Wednesday 02 February 2022 03:23 PM IST : By ഡോ. പി. എസ്. ഷാജഹാൻ

രോഗലക്ഷണങ്ങളില്ലാതെ അഞ്ചാംനില വരെ നടന്നുകയറി; ബിപി നോക്കിയ ഉടൻ ഐസിയുവിലേക്ക്: നിനച്ചിരിക്കാതെ രോഗിയായ അനുഭവം തുറന്നുപറഞ്ഞ് ഡോ. ഷാജഹാൻ

4tgthythd ഇൻസെറ്റിൽ ഡോ. പി. എസ് ഷാജഹാൻ, വര: സന്തോഷ് കുമാർ

പതിവിലേറെ തിരക്കുള്ള ദിനമായിരുന്നു ഒക്ടോബർ അഞ്ചിലെ ചൊവ്വാഴ്ച. രാവിലെ തൊറാക്കോസ്ക്കോപ്പിക്കായി (ശ്വാസകോശ ആവരണങ്ങൾക്കിടയിൽ ചെറിയ കുഴൽ കടത്തിയുള്ള പരിശോധന) രോഗിയെ പോസ്റ്റു ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞ് വാർഡുകളിലെ രോഗികളെ പരിശോധിക്കാന്‍ പോകണം. തുടർന്ന് ഒരുപാട് ഔദ്യോഗിക തിരക്കുകളുള്ള ദിവസം. ഒരു മണിക്കൂർ കൊണ്ട് തൊറാക്കോസ്കോപ്പി പൂർത്തിയാക്കി രോഗിയെ തിരികെ വാർഡിലേക്കു മാറ്റി. വിശദമായ വാർഡുസന്ദർശനത്തിനു മുൻപ് ചെറിയൊരു ടീ ബ്രേക് പതിവുള്ളതാണ്. അപ്പോഴാണ് ഒരുൾവിളി പോലെ രക്തസമ്മർദം ഒന്നു നോക്കിയേക്കാമെന്നു കരുതിയത്. ബിപി നോക്കിയ സീനിയർ റെസിഡന്റ് ഡോ. ആഷിക്കിന്റെ മുഖം ഒന്നു ചുളിഞ്ഞോ, ഓർക്കുന്നില്ല. ‘‘ബിപി അല്പം കൂടുതലാണ് സാർ. നമ്മുടെ ബിപി അപ്പാരറ്റസിന് ചെറിയ കുഴപ്പമുണ്ടെന്നു തോന്നുന്നു. വാർഡിൽ ചെന്ന് വീണ്ടും ഒന്നു നോക്കാം’’. ആഷിക്ക് പറഞ്ഞു.

എങ്കിൽ പിന്നെ വിശദമായി നോക്കിക്കളയാം. ചെറിയ തോതിൽ ബിപി നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ മരുന്നുകൾ വല്ലതും മാറ്റണമെങ്കിൽ അതുമാകാമല്ലോ. സുഹൃത്തും കാർഡിയോളജിസ്റ്റുമായ ഡോ. അബ്ദുൾ സലാമിനെ വിളിച്ചുകാര്യം പറഞ്ഞു. കാത്ത് ലാബിലേക്കെത്താനായിരുന്നു നിർദേശം. കോവിഡ് കാലമായതിനാല്‍ കഴിവതും ലിഫ്റ്റ് ഉപയോഗിക്കാറില്ല. അഞ്ചാം നിലയിലുള്ള കാത്ത് ലാബിലേക്ക് നടന്നുതന്നെ കയറി.

നാലഞ്ചു മിനിട്ടു നേരത്തെ വിശ്രമത്തിനു ശേഷം ഡോ. സലാം ബിപി നോക്കി. കുറച്ചു കൂടുതലാണല്ലോ എന്ന കമന്റോടുകൂടി സീനിയർ കാർഡിയോളിസ്റ്റായ ഡോ. ബൈജുവിനോട് രക്തസമ്മർദം പരിശോധിക്കാൻ ആവശ്യപ്പെടുന്നു. ഒന്ന് ബിപി നോക്കാൻ ഇത്രയധികം വിദഗ്ധർ വേണോ എന്ന സംശയം എന്റെ മനസ്സിലൂടെ കടന്നുപോയി. ഡോ. ബൈജു വന്ന് ബിപി നോക്കി. കൂടുതൽ തന്നെ. അതും വളരെ കൂടുതൽ–230/120 നും മുകളിൽ.

