Thursday 07 July 2022 04:18 PM IST : By സ്വന്തം ലേഖകൻ

കോവിഡ് വന്നു പോയി മാസങ്ങൾ കഴിഞ്ഞു... പെർഫ്യൂം മണക്കുമ്പോൾ വൃത്തികെട്ട ഗന്ധം?: കാരണമെന്ത്

covid-smell

കോവിഡിനു ശേഷം പുക, പൊടി പോലുള്ളവ ഒട്ടും സഹിക്കാൻ സാധിക്കുന്നില്ല. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. കാരണമെന്താണ്?.

മുൻപ് പൊടി, തണുപ്പ് തുടങ്ങിയവയോട് അലർജി ഉണ്ടായിരുന്നവരിൽ കോവിഡിനു ശേഷം അതു കൂടുന്നതായി കാണുന്നുണ്ട്. മാത്രമല്ല, ഏതു വൈറസ് അണുബാധയെ തുടർന്നും കുറച്ചു നാളത്തേക്കു ശ്വാസനാളികൾ അമിതപ്രതികരണം (Hyperresponsivenss) കാണിക്കാം. വൈറൽ പനി മാറിയ ശേഷം കുറച്ചുനാളത്തേക്ക് ചെറിയ തോതിലുള്ള അലർജൻ ഇടപഴകലിനോടു പോലും വർധിച്ച തോതിലുള്ള പ്രതികരണം ഉണ്ടാകാറുണ്ടല്ലൊ. കോവിഡിന്റെ കാര്യത്തിലും ഇതുണ്ടാകാം. ഇതാകാം ശ്വാസംമുട്ടലിനും അലർജിക്കുമിടയാക്കുന്നത്.

വരണ്ട ചുമ മാറുന്നില്ല. എന്താണ് ചെയ്യേണ്ടത്?

കോവി‍ഡ് അടക്കമുള്ള വൈറൽ രോഗങ്ങളെ തുടർന്ന് വരണ്ട ചുമ ഉണ്ടാകുന്നത് സാധാരണയാണ്. അലർജി മൂലമുള്ള വരണ്ട ചുമയാണെങ്കിൽ ആന്റി ഹിസ്റ്റമിനുകൾ ഫലപ്രദമാണ്. എന്നാൽ ചെറിയ ശതമാനം പേരിൽ കോവിഡിനെ തുടർന്നു വരണ്ട ചുമ നീണ്ടു നിൽക്കുന്നത്–ശ്വാസകോശങ്ങളിൽ ഉണ്ടാകുന്ന നീർക്കെട്ടിന്റെയോ (Organizing Pneumonia), ശ്വാസകോശങ്ങൾ ദ്രവിക്കലിന്റെയോ (Fibrosis) ഭാഗമാകാം. അതുകൊണ്ടു തന്നെ ഇത്തരം സാധ്യതകൾ ഉണ്ടോ എന്ന് ആദ്യ ഘട്ടത്തിൽ തന്നെ പരിശോധിക്കുന്നതു നല്ലതാണ്.

കോവിഡ് മാറിയിട്ട് ആറു മാസമായി. രാത്രി ശ്വാസംമുട്ടൽ കൂടുതലാണ്. കുട്ടിക്കാലത്ത് ആസ്മ ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ സിഒപിഡി ആണെന്നു പറഞ്ഞു?

കോവി‍ഡ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ കടന്നു പോകാമെങ്കിലും 20-30 ശതമാനം പേരിൽ തുടർ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. വരണ്ട ചുമ, നെഞ്ചത്തു കനം തോന്നൽ, വേണ്ടത്ര ശ്വാസം ഉള്ളിലേക്കെടുക്കാനാവുന്നില്ല എന്ന തോന്നൽ ഇ തൊക്കെ സാധാരണ കണ്ടുവരുന്നു. ഇവയിൽ മിക്ക കേസുകളിലും ശ്വാസകോശത്തിനു കാര്യമായ പ്രശ്നങ്ങളൊന്നും കാണുന്നില്ല. പലപ്പോഴും ഇതൊക്കെ കോവിഡിനെ തുടർന്നുള്ള മാനസിക സമ്മർദം മൂലമുള്ള പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ (Post Traumatic Stress Disorder ) ആകാറാണ് പതിവ്.

