Thursday 07 July 2022 04:07 PM IST : By സ്വന്തം ലേഖകൻ

‘ഈ ഭക്ഷണം കഴിച്ചാൽ ആൺകുട്ടിയെ ഗർഭം ധരിക്കാം’: പ്രചരണത്തിനു പിന്നിലെ സത്യം: ഡോ. റെഡ്ഡി പറയുന്നു

women-sex-survey

ആൺകുട്ടിയെ ഉറപ്പാക്കാൻ അല്ലെങ്കിൽ ആൺകുട്ടിയെ ഗർഭം ധരിക്കാനെന്ന പേരിൽ നൂറുകണക്കിനു മാർഗങ്ങൾ ലോകത്തെങ്ങും പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ആദ്യമേ പറയട്ടെ, ഒന്നും തന്നെ ശാസ്ത്രീയമല്ല. പെൺകുഞ്ഞുങ്ങളുടെ കാര്യത്തിലും ഇങ്ങനെതന്നെ.

ലൈംഗികവേളയിലെ രീതികൾ, പ്രത്യേക ഭക്ഷണം, ബന്ധപ്പെടുന്ന സമയം, യോനിയിലും ലിംഗത്തിലും പുരട്ടുന്ന മരുന്നുകൾ എന്നിങ്ങനെ നിരവധി രീതികൾ ഇതു സംബന്ധിച്ചു പറഞ്ഞുകേൾക്കുന്നുണ്ട്. പക്ഷേ, കുഞ്ഞിന്റെ ലിംഗനിർണയത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കില്ല തന്നെ. പ്രകൃതിയാണതു നിശ്ചയിക്കുന്നത്. ചില പ്രത്യേക ഭക്ഷണങ്ങൾ കഴിച്ചാൽ അല്ലെങ്കിൽ പ്രത്യേക ദിവസത്തിൽ ബന്ധപ്പെടുന്നതിനു കേട്ടുകേൾവിക്കപ്പുറത്തുള്ള പ്രാധാന്യമൊന്നും ഗവേഷകർ നൽകുന്നില്ല. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങൾക്കൊന്നും പുറകെ നടക്കേണ്ട.

∙ ലാബറട്ടറി പരീക്ഷണത്തിലൂടെ ഗർഭത്തിലുള്ള കുട്ടി ആണോ

പെണ്ണോ എന്നറിയാനാവുമോ?

സാങ്കേതികമായിപ്പറഞ്ഞാൽ, പറ്റും. അംമ്നിയോ സിന്തസിസ്, അൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ ടെസ്റ്റുകൾ ഇതിനു സഹായിക്കും. പക്ഷേ, ഈ ടെസ്റ്റുകളിലൂടെയുള്ള ലിംഗനിർണയം ഇന്ത്യാ ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് നിയമവിരുദ്ധമാവും.

ഒന്നു മനസ്സിലാക്കൂ, ആണായാലും പെണ്ണായാലും നിങ്ങളുടെ കുട്ടിയല്ലേ? നിങ്ങളുടെ സ്നേഹത്തിന്റെ ഉൽപന്നം? അവളാണെങ്കിലും അവനാണെങ്കിലും നിരുപാധികം, സർവാത്മനാ സ്വീകരിക്കൂ... സ്നേഹിക്കൂ.

ലിംഗനിർണയ ചിത്രം

പക്ഷേ, ബീജത്തിന്റെയും അണ്ഡത്തിന്റെയും കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മനുഷ്യശരീരം ലിംഗകോശങ്ങൾ (Sex cells) നിർമിക്കുമ്പോൾ ഓരോ കോശത്തിലും 23 എണ്ണം ക്രോമോസോമുകളേ ഉണ്ടാവുകയുള്ളൂ; 23 ജോഡിയല്ല. അതായത് 23 ക്രോമസോം വീതമുള്ള ബീജവും അണ്ഡവും. ഈ 23 ക്രോമസോമുകളിലെ ഒരു ക്രോമസോമിലാണ് ലിംഗനിർണയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളുള്ളത്.

പുരുഷനിലെ ബീജങ്ങൾ രണ്ടു തരമുണ്ട്. ഒരു ലിംഗനിർണയ എക്സ് (X) ക്രോമസോമും 22 മറ്റു ക്രോമസോമുകളും. അല്ലെങ്കിൽ ഒരു ലിംഗനിർണയ വൈ (Y) ക്രോമസോമും 22 മറ്റു ക്രോമസോമും. സ്ത്രീയിലാകട്ടെ എപ്പോഴും ഒരുതരം അണ്ഡം മാത്രമേ കാണൂ. അതായത് ഒരു ക്രോമസോം ലിംഗനിർണയ ഘടകവും (X) 22 ക്രോമോസോമുകൾ മറ്റു പാരമ്പര്യ ഘടകങ്ങളും ഉൾക്കൊള്ളും.

രണ്ടുതരം ബീജകോശങ്ങളിൽ X ക്രോമസോമുള്ള ബീജവുമായാണു അണ്ഡം സംയോജിക്കുന്നതെങ്കിൽ കുട്ടിക്കു രണ്ട് എക്സ് (XX) ക്രോമസോമുകൾ കാണുന്നു; അതൊരു പെൺകുട്ടി ആയിരിക്കും. Y ക്രോമസോമുള്ള ബീജവുമായാണു അണ്ഡസങ്കലനമെങ്കിൽ കുട്ടിക്ക് ഒരു X ക്രോമോസോമും ഒരു Y ക്രോമോസോമും (XY) ഉണ്ടാകും. അതായത് കുട്ടി ആണായിരിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

േഡാ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ

ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )

ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,

dnr@degainstitute.net