പിന്നെ കാര്യങ്ങളെല്ലാം എന്റെ കൈയിൽനിന്നും പോയി. യാതൊരു രോഗലക്ഷണങ്ങളുമില്ലാത്ത, അഞ്ചാം നില വരെ നടന്നു കയറിയ എന്നെ അവർ അനങ്ങാൻ പോലും അനുവദിക്കുന്നില്ല. ഏറ്റവുമടുത്ത സുഹൃത്തും വകുപ്പു മേധാവിയുമായ ഡോ. വേണുഗോപാലിനേയും പി ജി വിദ്യാർത്ഥികളേയും അവർ തന്നെ കാര്യം വിളിച്ചു പറഞ്ഞു. അല്പം മുമ്പു വരെ ഡിപ്പാർട്ടുമെന്റിൽ ഒന്നിച്ചുണ്ടായിരുന്ന എന്നെ കാത്ത് ലാബിൽ രോഗിയുടെ രൂപത്തിൽ കണ്ട അവരുടെയൊക്കെ മുഖത്തെ അമ്പരപ്പ് ഓർമയുണ്ട്. ഇസിജി, എക്കോ, രക്ത പരിശോധനകൾ എല്ലാം തകൃതിയായി നടന്നു. ആശുപത്രിയിൽ അഡ്മിറ്റാക്കാൻ വേണ്ടിയുള്ള കേസ് ഷീറ്റ് തയാറായി ക്കഴിഞ്ഞു. എല്ലാം മിനിറ്റുകൾക്കുള്ളിൽ.

ഐസിയുവിലേക്ക്...

കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്കാണ് എന്നെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാത്ത് ലാബിൽ നിന്ന് ഐസിയുവിലേക്ക് പോയേ മതിയാകൂ. ബിപി അപകടകരമായ നിലയിലാണ്. അപ്പോഴും ഒരു പ്രശ്നവും തോന്നാത്ത എനിക്ക് എന്തെങ്കിലും മരുന്നുകൾ കഴിച്ച് കുറച്ചു നേരം നോക്കിയാൽ പോരേ എന്നു ചോദിക്കണമെന്നുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ കരുതൽ തടവറയിലായിക്കഴിഞ്ഞൂ ഞാൻ. അതു കൊണ്ടു ചോദിക്കാൻ ധൈര്യമുണ്ടായില്ല. എങ്കിലും വീൽ ചെയറിലോ, സ്ട്രെച്ചറിലോ പോകാതെ ലിഫ്റ്റ് വഴി പതുക്കെ ഐ സിയുവിൽ പോകാൻ അവർ അർധമനസ്സോടെ സമ്മതിച്ചുതന്നു.

രാവിലെ തൊറാസ്കോസ്കോപ്പി ചെയ്ത മുറിക്ക് തൊട്ടടുത്താണ് കാർഡിയോളജി ഐസിയു. രാവിലെ എൻഡോസ്കോപ്പിക്ക് ഒപ്പം നിന്ന ഞാൻ തൊട്ടടുത്ത മുറിയിൽ രോഗിയായി കിടക്കാന്‍ പോകുന്നു.

