Friday 05 August 2022 02:18 PM IST : By സ്വന്തം ലേഖകൻ

പതിവായുള്ള ബ്ലീച്ച്, ഹെയർ കളറുകൾ, മരുന്നുകളുടെ അമിതോപയോഗം... മുടി കൊഴിച്ചിലിന് കാരണമാകുന്ന 10 ശീലങ്ങൾ

hair-loss

മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കെട്ടാമെന്നു പ്രമാണം. എന്നാൽ അതിനു മുടിയില്ലെങ്കിലോ? പിന്നെ പരിഹാരം തേടി പരക്കം പാച്ചിലായി. കൗമാരപ്രായക്കാർ മുതൽ വൃദ്ധർവരെ എല്ലാവരേയും ഒരുപോലെ അലട്ടുന്നതും പരിഹാരമാർഗ്ഗങ്ങൾക്കും ചികിത്സയ്ക്കുമായി ധാരാളം പണം ചിലവാക്കപ്പെടുന്നതുമായ ഒരവസ്ഥയാണ് മുടി കൊഴിച്ചിൽ. മനുഷ്യ സൗന്ദര്യത്തിന്റെ ബാഹ്യനിർവ്വചനപ്പട്ടികയിൽ പ്രമുഖ സ്ഥാനം മുടിയഴകിനുണ്ട്. അത് പുരുഷനായാലും സ്ത്രീയായാലും അതുകൊണ്ടുതന്നെ അൽ പ്പമൊന്നു ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ കുറയ്ക്കാനും ഉള്ള മുടി ആരോഗ്യത്തോെട സംരക്ഷിക്കാനും അതുവഴി സൗന്ദര്യം നിലനിർത്താനും കഴിയും.

മുടി കൊഴിച്ചിൽ

ആരോഗ്യവാനായ ഒരാളുടെ തലയോട്ടിയിൽ നിന്ന് ദിവസേന 50 മുതൽ 100 വരെ മുടികൾ കൊഴിയാറുണ്ട്. ഇത് തികച്ചും സ്വാഭാവികം. ലക്ഷത്തോടടുത്ത് മുടികൾ തലയിലുള്ളപ്പോൾ ഇത് അത്ര കാര്യമാക്കേണ്ടതും ഇല്ല. മുടി നഷ്ടപ്പെടുന്നതുപോലെ തന്നെ പുതിയ മുടി മുളയ്ക്കുകയും ചെയ്യും. എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെ സംഭവിക്കണമെന്നില്ല. മുടികൊഴിച്ചിൽ എന്നു പൊതുവായി പറയുമ്പോൾ തലയിലെ മുടി എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിലും ദേഹത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും രോമം പൊഴിയാം (താടിമീശ, ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ രോമങ്ങൾ എന്നിവ). രോമം കൊഴിയുന്നതിനെ അലോപേഷ്യ (alopecia) എന്നാണ് പറയുന്നത്.

മുടികൊഴിച്ചിലുണ്ടായാൽ എല്ലാ ചികിത്സാരീതികളും പരീക്ഷിക്കുന്നവരാണ് പുതിയ തലമുറയിലുള്ളവർ. കൃത്യമായ കാരണം കണ്ടെത്തി ചികിത്സ നൽകുകയും മുടി വളരാനുള്ള സാവകാശവും സമയവും നൽകിയാൽ നഷ്ടപ്പെട്ടതും വളർച്ച മുരടിച്ചതുമായ മുടി വീണ്ടും വളരാനുള്ള സാധ്യത കൂടും.

രണ്ടുതരം കൊഴിച്ചിൽ

മുടി കൊഴിച്ചിൽ രണ്ടു തരത്തിൽ ഉണ്ട്. താൽക്കാലിക മുടി കൊഴിച്ചിലും, സ്ഥിരമായ മുടി കൊഴിച്ചിലും. പേരു സൂചിപ്പിക്കുന്നതുപോലെ താൽക്കാലിക മുടി കൊഴിച്ചിൽ ചില പ്രത്യേക കാരണങ്ങൾ കൊണ്ടു സംഭവിക്കുന്നതും ചികിത്സിച്ചു മാറ്റാവുന്നതും ആണ്. കൊഴിച്ചിലിന്റെ ആ പ്രത്യേക കാരണം മാറുമ്പോൾ തനിയെ മാറുകയും ചെയ്യാം.

