Thursday 08 December 2022 03:26 PM IST : By സ്വന്തം ലേഖകൻ

മൗത്ത് അൾസറും കാൻസറും എങ്ങനെ വേർതിരിച്ചറിയാം? ഉറപ്പായും ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ: വിദഗ്ധർ പറയുന്നു

mouth-alcer

1. സഥിരദന്തങ്ങളുെട എണ്ണം സാധാരണയിൽ നിന്നു കൂടുതലാകാറുണ്ടോ? അ ധികമുള്ള പല്ലുകൾ പ്രശ്നമാകുമോ?

സ്ഥിരദന്തങ്ങളുടെ എണ്ണം 32 ആണ്. ഇതിൽ കൂടുതൽ പല്ലുകൾ അപൂർവമായി കാണാറുണ്ട്. ഇതിനെ സൂപ്പർ ന്യൂമറി ടൂത്ത് (Super numerary tooth) എന്നു പറയും. ഇത്തരം പല്ലുകൾ സ്ഥാനം തെറ്റി വരുന്നതു മൂലം ശരിയായ രീതിയിലുള്ള ദന്തശുചീകരണം തടസ്സപ്പെടും. ഇതു മോണരോഗം, ദന്തക്ഷയം എന്നിവയ്ക്കു കാരണമായേക്കാം. ഈ അവസ്ഥയോടനുബന്ധിച്ച് അണുബാധയും വരാം.

2.മോണയെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ച് വിശദമാക്കാമോ?

മോണരോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ പല്ലുതേക്കുമ്പോഴോ ആപ്പിൾ, പേരയ്ക്ക തുടങ്ങിയവ കടിക്കുമ്പോഴോ ചെറുതായി രക്തം പൊടിയാറുണ്ട്. പിന്നീട് മോണയിൽ ചുവപ്പുനിറം, തടിപ്പ് എന്നിവ അനുഭവപ്പെടുന്നു. ഇത്തരക്കാരിൽ വായ്നാറ്റവും അനുഭവപ്പെടാറുണ്ട്. ഇതിനെ മോണരോഗത്തിന്റെ ആദ്യഘട്ടമായ മോണവീക്കം (Gingivitis) എന്നു പറയുന്നു.

അടുത്ത ഘട്ടത്തിൽ പല്ലിന്റെ ചുറ്റുമുള്ള അസ്ഥിയിലേക്കും അണുബാധ വ്യാപിക്കുന്നു. ഇതാണ് മോണപഴുപ്പ് (Periodontitis). പല്ലിനു ചുറ്റും പഴുപ്പും വേദനയും ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മോണ താഴേക്കിറങ്ങുകയും പല്ലുകൾക്കിടയിൽ വിടവും ഇളക്കവും ഉണ്ടാകാം. കൃത്യമായ ദന്തശുചീകരണത്തിന്റെ അഭാവത്താൽ പല്ലിൽ അടിഞ്ഞു കൂടുന്ന ഡെന്റൽ പ്ലേക്ക് ദന്തരോഗവിദഗ്ധനെ കൊണ്ടു വൃത്തിയാക്കിയാൽ ഒരുപരിധിവരെ മോണവീക്കം തടയാൻ സാധിക്കും. മോണപഴുപ്പിലേക്ക് എത്തിയാൽ ഫ്ലാപ് സർജറി എന്ന ചെറിയ ശസ്ത്രക്രിയ വേണം. മോണയിൽ പുരട്ടുന്ന മരുന്നുകൾ, മൗത്ത് വാഷുകൾ തുടങ്ങിയവയും ഉപയോഗിക്കാം.

3. മോണയിൽ നിന്നു രക്തം വരുന്നത് എന്തു പ്രശ്നത്തിന്റെ ലക്ഷണമാണ്?

മോണവീക്കം (Gingivitis), മോണപഴുപ്പ് (Period ontitis) എന്നീ രോഗങ്ങളിൽ മോണയിൽ നിന്നു െചറിയ രീതിയിൽ രക്തം വരാറുണ്ട്. മ റ്റു കാരണങ്ങളില്ലാതെ ശുചിയായി ദന്താരോഗ്യം സംരക്ഷിക്കുന്നവരിൽ രണ്ടാഴ്ചയിൽ കൂടുതൽ രക്തസ്രാവം നീണ്ടുനിന്നാൽ കൂടുതൽ പരിശോധനാവിധേയമാക്കണം.

4. മോണ വീക്കത്തിന്റെ കാരണം  എന്തൊക്കെയാണ്?