ഐസിയുവിൽ എല്ലാ സജ്ജീകരണങ്ങളും റെഡി. ബിപി കുറയ്ക്കാനുള്ള മരുന്ന് ഡ്രിപ്പ് വഴി തന്നു തുടങ്ങി. ഒപ്പം ഗുളികകളും. ഡോക്ടർമാരും നഴ്സുമാരുമൊക്കെ ഇടയ്ക്കിടെ ബിപി നോക്കിക്കൊണ്ടേയിരുന്നു. സീനിയർ ഡോക്ടർമാർ, നഴ്സിങ് മേധാവികള്‍, പിജി വിദ്യാർത്ഥികൾ എന്നിങ്ങനെ ധാരാളം പേർ അന്വേഷിച്ചു വരുന്നുണ്ട്. കോവിഡ് കാലമായതിനാൽ പലർക്കും ഐസിയുവിൽ വരാൻ ബുദ്ധിമുട്ടുണ്ട്. അവരെല്ലാം ഡ്യൂട്ടിയിലുള്ള നഴ്സുമാരോട് വിവരങ്ങൾ തിരക്കുന്നുമുണ്ട്.

വൈകുന്നേരമായതോടെ രക്തസമ്മർദം ഒരു വിധം നിയന്ത്രണത്തിലായി. എന്തുകൊണ്ട് ബിപി വല്ലാതെ കൂടി എ ന്നറിയാനും സങ്കീർണതകൾ വല്ലതുമുണ്ടായിട്ടുണ്ടോ എന്നു കണ്ടു പിടിക്കാനും വൃക്ക, ഹൃദയം, കണ്ണ് പരിശോധനകൾ എല്ലാം നടത്തിക്കഴിഞ്ഞു. ഒന്നിലും ഒരു കുഴപ്പവുമില്ല. അവസാനം രോഗനിർണയമായി– സിസ്റ്റമിക് ഹൈപ്പർ ടെ ൻഷൻ/ഹൈപ്പർ ടെൻസിവ് അർജൻസി. എങ്കിലും ഒരു ദിവസം കൂടി നിരീക്ഷണം വേണമെന്നാണു ഡോക്ടർമാരുടെ നിലപാട്.

രാത്രി ഐസിയുവിൽ ഉറക്കം. രാവിലെ ആയപ്പോഴേക്കും ബിപി ഒരു വിധം നോർമലായി എന്നു പറയാം. ഉച്ചയോടെ വീണ്ടും ഏതോ പരിശോധന. അതിലും കുഴപ്പമൊന്നുമില്ല. എനിക്കാണെങ്കിൽ ഒരു ചെറിയ തലവേദന പോലും അനുഭവപ്പെടുന്നില്ല താനും. ഭാര്യയോടും മക്കളോടും ആശുപത്രിയിലേക്കു വരേണ്ടതില്ല എന്നു പറഞ്ഞിരുന്നു. എങ്കിലും ഉച്ചയോടെ കോട്ടയത്തു നിന്നും അവരെത്തി. ആറു മണിയോടെ ഐസിയുവിട്ട് വീട്ടിലേക്ക്–മരുന്നുകളുടെ കുറിപ്പടിയും, ഭക്ഷണത്തിൽ ഉപ്പു കുറയ്ക്കണമെന്നും നടക്കണമെന്നുമൊക്കെയുള്ള നിർദേശങ്ങളോടെ.

രക്തസമ്മർദം വില്ലൻ

അമിത രക്തസമ്മർദം ലക്ഷണളൊന്നുമില്ലാതെ തന്നെ കടന്നു വരാം, മാരകമാകാം. എന്റെ കാര്യത്തിൽ ഭാഗ്യവശാൽ പറയത്തക്ക കുഴപ്പങ്ങളൊന്നുമുണ്ടായില്ലെങ്കിൽ പോലും. തലച്ചോറിൽ രക്തസ്രാവം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയവക്കൊക്കെ വരാം. അതുകൊണ്ട് തന്നെയാണ് എന്നെ അനങ്ങാൻ പോലും സമ്മതിക്കാതെ ഐസിയുവിൽ എത്തിച്ചതും രക്തസമ്മർദം പടിപടിയായി കുറയ്ക്കാൻ നടപടി സ്വീകരിച്ചതും.

നല്ലൊരു പങ്ക് അമിത രക്സമ്മർദ കേസുകളും കണ്ടുപിടിക്കപ്പെടാറേയില്ല. സങ്കീർണതകൾ വന്നു കഴിഞ്ഞ്, ആ രോഗാവസ്ഥയുമായിട്ടായിരിക്കും മിക്കപ്പോഴും ആളുകൾ വൈദ്യസഹായം തേടുക.

