Thursday 11 August 2022 12:12 PM IST : By സ്വന്തം ലേഖകൻ

റോഡിലെ കുഴി, തടസങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇടുപ്പുസന്ധി വേദന... പരിഹാര മാർഗം ഇങ്ങനെ

bone-joint

ഇടുപ്പെല്ലിന്റെ ക്ഷതം സംഭവിക്കുന്നത് വീഴ്ച കൊണ്ടാണ്. പ്രായമായവരിൽ ഇടുപ്പു സന്ധിയുടെ ഒടിവുകൾ കൂടിക്കൊണ്ടേയിരിക്കുന്നു. കാരണം ആയുസ്സിന്റെ ദൈർഘ്യം കൂടുന്നതുതന്നെ. ചെറുപ്പം മുതലേ ഉള്ള വ്യായാമശീലം സന്ധിയേയും അതിനെ നിയന്ത്രിക്കുന്ന പേശികളെയും ബലപ്പെടുത്തും. ദിവസേന നടക്കാൻ പോയാൽ മെയ്‌വഴക്കം കൂടും. അതുകൊണ്ട് ചെറിയ കുഴി, റോഡിലെ തടസ്സങ്ങൾ ഒക്കെ നമുക്ക് അതിജീവിക്കാൻ കഴിയും. വീടിനുള്ളിലുള്ള വീഴ്ചകൾ പ്രായമായവരിൽ ഇടുപ്പു സന്ധിക്ക് പൊട്ടലുണ്ടാകാൻ കാരണമാണ്. കുളിമുറിയുടെ തറയിലുള്ള ടൈലും മറ്റും എളുപ്പം വഴുക്കിവീഴാത്തത് ആക്കണം. തറയിലെ ടൈൽ വഴുക്കാത്തത് ആണെങ്കിൽ ഒട്ടുമിക്ക വീഴ്ചകളും തടയാനാകും. ഗ്ലെയ്സ്ഡ് ടൈൽ, പോളിഷ് ചെയ്ത ടൈൽ, ഗ്രാനൈറ്റ് ഇവയിൽ കാല് തെന്നിയാൽ വീഴ്ച ഉറപ്പാണ്. പ്രായമായവർ വീണാൽ ഒടിവിനു സാധ്യത കൂടുതലാണ്. കുളിമുറിയുടെയും ടോയ്‌ലറ്റിന്റെയുമൊക്കെ ഭിത്തിയിൽ ഹാൻഡ് ഗ്രിപ് ഉണ്ടെങ്കിൽ അതിൽ പിടിച്ച് വീഴ്ചയിൽ നിന്നു രക്ഷപെടാം. തറ നന്നായി കഴുകി തെന്നാത്ത രീതിയിൽ സൂക്ഷിക്കണം. കിടപ്പുമുറിയിൽ ഒരു സീറോ വാട്ട് ബൾബ് ഉണ്ടെങ്കിൽ പ്രായമായവർക്കു വലിയ സൗകര്യമാണ്. തെന്നാത്ത തറയിൽ വെള്ളം കിടന്നാൽ അറിയുകയില്ല. തെന്നിവീഴുമ്പോൾ മാത്രമാണ് അറിയുക.

ഞരമ്പ് രോഗങ്ങൾ എല്ലാം വേണ്ടവിധം നേരത്തെതന്നെ ചികിത്സിച്ചിരിക്കണം. ഒാസ്റ്റിയോപൊറോസിസ് 60 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും 75 വയസ്സു കഴിഞ്ഞ പുരുഷന്മാർക്കും ഒരു പ്രശ്നമാണ്. എല്ല് പൊള്ളയാവുന്നതു തടയാൻ ചെറുപ്പത്തിലേ ശാരീരിക അധ്വാനം, കളികൾ, നൃത്തം ഒക്കെ ചെയ്യുന്നതു വളരെ നല്ലതാണ്.

പ്രായപൂർത്തി ആയിക്കഴിഞ്ഞുള്ള ഫിസിക്കൽ ആക്റ്റിവിറ്റി ബലം കൂട്ടില്ല. ബലം കുറയ്ക്കാതെ നോക്കും. അതുകൊണ്ട് മാതാപിതാക്കൾ നിർബന്ധമായും കുട്ടികളെ പുറത്തു കളിക്കാൻ വിടണം.

