Thursday 16 December 2021 05:12 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കാലിലെ മാരകമായ മുറിവിൽ മരപ്പിക്കലില്ലാതെ സ്വയം തുന്നലിട്ടു: സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഡോക്ടേഴ്സ് ഡയറി കോളം തുടരുന്നു

dfgd54

സംഘട്ടനത്തിലും മറ്റും പരുക്കേറ്റ് ശരീരത്തിൽ തുളച്ചു കയറിയ വെടിയുണ്ട സ്വയം നീക്കം ചെയ്യുന്ന നായകനെ ധാരാളം സിനിമകളിൽ കണ്ടിട്ടുണ്ട്. അതൊക്കെ സാധ്യമാണോ എന്ന് അപ്പോൾ കാഴ്ചക്കാർ ആത്ഭുതപ്പെടാറുമുണ്ടാകണം. അത്തരമൊരു അനുഭവം എനിക്കുമുണ്ട്. സിനിമയിലെ നായകനെപ്പോലെ വെടിയുണ്ടയല്ല പുറത്തെടുത്തത്. കാലിലുണ്ടായ മാരകമായ മുറിവിനുമേൽ തുന്നലുകളിടുകയായിരുന്നു ചെയ്തത്. ഒരുപക്ഷേ, ശസ്ത്രക്രിയ പഠിച്ചതുകൊണ്ടു മാത്രം സാധ്യമായ ഒരു കാര്യമാണിത്. അല്ലാതെ ഒരു സാധാരണക്കാരന് അങ്ങനെയൊരു സ്വയം ചികിത്സ ചെയ്യാനായെന്നു വരില്ല, സിനിമകളിലല്ലാതെ.

സുഡാനിലേക്ക്

2013, സൗത്ത് സുഡാനിലെ പോച്ചാലയാണ് ലൊക്കേഷൻ. മനുഷ്യ കാരുണ്യപ്രവർത്തകരുടെ ഒരു കേന്ദ്രമാണ് സൗത്ത് സുഡാൻ എന്നു വേണമെങ്കിൽ പറയാം. കഴിഞ്ഞ പത്തിരുപതു വർഷമായി അവിടം കലാപകലുഷിതമാണ്. പലവിധ വംശ, ജാതി, ഗോത്ര ലഹളകൾ വളരെ വ്യാപകമായ ദരിദ്ര സ്ഥലം.

രാജ്യാന്തര തലത്തിൽ മനുഷ്യകാരുണ്യ പ്രവർത്തകർ എല്ലാവരും തന്നെ കുറഞ്ഞത് ഒരു തവണയെങ്കിലും സുഡാൻ സന്ദർശിച്ചിട്ടുണ്ടാകും. ഇപ്പോഴും അങ്ങനെ തന്നെയാണ്. നാലഞ്ചു തവണയെങ്കിലും ഞാനവിടെ സേവന ദൗത്യവുമായി പോയിട്ടുണ്ട്.

പോച്ചാലയിൽ ഒരു സർജിക്കൽ ആശുപത്രി തുടങ്ങുകയാണ് ഞങ്ങളുടെ ദൗത്യം. സൗത്ത് സുഡാന്റെ തലസ്ഥാനമായ ജൂബയിൽ മാത്രമാണ് അന്ന് ടാറിട്ട ഒരു റോഡെങ്കിലും ഉള്ളത്. മറ്റ് സ്ഥലങ്ങളിലൊക്കെ മൺപാതകൾ മാത്രമേ ഉള്ളൂ. പലയിടത്തും റോഡുമാർഗം പോലും പോകാനാകില്ല. നൈൽ നദിയുടെ പല കൈവഴികളിലായി വികസിച്ചിട്ടുള്ള സ്ഥലങ്ങളാണ് അവയിലേറെയും. സഞ്ചാരമൊക്കെ മിക്കവാറും നദിയിലൂടെയോ ചെറിയ എയർ സ്കിപ്പുകളിലൂടെയോ ആണ്. ശസ്ത്രക്രിയയ്ക്കു പോയിട്ട് പ്രാഥമിക ശുശ്രൂഷയ്ക്കു പോലും പലയിടത്തും സൗകര്യമില്ല. അതിന് സൗകര്യങ്ങൾ വേണം. ആശുപത്രി വേണം.

