Friday 19 July 2024 04:02 PM IST : By സ്വന്തം ലേഖകൻ

മദ്യപിക്കുന്നവർക്കും പുകവലിക്കുന്നവർക്കും രക്തദാനം ചെയ്യാമോ, പ്രത്യുൽപാദന ശേഷി കുറയ്ക്കുമോ? 10 ശരിതെറ്റുകൾ

blood4324

ബ്ലഡ് ബാങ്കിലേക്കു ഓടിക്കിതച്ചെത്തിയ യുവാവ് പറഞ്ഞു, ‘‘ ഡോക്ടറേ..  നാളെ അമ്മയുെട സർജറിയാണ്. 

രക്തം വേണം. രക്തം നൽകാൻ രണ്ടുപേർ തയാറായിട്ടുണ്ട്. പക്ഷേ മൂന്നു കുപ്പി രക്തം വേണം. വേറെ ആരുമില്ല’’. 

താങ്കൾക്ക് നല്ല ആരോഗ്യമുണ്ടല്ലോ, അമ്മയ്ക്കു വേണ്ടി രക്തം കൊടുത്തുകൂടെ?–ഡോക്ടർ ചോദിച്ചു.

അല്ല ഡോക്ടർ.. അത്.. അത്.. 

തെല്ലുമടിയോടെ അയാൾ പറഞ്ഞു, ഞാൻ മദ്യപിക്കും. മദ്യം കഴിക്കുന്നവർക്കു രക്തം കൊടുക്കാൻ പാടില്ലല്ലോ..

എപ്പോഴാ അവസാനം കഴിച്ചത്?

അത്, കഴിഞ്ഞ ആഴ്ചയാണ്. 

ഡോക്ടർ ചിരിച്ചുകൊണ്ടു പറഞ്ഞു, എന്നാൽ താങ്കൾക്കു ധൈര്യമായി രക്തം നൽകാം. തയാറായി വന്നോളൂ..’’

രക്തദാനം മഹാദാനമെന്നു പറയുമ്പോഴും രക്തദാനത്തെപ്പറ്റി തെറ്റിധാരണകൾ ഏറെയുണ്ട്. ഭീതി പൂണ്ട വിശ്വാസങ്ങളുമുണ്ട്. രക്തദാനത്തെക്കുറിച്ച് ഇന്നും നിലനിൽക്കുന്ന തെറ്റിധാരണകൾ തിരുത്തേണ്ടത് അനിവാര്യമാണ്. കാരണം ഈ പ്രക്രിയ ഒരു ജീവൻ രക്ഷാ മാർഗമാണ്. പൊതുവേ സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യാധാരണകൾ ഏതൊക്കെയന്നു മനസിലാക്കാം. തിരുത്താം.

1 പുകവലിയും മദ്യപാനവും ശീലമാക്കിയവർ രക്തം ദാനം ചെയ്യാൻ പാടില്ല 

പുകവലിയോ മദ്യപാനമോ ശീലമാക്കിയവർ ആ കാരണം കൊണ്ട് രക്തദാനത്തിൽ നിന്നും മാറിനിൽക്കേണ്ട ആവശ്യമില്ല. എന്നാൽ പുകവലി മൂലം ശ്വാസകോശരോഗം ബാധിച്ചവർക്കു രക്തം ദാനം ചെയ്യാൻ പാടില്ല. അത് അവരുടെ ആരോഗ്യസ്ഥിതിയേയും രക്തത്തിന്റെ ഗുണത്തെയും ബാധിക്കും. മദ്യപാനം മൂലം കരൾ രോഗം ബാധിച്ച വ്യക്തികളും രക്തദാനം ചെയ്യരുത്. ഇത്തരക്കാരുടെ രക്തത്തിൽ രക്തം കട്ടപിടിക്കുന്ന ഘടകങ്ങളുടെ അളവു വളരെ കുറവായിരിക്കും. കൂടാതെ ബിലിറൂബിൻ പോലെയുള്ള ഘടകങ്ങളും അവരുടെ രക്തത്തിൽ കൂടുതലായിരിക്കും. ഇതു രക്തദാതാവിനും ആ രക്തം സ്വീകരിക്കുന്ന രോഗിക്കും ഒരുപോലെ ദോഷകരം ആയിരിക്കും. ഇത്തരം രോഗങ്ങൾ ഒന്നുമില്ലെങ്കിൽ മദ്യപാനവും പുകവലിയും രക്തദാനത്തിനു തടസ്സമല്ല. രക്തം ദാനം ചെയ്യുന്ന ആൾ തലേദിവസം മദ്യപാനം ഒഴിവാക്കണം. അതുപോലെ പുകവലിച്ചാൽ, ആറു മണിക്കൂറിനു ശേഷം മാത്രം രക്തം നൽകുക. 