എന്നാൽ നേരത്തെ ആസ്മ ഉണ്ടായിരുന്നവർക്ക്, അതു നിയന്ത്രണവിധേയമായിരുന്നു എങ്കിലും കോവിഡിനെ തുടർന്ന് വീണ്ടും പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നുണ്ട്. കോ വി‍ഡിനെ തുടർന്ന് സി ഒ പി ഡി ഉണ്ടാകുമെന്ന് കരുതാനാകില്ല. പഠനങ്ങളൊന്നും തന്നെ അതു പറയുന്നുമില്ല. എങ്കിലും വിശദ പരിശോധനകൾ ആവശ്യമാണ്.

ബ്രെയിൻഫോഗും ഉറക്കവും

കോവിഡിനു ശേഷമുള്ള ആദ്യകാലത്ത് ആശയക്കുഴപ്പം കൂടുതലായി കണ്ടിരുന്നു. ഇപ്പോൾ 6 മാസം കഴിഞ്ഞു. എന്നിട്ടും മാറ്റമില്ല?

ആറു മാസത്തിനുശേഷവും, ശ്രദ്ധക്കുറവും, ആശയക്കുഴപ്പവും നീണ്ടു നിൽക്കുന്നത് അസാധാരണമാണ്. എങ്കിലും ചിലരിൽ ഇങ്ങനെ കണ്ടിട്ടുണ്ട്. ഏകാഗ്രത നഷ്ടപ്പെടുകയും, മറവി കൂടുതലായി വരികയും ചെയ്യുന്ന അവസ്ഥയെ ബ്രെയിൻ ഫോഗ് എന്നാണു പറയുക. തലച്ചോറിന്റെ ഒരു പ്രത്യേക അസുഖമായി ഇതുവരെ ഇതിനെ നിർവചിച്ചിട്ടില്ല.

ഇതു പരിഹരിക്കാൻ ∙ ബ്രെയ്ൻ ഉത്തേജന വ്യായാമങ്ങൾ ചെയ്യാം. ∙ ആരോഗ്യപ്രദമായ ആഹാരരീതി ശീലിക്കാം. ∙ മദ്യപാനവും പുകവലിയും ഇപേക്ഷിക്കുക. ∙ ആവശ്യത്തിന് ഉറങ്ങുക. ∙ കോവിഡ് വ്യാപനം കുറഞ്ഞ വരുന്നതിനാൽ, സാമൂഹികമായ ഇടപെടലുകൾ തീർച്ചയായും വർധിപ്പിക്കാം. അടച്ചിട്ടിരിക്കു ന്ന അവസ്ഥയിൽ നിന്നും, രോഗസംക്രമണ സാധ്യതകൾ ഒഴിവാക്കിയുള്ള കൂടിച്ചേരലുകളും മറ്റും തീർച്ചയായും തലച്ചോർ ഉത്തേജനത്തെ സഹായിക്കും.

കോവിഡ് സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുമോ?

കോവിഡ് കാലം മുതൽ ബ്രെയിൻ അറ്റാക്ക് എന്നറിയപ്പെടുന്ന പക്ഷാഘാതമോ അതുപോലെയുള്ള ചലനശേഷിക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങളോ വർധിച്ച തോതിൽ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. കോവിഡ് വന്നശേഷവും ദീർഘനാളത്തേക്കും, കോവിഡ് വാക്സിനേഷനുശേഷവും പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇത് പക്ഷെ, ഒരു ലക്ഷത്തിൽ 82.6 എന്ന നിരക്കിലാണ് കണ്ടിട്ടുള്ളത്. എല്ലാ വാക്സീനുകൾക്കും ഈ സാധ്യത കണ്ടിട്ടില്ല.

