Thursday 05 January 2023 04:10 PM IST : By സ്വന്തം ലേഖകൻ

ചെറുകടികൾ സ്റ്റാർട്ടർ, ചെന്നു നിൽക്കുന്നത് അൽഫാമിലും പൊറോട്ടയിലും; അർബുദം ഇരന്നു വാങ്ങുന്ന മലയാളികൾ

night-food

വൈകുന്നേരങ്ങൾ മലയാളിക്ക് ചെറുകടികളുടെ സമയമാണ്. മുട്ടബജി, മുളകുബജി , വാഴയ്ക്കാബജി , ഉള്ളിവട, സമൂസ തുടങ്ങി കയ്യിൽ കിട്ടുന്നതെന്തും എണ്ണയിൽ മുങ്ങിപൊങ്ങി കറുമുറെ പലഹാരങ്ങളാകുന്നു. വിദേശങ്ങളിലൊക്കെ ആളുകൾ ദിവസത്തിലെ അവസാനഭക്ഷണം കഴിക്കുന്ന സമയം. പക്ഷെ മലയാളിക്ക് രാത്രി ഭക്ഷണാഘോഷത്തിന്റെ ‘സ്റ്റാർട്ടർ’ മാത്രമാണ് ഈ ചെറുകടികൾ. രാത്രി 7–8 മണിയാകുമ്പോഴേക്കും തട്ടുകടകൾ സജീവമാകും. ആരംഭകാലത്ത് തട്ടുദോശയും

മുട്ട ഒാംലറ്റും ചട്നിയുമായിരുന്നു തട്ടുകടകളിലെ പ്രധാന ഐറ്റം. കേരളത്തിലെ മാംസ ഉപഭോഗം കൂടിയതോടെ തട്ടുകടകളിലെല്ലാം നോൺവെജിന് പ്രാധാന്യം വന്നു. ദോശ കുടിയിറക്കപ്പെട്ടു. തട്ടുകട പൊറോട്ടക്കടയായി. പലതവണ സംസ്കരിച്ച് നാരു മുഴുവൻ നീക്കപ്പെട്ട ധാന്യമായ മൈദ കൊണ്ടുള്ള പൊറോട്ടയും കൂടെ പലയാവർത്തി ഉപയോഗിച്ച എണ്ണയിൽ മുങ്ങിപ്പൊങ്ങി മൊരിഞ്ഞ ചിക്കനും ആയി താരങ്ങൾ. ധാരാളം നോൺവെജ് വെറൈറ്റി വിഭവങ്ങൾ തട്ടുകടകളിൽ സ്ഥാനം പിടിച്ചു...

എട്ടു മണിയാകുമ്പോഴേക്കും മിക്ക രാത്രിഭക്ഷണശാലകളും സജീവമായിത്തുടങ്ങും. നഗരങ്ങളിൽ ചില ഹോട്ടലുകളൊക്കെ രാത്രികാലങ്ങളിൽ മാത്രം പ്രവർത്തിക്കുന്നവയാണ്.

ഇപ്പോഴത്തെ ട്രെൻഡാണ് രാത്രി പ്രവർത്തിക്കുന്ന മൊബൈൽ കിച്ചണുകൾ. തുറസ്സായ സ്ഥലത്ത് കുറച്ച് കസേരയൊക്കെ ക്രമീകരിച്ച് പ്രത്യേകരീതിയിൽ തയാറാക്കിയ വാഹനങ്ങളിൽ വഴിയോരക്കച്ചവടം പൊടിപൊടിക്കുന്ന കാഴ്ച കാണാം. യാത്ര പോകുന്നവർക്ക് വാഹനങ്ങളിൽ ഇരുന്നു തന്നെ ഭക്ഷണം കഴിക്കാം.

