Wednesday 13 July 2022 02:30 PM IST : By സ്വന്തം ലേഖകൻ

കോവിഡ് നെഗറ്റീവ് ആയി, വാക്സീൻ എടുത്തു... എന്നിട്ടും തീരുന്നില്ല ആരോഗ്യ പ്രശ്നങ്ങൾ: എന്തുകൊണ്ട്?

post-covid-july-8

കോവിഡ് നെഗറ്റീവ് ആയി. പക്ഷേ, ക്ഷീണം മാറുന്നേയില്ല. രണ്ട് പടി കയറുമ്പോഴേക്കും അണച്ചു മടുക്കും...വിശപ്പില്ല, നന്നായി ഉറങ്ങിയിട്ട് ദിവസങ്ങളായി... വല്ലാത്ത ശ്വാസംമുട്ടലും കിതപ്പുമാണ്.....കോവിഡിനെ അതിജീവിച്ച ചിലരുടെ പരാതികൾ ഇങ്ങനെ പോകുന്നു....

കോവിഡ് മാറിയിട്ടും മാറാതെ നിൽക്കുന്ന രോഗലക്ഷണങ്ങളെ മൊത്തത്തിൽ പോസ്റ്റ് കോവിഡ് സിൻഡ്രം എന്നു വിശേഷിപ്പിക്കുന്നു. ലോങ് കോവിഡ്, ലോങ് ഹൗളേഴ്സ് എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ലോകാരോഗ്യസംഘടനയുടെ നിർവചനപ്രകാരം, സാധാരണഗതിയിൽ കോവിഡ് 19 ന്റെ ലക്ഷണങ്ങൾ തുടങ്ങി മൂന്നു മാസം കഴിഞ്ഞിട്ടും നിലനിൽക്കുന്നതും കുറഞ്ഞത് രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്നതും മറ്റൊരു തരത്തിലുള്ള രോഗനിർണയം കൊണ്ടും വിശദീകരിക്കാനാകാത്തതുമായ ലക്ഷണങ്ങളെയാണു പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ എന്നു പറയുന്നത്.

സാധാരണഗതിയിൽ പോസിറ്റീവായി ഏഴു മുതൽ 10 ദിവസത്തിനുള്ളിൽ രോഗമുക്തിയുണ്ടാകും. തീവ്രതയേറിയവരിൽ 3– 6 ആഴ്ച വരെ സമയമെടുത്തേക്കും. ഈ കാലയളവു കഴിഞ്ഞിട്ടും കോവിഡ് സമയത്തുണ്ടായിരുന്ന ചില ലക്ഷണങ്ങൾ നിലനിൽക്കുകയോ കോവിഡ് മുക്തിക്കുശേഷം പുതുതായി രോഗലക്ഷണങ്ങൾ  പ്രകടമാവുകയോ ചെയ്യാം.

പഠനങ്ങൾ പറയുന്നത്

ലോകമെങ്ങും കോവിഡാനന്തര പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നുവരുന്നുണ്ട്. ഇറ്റലിയിൽ നടന്ന ഒരു പഠനത്തിൽ 87 ശതമാനം പേരിലും രോഗമുക്തരായി 60 ദിവസം കഴിഞ്ഞിട്ടും ഒരു ലക്ഷണമെങ്കിലും മാറാതെ നിൽക്കുന്നതായി കണ്ടു. 32 % പേരിൽ ഒന്നു രണ്ടു ലക്ഷണങ്ങളും 55 % പേരിൽ മൂന്നിൽ കൂടുതൽ ലക്ഷണങ്ങളും മാറാതെനിന്നു. ക്ഷീണം, ജീവിതഗുണനിലവാരം കുറയുക, ശ്വാസതടസ്സം, സന്ധിവേദന, നെഞ്ചുവേദന, ചുമ, ചർമത്തിൽ ചുവന്ന പാടുകൾ, നെഞ്ചിടിപ്പു വല്ലാതെ കൂടുക (പാൽപിറ്റേഷൻ), തലവേദന, വയറിളക്കം, കയ്യിലും കാലിലും തരിപ്പും മരവിപ്പും തുടങ്ങിയ ലക്ഷണങ്ങളാണ് കോവിഡാനന്തരം പൊതുവേ കണ്ടത്. ആശുപത്രിവാസം കഴിഞ്ഞവരിൽ മൂന്നു മാസത്തിനു ശേഷവും അമിതക്ഷീണവും ശ്വാസതടസ്സവും റിപ്പോർട്ടു ചെയ്യപ്പെട്ടു.സ്ത്രീകളിലാണ് പൊതുവേ കോവിഡാനന്തരപ്രശ്നങ്ങൾ കൂടുതൽ കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.

