Wednesday 19 January 2022 03:39 PM IST : By മനോരമ ആരോഗ്യം ആർകൈവ്

മാറാത്ത കഴുത്തുവേദനയും തലവേദനയും, പരിശോധനയിൽ തലച്ചോറിന് മാരക അണുബാധ: ഒച്ചുകൾ വില്ലനായ അനുഭവം വിവരിച്ച് ഡോ. സുജിത് ചന്ദ്രൻ

ochu32435

സമീപകാലത്ത് ആഫ്രിക്കൻ ഒച്ചുകൾ വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒച്ചിന്റെ ശരീരത്തിൽ നിന്നുള്ള പരാദം മൂലം ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് ബാധിച്ച ഒരു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. സുജിത് ചന്ദ്രൻ.

തലച്ചോറിന്റെ വികാസംകൊണ്ട് മാത്രം ലോകത്തെ നിയന്ത്രിച്ച് സകലതിന്റെയും ഉടമ എന്ന് മനുഷ്യൻ സ്വയം അവകാശപ്പെടുന്നുണ്ട്. എങ്കിലും തന്റെ ദൗർബല്യത്തിന്റെ കാഠിന്യം തിരിച്ചറിയേണ്ടി വരുന്ന അവസ്ഥകൾ അവന് ഉണ്ടായിട്ടുണ്ട്. ചൈനയിലെ വുഹാനിലെ ഒരു ചന്തയിൽ നിന്നും മനുഷ്യനിലേക്ക് കുടിയേറി , ഇന്ന് ലോകജനതയുടെ 90 ശതമാനത്തയും വീട്ടിൽ അടച്ചിട്ട കോവിഡ് വൈറസ് ബാധ ഒരു ഉദാഹരണം മാത്രം. പ്രകൃതിയിലെ ഒരു ചെറു ജീവിയായ ഒച്ചിൽ കഴിയുന്ന ഒരു പരാദം മനുഷ്യനിലേക്കു പകരുന്ന ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് എന്ന് അപൂർവരോഗം ചികിത്സിച്ചു ഭേദമാക്കിയതിന്റെ അനുഭവം ആണ് എനിക്കു പങ്കുവയ്ക്കുവാനുള്ളത്.

ഒച്ചിൽ നിന്നു രോഗബാധിതനായി

കോട്ടയത്ത് ഏറ്റുമാനൂരിലെ ക്ലിനിക്കിൽ ( Dr. Sujith’s Clinic) ചികിത്സയ്ക്കു വരാറുള്ള 65 വയസ്സോളം പ്രായമുള്ള അതിരമ്പുഴ സ്വദേശിയായ വ്യക്തി ഒരു ദിവസം തലവേദനയും, കഴുത്തുവേദനയുമായി എത്തി. പ്രാഥമിക പരിശോധനയിൽ കുഴപ്പം ഒന്നും തോന്നാത്തതിനാൽ മരുന്നു നൽകുകയും കുറഞ്ഞില്ലെങ്കിൽ വീണ്ടും വരാൻ ആവശ്യപ്പെടുകയും ചെയ്തു. മരുന്നു കഴിച്ചിട്ടും വേദന കുറയാത്തതിനാൽ അദ്ദേഹം വീണ്ടും ക്ലിനിക്കിൽ വന്നു. കൂടുതൽ പരിശോധനകൾക്കായി അദ്ദേഹത്തെ കോട്ടയം എസ്. എച്ച്. മെഡിക്കൽ സെന്ററിലേക്കു മാറ്റി. തുടർന്നു സിടി സ്കാൻ ചെയ്തു. സിടി സ്കാൻ നോർമൽ ആയതിനാൽ 24 മണിക്കൂർ നിരീക്ഷിച്ചു.

പനിയോ, ഛർദിയോ ഉണ്ടാകുന്നുണ്ടോ എന്ന് അറിയുന്നതിനായിരുന്നു ഇത്. വേദന കുറയാതിരുന്നതിനാൽ, എം ആർ െഎ, എം ആർവി ( MRI+MRV) സ്കാൻ പരിശോധന ഇവയും നടത്തി.