ഒരു 10 വർഷം മുൻപ് മെട്രോകളിലും കോഴിക്കോട് , മലപ്പുറം പോലുള്ള സ്ഥലങ്ങളിലുമായിരുന്നു ഈറ്റിങ് ഔട്ട് അഥവാ പുറത്തുനിന്നു ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോൾ വടക്കെന്നോ തെക്കെന്നോ വ്യത്യാസമില്ലാതെ ആ കാഴ്ച കാണാം. എട്ടു മണിയാകുമ്പോഴേക്കും ഹോട്ടലുകളെല്ലാം നിറയുന്ന അവസ്ഥ.

ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞ് വരുന്ന ഇടങ്ങളിൽ ആഴ്ചയിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറത്തുനിന്നാകും രാത്രിഭക്ഷണം. പാർട്ടികളും രാത്രികളിലായി. ചൈനീസ്, അറേബ്യൻ രുചികളോടാണ് മിക്കവർക്കും താൽപര്യം. അൽഫാമും മന്തിയും ബാർബിക്യുവും ബട്ടർ ചിക്കനും ചില്ലി ചിക്കനും ബീഫും മട്ടണും ഒക്കെയായി അതീവ രുചികരമെങ്കിലും കൊഴുപ്പും കാലറിയും ഉപ്പും അമിതമായ ഭക്ഷണം...

രാത്രി 10–12 മണിയോടെ നൈറ്റ് ഷിഫ്റ്റുകാരുടെയും ഐടി ഫീൽഡ് പോലെ രാത്രി വൈകി ജോലി കഴിഞ്ഞിറങ്ങുന്നവരുടെയും ഭക്ഷണസമയമായി. ഇവരുടെ പ്രധാന ആശ്രയം തട്ടുകടകളാണ്. അർധരാത്രിയിലും കഴിക്കുന്ന വിഭവങ്ങളിൽ അധികവും നോൺ വെജ്. ചിക്കനോ ബീഫോ വറുത്തത്, ഡബിൾ ഒാംലറ്റ്, പൊറോട്ട... കൂടെ വൈകുന്നേരം 7 മുതൽ തിളച്ചുതുടങ്ങിയ എണ്ണയിൽ മുങ്ങിയ മാംസവിഭവങ്ങളുടെ മൊരിഞ്ഞുകരിഞ്ഞ അരപ്പ്...എണ്ണയിലും കൊഴുപ്പിലും മുങ്ങിനിവരുകയാണ് മലയാളിയുടെ അത്താഴനേരങ്ങൾ...

തലതിരിഞ്ഞ പിരമിഡ്

ഇന്നത്തെ മലയാളിയുടെ പ്രധാനഭക്ഷണരീതികളെ ഒരു പിരമിഡ് ആയി സങ്കൽപിച്ചാൽ ഏറ്റവും മുകളിൽ ഇപ്പോൾ പ്രാതലാണ്. ഏറ്റവും താഴെ അത്താഴവും. അതായത് ഏറ്റവും കുറച്ച് കഴിക്കുന്നത് പ്രാതലും കൂടുതൽ കഴിക്കുന്നത് രാത്രിഭക്ഷണവും. 30–40 വർഷം മുൻപത്തെ കേരളീയ ഭക്ഷണപ്രമാണം പ്രാതൽ രാജാവിനെപ്പോലെയും അത്താഴം യാചകനെപ്പോലെയും കഴിക്കണം എന്നതായിരുന്നു. ആ ഭക്ഷണപിരമിഡ് തലതിരിഞ്ഞിരിക്കുന്നു.

അത്താഴം അത്തിപ്പഴത്തോളം എന്നതുമാറി അത്താഴം ആഘോഷമായി. ഭക്ഷണത്തിന്റെ അളവ്, വിഭവങ്ങളുടെ രീതി, കഴിക്കുന്ന സമയം..എല്ലാം തകിടംമറിഞ്ഞിരിക്കുന്നു. രാത്രി ഭക്ഷണം കഴിക്കാനുള്ളതാണ് എന്നതായി ആളുകളുടെ മനോഭാവം. ഒന്നു റിലാക്സാകാനും മൂഡ് മാറാനും ഒക്കെ സിനിമയ്ക്കോ ഷോപ്പിങ്ങിനോ പോകുന്നതുപോലെ പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ പോകുന്നു. ജോലി കഴിഞ്ഞെത്തുന്നവർ ഭക്ഷണം വച്ചുണ്ടാക്കാൻ മെനക്കെടാതെ ഒാൺലൈനായി ഭക്ഷണം ഒാർഡർ ചെയ്യുന്നു.