പകുതി നിയമം (Rule of hlves) എന്നത് രക്തസമ്മർദത്തിന്റെ കാര്യത്തിൽ അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണ്. ആകെയുള്ള രക്തസമ്മർദ രോഗികളിൽ പകുതി മാത്രമേ തങ്ങൾക്ക് ഈ ആരോഗ്യ പ്രശ്നമുണ്ടെന്നു അറിയുന്നുള്ളൂ. അവരിൽ പകുതി മാത്രമേ ചികിത്സയ്ക്കു വിധേയരാകുന്നുള്ളൂ. ഇതിൽ പകുതി പേർ മാത്രമാണ് ശരിയായ ചികിത്സ തേടി രക്തസമ്മർദം നിയന്ത്രണ വിധേയമാക്കുന്നുള്ളൂ! അതായത് കേവലം പന്ത്രണ്ടര ശതമാനം പേർ മാത്രമാണ് ശരിയായ ചികിത്സ സ്വീകരിക്കുന്നത്.

എന്റെ ഭാഗത്തെ വീഴ്ച

രക്തസമ്മർദമൊക്കെ നിയന്ത്രണവിധേയമായി, മരുന്നുകളൊക്കെ കുറച്ച് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഭാഗത്തു നിന്നുണ്ടായത് വലിയൊരു വീഴ്ചയാണെന്നുള്ള കാര്യം അംഗീകരിക്കാതെ വയ്യ. വിദഗ്ധരായ സഹപ്രവർത്തകരുടേയും, റെസിഡന്റുമാരുടേയും ഇടയിൽ നിൽക്കുന്ന എനിക്ക് ഇടയ്ക്കിടെ ബിപി നേക്കാൻ എന്തേ സാധിച്ചില്ല? ഉപകരണം എടുത്തുകൊണ്ട് വന്ന് പരിശോധിക്കാൻ എപ്പോഴും സന്നദ്ധരായ, വിളിപ്പുറത്തുള്ളവരുടെ കൂടെ ജോലി ചെയ്യുന്ന എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ ബിപി നിയന്ത്രണ വിധേയമാക്കാത്തതിന് പൊതു സമൂഹത്തെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല എന്ന യാഥാർത്ഥ്യം ഞാൻ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരനുഭവം ആർക്കും ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുകയാണ്.

പൊതുജനങ്ങൾക്ക് ആരോഗ്യസംരക്ഷണ പാഠങ്ങൾ പകർന്നു കൊ ടുക്കുന്നതിൽ മുൻപന്തിയിലുണ്ടെങ്കിലും സ്വന്തം ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയിട്ടില്ല എ ന്ന് സ്വയം തിരിച്ചറിഞ്ഞ നാളുകളാണ് കടന്നു പോയത്. സമയക്കുറവ് എന്നതാണ് മനസ്സ് പറഞ്ഞുകൊണ്ടിരുന്ന തൊടുന്യായം. മെഡിക്കൽ കോളജ് അധ്യാപക സംഘടന, ശ്വാസകോശ വിദഗ്ധരുടെ കൂട്ടായ്മ ഭാരവാഹി എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളുടെ മേൽ പഴി ചാരി വ്യായാമരഹിത ജീവിതവുമായി നടന്നിരുന്ന ഭൂതകാലം രക്തസമ്മർദത്തിനു പിടി മുറുക്കാൻ അവസരമൊരുക്കി എന്നതാണു യാഥാർത്ഥ്യം.

