Tuesday 15 November 2022 01:25 PM IST : By സ്വന്തം ലേഖകൻ

ശുക്ലപുഷ്ഠി മുതൽ ശരീരസൗന്ദര്യം വരെ... പ്രസവ ശേഷമുള്ള നടുവേദനയ്ക്കും ഉത്തമം: കുറുന്തോട്ടി നിസാരക്കാരനല്ല

kurunthotti

മരുന്നുകളിൽ അവശ്യഘടകം

∙ ആയുർവേദ ചികിത്സയിലും ഔഷധ നിർമാണത്തിലും ഒഴിച്ചു കൂടാൻ വയ്യാത്ത, അമൂല്യമായ ഔഷധസസ്യമാണ് കുറുന്തോട്ടി. തരിശുഭൂമികളിലും വഴിയോരങ്ങളിലും പാടത്തും പറമ്പുകളിലും മലയോരങ്ങളിലും എല്ലാം ഇവ തനിയെ വളരുന്നു.

∙ ഉഷ്ണപ്രദേശങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് കുറുന്തോട്ടി. വേരുകൾക്ക് നല്ല ബലമുണ്ട്. തണ്ടുകൾ ശാഖോപശാഖകളോടും പത്രവൃന്ദങ്ങളോടും കൂടിയിരിക്കും. പൂക്കൾക്ക് മഞ്ഞയോ വെള്ളയോ നിറമായിരിക്കും.

∙ കുറുന്തോട്ടിയുടെ എല്ലാ ഭാഗങ്ങളും (വേര്, തണ്ട്, ഇല, പൂവ്) ഔഷധഗുണമുള്ളവയാണ്. എങ്കിലും വേരുകളാണ് സർവ്വ സാധാരണയായി ഔഷധ നിർമാണത്തിന് ഉപയോഗിച്ചു വരുന്നത്.

∙ ഒരു പൂവിൽ നിന്ന് ഒരു വിത്തു മാത്രമേ ഉണ്ടാവുകയുള്ളൂ. തവിട്ടു കലർന്ന കറുപ്പു നിറമാണ് വിത്തിനുള്ളത്. വിത്തിൽ നിന്നാണ് കുറുന്തോട്ടിയുടെ പ്രജനനം ഉണ്ടാകുന്നത്. നീർവാർച്ചയുള്ള മണ്ണിലാണ് കുറുന്തോട്ടി നന്നായി വളരുന്നത്.

∙ കുറുന്തോട്ടി മധുരരസത്തോടു ശീതവീര്യത്തോടും സ്നിഗ്ദ്ധ ഗുണത്തോടും കൂടിയതാണ്. വാത പിത്ത കഫങ്ങളെ ശമിപ്പിക്കുന്നു. വാതപിത്തവികാരങ്ങളിൽ കൂടുതൽ ഫലപ്രദമാണ്.

∙ ശുക്ലപുഷ്ടിക്കും ലൈംഗിക ആരോഗ്യത്തിനും പ്രയോജനകരമാണ്.

ദീർഘായുസ്, ധാരണാശക്തി, ഓർമശക്തി, ഇന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത, സംഭാഷണ മികവ്, ശുക്ലപുഷ്ഠി, ശരീരസൗന്ദര്യം എന്നിവ കാത്തുസൂക്ഷിക്കുന്നവയും അകാല വാർധക്യം തടയുന്നതുമായ ദ്രവ്യങ്ങളാണ് രസായന ഔഷധങ്ങൾ. കുറുന്തോട്ടിക്ക് ഈ വക ഗുണങ്ങൾ ധാരാളമുണ്ട്. മാത്രമല്ല രസം, രക്തം തുടങ്ങിയ സപ്തധാതുക്കളെയും കർമസൗഷ്ഠവത്തോടെ നിലനിർത്തുകയും ചെയ്യുന്നു. വൈദ്യനിർദേശ പ്രകാരം കുറുന്തോട്ടി ഉണക്കിപ്പൊടിച്ച പൊടി 10-15 ഗ്രാം കാച്ചിയ പാലിൽ രാവിലെ വെറുംവയറ്റിൽ സേവിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ബലാജീരകാദി കഷായം, നയോപായം കഷായം, കസ്തൂര്യാദി ലേഹ്യം തുടങ്ങിയ മരുന്നുകൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ ഉപയോഗിക്കുന്നതു വളരെ ആശ്വാസകരമാണ്. ഇവയിൽ കുറുന്തോട്ടി ഒരു പ്രധാന ചേരുവയാണ്.

ഗർഭിണികൾക്കും സ്ത്രീകൾക്കും

∙ ഗർഭിണികൾക്കും സ്ത്രീകൾക്കും ഒഴിച്ചു കൂടാൻ വയ്യാത്ത ഒരൗഷധമാണ് കുറുന്തോട്ടി. ഗർഭധാരണത്തിന് ഉദേശിക്കുന്ന ദമ്പതികൾക്കും ഇത് നല്ലതാണ്. ആരോഗ്യപൂർണ്ണമായ ഗർഭധാരണത്തിനും ഗർഭസ്ഥശിശുവിന്റെ വളർച്ചയ്ക്കും ഗർഭകാലത്തുള്ള ഉപദ്രവങ്ങൾ കുറയ്ക്കുവാനും സുഖപ്രസവത്തിനും എല്ലാം കുറുന്തോട്ടി ചേർന്ന മരുന്നുകൾ വളരെ ഫലപ്രദമാണ്.

∙ പ്രസവശേഷമുള്ള നടുവേദന, ഗർഭാശയത്തിന്റെ സ്ഥാനചലനം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ശമനത്തിനും കുറുന്തോട്ടി ചേർന്ന കഷായങ്ങൾ, പാൽക്കഷായങ്ങൾ, അരിഷ്ടങ്ങൾ, തൈലങ്ങൾ എന്നിവ സാധാരണയായി ഉപയോഗിച്ചു വരുന്നു.

പാൽക്കഷായ നിർമാണവിധി

∙ കുറുന്തോട്ടിവേര് 12 അര ഗ്രാം, കഴുകിച്ചതച്ച് തുണിയിൽ കിഴി കെട്ടി 100 എംഎൽ പാലും 400 എംഎൽ വെള്ളവും ചേർത്തതിലിട്ട്, തിളപ്പിച്ച് കുറുക്കുക.

∙ പാലിന്റെ അളവായാൽ (100 എംഎൽ) വാങ്ങി തുണി കൊണ്ടുള്ള കിഴി പിഴി‍ഞ്ഞു കളയുക.

∙ ഈ പാൽ മധുരത്തിന് അൽപം കൽക്കണ്ടവും ചേർത്ത് രാവിലെ സേവിക്കുക.

∙ കുറുന്തോട്ടി കിട്ടുമെങ്കിൽ പച്ച തന്നെ കിട്ടുന്നത് നന്ന്; അധികം പഴകിയതാകരുത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സി. വി. അച്ചുണ്ണി വാര്യർ

റിട്ട. ഡെപ്യൂട്ടി ചീഫ് ഫിസിഷൻ
കോട്ടയ്ക്കൽ ആര്യവൈദ്യശാല,
കോട്ടയ്ക്കൽ
മലപ്പുറം