കാലറിയും നോൺവെജും

മലയാളിയുടെ അത്താഴത്തെ അപകടത്തിലാക്കുന്നത് നാലു പ്രധാനഘടകങ്ങളാണ്. ഒന്ന് അമിത അളവിലുള്ള ഭക്ഷണം. രണ്ട് വളരെ വൈകിയുള്ള കഴിക്കൽ. മൂന്ന് അമിതമായ കൊഴുപ്പും കാലറിയും. നാല് മാംസവിഭവങ്ങളുടെ മേധാവിത്തം.

ദഹനം പൂർണമാകാൻ അഞ്ചു മണിക്കൂറെടുക്കും. ഏതാണ്ട് രണ്ടരമണിക്കൂറെങ്കിലുമാകും കഴിച്ച ഭക്ഷണം ഒന്ന് ഒതുങ്ങാൻ. വൈകി കഴിക്കുന്നതു മൂലം ഇത്രയധികം സമയം ദഹനത്തിനായി ലഭിക്കുന്നില്ല. മറ്റ് ടെൻഷനുകളെല്ലാം ഒതുങ്ങി റിലാക്സ്ഡ് ആയി കഴിക്കുന്നതു മൂലം വയർ അറിയാതെ കഴിച്ചുേപാകും. ന്യൂട്രീഷനൽ സ്റ്റഡി ജേണലിൽ വന്ന ഒരു പഠനം പറയുന്നത് അമേരിക്കക്കാരുടെ ദൈനംദിന ഭക്ഷണത്തിന്റെ സിംഹഭാഗവും കഴിക്കുന്നത് രാത്രിയിലെന്നാണ്, അതും കൂടുതൽ കാലറി കഴിക്കുന്നു. അതാണ് അവരുടെ പൊണ്ണത്തടിക്കു കാരണമത്രെ. നമ്മുടെ നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല.

വെറൈറ്റി ഭക്ഷണവിഭവങ്ങൾ പരീക്ഷിക്കാൻ അവസരമുള്ളതിനാൽ സസ്യഭുക്കുകളായവരും രാത്രി പുറത്തുപോയി ഭക്ഷണം ആസ്വദിക്കുന്നുണ്ട്. അതിന്റെ അപകടങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള കാർബോഹൈഡ്രേറ്റും ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങളും വറുത്ത ഭക്ഷണങ്ങളും കഴിക്കുന്നതും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതുമൊക്കെ മൂലം സസ്യഭുക്കുകളിലും അമിതവണ്ണവും പ്രമേഹവും ഹൃദ്രോഗവും കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു.

മാംസരുചികളിലെ മാറ്റം

നോൺവെജ് ഉപഭോഗം കൂടി. എന്നു മാത്രമല്ല നാടൻ മാംസക്കറികൾക്കു പകരം എണ്ണയിൽ വറുത്തതോ തീയിൽ ചുട്ടെടുത്തതോ ധാരാളം കൊഴുപ്പും സോസുമൊക്കെ ചേർത്ത് പാകപ്പെടുത്തിയതോ ആയ മാംസരുചികൾക്ക് പ്രിയമേറി. എണ്ണയെയും കൊഴുപ്പിനെയും വല്ലാതെ ഭയപ്പെട്ടിരുന്ന കാലത്തു വന്ന ആരോഗ്യകരമായ വിഭവങ്ങളാണ് ചുട്ടതോ ഗ്രിൽ ചെയ്തതോ ആയ ഭക്ഷണം. കാലറി വച്ചു നോക്കിയാൽ ഗുണകരമാണെങ്കിലും തീയിൽ ചുട്ടെടുക്കുന്ന ഭക്ഷണം പതിവാക്കുന്നത് ആമാശയ അർബുദത്തിന് ഇടയാക്കിയേക്കാം.