എന്തുകൊണ്ട് വരുന്നു?

ലഘുവായി കോവിഡ് വന്നുപോയവരിലും വാക്സീൻ എടുത്ത ശേഷം കോവിഡ് വന്നുപോയവരിലും എ ന്തുകൊണ്ടാണ് കോവിഡാനന്തരം പ്രശ്നങ്ങൾ വരുന്നത്? എന്തുകൊണ്ടാണ് ഒന്നിലധികം അവയവ വ്യവസ്ഥകളെ കോവിഡ് ബാധിക്കുന്നത്? ഇതിനൊന്നും കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ല.

എങ്കിലും, കോവിഡ് മൂലം അവയവങ്ങൾക്കു വരുന്ന തകരാറ്, ശരീരത്തിന്റെ പ്രതിരോധപ്രതികരണം, അപൂർവമായാണെങ്കിലും കൊറോണ വൈറസ് ശരീരത്തിൽ നിലനിൽക്കുന്ന അവസ്ഥ, നീർവീക്കം നീണ്ടുനിൽക്കുന്നത്, ആശുപത്രിവാസത്തിന്റെയും ഐസിയു പരിചരണത്തിന്റെയും അനന്തരമായി ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങൾ, മറ്റുരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീർണതകൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വൈറസിന്റെ തീവ്രതയും പ്രതിരോധ പ്രതികരണവും

‘‘പോസ്റ്റ് കോവിഡ് പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട രണ്ടു കാര്യങ്ങളാണ് വൈറസ് ശരീര കോശങ്ങളെ ബാധിക്കുന്ന രീതിയും വൈറസിനെ തുരത്താൻ ശരീരം കൈക്കൊള്ളുന്ന പ്രതിരോധപ്രതികരണവും’’.ഐഎംഎ ഭാരവാഹിയും എപ്പിഡിമിയോളജി വിദഗ്ധനുമായ ഡോ. രാജീവ് ജയദേവൻ പറയുന്നു.

‘‘ കൊറോണ വൈറസ് ജലദോഷവൈറസ് പോലെ ഒരു സാധാരണ വൈറസ് അല്ല. വീണ്ടും വീണ്ടും ശരീരത്തെ ആക്രമിക്കാനുള്ള കഴിവ് ഈ വൈറസിനുണ്ടെന്നതു വ്യക്തമായിക്കഴിഞ്ഞു. മാത്രമല്ല, ഒാരോരുത്തരിലും വൈറസ് എത്രകാലം നിലനിൽക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഉദാഹരണത്തിന് ഉദരത്തിലുള്ള എന്ററോസൈറ്റ്സ് എന്ന കുടൽ കോശങ്ങളിൽ ഇതിനു സുഖമായി ഏറെനാൾ കഴിയാനുള്ള സാഹചര്യമുണ്ട്. ഇങ്ങനെ കൂടുതൽ കാലം വൈറസ് ശരീരത്തിൽ കഴിയുന്നത് കൂടുതൽ സങ്കീർണതകൾക്ക് ഇടയാക്കുമോ എന്നു നമുക്ക് അറിവില്ല.

രണ്ടാമതായി, നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വൈറസിനെ തുരത്താൻ ശ്രമിക്കുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. വൈറസും ശരീരവുമായുള്ള യുദ്ധത്തിന്റെ ഏറ്റക്കുറച്ചിലുകൾ പലരിലും പല തരത്തിലാണ്. ‌ഈ പരിശ്രമത്തിനിടയിൽ പ്രതിരോധപ്രതികരണം തന്നെ അവയവങ്ങളെ കേടുവരുത്താം.

ഉദാഹരണത്തിന്, കോവിഡ് വൈറസ് സാധാരണ, തലച്ചോറിൽ നേരിട്ട് അണുബാധയുണ്ടാക്കുന്നില്ലെങ്കിലും അതിനെ പരോക്ഷമായി ബാധിക്കുന്നുണ്ട്. പ്രശസ്തമായ ബയോബാങ്ക് പഠനത്തിൽ കോവിഡ് വന്നുപോയവരുടെ കോവിഡിനു മുൻപും ശേഷവുമുള്ള തലച്ചോറിന്റെ സ്കാനുകൾ നോക്കിയപ്പോൾ കോവിഡ് ഏതുതീവ്രതയിൽ വന്നുപോയവരിലും കോവിഡ് വരാത്തവരെ അപേക്ഷിച്ച് തലച്ചോറ് ചുരുങ്ങിയിട്ടുണ്ട് എന്നു കണ്ടു. ഇവരിൽ സെറിബ്രൽ സ്പൈനൽ ഫ്ളൂയിഡ് കൂടുതലായും സോളിഡ് ബ്രയിൻ കോശങ്ങൾ കുറയുന്നതായും കണ്ടു. ഇതാണ് ബ്രയിൻഫോഗ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാനും സ്വയം പുതുക്കിപ്പണിയാനുമുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. മിക്കവരിലും ഈ പ്രശ്നങ്ങൾ ക്രമേണ കുറഞ്ഞ് സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നതായും കാണുന്നുണ്ട്. ’’ ഡോ. രാജീവ് പറയുന്നു.