ഒാസ്റ്റിയോപൊറോസിസ് കൊണ്ട് പരുക്കുകൾ വരാതിരിക്കാൻ ഇടുപ്പിന്റെ വശങ്ങളിൽ പാഡുകൾ വച്ച് ആളുകൾ ശ്രമിച്ചു. പരാജയമായിരുന്നു ഫലം. ഒാസ്റ്റിയോപൊറോസിസ് കൊണ്ടുള്ള ഒടിവുകൾ തടയാൻ മരുന്നുണ്ട്. പ്രായമായ സ്ത്രീകൾ ബൈഫോസ്ഫോനേറ്റ്സ് എന്ന മരുന്ന് ഉപയോഗിച്ചാൽ (2–3 വർഷം) ഒടിവ് ഉണ്ടാകാതിരിക്കും. അസ്ഥികളുടെ ആരോഗ്യത്തിനും കരുത്തിനും ദിവസവും 2000 യൂണിറ്റ് വൈറ്റമിൻ ഡി ലഭിക്കണം. സൂര്യപ്രകാശമേൽക്കുന്നതാണ് വൈറ്റമിൻ ഡി ലഭിക്കാനുള്ള പ്രധാന മാർഗ്ഗം.

ഒാർത്തോപീഡിക് സർജൻ കാണുന്ന 50 ശതമാനം രോഗികളും നടുവേദനക്കാരാണ്. മനുഷ്യന്റെ ഘടന നാലു കാലുള്ള മൃഗത്തിനു സമാനമാണ്. അതിനാൽ നാം രണ്ടുകാലുള്ള ആളായി മാറിയപ്പോൾ നടുവിനു വളരെ മാറ്റം വന്നു. തന്മൂലം നടുവ് എപ്പോഴും സ്ട്രെയിൻ ഉള്ള ഭാഗമാണ്. അതുകൊണ്ട് വേദന വരുന്നു.

കൂടുതൽ നേരം ഇരിക്കുന്നത് നിൽക്കുന്നതിനേക്കാളും സ്ട്രെസ്സ്ഫുൾ ആണ്. ഇരുന്നു ജോലിചെയ്യുന്നവർ, ഉദാഹരണത്തിനു കംപ്യൂട്ടർ–ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കു നടുവേദന സാധാരണ വരാറുണ്ട്. പേശികൾക്കുള്ള വ്യായാമം മൂലം നടുവിനെ കൂടുതൽ ബലമുള്ളതാക്കാം. ഇരിക്കുന്നിടത്തുനിന്ന് കൃത്യമായ ഇടവേളകളിൽ അൽപസമയം എഴുന്നേറ്റു നടക്കുന്നത് ഗുണം ചെയ്യും. നടുവിനു പുറകിൽ ഒരു കുഷ്യൻ വച്ച് സപ്പോർട്ടു നൽകാം.

കുടവയർ മൂലം ശരീരം മുന്നോട്ട് ആഞ്ഞുപോകുന്നു. അപ്പോൾ നടുവിനു കൂടുതൽ ഞെളിവും വേദനയും വരാം. കുടവയർ വരാതിരിക്കാൻ ആഹാരം കുറയ്ക്കുക, പതിവായി നടക്കുക ഇവയാണ് മാർഗ്ഗം.

ഫ്ലാറ്റ് ഫൂട്ട് അഥവാ പരന്ന പാദം നടുവിനു കൂടുതൽ ആയാസമുണ്ടാകാൻ ഇടയാക്കും. വ്യായാമം വഴി അതു ശരിയാക്കാം. അത്യാവശ്യമെങ്കിൽ പ്രത്യേക ആർച്ച് സപ്പോർട്ട് ചെരിപ്പിനുള്ളിൽ വയ്ക്കാം. വാതരോഗങ്ങളും സന്ധിവേദന ഉണ്ടാക്കാം.