എന്നാൽ അദ്ദേഹത്തിന്റെ തലവേദന വീണ്ടും കൂടുകയും കണ്ണുകൾക്കു മൂടൽ അനുഭവപ്പെടുകയും ചെയ്തു. പരസ്പരവിരുദ്ധമായി സംസാരിക്കുവാനും തുടങ്ങി. തുടർന്ന് അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റി. തലച്ചോറിനെയും സുഷുമ്നാനാഡിയേയും (കേന്ദ്രനാഡീവ്യൂഹം) ബാധിക്കുന്ന രോഗാവസ്ഥകൾ അറിയുന്നതിനുള്ള നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്തുള്ള (CSF Study) പരിശോധന നടത്തി. തലച്ചോർ, നാഡീവ്യൂഹം എന്നിവയിലെ രോഗാവസ്ഥകൾ അറിയുന്നതിനുള്ള അവസാന വാക്കാണ് ഈ പരിശോധന. പരിശോധനയിൽ അദ്ദേഹത്തിന്റെ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡിൽ അണുബാധ കാണുകയും അതിൽ ഇസ്നോഫീലിയ 70 ശതമാനത്തോളം കണ്ടെത്തുകയും ചെയ്തു. ഇത്രയും ഇസ്നോഫീലിയ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡിൽ കാണുന്നത് വൈദ്യശാസ്ത്ര ചരിത്രത്തിൽ അപൂർവമാണ്.

ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് എന്ന അപൂർവ രോഗത്തിന്റെ സാന്നിധ്യം ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. അടിയന്തര തുടർ ചികിത്സയ്ക്കു വിധേയനാക്കിയപ്പോൾ തൽഫലമായി 24 മണിക്കൂർ കൊണ്ട് രോഗിയുടെ തലവേദന കുറഞ്ഞു. രോഗം ഭേദപ്പെട്ടു. മൂന്നുദിവസത്തിനു ശേഷം രോഗിയെ വാർഡിലേക്കു മാറ്റി. അഞ്ചു ദിവസത്തിനു ശേഷംപൂർ‌ണ ആരോഗ്യവാനായി മടങ്ങി.

എന്താണ് ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് ?

അപൂർവങ്ങളിൽ അപൂർവമായി കാണുന്ന രോഗമാണ് ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ്. സെറിബ്രോ സ്പൈനൽ ദ്രാവകത്തിലെ ല്യൂക്കോസൈറ്റുകളിൽ 10 ശതമാനത്തി ൽ കൂടുതൽ ഇസ്നോഫീലുകളുടെ അളവ് (eosinophils/mm3) ആകുന്ന തിന്റെ സാന്നിധ്യമാണ് ഇസ്നോഫീലിയ മെനിഞ്ജൈറ്റിസ്. അസഹനീയമായ തലവേദന, ഓക്കാനം, ഛർദി, കൈകാൽ മരവിപ്പ് എന്നിവയൊക്കെയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

തുടക്കത്തിലെ ഈ രോഗം കണ്ടെത്തി ചികിത്സില്ലെങ്കിൽ രോഗി തളർച്ചയിലേക്കു പോകുകയും, ബോധക്ഷയം സംഭവിക്കുകയും (കോമ സ്േറ്റജിൽ ആകുകയും) സ്ഥിരമായി തലച്ചോറിനു നാശം സംഭവിക്കുകയും ചെയ്യാം.

