Tuesday 12 October 2021 02:09 PM IST : By സ്വന്തം ലേഖകൻ

കറിക്കരിയുന്നതു മുതൽ കംപ്യൂട്ടറിനു മുന്നിലുള്ള ഇരിപ്പ് വരെ: വാതരോഗികൾക്ക് ശീലിക്കാൻ10 നല്ല നടപ്പുകൾ

arthritis

ആർത്രൈറ്റിസിനെ ക്രിപ്ലിങ് ഡിസീസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒാടിച്ചാടി നടന്നിരുന്നവരെ മുടന്തൻമാരാക്കുന്ന രോഗം. അത്രമേൽ ദുരിതപൂർണമാണ് ഈ രോഗത്തിന്റെ അനന്തരഫലങ്ങളെന്നു പറയേണ്ടിവരും. ഒന്നു കൈയയുയർത്തി മുടി കെട്ടാൻ പോലും വയ്യാതെ, സ്പൂൺ മുറുക്കെ പിടിക്കാൻ വയ്യാതെ, കൈ മരവിക്കുന്നതുകൊണ്ട് വണ്ടിയോടിക്കാനാകാതെ കഷ്ടപ്പെടുന്നവർ ധാരാളമുണ്ട്.

ആർത്രൈറ്റിസ് എന്ന പദം സന്ധികളിലുണ്ടാകുന്ന നീരും വേദനയും സൂചിപ്പിക്കുന്നു. ഇത് ഒരു രോഗമല്ല. സന്ധികളെ ബാധിക്കുന്ന നൂറിലധികം രോഗാവസ്ഥകൾക്ക് പൊതുവായി പറയുന്ന പേരാണ്. സന്ധികളിൽ വേദനയും പിടുത്തവും നീർവീക്കവുമാണ് ഏറ്റവും സാധാരണ ലക്ഷണങ്ങൾ. സന്ധികളിൽ നീരുകെട്ടിക്കിടന്ന് തേയ്മാനത്തിലേക്കും തുടർന്ന് വൈകല്യങ്ങളിലേക്കും നയിക്കാം. അങ്ങനെ ഈ ലക്ഷണങ്ങൾ രോഗികളുടെ നിത്യജീവിതത്തെ ദുരിതപൂർണമാക്കുന്നു.

നല്ല നിൽപും നടപ്പും ശീലിച്ചാൽ തന്നെ സന്ധികൾക്ക് അനാവശ്യമായി ഭാരം താങ്ങേണ്ടിവരില്ല. കൂനിയുള്ള നടപ്പും ഇരുപ്പുമെല്ലാം പേശികൾക്കും സന്ധികൾക്കും ആയാസമുണ്ടാക്കും. അതൊഴിവാക്കണം. ഭാരമെടുക്കുമ്പോഴും കംപ്യൂട്ടർ ഉപയോഗിക്കുമ്പോഴും അടുക്കളയിൽ കറിക്കരിയുമ്പോഴും എന്നുവേണ്ട ഒാരോ ജോലികളിൽ ഏർപ്പെടുമ്പോഴും ശരിയായ ശരീരനില സ്വീകരിച്ചാൽ കഴുത്തിനും നടുവിനും ഇടുപ്പിനും മുട്ടിനുമെല്ലാം ആയാസം കുറയ്ക്കും.

∙ നിൽക്കുമ്പോൾ–ചെവിയും തോളും ഇടുപ്പും ബന്ധിപ്പിച്ച് ഒരു നേർരേഖ വരച്ചാലെങ്ങനെയിരിക്കും. അങ്ങനെ നിവർന്നുനിൽക്കുക. വയറിലെ പേശികൾ മുറുക്കിപിടിക്കുക, തോളുകൾ പിന്നോട്ട് വിരിച്ചുപിടിക്കണം. താടി സുഖകരമായ പൊസിഷനിൽ, കാലുകൾ അൽപം അകറ്റി ബാലൻസ് തെറ്റാതെ നിൽക്കുക.