മാംസത്തേക്കാൾ ചുട്ട മീൻ അപകടകാരിയാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. രോഗങ്ങളിേലക്കുള്ള വാതിൽഅത്താഴരീതികളിൽ വന്ന മാറ്റം എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നു നോക്കാം.

രാത്രി കഴിക്കുന്ന അധിക കാലറിയും കൊഴുപ്പും എല്ലാം ഉടനടി ശരീരത്തിലേക്ക് പ്രത്യേകിച്ചു വയറിലേക്കു നിക്ഷേപിക്കപ്പെടുന്നു. ആപ്പിൾ ഒബിസിറ്റി അഥവാ മേൽവയർ ചാടുന്ന അവസ്ഥയ്ക്ക് പ്രധാനകാരണം രാത്രി വൈകിനീളുന്ന അത്താഴ ആഘോഷം തന്നെയാണ്. ഈ ആപ്പിൾ ഒബിസിറ്റി ഇൻസുലിൻ പ്രതിരോധത്തിനും അതുവഴി പ്രമേഹത്തിനും ഇടയാക്കുമെന്നതിൽ സംശയം വേണ്ട. ഭക്ഷണനേരം ശരീരത്തിലെ ഹോ ർമോണുകളെയും ഉപാപചയപ്രവർത്തനങ്ങളെയും സ്വാധീനിക്കും. ഹൃദയസംബന്ധിയായ രോഗങ്ങളാണ് മറ്റൊരു പ്രശ്നം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാം.

ദിവസേന കഴിക്കാവുന്ന ഉപ്പിന്റെ അളവ് പരമാവധി അഞ്ച് മി.ഗ്രാമാണ്. മലയാളിയുടെ രാത്രിഭക്ഷണത്തിലൂടെ മാത്രം ഇത്രയും അളവ് ഉപ്പ് ശരീരത്തിലെത്തുന്നുണ്ടാകണം.

മാത്രമല്ല ഉപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതിലും അപകടമാണ് രാത്രി വൈകി ഭക്ഷണം കഴിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. കഴിക്കാൻ വൈകുമ്പോൾ അതുവരെ ശരീരം ജാഗ്രത്തായിരിക്കാൻ അഡ്രിനാലിൻ പോ ലുള്ള സ്ട്രെസ്സ് ഹോർ മോ ണുകളെ ഉൽപാദിപ്പിക്കുന്നു. ഇതു ബിപി കൂടാനിടയാകാം. അതുവഴി ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പെടെ ധമനീരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിന്നു.

night-food

യൂറിക് ആസിഡ് എന്ന പുതിയ കൊളസ്ട്രോൾ

ഭക്ഷണ ആഘോഷ കാലത്ത് മലയാളി ഏറ്റവുമധികം നേരിടുന്ന പ്രശ്നമാണ് യൂറിക് ആസിഡ് അളവു കൂടുന്നത്. മാംസവിഭവങ്ങളിലെ പ്യൂരിൻ എന്ന ഘടകമാണ് യൂറിക് ആസിഡ് കൂട്ടുന്നത്. റെഡ് മീറ്റ്, കടൽ വിഭവങ്ങൾ, അയല, ചൂര പോലുള്ള മീനുകൾ എന്നിവയിലെല്ലാം പ്യൂരിൻ ധാരാളമുണ്ട്. യൂറിക് ആസിഡിനെ പുതിയകാല കൊളസ്ട്രോൾ എന്നു പറയാം. ഇത് ഗൗട്ട് പോലുള്ള സന്ധിരോഗങ്ങൾക്കു മാത്രമല്ല രക്തധമനീരോഗങ്ങൾക്കും ഇടയാക്കുന്നു. ഇന്നു നമ്മുടെ നാട്ടിൽ തന്നെ 20–25 വയസ്സിലേ പലർക്കും ഗൗട്ടും യൂറിക് ആസിഡ് കല്ലുകളും കണ്ടുവരുന്നു.