മറ്റു യാതൊരു അസുഖം ഇല്ലാത്തവർക്കും യുവജനങ്ങളിലും സ്ട്രോക്കിനു കൂടിയ സാധ്യത കണ്ടിട്ടുണ്ട്. പക്ഷേ, കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിച്ച രോഗികളിൽ സ്ട്രോക്ക്, കാഠിന്യം കുറഞ്ഞതും വളരെ വേഗം, സുഖം പ്രാപിക്കുന്ന തരത്തിലുള്ളതുമായാണ് കണ്ടിട്ടുള്ളത്. പുകവലി, കൊളസ്ട്രോൾ, പ്രമേഹം എന്നീ പക്ഷാഘാത അപകട ഘടകങ്ങളെ നിയന്ത്രിച്ചുനിർത്താൻ ശ്രദ്ധിക്കണം .

കോവിഡ് വന്നുപോയിട്ട് നാലു മാസമായി. ഇപ്പോഴും ഉറക്കം നന്നായി ലഭിക്കുന്നില്ല ?

കോവിഡാനന്തര രോഗമായി ഉറക്കക്കുറവു കണ്ടുവരുന്നു. സാധാരണക്കാരിൽ 35% പേർക്കുവരെ ഉറക്കപ്രശ്നമുണ്ടാകുമ്പോൾ കോവിഡ് ബാധിച്ചവരിൽ 74% വരെ ഇതേ പ്രശ്നം കാണാറുണ്ട്. കോവിഡ് അനുബന്ധ മാനസിക സാമൂഹിക പ്രശ്നങ്ങൾ ഉറക്കകൂടുതലിനും കുറവിനും കാരണമാകാറുണ്ട്.

മറ്റൊരു കാരണം വർധിച്ച മൊബൈൽ, സാമൂഹിക മാധ്യമ ഉപയോഗമാണ്. വളരെ താമസിച്ചു കിടക്കുകയും താമസിച്ച് ഉണരുകയും ചെയ്യുന്ന ദിനചര്യ ഉറക്കക്കുറവിന് ഇടയാക്കാം. സമയത്തുറങ്ങുകയും ഉണരുകയും ചെയ്യുന്നതു പോലുള്ള സ്ലീപ് ഹൈജീൻ പാലിക്കണം.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മു ൻപെങ്കിലും കംപ്യൂട്ടർ, ടി വി, മൊബൈൽ എന്നിവ ഒഴിവാക്കുക, ഒച്ചവച്ച സംസാരം, ചിരി എന്നിവ വേണ്ട. ലൈറ്റുകൾ ഓഫ് ചെയ്ത്, ഉറങ്ങുന്ന അന്തരീക്ഷം സൃഷ്ടിക്കുക. സൂര്യപ്രകാശവും ഉറക്കവും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. മുറിക്കുള്ളിലാണ് ജോലിയെങ്കിൽ സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ജോലി ക്രമീകരിക്കുക. ഉറക്കക്കുറവിന് ഇടയാക്കുന്ന മറ്റസുഖങ്ങളുണ്ടെങ്കിൽ ചികിത്സിക്കുക.

ചിലർക്ക് കോവിഡാനന്തര രോഗ മായി ഉറക്കം കൂടുതൽ കാണാം. രാത്രിയിലെ ഉറക്കം നിരീക്ഷിക്കുകയും ഉറക്കം കൂടുതലാക്കുന്ന നാർക്കോലെപ്സി കാറ്റപ്ലെക്സി എന്ന അസുഖം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ആന്റി ഹിസ്റ്റമിൻ (ജലദോഷ മരുന്നുകൾ) മരുന്നുകൾ ഉറക്കംകൂടാനിടയാക്കാം. ∙ മാനസിക സംഘർഷങ്ങൾ ഒഴിവാക്കണം. ഇതൊന്നും കൊണ്ട് ഉറക്കപ്രശ്നം മാറുന്നില്ലെങ്കിൽ ഒരു ന്യൂറോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും സഹായം തേടാം.



