Thursday 07 July 2022 11:32 AM IST : By സ്വന്തം ലേഖകൻ

കോവിഡിനു ശേഷം പനി അടിക്കടി വരുന്നു, കലശലായ ക്ഷീണവും: എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു

post-covid-scene

കോവിഡിനു ശേഷം പുക, പൊടി പോലുള്ളവ ഒട്ടും സഹിക്കാൻ സാധിക്കുന്നില്ല. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. കാരണമെന്താണ്?.

മുൻപ് പൊടി, തണുപ്പ് തുടങ്ങിയവയോട് അലർജി ഉണ്ടായിരുന്നവരിൽ കോവിഡിനു ശേഷം അതു കൂടുന്നതായി കാണുന്നുണ്ട്. മാത്രമല്ല, ഏതു വൈറസ് അണുബാധയെ തുടർന്നും കുറച്ചു നാളത്തേക്കു ശ്വാസനാളികൾ അമിതപ്രതികരണം (Hyperresponsivenss) കാണിക്കാം. വൈറൽ പനി മാറിയ ശേഷം കുറച്ചുനാളത്തേക്ക് ചെറിയ തോതിലുള്ള അലർജൻ ഇടപഴകലിനോടു പോലും വർധിച്ച തോതിലുള്ള പ്രതികരണം ഉണ്ടാകാറുണ്ടല്ലൊ. കോവിഡിന്റെ കാര്യത്തിലും ഇതുണ്ടാകാം. ഇതാകാം ശ്വാസംമുട്ടലിനും അലർജിക്കുമിടയാക്കുന്നത്.

വരണ്ട ചുമ മാറുന്നില്ല. എന്താണ് ചെയ്യേണ്ടത്?

കോവി‍ഡ് അടക്കമുള്ള വൈറൽ രോഗങ്ങളെ തുടർന്ന് വരണ്ട ചുമ ഉണ്ടാകുന്നത് സാധാരണയാണ്. അലർജി മൂലമുള്ള വരണ്ട ചുമയാണെങ്കിൽ ആന്റി ഹിസ്റ്റമിനുകൾ ഫലപ്രദമാണ്. എന്നാൽ ചെറിയ ശതമാനം പേരിൽ കോവിഡിനെ തുടർന്നു വരണ്ട ചുമ നീണ്ടു നിൽക്കുന്നത്–ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ടിന്റെയോ (Organizing Pneumonia), ശ്വാസകോശങ്ങൾ ദ്രവിക്കലിന്റെയോ (Fibrosis) ഭാഗമാകാം. അതുകൊണ്ടു തന്നെ ഇത്തരം സാധ്യതകൾ ഉണ്ടോ എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പരിശോധിക്കുന്നതു നല്ലതാണ്.

കോവിഡ് മാറിയിട്ട് ആറു മാസമായി. രാത്രി ശ്വാസംമുട്ടൽ കൂടുതലാണ്. കുട്ടിക്കാലത്ത് ആസ്മ ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ സിഒപിഡി ആണെന്നു പറഞ്ഞു?

കോവി‍ഡ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോകാമെങ്കിലും 20-30 ശതമാനം പേരിൽ തുടർ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വരണ്ട ചുമ, നെഞ്ചത്തു കനം തോന്നൽ, വേണ്ടത്ര ശ്വാസം ഉള്ളിലേക്കെടുക്കാനാവുന്നില്ല എന്ന തോന്നൽ ഇ തൊക്കെ സാധാരണ കണ്ടുവരുന്നു. ഇവയിൽ മിക്ക കേസുകളിലും ശ്വാസകോശത്തിനു കാര്യമായ പ്രശ്നങ്ങളൊന്നും കാണുന്നില്ല. പലപ്പോഴും ഇതൊക്കെ കോവിഡിനെ തുടർന്നുള്ള മാനസിക സമ്മർദം മൂലമുള്ള പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder ) ആകാറാണ് പതിവ്.

എന്നാൽ നേരത്തെ ആസ്മ ഉണ്ടായിരുന്നവർക്ക്, അതു നിയന്ത്രണവിധേയമായിരുന്നു എങ്കിലും കോവിഡിനെ തുടർന്ന് വീണ്ടും പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. കോ വി‍ഡിനെ തുടർന്ന് സി ഒ പി ഡി ഉണ്ടാകുമെന്ന് കരുതാനാകില്ല. പഠനങ്ങളൊന്നും തന്നെ അതു പറയുന്നുമില്ല. എങ്കിലും വിശദ പരിശോധനകൾ ആവശ്യമാണ്.

ക്ഷീണവും മറ്റു പ്രശ്നങ്ങളും

∙ കോവിഡിനു ശേഷം ക്ഷീണം കലശലാണ്. എന്തു ചെയ്യണം?