പരിശോധനയ്ക്കിടെ മുറിയിൽ കുടുങ്ങി!

ആശുപത്രി തുടങ്ങാൻ ആവശ്യമായ സംവിധാനങ്ങൾ തേടി കലാപബാധിതമായ സുഡാനിൽ ഞങ്ങൾ എത്തി. അതിനായി കണ്ടുവയ്ക്കുന്ന കെട്ടിടങ്ങളൊക്കെ പരിശോധിക്കാൻ ഞങ്ങൾ പല സംഘങ്ങളായി പുറപ്പെട്ടു. പലതും ഉപേക്ഷിക്കപ്പെട്ടതോ ഉപയോഗിക്കാതെ കിടക്കുന്നതോ ആയ കെട്ടിടങ്ങളാണ്. കലാപവും യുദ്ധവും ലഹളയും രൂക്ഷമാകുന്നിടങ്ങളിൽ നേരത്തെ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ ഉപയോഗിക്കാത്തതുമായ കെട്ടിടങ്ങൾ ധാരാളമായി ഉണ്ടാകും. അവ കണ്ടെത്തി പല കാര്യങ്ങളും പരിശോധിക്കണം. മുറികളിലേക്കും മറ്റുമുള്ള പ്രവേശന മാർഗങ്ങൾ, അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങൾ, ബാത്ത്റൂമുകൾ, മാലിന്യ നിർമാർജ്ജന സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ അനുയോജ്യമായവയാണോ എന്ന് പരിശോധിക്കുകയും അല്ലെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുകയും വേണം. പോച്ചാലയിലെ ഒരു സ്ഥലത്തെ വലിയൊരു കെട്ടിടമാണ് എനിക്ക് പരിശോധനയ്ക്കായി ലഭിച്ചത്. ഞാൻ കെട്ടിടത്തിലെ ഓരോ മുറികളായി കയറിയിറങ്ങി പരിശോധിക്കാൻ തുടങ്ങി. പരിശോധനയ്ക്കിടയിൽ ഞാൻ ഒരു മുറിയിലെ ബാത്ത്റൂമിൽ കയറി കതക് തുറന്നും അടച്ചും പരിശോധിക്കുകയായിരുന്നു. അങ്ങനെ കതക് അടച്ചു നോക്കിയിട്ട് തുറക്കുമ്പോൾ തുറക്കാനാകുന്നില്ല. പൂട്ടു വീണിരിക്കുന്നു. ഞാൻ ബാത്ത്റൂമിന്
അകത്താണ്.

ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക്

സഹായത്തിനു വന്ന കാറിന്റെ ഡ്രൈവറെ വിളിക്കാൻ പോക്കറ്റിൽ ഫോൺ തപ്പി. അപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഫോൺ പോക്കറ്റിലല്ല. അത് കാറിൽ വച്ചിട്ടാണ് പോന്നിരിക്കുന്നത്. പരിസരത്തെങ്ങും മറ്റാരുമില്ല. കുറേ ബഹളം വച്ചു. ഒരു രക്ഷയുമില്ല. പത്തുപതിനഞ്ചു മിനിട്ടു നേരം ബഹളം വച്ചു. ആരു കേൾക്കാൻ! ഡോറിന്റെ പകുതി ഭാഗം അതാര്യമായ ഫൈബർ ഗ്ലാസുപയോഗിച്ചാണ് നിർമിച്ചിരുന്നത്. അതൊരു ഭാഗ്യമായി. അതു പൊട്ടിക്കാനായി അടുത്ത ശ്രമം. പക്ഷേ, അതിനായി യാതൊരു ആയുധവും കയ്യിലോ മുറിയിലോ ഇല്ല. ഒരു ബക്കറ്റു പോലുമില്ല. കൈകൊണ്ട് ഒന്നുരണ്ടു തവണ ഇടിച്ചു നോക്കി. പൊട്ടുന്നില്ല. ഷൂവല്ല ചെരിപ്പാണ് ഇട്ടിരിക്കുന്നത്. എങ്കിലും കാലുകൊണ്ടാകാം അടുത്ത ആക്രമണമെന്നു കരുതി കതകിൽ ആഞ്ഞു ചവിട്ടി. ഒന്നു രണ്ടു ശ്രമത്തിനുശേഷം ചില്ലു പൊട്ടി. പക്ഷേ പൊട്ടിയ മൂർച്ചയേറിയ ഭാഗം കാൽപാദത്തിൽ തറച്ച് കാൽ കീറി രക്തം കുടുകുടാ ഒഴുകാൻ തുടങ്ങി. ചില്ലു പൊട്ടിയ വിടവിലൂടെ ഒരുതരത്തിൽ പുറത്തു കടന്ന് വാഹനത്തിനടുത്തെത്തി. പോയ വഴിയിലാകെ ചോര ഒഴുകിപ്പരക്കുകയാണ്. കാൽപ്പാദം മരവിക്കുന്നുണ്ട്. അതു വകവച്ചില്ല. കാറിനുള്ളിലുണ്ടായിരുന്ന ഒരു തുണിയെടുത്ത് മുറിവു പൊതിഞ്ഞുവച്ച് ഉടനെതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്കു
പാഞ്ഞു.

സ്വന്തം മുറിവ് സ്വയം തുന്നിലിട്ട്

ആശുപത്രിയെന്നൊന്നും പറയാനാകില്ല. ഒരു ചൈനീസ് നഴ്സാണ് അത് നടത്തുന്നത്. ഡോക്ടറില്ല. യുദ്ധവും മറ്റും പൊട്ടിപ്പുറപ്പെടുമ്പോൾ സാധാരണയായി ഡോക്ടർമാരും മറ്റും അവിടെനിന്ന് പലായനം ചെയ്യും. കുറേനാളൊക്കെ പിടിച്ചു നിൽക്കാൻ ശ്രമിക്കും. പിന്നെ, ആശുപത്രി കൊള്ളയടിക്കപ്പെടുമ്പോൾ, കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടാതാകുമ്പോൾ അവർ രക്ഷപ്പെട്ടു പോകും. ഗുരുതരമായ രോഗമോ അപകടമോ ബാധിച്ചാൽ മരണം മാത്രമായിരിക്കും പ്രതിവിധി. ആ ക്ലിനിക്കിലെത്തുമ്പോൾ പോച്ചാലയിലെതന്നെ ഏക ഡോക്ടർ ഞാനാണ്. ഗുരുതരമായി പരുക്കേറ്റ ഡോക്ടർ രോഗി. കാലിലെ മുറിവിൽ സ്വയം തുന്നലിട്ടേ പറ്റൂ.

ഒരു കസേരയെടുത്തിട്ട് ഡ്രസ്സിങ് ടേബിളിനു മുകളിലേക്കു കാൽ എടുത്തുവച്ചു മുറിവു വൃത്തിയാക്കി. രക്തക്കുഴലുകളും ഞരമ്പുകളും മുറിഞ്ഞിട്ടുണ്ട്. രണ്ടു ചലന ഞരമ്പുകളും അറ്റിട്ടുണ്ട് മുറിവിനു ചുറ്റും സ്പർശനശേഷി കുറഞ്ഞിരിക്കുന്നു.

