Thursday 15 September 2022 04:48 PM IST : By സ്വന്തം ലേഖകൻ

വായ്നാറ്റം അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന മാർഗങ്ങളുണ്ടോ, എപ്പോൾ ചികിത്സ തേടണം?: ഉത്തരം ഇതാ

dental-care മോഡൽ : സമീർ

വായ്നാറ്റം എന്നത് ആരോഗ്യത്തെ മാത്രമല്ല വ്യക്തിയുെട ആത്മവിശ്വാസത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഹാലിടോസിസ് (Halitosis) അഥവാ വായ്നാറ്റത്തിന്റെ മുഖ്യ കാരണം ശരിയായ ദന്തശുചീകരണം ശീലമാക്കാത്തതാണ്. ദന്തശുചീകരണം ഫലവത്തായില്ലെങ്കിൽ പല്ലിനിടയിൽ അവശിഷ്ടങ്ങൾ (പ്ലേക്ക്) അടിഞ്ഞുകൂടി പലതരം ബാക്ടീരിയയുടെ സാന്നിധ്യം കൊണ്ടു വായ്നാറ്റം ഉണ്ടാവാം.

വായിലെ പല തരത്തിലുള്ള അണുബാധകൾ, സൈനസൈറ്റിസ്, പലതരം കഷായങ്ങൾ, മരുന്നുകൾ, എന്നിവയും വായ്നാറ്റം ഉണ്ടാക്കാം. ഇവ കൂടാതെ, പ്രമേഹം, ഗ്യാസ്ട്രൈറ്റിസ്, വൃക്കരോഗങ്ങൾ, ബ്രോങ്കൈറ്റിസ്, കരൾരോഗങ്ങൾ എന്നിവ ഉള്ളവർക്കും വായ്നാറ്റം അനുഭവപ്പെടാറുണ്ട്. പുകവലി, മദ്യപാനം എന്നീ ശീലങ്ങളുള്ളവർക്കും വായ്നാറ്റം കൂടുതലാണ്. കൃത്യമായി രോഗനിർണയം നടത്തിയാൽ പൂർണമായും മാറ്റുവാൻ സാധിക്കുന്ന പ്രശ്നമാണ് വായ്നാറ്റം.

ഏതു ഘട്ടത്തിലാണു വായ്നാറ്റത്തിനു ചികിത്സ തേടേണ്ടത്?

വായ്നാറ്റം വല്ലാതെ അലട്ടുന്നുവെങ്കിൽ പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടാം. ആറു മാസം കൂടുമ്പോൾ ഡെന്റൽ സ്കാലിങ് (Dental scaling –പല്ല് ക്ലീൻ ചെയ്യുക) ചെയ്യുന്നതു വായ്നാറ്റം നിയന്ത്രിക്കാൻ നല്ലതാണ്.

ഏതെല്ലാം മറ്റു രോഗങ്ങൾ കാരണം വായ്നാറ്റം വരാം ?

പ്രമേഹം, കുടൽ രോഗങ്ങൾ, വൃക്കരോഗങ്ങൾ, അൾസർ, സൈനസൈറ്റിസ് ചിലതരം അർബുദം, കരൾ, ശ്വാസകോശ രോഗങ്ങൾ ഇവയെല്ലാം വായ്നാറ്റത്തിനു കാരണമാകാറുണ്ട്.

വായ്നാറ്റം അകറ്റാൻ വീട്ടിൽ െചയ്യാവുന്ന മാർഗങ്ങളുണ്ടോ?

ധാരാളം വെള്ളം കുടിക്കുക, ഡോക്ടർ നിർദേശിക്കുന്ന മൗത്ത് വാഷ് ഉപയോഗിക്കുക. ജീരകം, കറുവാപട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചിപൊടി ഇവയെല്ലാം ചവയ്ക്കുന്നത് താൽക്കാലിക ശമനത്തിനു നല്ലതാണ്. ഇവ കൂടാതെ ഗ്രീൻ ടീ, തൈര് എന്നിവയുടെ ഉപയോഗം ഗുണം ചെയ്യും. മദ്യപാനം. പുകവലി, ഉള്ളി, വെളുത്തുള്ളി, ഇവയുടെ ഉപയോഗം കുറയ്ക്കുന്നതു നല്ലതാണ്.

22എന്താണ് ഡ്രൈ മൗത്ത് എന്ന അവസ്ഥ? കാരണം എന്താണ്?

ഡ്രൈ മൗത്ത് (Xerostomia) എന്ന അവസ്ഥയിൽ ഉമിനീർ കുറവു കാരണം വായ ഉണങ്ങുന്നു. വിവിധ തരത്തിലുള്ള മരുന്നുകൾ, കഷായങ്ങൾ, ഉമിനീർ ഗ്രന്ഥിയുടെ അസുഖങ്ങൾ, റേഡിയേഷൻ ചികിത്സകൾ, മറ്റ് അവയവങ്ങളിലെ അസുഖം, അലർജികൾ, എയ്ഡ്സ് രോഗം, പുകവലി, പലതരം ഫംഗൽ അണുബാധകൾ എന്നിവ കൊണ്ട് ഡ്രൈ മൗത്ത് അനുഭവപ്പെടാം. പല തരത്തിലുള്ള മരുന്നു ചേർന്നുള്ള ച്യൂയിങ് ഗം, മൗത്ത് സ്പ്രേ തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. ധാരാളം വെള്ളം കുടിക്കുകയും വേണം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷീന പി

അഡീഷനൽ പ്രഫസർ
കൺസർവേറ്റീവ് ഡെന്റിസ്ട്രി &
എൻഡോഡോണ്ടിക്സ്
ഗവ. െഡന്റൽ കോളജ്
കോട്ടയം

ഡോ. ട്വിങ്കിൾ എസ് പ്രസാദ്

അഡീഷനൽ പ്രഫസർ
ഒാറൽ മെഡിസിൻ
ഗവ. െഡന്റൽ കോളജ്
കോട്ടയം