Tuesday 06 September 2022 12:33 PM IST : By സ്വന്തം ലേഖകൻ

കൗമാരക്കാരിലെ അമിതരക്തസ്രാവത്തിന് പിന്നിൽ?: കാരണങ്ങളും പ്രതിവിധികളും: ഡോക്ടറുടെ മറുപടി

menstrual-precautions

കൗമാരക്കാരിൽ കണ്ടുവരുന്ന ആർത്തവ സംബന്ധമായ അസുഖങ്ങളിൽ വളരെ സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.

സാധാരണയായി കുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 11 വയസ്സിനു മുൻപും 14 വയസ്സിനു ശേഷവും പലർക്കും ആർത്തവ ആരംഭം കണ്ടുവരാറുണ്ട്്. ഇൗ സമയത്ത് ക്രമം തെറ്റിയും അമിതമായും ഉണ്ടാകുന്ന രക്തസ്രാവം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്്.

അമിതരക്തസ്രാവം ?

സാധാരണയായി ആർത്തവം 22 ദിവസം മുതൽ 35 ദിവസത്തിനുള്ളിൽ വരുന്നതും 3 മുതൽ 7 ദിവസംവരെ നീണ്ടുനിൽക്കുന്നതുമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അടുത്തടുത്ത് വരുന്നതും 7ൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നതും കട്ടകളായി രക്തം പോകുന്നതും അമിത രക്തസ്രാവമായി കണക്കാക്കാവുന്നതാണ്.

കാരണങ്ങൾ ?

1.ആർത്തവത്തിന്റെ ആരംഭഘട്ടത്തിൽ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനത്തിൽ ചെറിയ തോതിലുള്ള അസന്തുലിതാവസ്ഥ കാണാറുണ്ട്്. ഇത്തരം വ്യതിയാനങ്ങൾ അമിത രക്തസ്രാവത്തിന് കാരണമാകാറുണ്ട്.

2. സാധാരണയായി രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ മനുഷ്യശരീരത്തിലുണ്ട്. ഇൗ ഘടകങ്ങൾ അമിതരക്തസ്രാവം തടയുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഇത്തരം ഘടകങ്ങൾ ശരീരത്തിൽ ആവശ്യമായ അളവിൽ നിന്നും കുറയുന്നത് അമിതരക്തസ്രാവത്തിന് കാരണമാകാറുണ്ട്്.

3. പോളിസിസ്റ്റിക് ഒാവറി എന്ന പ്രതിഭാസം ഇപ്പോൾ കുട്ടികളിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് കാരണം. ഇതും അമിത രക്തസ്രാവത്തിന് കാരണമാകുന്നുണ്ട്.

4. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ അപാകത മൂലമുണ്ടാകുന്ന അമിതരക്തസ്രാവം.

ആവശ്യമായ പരിശോധനകൾ ?

1. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്

2. രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ഘടകങ്ങളുടെ അളവ്

3. തൈറോയ്ഡ് ഹോർമോണുകളുടെ അളവ്

4. ഗർഭാശയസംബന്ധമായും അണ്ഡാശയസംബന്ധമായും ഉള്ള മുഴകൾ മനസ്സിലാക്കാനുള്ള സ്കാനിംഗ് ടെസ്റ്റുകൾ.

ചികിത്സാ മാർഗങ്ങൾ?

1. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. വളരെയധികം രക്തക്കുറവുള്ള കുട്ടികൾക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരും. രക്തം അടയ്ക്കേണ്ടതായി വന്നേക്കാം.

2. മിതമായ തോതിലുള്ള രക്തക്കുറവ് ഗുളികകൾകൊണ്ട് ചികിത്സിക്കാവുന്നതാണ്.

3. അമിത രക്തസ്രാവം നിർത്തുവാനായി ഹോർമോൺ ഗുളികകൾ കൊടുക്കാവുന്നതാണ്.

4. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിനുള്ള ഗുളികകൾ കൊടുക്കാവുന്നതാണ്.

5. അമിത രക്തസ്രാവം കുട്ടികളിൽ മാനസിക പിരിമുറുക്കത്തിന് കാരണമാകാം. അത്തരം കുട്ടികൾക്ക് മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും ചികിത്സിക്കുന്ന ഡോക്ടറുടേയും പ്രത്യേക പരിഗണനയും പിന്തുണയും ആവശ്യമാണ്.

6. ആർത്തവ ശുചിത്വത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകേണ്ടതുണ്ട്. ആർത്തവത്തോട് അനുബന്ധിച്ചുള്ള അണുബാധയിൽ നിന്നും രക്ഷനേടുന്നതിന് ഇത് സഹായകമാകും.

7. കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുകയും മിതമായ തോതിൽ വ്യായാമം ചെയ്യുകയും ചെയ്താൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാനാകും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ഗീത പി.

സീനിയർ കൺസൾട്ടന്റ്

ഒബ്സ്ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി

കിംസ്ഹെൽത്ത്, തിരുവനന്തപുരം.