മോണവീക്കത്തിന്റെ ഒരു പ്രധാനകാരണം  പല്ലിൽ അടിഞ്ഞു കൂടുന്ന ഡെന്റൽ പ്ലേക്ക് ആണ്. കൃത്യമായ ദന്തശുചീകരണം നടത്തിയില്ലെങ്കിൽ അണുബാധ മോണയെ ബാധിക്കുകയും മോണവീക്കത്തിനു കാരണമാവുകയും െചയ്യുന്നു.

5.ചിലരിൽ വായ അടയ്ക്കുമ്പോൾ മേൽനിരയിലുള്ള പല്ലുകളും താഴ്നിരയിലുള്ളവയും കൂട്ടിമുട്ടിയിരിക്കും. ഇത് എന്തുകൊണ്ടാണ് ?

മാൽഒക്ലൂഷൻ (Malocclusion) അഥവാ ദന്തക്രമീകരണ വ്യതിയാനം മൂലം ആണ് ഇതു സംഭവിക്കുന്നത്. മാൽഅലൈൻഡ് ടീത്ത് എന്നും ഈ അവസ്ഥയെ പറയാം. ഇവരിൽ മോണരോഗം കൂടുതലായി കാണപ്പെടുന്നു. ഒരു ഒാർത്തോഡോണ്ടിസ്റ്റിനെ കണ്ടു വിദഗ്ധ ചികിത്സ തേടാം.

6.ഒരു ദിവസം എത്ര തവണ പല്ലു തേക്കണം?

ദിവസവും രണ്ടു തവണ പല്ലു തേക്കുന്നതാണ് ഉചിതം. കുട്ടികളിലും ഈ ശീലം വളർത്തിയെടുക്കാം. രാത്രിയിലെ ദന്തശുചീകരണം നിർബന്ധമായും െചയ്യേണ്ടതാണ്.

7.ഒാരോ തവണ പല്ലു േതക്കുമ്പോഴും നാക്കുവടിക്കണോ? ടങ് ക്ലീനർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ?

ഓരോ തവണ പല്ലു തേക്കുമ്പോഴും നാക്കുവടിക്കേണ്ട ആവശ്യമില്ല. ടങ് ക്ലീനറിനു പകരം ടൂത്ത് ബ്രഷ് ഉപയോഗിച്ചു നാക്കു വൃത്തിയാക്കുന്നതാണ് ഉത്തമം. പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവ കൊണ്ടുള്ള ടങ് ക്ലീനറുകൾ ലഭ്യമാണ്. എന്നിരുന്നാലും പ്ലാസ്റ്റിക് ടങ് ക്ലീനറാണു നല്ലത്.

8.ഏതുതരം ടൂത്ത് പേസ്റ്റ് ആണ് നല്ലത്?

ഫ്ലൂറൈഡ് അടങ്ങിയ വെള്ള നിറത്തിലുള്ള പേസ്റ്റ് ആണ് നല്ലത്. ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് പല്ലിന്റെ ഇനാമലിനെ ബലപ്പെടുത്തുകയും ഒരു പരിധി വരെ ദന്തക്ഷയം തടയുകയും ചെയ്യുന്നു..

9കുട്ടികളിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോൾ?

ഏഴു വയസ്സു വരെ ഫ്ലൂറൈഡ് അടങ്ങിയ കുട്ടികളുടെ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം. മുതിർന്നവരുടെ ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് അളവ് അധികമാണ്. കുട്ടികൾ പേസ്റ്റ് വിഴുങ്ങാനുള്ള സാധ്യതയുള്ളതിനാൽ ഇത് ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഏഴു വയസ്സിനുശേഷം മുതിർന്നവരുെട പേസ്റ്റ് നൽകാം.

10.വായയുെട ഏതെല്ലാം ഭാഗത്തു കാൻസർ വരാം?

വായയുടെ എല്ലാ ഭാഗത്തും കാൻസർ വരാം. പുകവലി, പുകയില ചവയ്ക്കുക, പാൻ മസാല പോലെയുള്ളവയുടെ അമിത ഉപയോഗം, വെറ്റില മുറുക്കൽ എന്നിവയാണു മുഖ്യ കാരണങ്ങൾ. പല്ലിന്റെ കൂർത്ത ഭാഗങ്ങൾ (Sharp tooth) വളരെ നാൾ കവിളിൽ കൊണ്ട് വ്രണമായാലും സൂക്ഷിക്കണം.

11. വായിലെ കാൻസറിന്റെ സൂചനകൾ എന്തെല്ലാമാണ് ?