തീവ്രതയുമായി ബന്ധമുണ്ടോ?

‘‘കൊറോണവൈറസ് ശരീരത്തെ ആക്രമിക്കുമ്പോൾ അത് ശരീരത്തിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 (ACE2) റിസപ്റ്ററിലേക്കാണ് കൂടിച്ചേരുന്നത്. രക്തക്കുഴലുകളുടെ ഉൾവശത്തും തലച്ചോറ്, കരൾ, ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിങ്ങനെ ഏതാണ്ടെല്ലാ അവയവങ്ങളിലും ഈ കോശങ്ങളുണ്ട്. ഇതുകൊണ്ടാകാം കോവിഡ് മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്നത്. തന്മൂലം അവയവങ്ങളിലുണ്ടാകുന്ന തകരാറുകൾ കോവിഡിനു ശേഷവും ലക്ഷണങ്ങൾക്കിടയാക്കാം.’’ പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ജേക്കബ് ജോൺ പറയുന്നു.

‘‘കോവിഡ് തീവ്രതയും കോവിഡാനന്തര പ്രശ്നങ്ങളുമായി നേരിട്ടു ബന്ധമില്ല. എങ്കിലും ലഘുവായി രോഗം വന്നവരിൽ കോവിഡാനന്തര പ്രശ്നങ്ങൾക്കുള്ള സാധ്യത കുറച്ചു കുറവാണെന്നു പറയാം. അതേസമയം രോഗം തീവ്രമായിരുന്നവരിൽ കോവിഡാനന്തരപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. ’’ ഡോ. ജേക്കബ് ജോൺ ചൂണ്ടിക്കാണിക്കുന്നു.

തലച്ചോർ മുതൽ ശരീരത്തിന്റെ പിൻഭാഗം വരെ നീളുന്ന വേഗസ് നാഡിക്കുണ്ടാകുന്ന തകരാറാണ് ലോങ് കോവിഡിനു പിന്നിലെന്നും അതല്ല, രക്തത്തിലെ മൈക്രോ ക്ലോട്ടുകൾ ശരീരകലകളിൽ ഒാക്സിജനെത്തുന്നത് തടയുന്നതാണ് കാരണമെന്നുമൊക്കെ തിയറികളുണ്ട്. ഈ സിദ്ധാന്തങ്ങളിലെ നെല്ലും പതിരും തിരിച്ചറിഞ്ഞ് വരാൻ സമയമെടുക്കും. എന്തുകൊണ്ടാണ് സ്ത്രീകളിൽ ലോങ് കോവിഡ് പ്രശ്നങ്ങൾ കൂടുതൽ കാണുന്നുവെന്നതിനും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

പക്ഷേ, ഒന്നു മറക്കരുത്. പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾക്ക് അദ്ഭുത പ്രതിവിധികളൊന്നുമില്ല. വൈറസിന്റെ ആക്രമണത്തിൽ നിന്നും പൂർണ മുക്തി നേടാൻ ശരീരത്തിന് സമയം നൽകുക. മിക്കവാറും ലക്ഷണങ്ങളെല്ലാം തന്നെ മെല്ലെ കുറഞ്ഞുവരുന്നതായാണ് കാണുന്നത്. അതുപോലെ കോവിഡാനന്തരം കാണുന്ന ചുമയും കിതപ്പും ക്ഷീണവുമൊക്കെ കുറഞ്ഞുവരുന്നില്ലെങ്കിൽ വിശദമായ പരിശോധനയ്ക്ക് വിധേയരാവുക. ആദ്യം തന്നെ സ്പെഷലിസ്റ്റുകളെ തേടിപ്പോകാതെ ഫോളോ അപ് പരിശോധനകൾക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലോ ഫിസിഷന്മാരുടെയടുത്തോ പോവുക.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ജേക്കബ് ജോൺ,

വൈറോളജിസ്റ്റ്, സിഎംസി, വെല്ലൂർ

ഡോ. രാജീവ് ജയദേവൻ,

വൈസ് ചെയർമാൻ, റിസർച്ച് സെൽ, ഐഎംഎ