ഒച്ചിലെ പരാദം

പ്രധാനമായും ഒച്ചുകളുടെ ശരീരത്തിൽ കാണപ്പെടുന്ന ആൻജിയോസ്ട്രോംഗൈലസ് കാന്റോനെൻസിസ് എന്ന പരാദം വഴിയാണ് ഈ രോഗം ഉണ്ടാകുന്നത് . എങ്കിലും ചില മരുന്നുകൾ, ആന്റിബയോട്ടിക് എന്നിവയുടെ ഉപയോഗം മൂലവും ഈ രോഗം ഉണ്ടാകുന്നതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചൈന, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ വേവിക്കാതെ തവള, ഉടുമ്പ് എന്നിവയെ ഭക്ഷിച്ച ആളുകളിലും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം മൂർച്ഛിച്ചാൽ തലച്ചോറിനു നാശം സംഭവിക്കാം. കോമാ അവസ്ഥയിലെത്തി മരണം പോലും സംഭവിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീട്ടിൽ ഒച്ചിനെ കണ്ടപ്പോൾ

രോഗിയുടെ വീട്ടിൽ ഒച്ചുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിനായി ഞങ്ങൾ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചു. വീടിനുള്ളിലോ, അകത്തെ ബാത്റൂമുകളിലോ ഒച്ചിന്റെ കഫം (mucus of snail) പോലെ ഒന്നും കണ്ടില്ല. രോഗിയോടു ചോദിച്ചറിഞ്ഞതിൽ നിന്നും അതിരാവിലെ ഉണരുന്ന അദ്ദേഹം പല്ലു തേക്കുന്നതിനും മറ്റുമായി വീടിനു പുറത്തുള്ള പൈപ്പ്, ശുചിമുറി ഇവ ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. അവിടെ പരിശോധിച്ചതിന്റെ ഫലമായി ഒച്ചിന്റെ കഫം, കാഷ്ഠം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. പല്ലു തേക്കുന്നതിനുള്ള ബ്രഷ് ഇരിക്കുന്നിടത്തും ഇവ കാണപ്പെട്ടു.

അതിരാവിലെ സൂര്യപ്രകാശം വരുന്നതിനു മുൻപുള്ള സമയം ആയതിനാലും, ശുചിമുറിയുടെ വാഷ് ബെയ്സിന്റെ ഭാഗത്തു ലൈറ്റ് ഇല്ലാത്തതിനാലും അദ്ദേഹത്തിനു കൃത്യമായി ഒച്ചുകളെ ശ്രദ്ധിക്കുവാൻ കഴിഞ്ഞിരുന്നില്ല. ആയതിനാൽ ഇവിടെ നിന്നാണ് ഒച്ചിന്റെ ശരീരത്തിൽ കാണപ്പെടുന്ന പരാദം അദ്ദേഹത്തിലേക്ക് എത്തിയതെന്നും തുടർന്ന് ലാർവ തലച്ചോറിൽ പ്രവേശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

ഈ രോഗം ഇന്ത്യയിൽ

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഈ രോ ഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നതു വളരെ കുറവാണ്.ദക്ഷിണേന്ത്യയിലാണ് ഈ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ കേരളത്തിൽ ആ ണ് കൂടുതൽ. ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് എന്ന രോഗം കേരളത്തിൽ സ്ഥിരീകരിച്ചു പബ്ലിഷ് ചെയ്തിരിക്കുന്നത് നാലഞ്ചു കേസുകൾ മാത്രമാണ്. തിരുവനന്തപുരം മെ‍ഡി. കോളേജ്, കോഴിക്കോട് മെഡ‍ി.കോളേജ് എന്നിവിടങ്ങളിൽ ഇതുമായി ബന്ധപ്പെട്ടു പഠനം നടന്നിട്ടുണ്ട്.

പഠനങ്ങളിൽ സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡിൽ ഇസ്നോഫീലിയയുടെ അളവ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 40 വയസ്സുള്ള ഒരു പുരുഷനിലാണ്. 55% ആണ് ഇത്. ഈ കേസിൽ 70% ആയിരുന്നു ഇസ്നോഫീലിയയുടെ അളവ്.

ഒച്ചിലൂടെ പകരുന്ന രോഗങ്ങൾ

ഒച്ചുകളിൽ കാണുന്ന പരാദങ്ങൾ (parasites) മുഖാന്തരം ആൻജിയോസ്ട്രോംഗിലിയാസിസ്, ക്ലോനോർചിയാസിസ്, ഫാസിയോലിയാസിസ്, ഫാസിയോലോപ്സിയാസിസ്, ഒപിസ്േറ്റാർചിയാസിസ്, പാരാഗോണിമിയാസിസ്, സിസ്േറ്റാസോമിയാസിസ്, ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾ മനുഷ്യനിലേക്കു പകരും.