സ്ഥിരമായ മുടി കൊഴിച്ചിലാകട്ടെ ചികിത്സയിൽ മാറാത്തതും പലപ്പോഴും പ്രായം കൂടുന്നതിനനുസരിച്ച് സംഭവിക്കുന്നതുമാണ്. (ഉദാ: കഷണ്ടി).

മിക്ക മുടി കൊഴിച്ചിലും താൽക്കാലികവും പ്രത്യേക കാരണങ്ങൾ കൊണ്ട് ഉണ്ടാവുന്നതും ആയതിനാൽ ഭയക്കേണ്ടതില്ല. അതേ സമയം മുടി കൊഴിച്ചിലിനെക്കുറിച്ച് ഓർത്ത് ടെൻഷനടിച്ചാൽ മുടി കൊഴിച്ചിലിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ടെന്നും ഓർക്കുക.

ഹോർമോൺ കാരണം

ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന സന്ദർഭങ്ങളിലെല്ലാം മുടികൊഴിച്ചിൽ കണ്ടുവരാറുണ്ട്. പലപ്പോഴും ഇത് താൽക്കാലികവുമാണ്. ഗർഭാവസ്ഥ, പ്രസവശേഷം, ആർത്തവ വിരാമത്തിനുശേഷം, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുമ്പോഴും അവ നിറുത്തുമ്പോഴും എല്ലാം മുടി കൊഴിച്ചിൽ കണ്ടു വരാറുണ്ട്.

ശരീരഭാരം കുറയ്ക്കാനായി ക്രാഷ് ഡയറ്റ് ചെയ്യുന്നവരിലും കാര്യമായമുടികൊഴിച്ചിൽ കാണാറുണ്ട്. വൈറ്റമിൻ B12 കുറവു കാരണവും തെറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യത്തിന്റെ ഫലമായും ഇത്തരം മുടികൊഴിച്ചിൽ ഉണ്ടാകാം. തലമുടി മാത്രമല്ല പുരികം, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ മുടി കൊഴിയുന്ന അവസ്ഥ തെറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനവൈകല്യമുള്ളവരിൽ ഉണ്ടാകാം. അവരിൽ മുടിനാരിന്റെ സ്നിഗ്ധത കുറഞ്ഞുവരുന്നതായും കാണാറുണ്ട് .

രോഗങ്ങളും അണുബാധകളും

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ (ഹോർമോണിന്റെ കുറവോ കൂടുതലോ), മുടിയുടെ വേരുകളെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺരോഗമായ അലോപേഷ്യ ഏറിയേറ്റ (ഒരു പ്രത്യേക ഭാഗത്ത് വട്ടത്തിൽ മുടി പൊഴിയുന്നത്), ലൈക്കൻ പ്ലാനസ്, ചിലതരം ലൂപ്പസ് ബാധകൾ (SLE), റിങ് വേം എന്നിവയൊക്കെ മുടി കൊഴിച്ചിലിനു കാരണമാകാം.

സാധാരണയിൽ കവിഞ്ഞ അളവിൽ മുടികൊഴിയുന്ന പലർക്കും കുറച്ച മാസങ്ങൾക്കു മുൻപ് ഡെങ്കിപ്പനി, പൊങ്ങൻപനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വന്നിട്ടുണ്ടാകാം.

മരുന്നുകളുടെ ഉപയോഗം

ചിലയിനം മരുന്നുകളുടെ പാർശ്വഫലമായും മുടി കൊഴിച്ചിൽ കണ്ടുവരാറുണ്ട്. കാൻസർ രോഗത്തിനുള്ള കീമോതെറപ്പി ഒൗഷധങ്ങൾ, രക്താതി സമ്മർദത്തിനുള്ള ചില മരുന്നുകൾ, സന്ധിവേദനയ്ക്കും വീക്കത്തിനുമുള്ള മരുന്നുകൾ, ഹൃദ്രോഗത്തിനുള്ള ചില മരുന്നുകൾ, വിഷാദരോഗ ചികിത്സയിലെ ചില മരുന്നുകൾ എന്നിവയൊക്കെ മുടി കൊഴിച്ചിലുണ്ടാക്കാം. എന്നാൽ മരുന്നുകളുടെ പാർശ്വഫലത്താലുള്ള മുടി കൊഴിച്ചിലായതിനാൽ ആ മരുന്നു നിറുത്തുന്നതോടെ മാറും.