കൊളസ്ട്രോൾ ഘടകമായ ട്രൈഗ്ലിസറൈഡ് അളവു കൂടുന്നതാണ് മറ്റൊരു പ്രശ്നം. സമയം തെറ്റിയുള്ള കഴിപ്പും അമിതമായി ഉള്ളിലെത്തുന്ന കൊഴുപ്പും കൊളസ്ട്രോൾ ഘടകങ്ങളെ സ്വാധീനിക്കാം. പണ്ട് ഗൾഫ് പ്രവാസികളുടെ മാത്രം കുത്തകയായിരുന്ന ഈ പ്രശ്നം ഇന്നു നമ്മുടെ നാട്ടിൽ വ്യാപകമാണ്. മെറ്റബോളിക് സിൻഡ്രം അഥവാ അ‍ഞ്ചു ഗൗരവകരമായ രോഗങ്ങളുടെ സമുച്ചയത്തിന് പ്രധാനകാരണം വൈകിയുള്ള വിശാലമായ ഭക്ഷണം കഴിക്കലാണെന്നു നിസ്സംശയം പറയാം.

എപ്പോൾ ഉറങ്ങണം. എപ്പോൾ ഉണരണം എന്നൊക്കെ തീരുമാനിക്കുന്നതിനു ശരീരത്തിലെ ആന്തരഘടികാരമുണ്ട്. വിശ്രമം വേണമെന്ന് ഈ ഘടികാരം പറയുന്ന സമയത്ത് ഭക്ഷണം കഴിച്ചാൽ ശരീരത്തിലെ ഈ താളക്രമം മുഴുവൻ തെറ്റും. ഇത് രാത്രിയിലെ കൊറിക്കലിനും അങ്ങനെ ശരീരഭാരം കൂടാനും ഇടയാക്കും.

രാത്രിഭക്ഷണവും ആസ്മയും

രാത്രി അമിത അളവിൽ മസാലയും കൊഴുപ്പും ഉള്ള ഭക്ഷണം കഴിക്കുന്നവരിൽ കാണുന്ന സാധാരണ പ്രശ്നമാണ്ഗാ സ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് അഥവാ ഗേർഡ്. നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിനുണ്ടാകുന്ന അസ്വാസ്ഥ്യവുമാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ രാത്രിഭക്ഷണശീലത്തിലെ അപാകതകൾ മൂലം ആസിഡ് റിഫ്ളക്സ് പ്രകടമാകുന്നത് മറ്റു ചില ലക്ഷണങ്ങളായിട്ടാകാം. പോസ്റ്റ്നേസൽ ഡ്രിപ്, ശബ്ദം പതറുക, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, രാത്രി മാത്രമുള്ള ചുമ, ആസ്മ എന്നിവയാണ് ആ ലക്ഷണങ്ങൾ.