കാൽപ്പാദത്തിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന സഫീനസ് സിര (Saphenous Vein) മുറിഞ്ഞിരിക്കുകയാണെന്ന് മനസ്സിലായി. സഫീനസ് സിര അടിയന്തിരമായി തുന്നിക്കെട്ടിയില്ലെങ്കിൽ രക്തം വാർന്ന് മരണം വരെ സംഭവിക്കാം. കാലിലെ സ്പർശനം സംവേദിക്കുന്ന സഫീനസ് നാഡിയും മുറിഞ്ഞിരിക്കുന്നതിനാൽ മരവിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. അതുകൊണ്ട് വേദന കാര്യമായില്ലാതെ മുറിവു തുന്നിച്ചേർത്ത് പ്ലാസ്റ്ററിട്ടു.

മുറിവു തുന്നിച്ചേർക്കുന്നത് വലിയ പ്രശ്നം അല്ലായിരുന്നു. പ്ലാസ്റ്ററിട്ടതായിരുന്നു ശ്രമകരമായ ജോലി. അതിനൊക്കെ ആവശ്യമായ സാധനങ്ങൾ എടുത്തു തരികയല്ലാതെ ക്ലിനിക്കിലെ നഴ്സിന് മറ്റൊന്നും കാര്യമായി ചെയ്യാനുണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്ത് വലിയ പരിചയമില്ലാതിരുന്നതായിരുന്നു അവരുടെ പ്രശ്നം.

മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ മുറികളിൽ നിന്നും അത്യാഹിത വിഭാഗത്തിൽ നിന്നും പഠിച്ചു പരിശീലിച്ച കാര്യം അങ്ങനെ സ്വന്തം ശരീരത്തിൽ എനിക്കു പ്രയോഗിക്കേണ്ടിവന്നു.

തുന്നിക്കെട്ടിയ കാലുമായി വിമാനം കയറൽ

മനുഷ്യകാരുണ്യ പ്രവർത്തനങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ പോകുന്നവരൊക്കെ ആരോഗ്യ ഇൻഷുറൻസ് ഉള്ളവരാണ്. അതുകൊണ്ട് ചെലവ് അത്ര വലിയ പ്രശ്നമല്ല. പോച്ചാലയിലെ ക്ലിനിക്കിൽ നിന്ന് ഡ്രൈവറുടെ സഹായത്തോടെ ഒരു തരത്തിൽ പുറത്തിറങ്ങി, നേരെ സമീപത്തെ എയർ സ്ട്രിപ്പിലെത്തി. ഒരു ചെറു വിമാനത്തില്‍ അവിടെ നിന്നു പുറപ്പെട്ടു.

വിമാനത്തിൽ കയറുന്നതു വരെ വലിയ ബുദ്ധിമുട്ടായിരുന്നു. ആരുമില്ല സഹായത്തിന്. റാംപോ എസ്കലേറ്ററോ ഒന്നുമില്ല. ആരുടെയെങ്കിലും പിന്തുണയില്ലാതെ കിടന്നുപോയാലുള്ള അവസ്ഥയെപ്പറ്റിയുള്ള ബോധമുണ്ടായത് അപ്പോഴാണ്. ഇരുന്നും നിരങ്ങിയുമൊക്കെയാണ് അന്നു വിമാനത്തിൽ കയറിയത്.

അവിടെനിന്ന് ജൂബയിലെത്തി. വീണ്ടും ചാർട്ടേഡ് വിമാനത്തിൽ കെനിയയിലെ നെയ്റോബിയിലെത്തി. അഗാഘാൻ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കാണ് നേരേ ചെല്ലുന്നത്. അവിടുത്തെ ഡോക്ടർ കാര്യങ്ങളൊക്കെ ഇംഗ്ലീഷിൽ ചോദിച്ചു മനസ്സിലാക്കി. സംസാരം കേട്ടപ്പോൾ ആ ഇംഗ്ലീഷിന് വളരെ പരിചിതമായ ഒരു ഭാഷാഭേദം. മലയാളിയാണോ എന്നു ചോദിച്ചത് അങ്ങനെയാണ്.