∙കോവിഡിനു ശേഷം അഞ്ചു മാസം കഴിഞ്ഞു. മണവും രുചിയും പൂർണമായും ശരിയായിട്ടില്ല. പെർഫ്യൂം, പൗഡർ പോലുള്ളവ മണക്കുമ്പോൾ വേറൊരു വൃത്തികെട്ട ഗന്ധമാണുള്ളത്. പരിശോധനകൾ എന്തെങ്കിലും നടത്തണോ?

കോവിഡ് വന്നുപോയവരിലും, കോവിഡ് സമ്പർക്കമുണ്ടായവർക്കും നീണ്ടു നിൽക്കുന്ന രീതിയിൽ മണവും കൂടെ രുചിയും നഷ്ടപ്പെടുന്നതായി കാണാറുണ്ട്. കോവിഡ് –19 വൈറസ് നാസാരന്ധ്രങ്ങളിലെ, ഘ്രാണകോശങ്ങളെയും നാഡീ തന്തുക്കളെയും നശിപ്പിക്കുന്നതാണ് കാരണം. ആദ്യ സമയത്തുണ്ടാകുന്ന നീർക്കെട്ട് (Infla mmation) ജലദോഷക്കാർക്കു സംഭവിക്കുന്നതുപോലെ, സ്ഥിരമല്ലാത്ത ഘ്രാണശേഷീനഷ്ടം വരുത്താം. രോ ഗം മാറുമ്പോൾ മണം, രുചി അറിയാനുള്ള കഴിവ് തിരിച്ച് കിട്ടും.

എന്നാൽ മണം സംവേദിക്കുന്ന നാഡീതന്തുക്കൾ പൂർണമായും നശിച്ചാൽ മണം അറിയാനുള്ള കഴിവ് ദീർഘനാളത്തേക്കു നഷ്ടമാകാം. വളരെ കുറച്ചു പേരിലാണ് ഇങ്ങനെ  നാഡീതന്തുക്കളും കോശങ്ങളും നശിച്ചു പോകുന്നത്. കുറച്ചെങ്കിലും കോശങ്ങൾ ശേഷിക്കുന്നുണ്ടെങ്കിൽ പിൽക്കാലത്ത് ഘ്രാണശേഷി തിരികെ കിട്ടും. മണം നാറ്റമായി അറിയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നത്, നാഡീതന്തുക്കളുടെ റിപ്പയർ സമയത്തു സംഭവിക്കുന്ന വ്യതിയാനം മൂലമാണ്. വയറിംഗ് മാറ്റി ചെയ്യുമ്പോൾ വയറുകൾ മാറിപ്പോകുന്നതുപോലെ മണം നല്ല മണമായി അറിയിക്കുന്ന കോശങ്ങളും നാറ്റം അറിയിക്കുന്ന കോശങ്ങളുമായി മിശ്രിത കണക്ഷൻ ഉണ്ടാകുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്.

സാധാരണ, തനിയെ ഇതു മാറും. എങ്കിലും ഇതേപോലെ നീണ്ടു നിൽക്കുന്ന അവസ്ഥയിൽ, ഘ്രാണപുനഃപരിശീലനമാണു ചികിത്സയായി നിർദേശിക്കുന്നത്. ഉദാഹരണത്തിന് പരിചിത ഗന്ധങ്ങളായ മുല്ലപ്പൂ, നാരങ്ങാ, റോസ് മുതലായവ നിരന്തരം മണപ്പിക്കുക. ഭക്ഷണത്തിലും ഇഷ്ട വിഭവങ്ങൾ കണ്ണുതുറന്നും അടച്ചും മണപ്പിക്കുക, പേശികളെ എക്സർസൈസ് ചെയ്ത് ഉത്തേജിപ്പിക്കുന്നതുപോലെ ഗന്ധകോശങ്ങളെയും ഉത്തേജിപ്പിക്കാം.