നാൽപത്തിയഞ്ചു മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ നടക്കാനോ നീന്താനോ ഇന്നു ഞാൻ സമയം കണ്ടെത്തുന്നു. ഉത്തരവാദിത്തങ്ങൾ ഒന്നും ഒഴിവാക്കാതെ തന്നെ, ഒരു പക്ഷേ, കൂടുതൽ കാര്യക്ഷമമായി. പക്ഷേ, ആ അവസരത്തിൽ ഗുരുതരമായ എ ന്തെങ്കിലും അന്നു സംഭവിച്ചിരുന്നെങ്കിൽ ഈ തിരിച്ചറിവുകൾക്കുപോലും പ്രസക്തിയുണ്ടാകുമായിരുന്നില്ല എന്ന യാഥാർഥ്യം രോഗികളെ മാത്രമല്ല സമയക്കുറവിന്റെ പേരിൽ സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഡോക്ടർമാർ ഉൾപ്പെടുന്നവരെ ഒാർമിപ്പിക്കുകയാണ്.

നന്ദി ആരോടു ചൊല്ലേണ്ടൂ

വലിയൊരു അപകടത്തിൽനിന്നും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസ തീരത്താണിപ്പോൾ ഞാൻ. ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല. യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതിരുന്നിട്ടും ബിപി ഒന്നു നോക്കണമെന്നു കൂടയുണ്ടായിരുന്ന യുവ ഡോക്ടറോട് ആ വശ്യപ്പെടാൻ തോന്നിച്ച ശക്തിയോട്, പരിശോധിച്ച ഡോക്ടർമാർ, പരിചരിച്ച നഴ്സുമാർ, മറ്റ് ജീവനക്കാർ, ഐസിയുവിലാണെന്ന് ഞെട്ടലോടെ അറിഞ്ഞ് വന്നെത്തിയ, വിളിച്ച സഹപ്രവർത്തകർ, അധികൃതർ, വിവിധ സംഘടനാ നേതാക്കൾ, വിദ്യാർത്ഥികൾ, എന്റെ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ സമാധാനിപ്പിച്ച് ഒപ്പം നിന്ന കുടുംബാംഗങ്ങൾ എല്ലാവർക്കും നന്ദി പറയാതെ വയ്യ.

ഒരു കാര്യം കൂടെ പറയാതെ ഈ കുറിപ്പു പൂർണമാകുമെന്നു തോന്നുന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലാതെയായിരുന്നല്ലോ എന്റെ ഒന്നര ദിവസത്തെ ഐസിയു വാസം. തീരെ ചെറുപ്പത്തിലല്ലാതെ ഞാൻ ആശുപത്രിയിൽ രോഗിയായി കിടന്നിട്ടു പോലുമില്ല. ബോറടി സ്വാഭാവികം. അ തുകൊണ്ട് തന്നെ ഐസിയുവിൽ കിടക്കുന്ന മറ്റ് രോഗികളെ പരിചരിക്കുന്നതും ശ്രദ്ധിച്ചുകൊണ്ടായിരുന്നു. എത്ര കരുതലോടെയാണ്, സ്നേഹത്തോടെയാണ് അവർ ഓരോരുത്തരേയും പരിചരിക്കുന്നത് എന്നത് നേരിൽ കാണാൻ കഴിഞ്ഞു. എന്നോടുള്ള പരിചരണം പോലെ തന്നെ ഐസിയുവിൽ കിടക്കുമ്പോൾ ചില ർക്ക് മതിഭ്രമം (ICU Psychosis) പോലെ വരും. അങ്ങനെ ഉണ്ടായ ഒരു പ്രായമേറിയ രോഗിയെ മകളെ പോലെ അടുത്തു നിന്ന്, വർത്തമാനം പറഞ്ഞ് ആശ്വസിപ്പിച്ച നഴ്സിനെയും ഞാൻ അവിടെ കണ്ടു. ഈ ആത്മസമർപ്പണത്തിന് മുന്നില്‍ ശിരസ്സു നമിക്കാതെ വയ്യ. സീനിയർ അധ്യാപകൻ, ഡോക്ടർ എന്ന നിലയ്ക്ക് എനിക്ക് കിട്ടിയതു പോലെ തന്നെ എല്ലാവർക്കും മികച്ച ശുശ്രൂഷ ലഭിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞതിൽ ആരോഗ്യ പ്രവർത്തകൻ എന്നതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ കൂടിയായിരുന്നു എന്റെ ഐസിയു വാസക്കാലം.

Tags:
  • Manorama Arogyam
  • Health Tips