കാണാൻ പറഞ്ഞു വിട്ടു. വരും മുൻപ് ഇതുപോലെ തന്നെ 24 മണിക്കൂർ നേരത്തെ ബിപി നോക്കാനും പറഞ്ഞു.
മൂന്നാം തവണ വർഗ്ഗീസ് വന്നപ്പോൾ ഞാൻ ചോദിച്ചു-‘‘വർഗ്ഗീസേ ദേഷ്യമൊക്കെ മാറിയോ? ’’. അപ്പോൾ വർഗ്ഗീസ് പറഞ്ഞു- അയ്യോ സാറേ... സാറിന്റെ ചികിത്സ കഴിഞ്ഞപ്പോൾ എല്ലാ പ്രശ്നവും മാറി.’’ ഞാൻ പറഞ്ഞു-‘‘ഞാൻ മരുന്നൊന്നും തന്നില്ല. വർഗ്ഗീസ് തന്നത്താനാണു ബിപി നോർമലാക്കിയത്. മാനസികമായ ദേഷ്യം മറ്റുള്ളവരോടു വച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ ബിപി ഒരു കാലത്തും കുറയില്ല. ജീവിതശൈലിയിലൊരു വ്യത്യാസമാണ് വേണ്ടത്.’’
ഈ സംഭവം കഴിഞ്ഞ് 12 വർഷമായി. വർഗ്ഗീസ് ഇപ്പോഴും എന്നെ കാണാൻ വരും. ചിരിച്ചുകൊണ്ടാണ് വരുന്നത്. തമ്മിൽ നോക്കുമ്പോഴേ ഞങ്ങൾ രണ്ടുപേരും ചിരിച്ചുതുടങ്ങും.
ഡോ. ജി. വിജയരാഘവൻ
ഹൃദ്രോഗവിദഗ്ധൻ
കിംസ് ഹോസ്പിറ്റൽ,
തിരുവനന്തപുരം