∙ ഭക്ഷണത്തിലെ പോരായ്മകൾ

ഭക്ഷണത്തിൽ പ്രോട്ടീന്‍, അയൺ, ചില ധാതുലവണങ്ങൾ എന്നിവയുടെ അപര്യാപ്തത മുടി കൊഴിയാന്‍ കാരണമായേക്കാം. അതിനാൽ സമീകൃതമായ ഭക്ഷണം മുടിക്കും അനിവാര്യമാണ്.

ഹെയർ സ്റ്റൈലും ഷാംപുവും

ചില പ്രത്യേക തരം ഹെയർ സ്റ്റൈൽ ഉപയോഗിക്കുന്നവരിലും മുടി കൊഴിച്ചിൽ കണ്ടു വരാറുണ്ട്. മുടിയുടെ വേരുകളിൽ ഗണ്യമായ മർദ്ദം ഏൽപ്പിക്കുന്ന തരത്തിൽ വലിച്ചു കെട്ടുന്ന തരം ഹെയർ സ്ൈറ്റലുകൾ മുടി കൊഴിച്ചിലുണ്ടാക്കാൻ സാദ്ധ്യത ഏറെയാണ്. ഇവയെ പൊതുവായി ട്രാക്ഷൻ ഹെയർ ലോസ്സ് എന്നാണ് പറയുന്നത്.

സോപ്പിന്റെയും ഷാംപൂവിന്റെയും അമിതോപയോഗവും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇവയിലെ രാസവസ്തുക്കൾ മുടിക്ക് പലപ്പോഴും ഹാനികരമാവും. കൂടാതെ മുടിയുണക്കുന്ന ഹീറ്ററുകളുടെ പതിവായ ഉപയോഗം, മുടി ചുരുട്ടുന്ന ഉപകരണങ്ങൾ, മുടിക്ക് നിറം നൽകുന്ന നിലവാരം കുറഞ്ഞ ഡൈകൾ ഇവയൊക്കെ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്.

ഇവയ്ക്കൊക്കെ പുറമെ വിഷാദരോഗം, പെട്ടെന്നുണ്ടാകുന്ന ഷോക്കുകൾ (ഉറ്റവരുടെ വേർപാട്), ടൈഫോയ്ഡ് പോലുള്ള ചിലതരം പനികൾ, താരൻ, ക്ലോറിൻ കലർന്ന വെള്ളത്തിലെ കുളി, അമിതമായ ചൂടുവെള്ളത്തിലെ കുളി. മുടിയുടേയും തലയോട്ടിയുടേയും പൊതുവിലുള്ള വൃത്തിയില്ലായ്മ, ഹെൽമെറ്റിന്റെ ഉപയോഗം ഇവയൊക്കെ പലരിലും മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. സ്വയമറിയാതെ മുടി പിടിച്ചു വലിച്ചു പൊട്ടിക്കുന്ന ട്രൈക്കോടിലോമാനിയ (trichotillomania) എന്ന മാനസികാവസ്ഥയും മറ്റൊരു കാരണമാണ്.

hair-loss-1

സ്വയം തടയാൻ വഴികൾ

പാരമ്പര്യമായി ഉണ്ടാകുന്ന കഷണ്ടിക്കു മരുന്നുകൾ കൊണ്ടുള്ള പരിഹാര മാർഗ്ഗങ്ങൾ ഒന്നും കണ്ടുപിടിച്ചിട്ടില്ലെങ്കിലും (ഹെയർ ട്രാൻസ്പ്ലാന്റ് സർജറി, സ്കാൽപ് റിഡക്ഷൻ സർജറി എന്നിവയൊക്കെ നിലവിൽ ഉണ്ട്). താൽക്കാലിക മുടി കൊഴിച്ചിലിന് പരിഹാരമാർഗ്ഗങ്ങൾ ഏറെയുണ്ട്. കാരണം കണ്ടെത്തി ചികിത്സിക്കുക തന്നെയാണ് ഏറ്റവും പ്രധാനം. മുടി കൊഴിച്ചിൽ തടയാനും കുറയ്ക്കുവാനുമുള്ള ഏതാനും മാർഗ്ഗങ്ങൾ ഇതാ.