അസുഖത്തിന്റെ തുടക്ക കാലത്ത് നീർക്കെട്ട് (Inflammation) കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഗുണം നൽകാറുണ്ട്.മണം തിരിച്ചെത്തുന്നതു താമസിക്കുമെങ്കിലും രുചി അറിയാനുള്ള കഴിവു വൈകാതെ ലഭിക്കും. ഏതായാലും ഒരു ന്യൂറോളജിസ്റ്റിന്റെയും, ഇ.എൻ.ടി സ്പെഷിലിസ്റ്റിന്റെയും സഹായം തേടണം.‌

ക്ഷീണവും മറ്റു പ്രശ്നങ്ങളും

∙ കോവിഡിനു ശേഷം ക്ഷീണം കലശലാണ്. എന്തു ചെയ്യണം?

ഏതു വൈറസ് രോഗം മാറിക്കഴിഞ്ഞും അസ്തീനിയ അഥവാ ക്ഷീണം കാണാറുണ്ട്. പ്രത്യേകിച്ച് മറ്റു രോഗം ഉള്ളവരാണെങ്കിൽ ക്ഷീണം കൂടുതലാണ്. പ്രായം കൂടിയവർക്കും കുറഞ്ഞവർക്കും ചെറിയ തോതിൽ കോവിഡ് വന്നവർക്കും തീവ്രമായ കോവിഡ് വന്നവർക്കും ഒക്കെ ക്ഷീണം വരുന്നതായി കാണുന്നുണ്ട്. പ്രായം കൂടിയവർക്ക് ക്ഷീണം കൂടുതലായി കണ്ടാൽ ഷുഗർ കൂടിയിട്ടുണ്ടോ എന്നു നോക്കണം. ഷുഗർ വർധിപ്പിക്കുന്ന സ്വഭാവം കോവിഡിനുണ്ട് എന്നു മറക്കരുത്.

രക്തത്തിന്റെ കൗണ്ട് പരിശോധിക്കുന്നതും നല്ലതാണ്. മറ്റു തരത്തിലുള്ള അണുബാധകൾ പിടികൂടിയിട്ടുണ്ടോ എന്നും പരിശോധിച്ചുനോക്കണം. കോവിഡ് മൂലം രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ പലതരം അണുബാധകൾക്കു സാധ്യതയുണ്ട്. ഇവയെ ഒാപ്പർച്യുനിസ്റ്റിക് ഇൻഫക്‌ഷൻ എന്നാണു പറയാറ്. സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവു കുറഞ്ഞിട്ടുണ്ടോ എന്നും അറിയണം

സപ്ലിമെന്റുകൾ ക്ഷീണം കുറയ്ക്കുന്നതിനു വലിയ ഗുണമൊന്നും ചെയ്യില്ല. വിശപ്പൊക്കെ വന്നു കഴിഞ്ഞാൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതു കൊണ്ട് ക്ഷീണം മാറിക്കോളും. ഏതായാലും ഒരു ഡോക്ടറെ കണ്ട് പ്രാഥമികമായ പരിശോധനകളെല്ലാം നടത്തുക

∙ കോവിഡിനെ തുടർന്ന് ധാതുക്കളുടെയും വൈറ്റമിനുകളുടെയും അഭാവം വരുമോ? സിങ്ക്, മഗ്നീഷ്യം. കാത്സ്യം , വൈറ്റമിൻ ഡി പോലുള്ളവ കഴിക്കേണ്ടതുണ്ടോ?