പാരാഗോണിമിയാസിസ്, സിസ്
േറ്റാസോമിയാസിസ്, ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരും. പാരാഗോണിമിയാസിസ്, സിസ്േറ്റാസോമിയാസിസ് എന്നീ രോഗങ്ങൾ സാധാരണ കണ്ടുവരുന്നതാണ്. അതിൽ സിസ്േറ്റാസോമിയാസിസ് കുട്ടികളെയും ബാധിക്കുന്നുണ്ട്. കരളിനെയും വൃക്കയെയും ആണ് ഈ രോഗം ബാധിക്കുന്നത്.

എല്ലാ ഒച്ചുകളും അപകടകാരികളോ?

എല്ലാ ഒച്ചുകളും അപകടകാരികളല്ല. ഒച്ചുകളിൽ കോൺÐ സ്‌നെയ്ൽസ് എന്ന വിഭാഗത്തെയാണ് അപകടകാരികളായി പറയുന്നത്. ഇവ ചൂടു കാലങ്ങളിൽ മണ്ണിനടിയിൽ കുഴിയുണ്ടാക്കുകയും മഴക്കാലത്തു പുറത്തിറങ്ങുകയും ചെയ്യുന്നു. രാത്രിയിലാണ് ഇവയുടെ സഞ്ചാരം. യഥാർത്ഥത്തിൽ ഒച്ചിൽ നിന്നല്ല ഈ രോഗം മ നുഷ്യനിലേക്കു പകരുന്നത്. ഒച്ച് വാഹകർ മാത്രമാണ്.ഒച്ചുകളുടെ ശരീരത്തിൽ കഴിയുന്ന ഒരു പരാദം ആണ് ഈ രോഗം പരത്തുന്നത്. ചെറിയ വിര പോലെ ഒച്ചുകളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചു കഴിയുന്ന ഈ പരാദങ്ങളെ ഒച്ചുകൾക്കു ലഭിക്കുന്നത് എലികളുടെ മൂത്രത്തിൽ നിന്നും കാഷ്ഠത്തിൽ നിന്നുമാണ്. ആയതിനാൽ എല്ലാ ഒച്ചുകളുടേയും ശരീരത്തിൽ പരാദങ്ങൾ കാണണമെന്നില്ല. ഒച്ചിൽ നിന്നും മനുഷ്യനിലേക്ക് ഇവ പകരാം.

ഒച്ചുകൾ കൂടുതലുള്ള പ്രദേശ ത്തുകൂടി നടക്കുന്നതിലൂടെ കാലുകളിലൂടെ പരാദങ്ങൾ ശരീരത്തിലെത്താം. ഒച്ചുകളെ നേരിട്ടു വേവിക്കാതെ ഭക്ഷിക്കുന്നവരിൽ ഈ രോഗം പകരാനുള്ള സാധ്യതകൾ ഏറെയാണ്. മനുഷ്യശരീരത്തിൽ ഇവ കയറിയാൽ ലാർവകൾ വഴിയാണ് ഇവ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. മൂന്നു സ്േറ്റജുകൾ ആയാണ് ലാർവ രൂപാന്തരപ്പെടുന്നത്. അതിൽ മൂന്നാമത്തെ സ്േറ്റജ് ലാർവ ആണ് തലച്ചോറിലേക്കു കയറുന്നതും ഈ ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് രോഗം ഉണ്ടാക്കുന്നതും. ‌

ഒച്ചുകളെ തുരത്താം

പറമ്പിലോ, വീട്ടിലോ ഒച്ചുകളുടെ ശല്യം കൂടുതലാണെങ്കിൽ അടുക്കളയിലുള്ള കുറച്ചു വസ്തുക്കൾ ഉപയോഗിച്ച് അവയെ തുരത്താം.

∙വീടിനുള്ളിൽ വെളുത്തുള്ളി അരച്ചു തളിക്കുക. ആവശ്യാനുസരണം പൂന്തോട്ടത്തിലും മുറ്റത്തും വീടിനു ചുറ്റും വെളുത്തുള്ളി ലായനി തളിക്കുക. വെളുത്തുള്ളി സ്പ്രേ ഉപയോഗിച്ച് ഒച്ചുകളെ നനയ്ക്കാം. അങ്ങനെ ഒച്ചുകളെ കൊല്ലാം. ∙ ഉപ്പ് ഉപയോഗിച്ച് ഒച്ചുകളെ ഇല്ലാതാക്കാം.ഒച്ചുകൾ കൂടുതലുള്ള മുറികളിൽ ഉപ്പ് വിതറിയാൽ ഒച്ച് വരില്ല.

∙ കട്ടൻ കാപ്പിയിലെ കഫീൻ ഒച്ചുകളെ തുരത്തുവാൻ ഉതകുന്നതാണ്. പറമ്പിലെ ഒച്ചുകളെ തുരത്തുവാൻ അയൺ ഫോസ്ഫേറ്റ് ഉപയോഗിക്കുക. ഇത് ഒരു മോളസ്സിസൈഡ് ആണ്. .

മഴക്കാലത്താണ് ഒച്ചുകളെ കൂടുതലായും കാണുന്നത്. പറമ്പുകളിൽ നിന്നുള്ള പച്ചക്കറികൾ നന്നായി കഴുകാതെ ഉപയോഗിക്കുക, വെള്ളം തിളപ്പിച്ചു മൂടിവയ്ക്കാതെ ഉപയോഗിക്കുക എന്നിവയിലൂടെ ഒച്ചിൽ നിന്ന് ഈ രോഗം എത്താം. ഒച്ചുകളിൽ നിന്നും കോഴി, പോത്ത് എന്നിവയിലേക്ക് എത്തുന്ന വിര അവയിൽ നിന്നും നമ്മിലേക്ക് എത്താം. ആഹാര സാധനങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പ്രത്യേകിച്ച് ഫ്രിജിൽ നിന്നും എടുക്കുമ്പോൾ ചൂടാക്കിയും, മൂടി വച്ചും ഉപയോഗിക്കുക. പച്ചക്കറികൾ പറമ്പിലുള്ളവ ആണെങ്കിലും വാങ്ങിക്കുന്നതാണെങ്കിലും കഴുകി ഒച്ചുകളുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പു വരുത്തണം. ജലസ്രോതസ്സുകളിലും ഒച്ചുകളുടെ സാന്നിധ്യമില്ല എന്ന് ഉറപ്പു വരുത്തണം. കോഴി, പോത്ത്, തുടങ്ങിയവയുടെ മാംസം നന്നായി വേവിച്ചു കഴിക്കണം.

( കോട്ടയം എസ്. എച്ച് മെഡിക്കൽ സെന്ററിലെ കൺസൽറ്റന്റ് ഫിസിഷ്യനും ഡയബറ്റോളജിസ്‌റ്റുമാണ് ഡോ. സുജിത് ചന്ദ്രൻ )

സമീപകാലത്ത് ആഫ്രിക്കൻ ഒച്ചുകൾ വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒച്ചിന്റെ ശരീരത്തിൽ നിന്നുള്ള പരാദം മൂലം ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് ബാധിച്ച ഒരു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. സുജിത് ചന്ദ്രൻ.

സമീപകാലത്ത് ആഫ്രിക്കൻ ഒച്ചുകൾ വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒച്ചിന്റെ ശരീരത്തിൽ നിന്നുള്ള പരാദം മൂലം ഇസ്നോഫീലിക് മെനിഞ്ജൈറ്റിസ് ബാധിച്ച ഒരു രോഗിയെ ചികിത്സിച്ചു സുഖപ്പെടുത്തിയ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഫിസിഷനും ഡയബറ്റോളജിസ്റ്റുമായ ഡോ. സുജിത് ചന്ദ്രൻ.

Tags:
  • Daily Life
  • Manorama Arogyam