2 രക്തദാനം പ്രത്യുൽപാദനശേഷി കുറയ്ക്കും

രക്തദാനം ആ വ്യക്തിയുടെ പ്രത്യുൽപാദന ശേഷിയെ ഒരുതരത്തിലും ബാധിക്കുന്നതായി തെളിഞ്ഞിട്ടില്ല. ചെറിയ ഒരു അളവിൽ രക്തം ശരീരത്തിൽ നിന്നും എടുക്കുന്നതു കൊണ്ടു ശരീരത്തിലെ ഒരു അവയവത്തിനും കേടുപാടു സംഭവിക്കില്ല. പഴയ രക്തം ശരീരത്തിൽ നിന്നു പോയി പുതിയ രക്തം വരുന്നതുകൊണ്ട് എല്ലാതരത്തിലും ശരീരത്തി ന്റെ ആരോഗ്യത്തെ അതു മെച്ചപ്പെടുത്തുകയേ ഉള്ളൂ.

3 രക്തം ദാനം ചെയ്താല്‍ ഭാവിയിൽ ആയാസമേറിയ ജോലിചെയ്യാനാവില്ല.

വളരെ സാധാരണമായി നിലനിൽക്കുന്ന തെറ്റിധാരണകളിലൊന്നാണിത്. രക്തദാനത്താൽ ശരീരത്തിൽ നിന്ന് 350 മില്ലി ലീറ്റർ രക്തം മാത്രമാണു നഷ്ടപ്പെടുന്നത്. അതിലൂടെ കുറയുന്ന ജലാംശം 24- 48 മണിക്കൂറുകൾക്കുള്ളിൽ പൂർവ്വസ്ഥിതിയിലാകും. ഒന്നര തൊട്ടു

മൂന്നു മാസങ്ങൾക്കുള്ളിൽ രക്താണുക്കളുടെ അളവും മുൻപുള്ള സ്ഥിതിയിലെത്തും. രക്തദാനം ചെയ്യുന്ന ദിവസം മാത്രം കട്ടിയുള്ള പണികൾ ഒഴിവാക്കുന്നതു നന്നായിരിക്കും. കഴിയുന്നതും ആ ദിവസം അധികസമയം നിന്നുള്ള ജോലി, ഉയരങ്ങളിൽ കയറിനിന്നു ചെയ്യുന്ന ജോലി, ഡ്രൈവിങ്, ശരീരത്തിന് ആയാസം വരുന്ന വ്യായാമങ്ങൾ എന്നിവ ഒഴിവാക്കണം. ഈ ഒരു ദിവസത്തിനപ്പുറം ദീർഘകാലം ജോലിയിൽ നിന്നും മാറിനിൽക്കേണ്ട യാതൊരു ആവശ്യവുമില്ല.