കോവിഡിനെ തുടർന്ന് സിങ്ക്, മഗ്നീഷ്യം, കാൽസ്യം പോലുള്ള വൈറ്റമിനുകൾക്കൊക്കെ ചെലവേറിയിരുന്നു. എന്നാൽ പഠനങ്ങൾ പറയുന്നത് കോവിഡ് തടയുന്നതിലോ കോവിഡ് കഴിഞ്ഞിട്ട് ശരീരം ശരിയാകുന്നതിലോ ഈ സപ്ലിമെന്റുകൾക്കു പ്രത്യേകിച്ച് പങ്കൊന്നുമില്ല എന്നാണ്. വൈറ്റമിൻ ഡിക്ക് കോവിഡ് ചികിത്സയിൽ സ്ഥാനമില്ലെങ്കിലും മിക്കവർക്കും വൈറ്റമിൻ ഡി കുറവായതുകൊണ്ടും പൊതുവായ രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ പ്രയോജനകരമായതുകൊണ്ടും കോവിഡ് സമയത്തും അതിനു ശേഷമുള്ള 7–8 ആഴ്ചയും ആഴ്ചയിൽ ഒന്നു വച്ച് കഴിക്കുന്നതു നല്ലതാണ്. എങ്കിലും ഇതു നിർബന്ധമുള്ള കാര്യമല്ല.

കോവിഡിനെ തുടർന്ന് അടിക്കടി പനി വരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

കോവിഡ് മാറിക്കഴിഞ്ഞവർക്ക് സാധാരണഗതിയിൽ പനി വീണ്ടും വ രുന്നതായി കാണാറില്ല. കോവിഡ് മുക്തരായിട്ടും ആവർത്തിച്ചു പനി വരുന്നുണ്ടെങ്കിൽ മറ്റ് എന്തെങ്കിലും അണുബാധ പിടികൂടിയിട്ടുണ്ടോ (ഉദാ– ക്ഷയം) എന്നു നോക്കണം. കോവിഡ് മാറിക്കഴിഞ്ഞ്  ഉടനെ അ ടിക്കടി വൈറൽ അണുബാധ ഉടനെ വരുന്നതു സാധാരണമല്ല. കോവിഡിന് ആശുപത്രിയിൽ കിടന്നു ചികിത്സിച്ചവരാണെങ്കിൽ ആശുപത്രിയിൽ നിന്നു മൂത്രാശയ അണുബാധ പോലെ എന്തെങ്കിലും അണുബാധ പിടിപെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം.

ശ്വാസകോശത്തെ ബാധിക്കുമ്പോൾ

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ആക്രമിക്കുക. വൈറസ് ശരീരത്തിലെത്തിക്കഴിയുമ്പോൾ ഇത് മൂക്ക്. വായ, കണ്ണുകൾ എന്നിവയുടെ ആവരണങ്ങളുമായെല്ലാം സമ്പർക്കത്തിൽവരുന്നു. വൈറസ് ശ്വാസനാളവുമായി സമ്പർക്കത്തിൽ വരുന്നതിന്റെ ഫലമായി അതിന്റെ ആവരണത്തിനു വീക്കം സംഭവിക്കാം. ചിലപ്പോൾ ഈ അണുബാധ ആൽവിയോള കോശങ്ങളിലേക്കു വരെയെത്താം. ന്യൂമോണിയ പോലുള്ള രോഗാവസ്ഥകളിൽ ആൽവിയോളയ്ക്ക് വീക്കം കാണാറുണ്ട്. ചെസ്റ്റ് എക്സ് റേയിലും സിടി സ്കാനിലും ഈ വീക്കം ദൃശ്യമാകും. കോവിഡ് അതീതീവ്രമായി വന്നവരിൽ അണുബാധ ശ്വാസകോശത്തിന്റെ ഇരുഭാഗങ്ങളെയും ബാധിച്ച് ഫ്ളൂയിഡ് കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. ജേക്കബ് കെ. ജേക്കബ്

2. ഡോ. പി. എസ്. ഷാജഹാൻ

3. ഡോ. ആനന്ദ് മാർത്താണ്ഡ പിള്ള

4. ഡോ. പി. എ. മുഹമ്മദ് കുഞ്ഞ്