∙ ഉറങ്ങുമ്പോൾ കഴുത്തിന് ആയാസമുണ്ടാകാതിരിക്കാൻ സെർവിക്കൽ തലയിണകൾ ഉപയോഗിക്കാം. കാൽമുട്ടിനടിയിൽ‍ തലയിണ വച്ചുറങ്ങുന്നത് ഒഴിവാക്കണം.

∙ ഭാരമെടുക്കുമ്പോൾ വലിയ ശക്തിമത്തായ സന്ധികളേയും പേശികളേയും കൂടി ഉൾപ്പെടുത്തുക. ഉദാഹരണത്തിന് പഴ്സ് കയ്യിൽ പിടിക്കുന്നതിനു പകരം വള്ളി ഘടിപ്പിച്ച് തോളിൽ തൂക്കിയിടുക. വിരലുകളിലെ സന്ധികൾക്കും കൈ മുട്ടിനും വേദനയുള്ളവർക്ക് ഇതു സുഖകരമായിരിക്കും. പടികൾ കയറുമ്പോൾ വേദന കുറവുള്ള കാല് ആദ്യം എടുത്തുവയ്ക്കുക. പടിയിറങ്ങുകയാണെങ്കിൽ വേദനയുള്ള കാലു വേണം ആദ്യം കുത്തിയിറങ്ങാൻ. പടികളുടെ കൈവരിയിൽ പിടിച്ചുകയറാനും ശ്രമിക്കുക.

∙ കഴിവതും ഭാരം തൂക്കിപ്പിടിക്കാതിരിക്കുക. പകരം രണ്ടുകൈകൊണ്ടും ശരീരത്തോടു ചേർത്തുപിടിച്ചെടുക്കുക. വലിയ ബാഗുകളും മറ്റും തൂക്കിയെടുക്കുന്നതിനു പകരം ഉരുട്ടി നീക്കുകയോ ട്രോളി ഘടിപ്പിച്ച് തെന്നിനീക്കുകയോ ചെയ്യുക.

∙ തറയിലെ വസ്തുക്കൾ കുനിഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ മുട്ടുകുത്തി ഇരുന്നെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നടുവളയരുത്. കസേരക്കടിയിലും മേശയ്ക്കടിയിലും ഉള്ള വസ്തുക്കളൊക്കെ വടികൊണ്ട് തോണ്ടിയെടുക്കുക.

∙ കസേരയിൽ നിന്ന് ചാടിപ്പിടഞ്ഞ് എഴുന്നേൽക്കരുത്. ആദ്യം കസേരയുടെ ഒരു അരികിലേക്ക് അൽപം കയറിയിരിക്കുക. കാൽ തറയിൽ വച്ച് അൽപം മുന്നോട്ടാഞ്ഞ് കൈപ്പത്തികൊണ്ട് കസേരയുടെ കൈപ്പിടിയിലൂന്നി എഴുന്നേൽക്കുക. മണിബന്ധത്തിനാണു വേദയെങ്കിൽ കൈ തുടയിലൂന്നി പതിയെ എഴുന്നേൽക്കുക.

∙ എപ്പോഴും വേദന കുറവുള്ള സന്ധികളെ കൂടുതൽ ഉപയോഗിക്കുക. ഉദാഹരണത്തിന് വിരൽസന്ധി മടക്കാൻ പ്രയാസമുള്ളവർ വാതിൽ തുറക്കുമ്പോൾ കൈകൊണ്ട് തള്ളി തുറക്കുന്നതിനുപകരം ഇടുപ്പോ തോളോ ഉപയോഗിച്ച് തള്ളി തുറക്കുക.

∙ സന്ധിവേദനയുള്ളവർ ഒരേനിലയിൽ ഏറെ സമയം ഇരിക്കരുത്. എഴുന്നേൽക്കുമ്പോൾ സന്ധികൾക്ക് പിടുത്തം ഉണ്ടാകും. ഒാരോ മണിക്കൂറു കൂടുമ്പോഴും ഒന്നെഴുന്നേറ്റ് നടുനിവർക്കുകയോ നടക്കുകയോ ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പത്മനാഭ ഷേണായ്

സെന്റർ ഫോർ ആർത്രൈറ്റിസ് & റുമാറ്റിസം (കെയർ)

കൊച്ചി

Tags:
  • Health Tips