മുടിയുടെ വൃത്തി

ശുദ്ധമായ വെളിച്ചെണ്ണയോ, കാച്ചിയ എണ്ണയോ, ഒലിവ് ഓയിലോ തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചു പിടിപ്പിച്ച് അൽപസമയം വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ (ഉദാ: ചെമ്പരത്തി താളി) ഉപയോഗിച്ച് നന്നായി കഴുകുന്നതു പതിവാക്കുക. വൃത്തിയുള്ള തലയിൽ താരനും മറ്റ് അണുബാധകളും വരാൻ സാദ്ധ്യത വളരെ കുറയും. നനഞ്ഞ മുടി ഉടനെ കെട്ടി വയ്ക്കരുത്. അതേസമയം മുടി ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്.

കുളി കഴിഞ്ഞ ശേഷം പല്ലിന് സാമാന്യം അകലമുള്ള ചീപ്പുപയോഗിച്ചു വേണം മുടി ചീകാൻ. തീരെ ചെറിയ പല്ലുകൾ ഉള്ള ചീപ്പിൽ മുടി പൊട്ടിപ്പോകാനും പിഴുതു പോരാനും സാദ്ധ്യതയുണ്ട്. തല തുവർത്തുമ്പോഴും വേണം ശ്രദ്ധ. ഒരുപാട് ഉരച്ചു തോർത്താതിരിക്കാൻ ശ്രദ്ധിക്കുക. നനഞ്ഞിരിക്കുമ്പോൾ മുടി മൃദുവാകാനും പൊഴിയാനുമുള്ള സാദ്ധ്യത കൂടുതലാണ്.

പിരിമുറുക്കം ഒഴിവാക്കുക

മുടിയുടെ കാര്യമോർത്ത് തല പുകയ്ക്കുന്നത് പിന്നെയും മുടി കൊഴിക്കുമെന്ന് പറഞ്ഞല്ലോ... മുടികൊഴിച്ചിലിന് ടെൻഷനും ഒരു പ്രധാന കാരണമാണ്. പനി , ശാരീരിക അസ്വസ്ഥതകൾ, പരീക്ഷാപ്പേടി, പ്രസവശേഷം ഉണ്ടാകുന്ന മാനസിക പ്രയാസങ്ങൾ ഇതെല്ലാം മുടികൊഴിച്ചിലിനു കാരണമാകാം. പരിധിവിട്ടുള്ള ആകുലത ഒന്നിനെക്കുറിച്ചും വേണ്ട.

ഉത്കണ്ഠ മുടി കൊഴിച്ചിൽ മാത്രമല്ല ഒട്ടനവധി രോഗങ്ങളുടെ മൂലഹേതുവാണ്. മാനസിക സമ്മർദമേറുമ്പോൾ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് കാരണം. ഇതുമൂലം മുടിയുടെ വളർച്ച കുറഞ്ഞു കുറഞ്ഞ് തീരെ ഇല്ലാതാകുകയും മുന്നു മാസത്തിനകം മുടി കൊഴിയുകയും ചെയ്യും. ടെൻഷൻ അകറ്റാൻ യോഗ, ധ്യാനം, പ്രാർഥന ഇവയിലേതും തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നും കഴിക്കാം.

ഭക്ഷണം ശ്രദ്ധിക്കുക

ധാരാളം വെള്ളം കുടിക്കുന്നതോടൊപ്പം വൈറ്റമിൻ എ (കാരറ്റ്, മീനെണ്ണ, മുട്ട, ചീര, മറ്റ് ഇലക്കറികൾ മുതലാവയ), വൈറ്റമിൻ ഇ (ആൽമണ്ട്, കപ്പലണ്ടി, സോയാബീൻ, സൂര്യകാന്തി എണ്ണ മുതലായവ). വൈറ്റമിൻ ബി (തവിടോടു കൂടിയ ധാന്യങ്ങൾ , മുട്ട, പയറുവർഗ്ഗങ്ങൾ, പാൽ ചീസ് മുതലായവ) എന്നിവ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക. ഇവ തലയോട്ടിയിലെ എണ്ണമയം വർധിപ്പിക്കാനും മുടിയുടെ വേരുകൾക്കു ബലമുണ്ടാക്കാനും, മുടിക്കു തിളക്കവും നിറവും വർധിപ്പിക്കാനും സഹായിക്കും.