4 രക്തദാനം ആരോഗ്യം നശിപ്പിക്കും. മറ്റു രോഗങ്ങൾ പിടിപെടാം 

രക്ത ബാങ്കിലേക്ക് ആരോഗ്യത്തോടെ നടന്നു കയറുന്ന ഒരു വ്യക്തിക്ക് അതേ ആരോഗ്യത്തോടുകൂടി തിരിച്ചിറങ്ങാനും പറ്റും. രക്ത ബാങ്കിൽ രക്തം സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ അതീവ ശ്രദ്ധയോടെ ശുചിയാക്കുന്നവയാണ്‌. ഇടയ്ക്കിടെ

അണുവിമുക്ത ലായനി കൊണ്ടു തുടച്ചു ശുചീകരിക്കുന്ന രക്ത ബാങ്കിൽ നിന്നും അസുഖങ്ങൾ കിട്ടാൻ സാധ്യത വളരെ കുറവാണ്. കൂടാതെ രക്ത ബാങ്കിൽ രോഗികളുമായി സഹകരണവും വരുന്നില്ല. മാത്രമല്ല രക്തം നൽകിയതിന്റെ പേരിൽ മറ്റെന്തെങ്കിലു രോഗാവസ്ഥയ്ക്കു സാധ്യത കൂടുകയുമില്ല.

5 രക്തദാനം രോഗപ്രതിരോധശേഷി കുറയ്ക്കുന്നു

രോഗപ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന ശ്വേതരക്താണുക്കളും ‌മൈക്രോഫേജും നഷ്ടപ്പെടുന്നു എ ന്ന ധാരണ മൂലമാകാം ആകാം പ്രതിരോധശേഷി നശിക്കുന്നു എന്ന മിഥ്യാ ധാരണ വന്നത്. ഇതു തീർത്തും തെറ്റായ ധാരണയാണ്. എന്തെന്നാൽ ദാനം ചെയ്യുന്ന രക്തത്തിൽ കൂടി വളരെ കുറച്ച് ശ്വേതാണുക്കൾ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ. അത് ഒന്നരമാസത്തോടു കൂടി തന്നെ പഴയ നിലയിൽ എത്തുകയും. പഴയവയ്ക്കുക്കു പകരം പുതിയവ രൂപപ്പെടുന്നു എന്നൊരു ഗുണം കൂടി രക്തദാനത്തിനുണ്ട്. അതായത് രോഗപ്രതിരോധശേഷിയുടെ ഗുണനിലവാരം ചെറിയൊരു തോതിലെങ്കിലും മെച്ചപ്പെടുന്നു എന്നു സാരം. 

6 രക്തദാനം വേദനാജനകമായ അനുഭവമാണ് 

ഒരു തവണ രക്തം നൽകിയവർക്കറിയാം ഇത് എത്രവലിയ തെറ്റിധാരണയാണെന്ന്. രക്തദാന സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടു വളരെ ചെറുതാണ്.സൂചി കുത്തുന്ന വേദന മാത്രമേ രക്തദാനത്തിനു ഉള്ളൂ. രക്തദാനം ദാതാവിനു സുഖകരമായ ഒരു അനുഭവം ആക്കാൻ രക്ത ബാങ്കിലെ ജീവനക്കാർ പരമാവധി ശ്രമിക്കാറുണ്ട്. അപൂർവം ചിലർക്കു തലകറക്കം പോലെ ചെറു ബുദ്ധിമുട്ടുകൾ രക്തദാനത്തിനു ശേഷം വന്നേക്കാം. തലഭാഗം താഴ്ത്തി കാലുകൾ ഉയർത്തുന്ന രീ തിയിൽ കിടക്കുകയാണെങ്കിൽ വളരെ വേഗം ഈ ബുദ്ധിമുട്ടു മാറിക്കിട്ടും. 

7 പച്ചകുത്തിയാൽ (ടാറ്റൂ) ജീവിതകാലം മുഴുവൻ രക്തം ദാനം ചെയ്യാൻ സാധിക്കില്ല

വേണ്ട രീതിയിൽ ശുചീകരിക്കാത്ത ഉപകരണം കൊണ്ട് ടാറ്റൂ ചെയ്താൽ ആ ഉപകരണത്തിൽ കൂടി എയ്ഡ്സ് പോലെയുള്ള രോഗങ്ങൾ പിടിപെടാം. എന്നാൽ ആധികാരികമായ, അതായത് ലൈസൻസ് ഉള്ള സ്ഥലങ്ങളിൽ നിന്നും ടാറ്റൂ ചെയ്താൽ ഇതൊരുപരിധി വരെ ഒഴിവാക്കാം. എങ്കിൽക്കൂടിയും. രോഗങ്ങൾ പകർന്നിരിക്കാനുള്ള ഒരു സാഹചര്യമുള്ളതിനാൽ ടാറ്റൂ ചെ