ശ്വാസനാളവുമായി ബന്ധപ്പെട്ട് അസിഡിറ്റി പ്രശ്നങ്ങൾ വരുന്നതിനു കാരണം കഴിച്ചയുടനെയുള്ള ചില ശീലങ്ങളാണ്. പലരും രാത്രി ഭക്ഷണം കഴിഞ്ഞ് ടിവിയുടെ മുൻപിൽ സോഫയിലേക്ക് ചായും. അമിതമായി കൊഴുപ്പ് കഴിക്കുന്നത് അന്നനാളവും ആമാശയവുമായി ബന്ധിപ്പിക്കുന്ന പേശിയെ ദുർബലമാക്കും. ദഹനസമയത്ത് ഒരു മിക്സി പോലെയാണ് ആമാശയം പ്രവർത്തിക്കുന്നത്. കഴിച്ചുകഴിഞ്ഞ് ഉടൻ കിടക്കുമ്പോൾ സ്വതവേ ദുർബലമായിരിക്കുന്ന ഈ പേശി അയഞ്ഞ് ദഹനരസവും ഭക്ഷണാവശിഷ്ടങ്ങളും കൂടി അന്നനാളത്തിലേക്ക് തിരികെ കയറും. ഇതിന്റെ കണങ്ങൾ തൊണ്ടയിലെ ലാരിങ്സ് അഥവാ സ്വനപേടകം വഴി ശ്വാസക്കുഴലിലേക്ക് ഇറ്റുവീഴാം. ഇത് അതിഭയങ്കരമായ ശ്വാസംമുട്ടലുണ്ടാക്കും. തന്മൂലം ഉറക്കം ഞെട്ടിയുണരാം. ഇനി കണങ്ങൾ വീഴണമെന്നില്ല ഒരു നേരിയ പാട ശ്വാസക്കുഴലിലേക്കു വന്നാൽ തന്നെ രാത്രി ചുമയും ആസ്മയും വരാം. രാത്രി മാത്രമായി ആസ്മയോ ചുമയോ വരുന്നവരിൽ നല്ലൊരു ശതമാനത്തിന്റെയും പ്രശ്നം രാത്രിയിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണെന്നു വിദഗ്ധർ പറയുന്നു.

യൂറോപ്യൻ ജനത വൈകി ഭക്ഷണം കഴിക്കുന്നവരാണെങ്കിലും അവർക്ക് ആസിഡ് റിഫ്ളക്സ് കുറവാണ്. കാരണം അവർ ഭക്ഷണം അളവു കുറച്ചാണ് കഴിക്കുന്നത്. പ്രായമായവരിൽ ദഹനശേഷി സ്വതവേ കുറവായിരിക്കും. മാത്രമല്ല ആമാശയ വാൽവ് ദുർബലവുമായിരിക്കും. അതുകൊണ്ട് രാത്രി അധികം വൈകാതെ, അളവു കുറച്ചു ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇവരിൽ ആസിഡ് റിഫ്ളക്സ് പ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്. മിന്റ്, ചോക്‌ലേറ്റ്, ശീതളപാനീയങ്ങൾ, മദ്യം എന്നിവയും രാത്രി കർശനമായി ഒഴിവാക്കണം.

വിദേശരാജ്യങ്ങളിൽ ആസിഡ് റിഫ്ളക്സ് ഡിസീസ് ദീർഘനാൾ നീണ്ടുനിന്ന് ഈസോഫാഗൽ കാൻസർ ആകുന്നതായി കാണാമെന്നു വിദഗ്ധർ പറയുന്നു. അസിഡിറ്റി മൂലം അന്നനാളത്തിന്റെ ആവരണകോശങ്ങളിൽ വരുന്ന പരിണാമമാണ് കാരണം. നമ്മുടെ നാട്ടിൽ ഇതത്ര വ്യാപകമല്ല. എങ്കിലും സൂക്ഷിച്ചേ മതിയാകൂ.

food-supper

കരളിൽ കൊഴുപ്പടിയുന്നു

മദ്യപാനികളുടെ രോഗമെന്നതു മാറി അമിതഭക്ഷണം കഴിക്കുന്ന ആർക്കും വരാവുന്ന പ്രശ്നമായി ഫാറ്റി ലിവർ അഥവാ കരളിൽ കൊഴുപ്പടിയൽ. രാത്രി ഭക്ഷണത്തിലെ കൊഴുപ്പ് ഇക്കാര്യത്തിൽ കൂടുതൽ അപപടകാരിയാണ്. അൾട്രാസൗണ്ട് സ്കാനിങ്ങിനു വിധേയരാവുന്ന മധ്യവയസ്കരിൽ 60 ശതമാനത്തിനും ഫാറ്റി ലിവർ കാണുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. കൊഴുപ്പാണ് പ്രധാന വില്ലനെങ്കിലും കാർബോഹൈഡ്രേറ്റ് കൂടുന്നതും അപകടമാണ്. പ്രത്യേകിച്ച് രാത്രിയിൽ അമിതമായി ചോറ് കഴിക്കുന്നത്.

