Tuesday 23 August 2022 04:54 PM IST : By സ്വന്തം ലേഖകൻ

അറ്റുപോയ വിരൽ തുന്നിച്ചേർക്കാം; പെരുവിരൽ പോയാൽ പകരം വിരൽ വയ്ക്കാം: ഹാൻ‌ഡ് സർജറിയെക്കുറിച്ച് കൂടുതൽ അറിയാം

handsurg3213

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും പ്രാധാന്യമുണ്ട്. കൈകള്‍ക്കും അതിലെ ഓരോ വിരലുകള്‍ക്കുമുള്ള സ്ഥാനം ഓരോ നിമിഷവും നമ്മുടെ പ്രവര്‍ത്തനങ്ങളെ സഹായിച്ചുകൊണ്ടേയിരിക്കുന്നു. അപകടങ്ങളിലും ജന്‍മനാലുള്ള കുഴപ്പങ്ങള്‍ മൂലവുമാണ് കൈകള്‍ക്ക് വൈകല്യമോ തകരാറുകളോ സംഭവിക്കുന്നത്. ഇവയില്‍ കൃത്യസമയത്ത്, പെട്ടെന്ന് നടത്തുന്ന ഇടപെടലുകളാണ് വിരലുകളുടെയും കൈകളുടെയും പ്രവര്‍ത്തനം തിരിച്ചുപിടിക്കാനുള്ള സാഹചര്യമൊരുക്കുന്നതില്‍ പ്രധാനം. അറ്റുപോയ വിരലുകള്‍ ചേര്‍ത്തു വയ്ക്കുന്നതു മുതല്‍ മുറിഞ്ഞു നഷ്ടപ്പെട്ട പെരുവിരലിനു പകരം കാലില്‍ നിന്ന് രണ്ടാം വിരല്‍ എടുത്തു വയ്ക്കുന്നതു-ടോ ടു തംബ് ട്രാന്‍സ്ഫര്‍- വരെയുള്ള ശസ്ത്രക്രിയകള്‍ അത്യാധുനികള്‍ ആശുപത്രികളില്‍ ഇപ്പോള്‍ ലഭ്യമാണ്. 

നമ്മുടെ കഴുത്തിന്റെ ഭാഗത്തുള്ള നാഡീ ശൃംഖലയില്‍ നിന്ന് അഥവാ ബ്രേക്യല്‍ പ്ലക്‌സസില്‍ നിന്ന് തുടങ്ങി കൈപ്പത്തി വരെയുള്ള ഭാഗങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്ന വിഭാഗമാണ് ഹാന്റ് സര്‍ജറി വിഭാഗം. ആശുപത്രികളില്‍ മുന്‍കാലങ്ങളില്‍ അത്യാഹിത വിഭാഗവുമായി ബന്ധപ്പെടുത്തി ഓര്‍ത്തോ വിഭാഗത്തിന്റെ സഹായത്തോടെ നടന്നിരുന്ന ശസ്ത്രക്രിയകള്‍ ഇന്ന് കൈകാര്യം ചെയ്യാനായി ഏറ്റവും അത്യാധുനികമായ സൗകര്യങ്ങള്‍ ക്രമീകരിച്ച ഹാന്റ്, ട്രോമ ആന്റ് റികണ്‍സ്ട്രക്ടീവ് വിഭാഗമാണ് പ്രവര്‍ത്തിക്കുന്നത്.

ജീവിതത്തില്‍ ഏതു നിസ്സാരമായി കരുതുന്ന കാര്യവും ചെയ്യാന്‍ നമ്മുടെ പെരുവിരല്‍ എത്രമാത്രം സഹായിക്കുന്നു എന്നത് അത് നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും നമുക്ക് മനസ്സിലാകുക. ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങളില്‍, വാഹനാപകടങ്ങളിലോ ഫാക്ടറിയില്‍ നടക്കുന്ന അപകടങ്ങളിലോ കൈയ്ക്ക് പരുക്കേല്‍ക്കുന്നവര്‍ക്ക്, വിരല്‍ നഷ്ടപ്പെടുന്നവര്‍ക്കാണ് ഇത്തരം ശസ്ത്രക്രിയ ചെയ്യുക. ജന്‍മനാ തന്നെ നാലു വിരലുള്ളവരുണ്ട്, ആറോ ഏഴോ വിരലുകളുമായി ജനിക്കുന്നവരുമുണ്ട്-മിറര്‍ ഫിംഗര്‍. അധിക വിരലുള്ളവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ലെങ്കിലും പെരുവിരലില്ലാതെ നാലു വിരലുകളുമായി ജനിക്കുന്നവര്‍ക്ക് ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ പ്രശ്‌നം നേരിടും.

'ടോ ടു തംബ്' ശസ്ത്രക്രിയയില്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ, കാല്‍ വിരലിന്റെ എല്ലുകളും ടെന്‍ഡണുകളും ഞരമ്പുകളും മുറിച്ച് അത് കൈയിന്റെ എല്ലിലേക്കും ടെന്‍ഡണിലേക്കും ഞരമ്പുകളിലേക്കും രക്തക്കുഴലുകളിലേക്കും ബന്ധപ്പെടുത്തി സ്ഥാപിക്കുന്നതാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. 

ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവനുള്ള ഒരു വിരല്‍ മുറിച്ചെടുത്ത്, അതിനെ തല്‍ക്കാലത്തേക്കാണെങ്കിലും ജീവനില്ലാതാക്കി വീണ്ടും ജീവനുള്ളതുമായി ബന്ധപ്പെടുത്തി ശരിയാക്കിയെടുക്കുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് ശസ്ത്രക്രിയ. വിരല്‍ കൈയില്‍ ചേര്‍ത്തുവയ്ക്കുക എന്നതിനപ്പുറം അതിനെ പ്രവര്‍ത്തനക്ഷമമാക്കിയെടുക്കുക എന്ന പ്രക്രിയ കൂടി ഇതിനൊപ്പം നടക്കേണ്ടതുണ്ട്. കണ്‍ജനൈറ്റല്‍ ഹാന്റ് സര്‍ജറി വളരെ ചുരുക്കം കേന്ദ്രങ്ങൡ മാത്രമേ കേരളത്തില്‍ നടക്കുന്നുള്ളൂ. 

റിസ്റ്റ് പെയ്ന്‍,-കണംകൈ വേദന-, ജന്‍മനാല്‍ വൈകല്യമുള്ള കൈകള്‍, കൈത്തണ്ടയ്ക്കും മുകള്‍ഭാഗത്തേക്കുമുള്ള ഫ്‌ളാപ് കവര്‍, കൈത്തണ്ടയിലും മുകള്‍ഭാഗത്തുമുള്ള സെറിബ്രല്‍ പാഴ്‌സി റികണ്‍സ്ട്രക്ടീവ് സര്‍ജറി, കൈകളിലും മുന്‍കൈയിലും സ്‌പോര്‍ട്‌സ് ഇന്‍ജുറി, ബ്രാക്യല്‍ പ്ലെക്‌സസ് & പെരിഫെറല്‍ നര്‍വ് ഇന്‍ജുറീസ്, റീപ്ലാന്റേഷന്‍ / റീവാസ്‌കുലറൈസേഷന്‍ സര്‍ജറികള്‍, കൈത്തണ്ടയിലും മുകള്‍ ഭാഗത്തുമുള്ള പൊട്ടലുകള്‍ ഉറപ്പിക്കല്‍, ഞരമ്പു ചുരുങ്ങല്‍, ടെന്‍ഡനോപ്പതികള്‍, മുന്‍കൈകളിലും അതിനു മുകളിലുമുള്ള മുഴകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇന്ന് കൈകാര്യം ചെയ്യുന്നത് ഹാന്റ് സര്‍ജറി വിഭാഗമാണ്.

പലപ്പോഴും കൈകള്‍ക്കുണ്ടാകുന്ന പരിക്കുകളില്‍ മൂന്നിലൊന്ന് രോഗികള്‍ക്കു മാത്രമേ ശസ്ത്രക്രിയ ആവശ്യമായി വരാറുള്ളൂ. ബാക്കിയുള്ള പ്രശ്‌നങ്ങള്‍ക്ക് പ്ലാസ്റ്റര്‍ ഇട്ടുകൊണ്ടോ ഫിസിയോതെറാപ്പി വഴിയോ ഉള്ള ചികിത്സ മതിയാകും. 

കൈകള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യങ്ങളില്‍ തക്ക സമയത്തെ ഇടപെടലിന്റെ പ്രാധാന്യവും ആധുനിക ചികിത്സാ സൗകര്യങ്ങളുടെ സാധ്യതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഹാന്റ് സര്‍ജറി ദേശീയ ദിനമായി ആഗസ്ത് 23 ആചരിക്കുന്നത്. ചികിത്സയില്ലെന്ന് കരുതി കാത്തിരിക്കുന്നവരും അപകടം സംഭവിച്ച ശേഷവും ചികിത്സ വൈകിക്കുന്നവരും നമുക്കിടയില്‍ ഏറെയാണിപ്പോഴും. ഇത്തരക്കാരെ ഉടന്‍ ആശുപത്രികളില്‍ അടിയന്തരമായി എത്തിക്കണമെന്ന ചിന്ത എല്ലാവരിലുമെത്തുമ്പോഴാണ് ഇത്തരം ദിനാചരണങ്ങള്‍ അര്‍ത്ഥവത്താവാകുന്നത്.

ഡോ. ഗോപാലകൃഷ്ണന്‍ എം എല്‍

ഹെഡ്, സീനിയര്‍ കണ്‍സല്‍ട്ടന്റ്

ഹാന്റ്, ട്രോമ ആന്റ് റീകണ്‍സ്ട്രക്ടീവ്-ബോണ്‍ ജോയിന്റ് ആന്റ് സ്‌പൈന്‍ വിഭാഗം,

മേയ്ത്ര ഹോസ്പിറ്റല്‍,

കോഴിക്കോട്

Tags:
  • Daily Life
  • Manorama Arogyam