നെയ്റോബിയിലെ ‘മലയാളി’

ആലപ്പുഴ മെഡിക്കൽ കോളജിൽ പഠിച്ചിറങ്ങിയ ഡോ. നീരജ് ആയിരുന്നു നെയ്റോബിയിലെ ഓർത്തോപീഡിക് സർജൻ. പഠനത്തിൽ എന്നേക്കാൾ മൂന്നു വർഷം സീനിയറായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കണ്ടതുതന്നെ വലിയ ആശ്വാസമായിരുന്നു. അവിടുത്തെ പല നഴ്സുമാരും മലയാളികൾ തന്നെയായിരുന്നുവെന്നത് വേറൊരു സന്തോഷം. അന്നു രാത്രി തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പ്ലാസ്റ്ററഴിച്ച് ഞാൻ ചെയ്ത തുന്നിക്കെട്ടലുകൾ നീക്കി അനസ്തീഷ്യ തന്ന് ഞരമ്പുകളും മറ്റും തുന്നിച്ചേർത്തു. പിന്നീട് ഒന്നൊന്നര ആഴ്ചയോളം അവിടെ കഴിഞ്ഞു. കുറച്ചു ദിവസം ഡോ. നീരജിന്റെ വീട്ടിലും താമസിച്ചു. എഴുന്നേറ്റ് അൽപസ്വൽപം നടക്കാമെന്നായപ്പോൾ അദ്ദേഹം തന്നെ നെയ്റോബിയിലെ ദേശീയോദ്യാനത്തിലും മറ്റും എന്നെ കൊണ്ടുപോയി.

തിരികെ വീട്ടിലേക്കു പോരണോ, അതോ സുഡാനിലേക്കു മടങ്ങണോ എന്നതായി പിന്നെയുള്ള പ്രധാന ചർച്ച. എന്തായാലും ഇറങ്ങിത്തിരിച്ചതല്ലേ, സുഡാനിലേക്കുതന്നെ പോകാമെന്നു തീരുമാനിച്ചു.

അങ്ങനെ അപകടാവസ്ഥ തരണം ചെയ്തശേഷം വീട്ടിലേക്കു മടങ്ങാതെ വീണ്ടും സുഡാനിലേക്കുള്ള ഫ്ലൈറ്റ് പിടിച്ചു. ഒന്നര മാസം കൂടി സുഡാനിൽ ജോലി ചെയ്തു. പോച്ചാലയിലും പോയി. അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ തന്നെയാണ് ആശുപത്രി തുറന്നത്. ഇന്നും ആ ആശുപത്രി അവിടെയുണ്ട്.

കാൽപാദത്തിലെ മുറിവ് കരിഞ്ഞു. പക്ഷേ, സുഡാൻ ദൗത്യത്തിന്റെ ഓർമയായി വലതു കാൽപാദത്തിലെ വലിയ മുറിവിന്റെ അടയാളവും മരവിപ്പും ഇപ്പോഴും തുടരുന്നുണ്ട്. സഫീനസ് നാഡികളും മറ്റും പൂർവ സ്ഥിതിയിലായിട്ടില്ലെന്നർഥം. വലതു പാദത്തിന്റെ ഇടതു വശത്താണ് പ്രശ്നം. ചലന ഞരമ്പുകളും പൂർവസ്ഥിതിയിലല്ല. നടക്കാനാകുമെന്നു മാത്രം. ഇത്തരത്തിൽ ഉണ്ടാകുന്ന മുറിവുകൾ പലപ്പോഴും പൂർണമായും കരിയാറില്ല. അതൊക്കെ ഓരോരുത്തരിലും ചില അടയാളങ്ങളും അവശിഷ്ടങ്ങളും അവശേഷിപ്പിക്കും, ജീവിതാന്ത്യം വരെ.Tags:
  • Manorama Arogyam