ക്ലെറിക്കൽ ജോലി ചെയ്യുന്ന ഒരാൾക്ക് 1500–1800 കാലറി മതി ഒരു ദിവസം. അധ്വാനമുള്ള ജോലി അല്ലെങ്കിൽ വ്യായാമം ഉള്ളവർക്ക് 2000–2200 കാലറിയാകാം. കെട്ടിടംപണി, കൃഷി പോലെ നല്ല ശാരീരികാധ്വാനമുള്ള ജോലിയുള്ളവർക്ക് ദിവസം 3000 കാലറി മതി. അവനവന്റെ ഊർജ ഉപയോഗത്തിനും പ്രവർത്തനക്ഷമതയ്ക്കും അനുസരിച്ചു കാലറി ചിട്ടപ്പെടുത്തിയില്ലെങ്കിൽ അമിതമായ കൊഴുപ്പടിയൽ തുടർക്കഥയാകും.

രാത്രിഭക്ഷണം മിക്കവാറും പുറമെ നിന്നാകുമ്പോൾ ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. എത്രമാത്രം വൃത്തിയുള്ള സാഹചര്യങ്ങളിലാണ് ഭക്ഷണം പാകപ്പെടുത്തുന്നതെന്നോ ചേരുവകൾ ഗുണനിലവാരമുള്ളത് ആണോയെന്നോ ഉറപ്പിക്കാനാകില്ല. തട്ടുകടകൾ പോലെ തുറന്ന സ്ഥലങ്ങളിൽ വിൽക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധ, വയറിളക്കം പോലുള്ള ജലജന്യരോഗങ്ങൾ, ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ എന്നിവയ്ക്ക് സാധ്യതയുണ്ട്. വയറ്റിലെ അൾസർ രോഗത്തിന്റെ പ്രധാനകാരണമാണ് ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയ. അസിഡിറ്റി പ്രശ്നവുമായി വരുന്നവരിൽ എല്ലാവരിലും തന്നെ അണുബാധ ഉണ്ടോയെന്നു പരിശോധന നടത്തുകയും ഉണ്ടെങ്കിൽ മരുന്നു നൽകി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. പാത്രങ്ങളും ഗ്ലാസ്സും സ്പൂണും മാറി ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഈ ബാക്ടീരിയ ദീർഘകാലം ശരീരത്തിൽ നിലനിന്നാൽ ആമാശയ കാൻസറിന് ഇടയാക്കാം. പുറമെ നിന്നു ഭക്ഷണം കഴിക്കുമ്പോൾ വയറിന് അസ്വാസ്ഥ്യമുള്ളവർ തീർച്ചയായും ഇത്തരം അണുബാധ ഇല്ലെന്നുറപ്പാക്കണം.

എന്താണ് പരിഹാരം?

∙ ഏറ്റവും പ്രധാനം നമ്മുടെ അടുക്കളകളിലേക്കുള്ള മടങ്ങിപ്പോകലാണ്. രാത്രി ഭക്ഷണം വീട്ടിലുണ്ടാക്കുക, അതും ലഘുവായി. പണ്ടുകാലത്തെ പോലെ ഇത്തിരി കഞ്ഞിയും പയറും ചമ്മന്തിയും മതി. ആരോഗ്യം സുരക്ഷിതമായിരിക്കും.