സന്ധികൾക്കും നട്ടെല്ലിന്റെ പേശികൾക്കും ഉൾപ്പെടെ വേദനയും നീരും വഴക്കം കുറവും ഉണ്ടാകാറുണ്ട്. ചിലരിൽ ഇതു ചെറിയ വേദന മാത്രമേ ഉണ്ടാക്കുന്നുള്ളു. എന്നാൽ ഇതു രോഗങ്ങൾക്കും ഇടയാക്കാം. ഇതുമൂലം കുട്ടിക്കാലം മുതലേ രോഗമുള്ളവരും ഉണ്ട്. ഇതിനെ പ്രതിരോധിക്കാൻ കഴിയില്ല. നട്ടെല്ലിന്റെയും നെഞ്ചിന്റെയും രോഗം കഠിനമാകാതിരിക്കാൻ ശ്വസനവ്യായാമങ്ങൾ ഫലപ്രദമാണ്. ദിവസവും അൽപസമയം ഇതിനു ചെലവിടുന്നതു നല്ലതാണ്.

സപ്ലിമെന്റുകൾ വേണോ?

50 വയസ്സു കഴിഞ്ഞ എല്ലാ സ്ത്രീകളും കാത്സ്യം സപ്ലിമെന്റുകൾ കഴിക്കുന്നതു നല്ലതാണ്. ദിവസവും 2000 മി.ഗ്രാം കാത്സ്യം നമുക്ക് ആവശ്യമുണ്ട്. പാലും ചീസ്, തൈര്, പനീർ പോലുള്ള പാലുൽപന്നങ്ങളും ഇലക്കറികളും കാത്സ്യത്തിന്റെ മികച്ച സ്രോതസ്സാണ്. ദിവസവും കാത്സ്യം ഗുളിക കഴിക്കുന്നതും നല്ലത്. കാത്സ്യത്തിന്റെ ആഗിരണം ശരിയായി നടക്കണമെങ്കിൽ വൈറ്റമിൻ ഡി കൂടി വേണം. അതുകൊണ്ട് കാത്സ്യവും വൈറ്റമിൻ ഡിയും ചേർന്ന സപ്ലിമെന്റുകൾ കഴിക്കുന്നതാണ് ഉത്തമം.

ദിവസവും 2000 യൂണിറ്റ് വൈറ്റമിൻ ഡി നമുക്ക് ആവശ്യമാണ്. സൂര്യപ്രകാശമാണ് വൈറ്റമിൻ ഡിയുടെ മുഖ്യസ്രോതസ്സ് എന്നു പറഞ്ഞല്ലൊ. ഇളവെയിലേൽക്കുന്നത് വൈറ്റമിൻ ഡി ലഭിക്കാൻ മികച്ച മാർഗ്ഗമാണ്. അതിനു കഴിയാത്തവർ അസ്ഥികളുടെ ബലത്തെ കരുതി 60000 യൂണിറ്റ് വൈറ്റമിൻ ഡിയുടെ ഗുളിക മാസത്തിൽ ഒന്നു വീതം കഴിക്കുന്നതാകും പ്രായോഗികം.

പണ്ടൊക്കെ ആർത്തവവിരാമം ആയ സ്ത്രീകളിൽ ഈസ്ട്രജൻ മരുന്നു നൽകാറുണ്ടായിരുന്നു. ഇത് പൊട്ടലുകളെ 50 ശതമാനം വരെ പ്രതിരോധിച്ചിരുന്നു. പക്ഷേ, പിന്നീട് അർബുദസാധ്യത ഉള്ളതിനാൽ ഇപ്പോൾ നൽകാറില്ല.

അസ്ഥികൾ പൊള്ളയായി ഒടിവിലേക്കെത്തുന്നതുവരെ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതുകൊണ്ട് 50 വയസ്സു കഴിഞ്ഞവർ, പ്രത്യേകിച്ച് സ്ത്രീകൾ വർഷാവർഷം ഡെക്സാ സ്കാൻ ചെയ്യുന്നതുവഴി അസ്ഥികളുടെ ബലക്കുറവ് നേരത്തേ അറിയാനാകും. തുടർന്ന് ഒടിവു തടയാൻ വേണ്ടുന്ന മുൻകരുതലുകളും സപ്ലിമെന്റുകളും എടുക്കുകയുമാകാം. ഏതാണ്ട് 2000 രൂപയോളമാകും ഈ പരിശോധനയുടെ ചെലവ്. പക്ഷേ, വളരെ ഫലപ്രദമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ചെറിയാൻ എം. തോമസ്

കൺസൽറ്റന്റ്

ഒാർത്തോപീഡിക് സർജൻ

എസ്പി ഫോർട്ട്

ഹോസ്പിറ്റൽ,

തിരുവനന്തപുരം