ഇതുകൂടാതെ പ്രോട്ടീനുകളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

സൗന്ദര്യവർദ്ധന വസ്തുക്കൾ

പതിവായി ബ്ലീച്ചു ചെയ്യുന്നതും രാസവസ്തുക്കൾ ചേർന്ന ഹെയർ കളറുകൾ ഉപയോഗിക്കുന്നതും ചൂടാക്കുന്നതും ചുരുട്ടുന്നതും നിവർത്തുന്നതും ഒക്കെ മുടിയുടെ ആയുസ്സ് കുറയ്ക്കുന്ന കാര്യങ്ങളാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ മരുന്നുകളുടെ അമിതോപയോഗം കുറയ്ക്കുക. തീരെ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ വേറെ നിവൃത്തിയില്ലല്ലോ.

ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവയുടെ നീരു തലയിൽ തേച്ചു പിടിപ്പിച്ച് രാത്രി മുഴുവൻ വച്ചശേഷം

രാവിലെ കഴുകിക്കളയുന്നതും ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഗ്രീൻ ടീ ഉണ്ടാക്കി തണുത്തതിനുശേഷം തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം കഴുകിക്കളയുന്നതും നല്ലതു തന്നെ.

താരനെ സൂക്ഷിക്കുക

ത്വക്കിലെ ഗ്രന്ഥികളുടെ പ്രവർത്തന ഫലമായി തലയിലെ ചർമത്തിൽ എണ്ണമയം ഉണ്ടാകും. ഇതിൽ പൊടിയും അഴുക്കും നിർജീവ കോശങ്ങളും അടിഞ്ഞുകൂടി അണുബാധയുണ്ടാകുന്നതാണ് താരൻ. മുടിയിൽ എണ്ണ പുരട്ടുന്നത് താരൻ കൂടാനിടയാക്കും. താരന്റെ സാന്നിധ്യം മുടികൊഴിച്ചിൽ കൂട്ടും. എണ്ണ പുരട്ടിയാലും ഷാംപു ഉപയോഗിച്ച് കഴുകണം. ആഴ്ചയിൽ രണ്ടുദിവസം മെഡിക്കേറ്റഡ് ഷാംപുവും ബാക്കി ദിവസങ്ങളിൽ മെയിന്റനൻസ് ഷാംപുവും ഉപയോഗിക്കാം. തലയിൽ ചെതുമ്പൽ പോലെയും അണുബാധവരാം. ഇത് മുടിയുടെവേരുകളിലേക്ക് ബാധിച്ചാൽ ക്രമേണ മുടിയുടെ വളർച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.

തലയിലെ രക്തക്കുഴലുകളെ ഉത്തേജിപ്പിക്കാനും രക്തയോട്ടം വർധിപ്പിച്ച് മുടി കൊഴിച്ചിൽ കുറയ്ക്കാനും ഹോട്ട് ഓയിൽ മസാജ് ചെയ്യാം . പിന്നീട് ഷാംപു ഉപയോഗിച്ച് എണ്ണമയം കഴുകികളയണമെന്നുമാത്രം .

ഇവിടെ പറഞ്ഞതൊക്കെ മുടി കൊഴിച്ചിൽ തടയാനും കുറയ്ക്കാനും പൊതുവെ സ്വീകാര്യമായിട്ടുള്ള വഴികളാണ്. ഇതിലൊന്നും നിൽക്കാത്ത തരം മുടികൊഴിച്ചിലും കഷണ്ടിയുമൊക്കെ ഉണ്ടായേക്കാം. പുരുഷന്മാരാണെങ്കിൽ ഒരു നിശ്ചിത പ്രായത്തിനുശേഷം വരുന്നവയെ രണ്ടു കൈയും നീട്ടി സ്വീകരിക്കുക. മനോഹരമായ ഒരു തൊപ്പി വയ്ക്കുക. കാശും താൽപ്പര്യവുമുണ്ടെങ്കിൽ വിഗ്ഗോ ഹെയർ ഫിക്സോ ചെയ്യുക. മുടി പ്രശ്നം മറികടക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസര്‍ അമൃത കോളജ് ഓഫ് നഴ്സിങ്

കൊച്ചി