∙ രാത്രി അമിതമായി കഴിക്കാനുള്ള ഒരു കാരണം മറ്റു സമയങ്ങളിൽ വേണ്ടപോലെ കഴിക്കാത്തതാണ്. പ്രാതൽ വയറുനിറയെ പോഷകസമൃദ്ധമായി കഴിക്കുക. ഉച്ചഭക്ഷണം മിതമായെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.

∙ വൈകിട്ട് നാലു മണിക്കു ശേഷം കാപ്പി, ചായ എന്നിവ കുടിക്കരുത്. ഇത് ശരീരത്തിന് കൂടുതൽ ഉത്തേജനം നൽകും. താൽക്കാലികമായി വിശപ്പു കെടുത്തും. രാത്രിഭക്ഷണനേരം നീണ്ടുപോകാനിടയാക്കും. ഉറങ്ങാൻ താമസിക്കുന്നതും വൈകി കഴിക്കാൻ ഇടയാക്കാം.

∙ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ മാസത്തിൽ രണ്ടോ മൂന്നോ മതി. അതും എണ്ണയിൽ മുക്കിപ്പൊരിച്ചവയ്ക്കു പകരം ഹെൽതി ആയവ തിരഞ്ഞെടുക്കുക.

∙ രാത്രിയിൽ മാംസം പ്രത്യേകിച്ച് ചുവന്ന മാംസം, ദഹിക്കാൻ പ്രയാസമായതിനാൽ ആമാശയത്തിൽ കെട്ടിക്കിടക്കാം. ഒഴിവാക്കണമെന്നില്ല, കൊഴുപ്പു നീക്കിയോ ചെറിയ അളവിലോ കഴിക്കാം.

∙ വിഷാദം വരുമ്പോഴോ മൂഡ് മാറാനോ ഭക്ഷണം കഴിക്കുന്ന പരിപാടി നല്ലതല്ല. ഇങ്ങനെയുള്ള സമയങ്ങളിൽ കഴിക്കുന്ന ഭക്ഷണം നാവിനു തൃപ്തി നൽകുന്നതാകും, വയറിനു ഗുണകരമാകണമെന്നില്ല.

∙ അസിഡിറ്റിയോ ഗേഡോ ഉള്ളവർ ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപേ രാത്രിഭക്ഷണം കഴിച്ചിരിക്കണം. രാത്രി കഴിച്ചയുടനെ കിടക്കുകയോ ചാഞ്ഞ് ഇരിക്കുകയോ വേണ്ട. അത്താഴം കഴിഞ്ഞ് രണ്ടു ചുവട് നടക്കാം. ദഹനം ശരിയാകും.

∙ രാത്രി ഭക്ഷണം അധികം എണ്ണയും കൊഴുപ്പും മധുരവും ഉള്ളതാകരുത്. ഭക്ഷണശേഷം മധുരം കഴിക്കുന്ന രീതി വേണ്ട.

∙ രാത്രിഭക്ഷണത്തോടൊപ്പം മദ്യവും ചേരുന്നത് ദഹനപ്രശ്നങ്ങൾ അധികരിക്കാൻ ഇടയാക്കും. പെപ്സി, കോള പോലുള്ള പാനീയങ്ങളും രാത്രി കഴിക്കരുത്.

അത്താഴം അത്തിപ്പഴത്തോളം അല്ലെങ്കിലുംഅത്താഴവിരുന്നാകരുത് എന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. എന്തായാലും മലയാളി അത്താഴത്തെക്കുറിച്ച് ഒരു പുനർ വിചിന്തനം നടത്തണമെന്നതിന് സംശയമില്ല.

വിവരങ്ങൾക്ക് കടപ്പാട്;

1.ഡോ. ബി. പദ്മകുമാർ

പ്രഫസർ, മെഡിസിൻ വിഭാഗം

മെഡി. കോളജ്

2.ഡോ. വർഗീസ് തോമസ്

റിട്ട. പ്രഫസർ & ഹെഡ്

ഗ്യാസ്ട്രോ എന്ററോളജി വിഭാഗം, മെഡി. കോളജ്

കോഴിക്കോട്