യ്തതിനു ശേഷം ഒരു വർഷത്തേക്കു രക്തദാനത്തിൽ നിന്നും ഒഴിവായി നി ൽക്കേണ്ടതുണ്ട്. വൈറൽ രോഗങ്ങൾ പ്രകടമാകാനുള്ള വിൻഡോ പീരീഡ് കൂടി കണക്കിലെടുത്താണ് ഈ ഒരുവർഷ കണക്ക് പറയുന്നത്. അല്ലാതെ ടാറ്റൂ ചെയ്താൽ ആജീവനാന്തം ശേഷം രക്തദാനത്തിൽ നിന്നും മാറിനിൽക്കേണ്ട ഒരു ആവശ്യവുമില്ല.

8 അപൂർവ്വ രക്തഗ്രൂപ്പ് അല്ലെങ്കിൽ നിങ്ങൾ രക്തം ദാനം  ചെയ്യേണ്ടതില്ല

അപൂർവ രക്തം ഗ്രൂപ്പ് എന്ന പേര് ത ന്നെ ആ രക്തഗ്രൂപ്പ് അപൂർവം ആയതുകൊണ്ട് ഉണ്ടാകുന്നതാണ്. അതായത് അതിന് ആവശ്യക്കാർ വളരെ കുറവായിരിക്കും. എന്നാൽ സാധാരണമായി കാണുന്ന ഒ പോസിറ്റീവ് പോലെയുള്ള രക്തഗ്രൂപ്പുകൾ ധാരാളം പേർക്ക് ഉള്ളതിനാൽ അതിന്റെ ആവശ്യക്കാരും ആനുപാതികമായി കൂടുതലായിരിക്കും. ആയതിനാൽ അപൂർവ രക്തഗ്രൂപ്പുകൾ മാത്രമാണ് ദാനം ചെയ്യപ്പെടേണ്ടത് എന്ന ധാരണ തെറ്റാണ്.

9 രക്തം നല്‍കാൻ വളരെയേറെ സമയം വേണ്ടിവരുന്നു. 

രക്തദാനത്തിനു മാത്രമായി വേണ്ടിവരുന്ന സമയം സാധാരണഗതിയിൽ 15 മിനിറ്റിൽ താഴെയാണ്‌. രക്ത ദാനത്തിനു മുൻപുള്ള പരിശോധനയും ശേഷമുള്ള വിശ്രമവും എല്ലാം ചേർത്ത് ഒരു മണിക്കൂറിൽ താഴെ മാത്രമേ സമയം വേണ്ടി വരാറുള്ളൂ. 

10 വർഷത്തിൽ ഒരിക്കൽ മാത്രമേ ഒരാൾക്കു രക്തദാനം നടത്താനാവൂ. 

ആരോഗ്യമുള്ള ഒരു ദാതാവിനു പുരുഷനാണെങ്കിൽ മൂന്നു മാസത്തിലൊരിക്കലും സ്ത്രീയാണെങ്കിൽ നാലു മാസത്തിലൊരിക്കലും രക്തദാനം നടത്താം അതായത് മൂന്നുനാലു പ്രാവശ്യം ഒരു വർഷത്തിൽ രക്തം ദാനം ചെയ്യാൻ കഴിയും. രക്തഘടകങ്ങൾ വേർതിരിച്ചു ശേഖരിക്കുന്ന അഫറെസിസ് വഴി കൂടുതൽ പ്രാവശ്യം ചെയ്യാവുന്നതാണ്. 

ഡോ. കല വി.എൽ

അസോ. പ്രഫസർ,  ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ഇമ്യൂണോ ഹിമറ്റോളജി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam