Saturday 08 January 2022 04:04 PM IST : By ഡോ. പി. എസ്. ഷാജഹാൻ

പരിശോധനാതിരക്കിനിടയിൽ ഉൾവിളി പോലെ ബിപി നോക്കി; പിന്നെ നേരേ ഐസിയുവിലേക്ക്: ഒാർക്കാപ്പുറത്ത് രോഗിയായ ഡോക്ടറുടെ അനുഭവം

drshaj31243

രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ തന്നെ രോഗിയായി മാറിയാലോ? അതും പുറമേക്ക് രോഗത്തിന്റേതായ യാതൊരു ലക്ഷണങ്ങളുമില്ലാതെ ഒാടിനടക്കുമ്പോൾ.... ഇങ്ങനെ ഒാർക്കാപ്പുറത്ത് ഐസിയുവിൽ രോഗിയായി പ്രവേശിപ്പിക്കപ്പെട്ട അനുഭവം, ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗം പ്രഫസർ ഡോ. പി. എസ്. ഷാജഹാൻ വിവരിക്കുന്നു

പതിവിലേറെ തിരക്കുള്ള ദിനമായിരുന്നു ഒക്ടോബർ അഞ്ചിലെ ചൊവ്വാഴ്ച. രാവിലെ തൊറാക്കോസ്ക്കോപ്പിക്കായി (ശ്വാസകോശ ആവരണങ്ങൾക്കിടയിൽ ചെറിയ കുഴൽ കടത്തിയുള്ള പരിശോധന) രോഗിയെ പോസ്റ്റു ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞ് വാർഡുകളിലെ രോഗികളെ പരിശോധിക്കാന്‍ പോകണം. തുടർന്ന് ഒരുപാട് ഔദ്യോഗിക തിരക്കുകളുള്ള ദിവസം. ഒരു മണിക്കൂർ കൊണ്ട് തൊറാക്കോസ്കോപ്പി പൂർത്തിയാക്കി രോഗിയെ തിരികെ വാർഡിലേക്കു മാറ്റി. വിശദമായ വാർഡുസന്ദർശനത്തിനു മുൻപ് ചെറിയൊരു ടീ ബ്രേക് പതിവുള്ളതാണ്. അപ്പോഴാണ് ഒരുൾവിളി പോലെ രക്തസമ്മർദം ഒന്നു നോക്കിയേക്കാമെന്നു കരുതിയത്. ബിപി നോക്കിയ സീനിയർ റെസിഡന്റ് ഡോ. ആഷിക്കിന്റെ മുഖം ഒന്നു ചുളിഞ്ഞോ, ഓർക്കുന്നില്ല. ‘‘ബിപി അല്പം കൂടുതലാണ് സാർ. നമ്മുടെ ബിപി അപ്പാരറ്റസിന് ചെറിയ കുഴപ്പമുണ്ടെന്നു തോന്നുന്നു. വാർഡിൽ ചെന്ന് വീണ്ടും ഒന്നു നോക്കാം’’. ആഷിക്ക് പറഞ്ഞു.

എങ്കിൽ പിന്നെ വിശദമായി നോക്കിക്കളയാം. ചെറിയ തോതിൽ ബിപി നേരത്തെ തന്നെ ഉണ്ടായിരുന്നതിനാൽ മരുന്നുകൾ വല്ലതും മാറ്റണമെങ്കിൽ അതുമാകാമല്ലോ. സുഹൃത്തും കാർഡിയോളജിസ്റ്റുമായ ഡോ. അബ്ദുൾ സലാമിനെ വിളിച്ചുകാര്യം പറഞ്ഞു. കാത്ത് ലാബിലേക്കെത്താനായിരുന്നു നിർദേശം. കോവിഡ് കാലമായതിനാല്‍ കഴിവതും ലിഫ്റ്റ് ഉപയോഗിക്കാറില്ല. അഞ്ചാം നിലയിലുള്ള കാത്ത് ലാബിലേക്ക് നടന്നുതന്നെ കയറി.

നാലഞ്ചു മിനിട്ടു നേരത്തെ വിശ്രമത്തിനു ശേഷം ഡോ. സലാം ബിപി നോക്കി. കുറച്ചു കൂടുതലാണല്ലോ എന്ന കമന്റോടുകൂടി സീനിയർ കാർഡിയോളിസ്റ്റായ ഡോ. ബൈജുവിനോട് രക്തസമ്മർദം പരിശോധിക്കാൻ ആവശ്യപ്പെടുന്നു. ഒന്ന് ബിപി നോക്കാൻ ഇത്രയധികം വിദഗ്ധർ വേണോ എന്ന സംശയം എന്റെ മനസ്സിലൂടെ കടന്നുപോയി.

(വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം  ജനുവരി 2022 ലക്കം കാണുക)

Tags:
  • Daily Life
  • Manorama Arogyam