ദീർഘനാൾ നീണ്ടുനിൽക്കുന്ന ഉണങ്ങാത്ത വ്രണങ്ങൾ, കവിളിൽ ഉണ്ടാകുന്ന തടിപ്പോ, മുഴകളോ, വെളുത്തതോ ചുവന്നതോ ആയ പാടുകൾ. ഇവ മോണയിലോ, നാക്കിലോ, കവിളിലോ എവിടെ വേണമെങ്കിലും കാണപ്പെടാം. നാക്കിലോ, വായിലോ ഉണ്ടാകുന്ന മരവിപ്പ്, മേൽത്താടിയിലോ, കീഴ്ത്താടിയിലോ കാണപ്പെടുന്ന തടിപ്പുകളും മുഴകളും, അകാരണമായി പല്ലിന് ഇളക്കം സംഭവിക്കുക, വായ്നാറ്റം ഇവയെല്ലാം വായിലെ കാൻസറിന്റെ മുന്നോടിയായുള്ള ലക്ഷണങ്ങളാണ്.

stock-photo-dental-treatment-of-young-asian-woman-at-the-dentist-office-111948680

12. ഒാറൽ കാൻസർ തിരിച്ചറിയാനുള്ള പരിശോധനകൾ?

ദീർഘനാൾ നീണ്ടുനിൽക്കുന്ന ഉണങ്ങാത്ത വ്രണങ്ങൾ, തടിപ്പുകൾ, മുഴകൾ എന്നിവയെല്ലാം പരിശോധനയ്ക്കു വിധേയമാക്കണം. ബയോപ്സി വഴി മാത്രമെ രോഗനിർണയം ഉറപ്പാക്കാൻ സാധിക്കൂ. പ്രാരംഭഘട്ടത്തിൽ വളരെ എളുപ്പം തന്നെ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും. ശസ്ത്രക്രിയ, റേഡിയേഷൻ എന്നിവ രോഗാവസ്ഥയ്ക്ക് അനുസരിച്ച് ആവശ്യമായി വന്നേക്കാം.

13. എന്താണു വായിലെ അൾസർ? കാരണങ്ങൾ എന്തെല്ലാമാണ്? എന്താണു ചികിത്സ?

പല ഭാഗത്തും കാണപ്പെടുന്ന വേദനാജനകമായ വ്രണങ്ങൾ ആണ് മൗത്ത് അൾസർ. പല കാരണങ്ങൾ കൊണ്ടു വ്രണങ്ങൾ ഉണ്ടാകാം. കവിളിൽ അറിയാതെ കടിക്കുക, ചുണ്ടിൽ കടിക്കുക, ടൂത്ത് ബ്രഷ് കൊണ്ടുള്ള മുറിവ്, പലതരം വൈറൽ, ബാക്ടീരിയൽ, ഫംഗൽ അണുബാധകൾ, പലതരം മരുന്നുകളോടുള്ള അലർജി, ചിലതരം മരുന്നുകൾ, ചില രോഗാവസ്ഥകൾ, അമിതമായ മാനസിക സംഘർഷം മുതൽ അർബുദം വരെ കാരണമാകുന്നു.

മൗത്ത് അൾസർ സാധാരണയായി ചികിത്സയൊന്നും ഇല്ലാതെ തന്നെ ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുന്നു. ഉപ്പിട്ടു ചെറു ചൂടുവെള്ളം കൊണ്ടു വായ കഴുകുന്നതു നല്ലതാണ്. ഈ സമയത്ത് എരിവും പുളിയും കൂടുതലുള്ള ഭക്ഷണപദാർഥങ്ങളും, അസിഡിറ്റി ഉണ്ടാക്കുന്ന പാനീയങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കാം. വീട്ടുപരിഹാരമായി തേൻ, വെളിച്ചെണ്ണ, അലോവെര ജെൽ, തുളസിയില തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്.

dental-care

14. മൗത്ത് അൾസറും കാൻസറും എ ങ്ങനെ വേർതിരിച്ചറിയാം?

രണ്ടാഴ്ചയിലധികം നീണ്ടു നിൽക്കുന്ന ഉണങ്ങാത്ത വ്രണങ്ങൾ (Oral Ulcers) പരിശോധനാവിധേയമാക്കണം. മൗത്ത് അൾസറും കാൻസറും തമ്മിൽ വിദഗ്ധ പരിശോധന വഴിയാണു തിരിച്ചറിയുന്നത്. അതിനാൽ വ്രണം ഉണങ്ങാതെ ദിവസങ്ങളോളം നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക.

വിവരങ്ങൾക്ക് കടപ്പാട്

.ഡോ. ഷീന പി.

അഡീഷനൽ പ്രഫസർ

കൺസർവേറ്റീവ് ഡെന്റിസ്ട്രി &

എൻഡോഡോണ്ടിക്സ്

ഗവ. െഡന്റൽ കോളജ്

കോട്ടയം

ഡോ. ട്വിങ്കിൾ എസ്. പ്രസാദ്

അഡീഷനൽ പ്രഫസർ

ഒാറൽ മെഡിസിൻ

ഗവ. െഡന്റൽ കോളജ്

കോട്ടയം