Wednesday 12 January 2022 03:41 PM IST : By ഡോ.ഡി.ഷൈൻകുമാർ

‘ചുംബനം, ആഹാരം, കിടക്ക പങ്കിടൽ എന്നിവ ആകാമോ?’ അരുമകളുടെ അരികിലെത്തുമ്പോൾ: അറിയേണ്ടതെല്ലാം

pets-story

നദിയ എന്ന കടുവ ചുമച്ചപ്പോഴാണ് നമുക്കും ചിലതൊക്കെ മനസ്സിലാകുന്നത്. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ അന്നേവരെ അവൾ 650 ഓളം മൃഗജനുസ്സുകളിൽ പെട്ട ഒരുവളായിരുന്നു. പരിചാരകൻ ലക്ഷണമില്ലാത്ത രോഗവാഹകൻ ആയിരുന്നതുകൊണ്ട് നേരിയ രീതിയിൽ രോഗം പകർന്ന് അവൾ ലോക ശ്രദ്ധ നേടി

തൊട്ടു പുറകെ വന്യമൃഗങ്ങളും പൂച്ചയും നായ്ക്കളുമെല്ലാം സംശയത്തിന്റെ നിഴലിലുമായി. കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ള പേരിൽ പലരും അരു മുഗങ്ങളുടെയും പക്ഷികളുടെയും യജമാനന്മാരണെന്നതു കൊണ്ട് ചില കാര്യങ്ങൾ അരുമകളെ വളർത്തുന്നവർ അറിയേണ്ടതുണ്ട്.

ലഭ്യമായ പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കൊറോണ വൈറസിന്റെ പൂർവ്വികർ വവ്വാലുകളിലെ കൊറോണ വൈറസ് ആകാമെന്നാണ്. വവ്വാലുകളിലെ കൊറോണ് വൈറസ് ജനിതക മാറ്റം സംഭവിച്ച് നേരിട്ട് മനുഷ്യരിലേക്ക് വന്നതാണോ അതോ ഇതിനിടയിൽ മൃഗങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നും ഇന്നേവരെ തെളിയിക്കപ്പെട്ടിട്ടില്ല.

എങ്കിലും ഒരു കാര്യം വ്യക്തമാണ് ഇപ്പോഴത്തെ കോവിഡ്. 19 മഹാമാരിക്ക് കാരണമായ സാർസ് കൊറോണ വൈറസ് 2 ( SARS- CoV_2) ന് വളർത്തുമൃഗങ്ങളിലെ കൊറോണ വൈറസുകളുമായി യാതൊരു ജനിതക സാദൃശ്യവുമില്ല. 

അതായത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമല്ല കൊറോണ. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് കോവിഡ്19 വ്യാപനമുള്ളതുപോലെ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേയ്ക്കുള്ള വ്യാപനത്തിന് സാധ്യത തുലോം കുറവാണ്. ലോകമാകെ 3 ലക്ഷം ആളുകൾക്ക് രോഗബാധയുണ്ടായിട്ടും അവരുടെ ഓമനകളായ മൃഗങ്ങൾക്ക് രോഗം വന്നിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം.

 കോഴികളിലെ Infectious bronchitis, പന്നികളിലെ Transmissible gastro enteritis പൂച്ചകളിലെ Feline infectious peritonitis എന്നീ രോഗങ്ങളെല്ലാം കൊറോണ വൈറസ് രോഗങ്ങളെങ്കിലും അതൊന്നും ആരിലേക്കും പടർന്നിട്ടില്ല.

എങ്കിലും ശാസ്ത്ര ലോകത്തിനും വൈദ്യശാസ്ത്രത്തിനും ഇതുവരെ പരിചിതമല്ലാതിരുന്ന ഒരു വൈറസ് എന്ന നിലയിൽ അരുമകളുമായി അടുത്തിടപഴകുന്നവർ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള നേരിയ രോഗപ്പകർച്ചയുടെ സാധ്യതകൾ പോലും ഒഴിവാക്കാൻ ലോകാരോഗ്യ സംഘടനയുടെ ചില മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നതു നന്നായിരിക്കും

∙ കോവിഡ്19 ബാധിച്ചവരും നിരീക്ഷണത്തിലുള്ളവരും തൽക്കാലം അരുമകളെ പരിപാലിക്കേണ്ട . അഥവാ സമ്പർക്കത്തിൽപ്പെട്ട മൃഗങ്ങൾ മൂക്കൊലിപ്പോ തുമ്മലോ പനിയോ ചുമയോ കാണിക്കുന്നെങ്കിലും ഗവ. മൃഗാശുപത്രികളെ അറിയിക്കണം.

∙ വളർത്തുമൃഗങ്ങൾ, തീറ്റ, ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിന് മുമ്പും പിമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.

∙ അരുമ മൃഗങ്ങളുമായുള്ള ചുംബനം , ആഹാരം പങ്കുവെയ്ക്കൽ , കിടക്ക പങ്കിടൽ എന്നിവ ഒഴിവാക്കണം. 

∙ രോഗമുള്ളതും ചത്തതുമായ മൃഗങ്ങളെ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ സ്പർശിക്കരുത്. 

∙ തെരുവിൽ അലയുന്ന നായ്ക്കൾ, പൂച്ചകൾ എന്നിവയുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണം.

 ∙ മൃഗ - പക്ഷി വിപണന കേന്ദ്രങ്ങൾ കശാപ്പുശാലകൾ എന്നിവിടങ്ങളിലെത്തുമ്പോൾ മാസ്കുകൾ കൈയ്യുറകൾ എന്നിവ ധരിക്കണം

∙ അരുമകളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷിക്കാം ആകുലതകൾ വേണ്ട . കരുതലും ജാഗ്രതയും മതി. ജീവിതം ഉല്ലാസ നിർഭരമാക്കും അവർ

ഡോ.ഡി.ഷൈൻകുമാർ

അസിസ്റ്റന്റ് ഡയറക്ടർ

മൃഗസംരക്ഷണ വകുപ്പ്

കൊല്ലം