Wednesday 28 July 2021 04:27 PM IST : By സ്വന്തം ലേഖകൻ

‘രക്തം ഛർദ്ദിച്ച് ആശുപത്രിയിലെത്തിയ രോഗി, പതിയിരുന്നത് ഹെപ്പറ്റൈറ്റിസ്’: ഡോക്ടർ പറയുന്നു

Cirrhosis

കുറച്ചു നാളുകൾക്കു മുൻപ് ഒരു രോഗി രക്തം ഛർദ്ദിച്ചു എന്റെ ആശുപത്രിയിൽ വരികയുണ്ടായി. തുടർന്നു നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കരൾവീക്കം അഥവാ Cirrhosis എന്ന രോഗം ആണ് എന്ന് സ്ഥിരീകരിച്ചു. ഇത് രോഗിക്കും അവരുടെ ബന്ധുക്കൾക്കും വളരെയധികം മാനസിക സംഘർഷം ഉണ്ടാക്കി. കാരണം കരൾ വീക്കം മദ്യപാനത്തിലൂടെ മാത്രമേ വരികയുള്ളൂ എന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ ഈ രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബി എന്ന വൈറസിന്റെ അണുബാധ മൂലമാണ് കരൾവീക്കം വന്നത്.

ലോകാരോഗ്യ സംഘടനയുടെ ഒരു കണക്ക് പ്രകാരം ഏകദേശം 9 ലക്ഷം ആളുകൾ ആണ് ഒരു വർഷം വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിക്കുന്നത്. അതായത് ഓരോ മുപ്പതു സെക്കന്റിലും ഒരു മരണം വീതം. ഇത്രയും മാരകമായ പ്രഹരശേഷി ഉള്ള ഒരു അസുഖത്തിനെതിരെ ഇനിയും നമ്മൾ പ്രവർത്തിക്കാൻ താമസിച്ചു കൂടാ എന്ന സന്ദേശവുമായി (Hepatitis can’t waits) ആണ് ഈ 2021 ജൂലൈ 28 ലോകാരോഗ്യ സംഘടന  'world Hepatitis day' ആചരിക്കുന്നത്.

ഇംഗ്ലിഷ് അക്ഷരമാലയിലെ ആദ്യ അഞ്ച് അക്ഷരങ്ങൾ (A,B, C, D, E) ആണ് അഞ്ച് വ്യത്യസ്തമായ വൈറസുകൾക്ക് പേരുകളായി നൽകിയിരിക്കുന്നത്. ഇവ ഉണ്ടാക്കുന്ന അസുഖത്തെ വൈറൽ ഹെപ്പറ്റൈറ്റിസ് എന്ന് വിളിക്കുന്നു. ഇതിൽ ഹെപ്പറ്റൈറ്റിസ് A, ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് E എന്നീ വൈറസുകൾ തീവ്രരോഗബാധ (Acute Hepatitis) ഉണ്ടാക്കാൻ കാരണം ആകാറുണ്ട്.

ഈ  Acute Hepatitis നെ നമ്മൾ സാധാരണ ‘മഞ്ഞപ്പിത്തം’ എന്ന് നാട്ടിൻപുറത്ത് വിളിക്കും (പരിഭാഷ അത്ര ശരിയായില്ലെങ്കിലും). തീവ്രരോഗ ബാധ (Acute Hepatitis) സാധാരണ സ്വയം മാറുന്ന ഒരു വൈറസ് രോഗം ആണ്. ഇതിന് ഒരു ചികിത്സയും സാധാരണയായി ആവശ്യമില്ല. ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനം പതുക്കെ പതുക്കെ രോഗത്തെ കീഴ്പ്പെടുത്തി ശരീരത്തെ സാധാരണ നിലയിലേക്ക് കൊണ്ടും വരും. എന്നാൽ രോഗം വളരെ അപൂർവമായി മൂർച്ചിക്കുകയും വൈറസ് മൂലം കരളിന്റെ പൂർണ്ണമായ തകരാറ് സംഭവിക്കുകയും ചെയ്യാറുണ്ട്. ഇതിനെ 'Acute liver failure എന്നാണ് പറയുന്നത്. ഈ അവസ്ഥയിൽ കരൾ മാറ്റി വെയ്ക്കാൻ ശസ്ത്രക്രിയ മാത്രമാണ് രോഗിയെ രക്ഷfക്കാനുള്ള ഏക വഴി. അല്ലാത്ത പക്ഷം രോഗി പലപ്പോഴും മരണത്തിന് കീഴ്പ്പെട്ടേക്കാം.

ഹെപ്പറ്റൈറ്റിസ് B, C വൈറസുകൾക്ക് മനുഷ്യ ശരീരത്തിൽ വർഷങ്ങളോളം വിട്ടു മാറാതെ കഴിയാനും കരളിനെ കേടു വരുത്താനുമുള്ള കഴിവുണ്ട്. ഈ അവസ്ഥയെ Chromo Hepatitis എന്നാണ് പറയുന്നത്. ഇത്തരം സന്ദർഭങ്ങൾ നേരത്തെ നമുക്ക് തിരിച്ചറിയാൻ സാധിച്ചാൽ, ഫലപ്രദമായി മരുന്നുകൾ മൂലം ചികിത്സിക്കാനും അണുബാധ നിയന്ത്രണത്തിൽ ആക്കാനും സാധിക്കും. ഇത് തിരിച്ചറിയാതിരുന്നാൽ ഈ വൈറസുകൾ ശരീരത്തിൽ ഒരു നിശബ്ദ കൊലയാളിയെപ്പോലെ പ്രവർത്തിക്കുന്നതാണ്. പിന്നീട് ഇവ കരൾ വീക്കം, കരൾ അർബുദം ഇവ ഉണ്ടാകുന്നതിന് കാരണമാണ്. ക്രോണിക് ഹെപ്പറ്റൈറ്റിസ് B,C എന്നിവയുടെ ഫലപ്രദമായ ചികിത്സ ഇന്ന് ആധുനിക വൈദ്യ ശാസ്ത്രത്തിൽ ലഭ്യമാണ്. ഇതിൽ ഹെപ്പറ്റൈറ്റിസ്  സി ഇന്ന് പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരു രോഗമായി മാറിയിരിക്കുന്നു.

ശുചിത്വമുള്ള ഭക്ഷണവും വെള്ളവുമുപയോഗിച്ച് നമുക്ക് ഹെപ്പറ്റൈറ്റിസ് A, E വൈറസ് ബാധയുണ്ടാകാതെ തടയാൻ പറ്റും. ഹെപ്പറ്റൈറ്റിസ് B (അണുബാധ നമുക്ക് വാക്സിനേഷൻ വഴി തടയാൻ സാധിക്കും. രോഗബാധിതരായ ഹെപ്പറ്റൈറ്റിസ്  B C വൈറസ് രോഗികളെ ഫലപ്രദമായി ചികിത്സിച്ചാൽ കരൾ വീക്കം, കരൾ അർബുദം എന്നിവ വരാതെ രോഗിയുടെ  ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കും. ആയതിനാൽ രോഗബാധിതർ ചികിത്സക്കു കാത്തു നിൽക്കരുതെന്നും രോഗമില്ലാത്തവരിൽ വാക്സിൻ താമസിക്കാതെ നൽകണമെന്നും അതിനായി വിവിധ സാമൂഹിക സംഘടനകളും ആരോഗ്യ സംവിധാനങ്ങളും ഇനിയും കാത്തു നിൽക്കാതെ തയാറാകണം എന്ന നിർദ്ദേശമാണ് ലോകാരോഗ്യ സംഘടന ഈ വർഷം മുന്നോട്ടു വെച്ചിരിക്കുന്നത്.

വൈറൽ ഹെപ്പറ്റൈറ്റിസ്  രോഗികൾ രോഗനിർണയത്തിന് ശേഷം കരളിന് ഹാനികരമായ മദ്യം, മറ്റ് മരുന്നുകൾ പൂർണമായും വർജിക്കേണ്ടതാണ്. തീവ്രരോഗം (Acute Hepatitis) നിർണയിക്കുന്ന രോഗികൾ ചികിത്സ അവഗണിക്കുന്നത് നല്ലതല്ല. ആവശ്യമായ വിശ്രമവും ചിട്ടയായ ജീവിതശൈലിയും രോഗശമനത്തിന് സഹായകരമാണ്. പലപ്പോഴും രോഗനിർണയത്തിന് ശേഷം രോഗികൾ അശാസ്ത്രീയമായ ചികിത്സ തേടി പോകുന്നത് കണ്ടിട്ടുണ്ട്. പല രോഗികളിലും രോഗം തനിയെ ഭേദമാകുന്നത് കാരണം ആണ്  പലപ്പോഴും ഇങ്ങനെ ചിന്തിക്കുവാൻ സമൂഹത്തിൽ ചിലരെ നയിക്കുന്ന ഘടകം. എന്നാൽ  അശാസ്ത്രീയമായ ചികിത്സ മൂലം ചില രോഗികൾക്കെങ്കിലും രോഗം മൂർച്ചിക്കാറുണ്ടെന്ന് നാം തിരിച്ചറിയേണ്ടതാണ്. അതിനാൽ ശാസ്ത്രീയമായ ചികിത്സ തന്നെയാണ് ഏറ്റവും ഉത്തമം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. രമേശ്‌

കരൾ രോഗ വിദഗ്ധൻ

പുഷ്പഗിരി ഹോസ്പിറ്റൽ

തിരുവല്ല