ഏതു വൈറസ് രോഗം മാറിക്കഴിഞ്ഞും അസ്തീനിയ അഥവാ ക്ഷീണം കാണാറുണ്ട്. പ്രത്യേകിച്ച് മറ്റു രോഗം ഉള്ളവരാണെങ്കിൽ ക്ഷീണം കൂടുതലാണ്. പ്രായം കൂടിയവർക്കും കുറഞ്ഞവർക്കും ചെറിയ തോതിൽ കോവിഡ് വന്നവർക്കും തീവ്രമായ കോവിഡ് വന്നവർക്കും ഒക്കെ ക്ഷീണം വരുന്നതായി കാണുന്നുണ്ട്. പ്രായം കൂടിയവർക്ക് ക്ഷീണം കൂടുതലായി കണ്ടാൽ ഷുഗർ കൂടിയിട്ടുണ്ടോ എന്നു നോക്കണം. ഷുഗർ വർധിപ്പിക്കുന്ന സ്വഭാവം കോവിഡിനുണ്ട് എന്നു മറക്കരുത്.

രക്തത്തിന്റെ കൗണ്ട് പരിശോധിക്കുന്നതും നല്ലതാണ്. മറ്റു തരത്തിലുള്ള അണുബാധകൾ പിടികൂടിയിട്ടുണ്ടോ എന്നും പരിശോധിച്ചുനോക്കണം. കോവിഡ് മൂലം രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ പലതരം അണുബാധകൾക്കു സാധ്യതയുണ്ട്. ഇവയെ ഒാപ്പർച്യുനിസ്റ്റിക് ഇൻഫക്‌ഷൻ എന്നാണു പറയാറ്. സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവു കുറഞ്ഞിട്ടുണ്ടോ എന്നും അറിയണം

സപ്ലിമെന്റുകൾ ക്ഷീണം കുറയ്ക്കുന്നതിനു വലിയ ഗുണമൊന്നും ചെയ്യില്ല. വിശപ്പൊക്കെ വന്നു കഴിഞ്ഞാൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതു കൊണ്ട് ക്ഷീണം മാറിക്കോളും. ഏതായാലും ഒരു ഡോക്ടറെ കണ്ട് പ്രാഥമികമായ പരിശോധനകളെല്ലാം നടത്തുക

∙ കോവിഡിനെ തുടർന്ന് ധാതുക്കളുടെയും വൈറ്റമിനുകളുടെയും അഭാവം വരുമോ? സിങ്ക്, മഗ്നീഷ്യം. കാത്സ്യം , വൈറ്റമിൻ ഡി പോലുള്ളവ കഴിക്കേണ്ടതുണ്ടോ?

കോവിഡിനെ തുടർന്ന് സിങ്ക്, മഗ്നീഷ്യം, കാൽസ്യം പോലുള്ള വൈറ്റമിനുകൾക്കൊക്കെ ചെലവേറിയിരുന്നു. എന്നാൽ പഠനങ്ങൾ പറയുന്നത് കോവിഡ് തടയുന്നതിലോ കോവിഡ് കഴിഞ്ഞിട്ട് ശരീരം ശരിയാകുന്നതിലോ ഈ സപ്ലിമെന്റുകൾക്കു പ്രത്യേകിച്ച് പങ്കൊന്നുമില്ല എന്നാണ്. വൈറ്റമിൻ ഡിക്ക് കോവിഡ് ചികിത്സയിൽ സ്ഥാനമില്ലെങ്കിലും മിക്കവർക്കും വൈറ്റമിൻ ഡി കുറവായതുകൊണ്ടും പൊതുവായ രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ പ്രയോജനകരമായതുകൊണ്ടും കോവിഡ് സമയത്തും അതിനു ശേഷമുള്ള 7–8 ആഴ്ചയും ആഴ്ചയിൽ ഒന്നു വച്ച് കഴിക്കുന്നതു നല്ലതാണ്. എങ്കിലും ഇതു നിർബന്ധമുള്ള കാര്യമല്ല.

കോവിഡിനെ തുടർന്ന് അടിക്കടി പനി വരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കോവിഡ് മാറിക്കഴിഞ്ഞവർക്ക് സാധാരണഗതിയിൽ പനി വീണ്ടും വ രുന്നതായി കാണാറില്ല. കോവിഡ് മുക്തരായിട്ടും ആവർത്തിച്ചു പനി വരുന്നുണ്ടെങ്കിൽ മറ്റ് എന്തെങ്കിലും അണുബാധ പിടികൂടിയിട്ടുണ്ടോ (ഉദാ– ക്ഷയം) എന്നു നോക്കണം. കോവിഡ് മാറിക്കഴിഞ്ഞ്  ഉടനെ അ ടിക്കടി വൈറൽ അണുബാധ ഉടനെ വരുന്നതു സാധാരണമല്ല. കോവിഡിന് ആശുപത്രിയിൽ കിടന്നു ചികിത്സിച്ചവരാണെങ്കിൽ ആശുപത്രിയിൽ നിന്നു മൂത്രാശയ അണുബാധ പോലെ എന്തെങ്കിലും അണുബാധ പിടിപെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. ജേക്കബ് കെ. ജേക്കബ്

2. ഡോ. പി. എസ്. ഷാജഹാൻ

3. ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള

4. ഡോ. പി. എ. മുഹമ്മദ് കുഞ്ഞ്