Friday 22 April 2022 02:29 PM IST : By സ്വന്തം ലേഖകൻ

‘ഇണ ചേരുമ്പോഴും പടം പൊഴിക്കുമ്പോഴും അവയ്ക്ക് ശൗര്യം കൂടും’: വാവ സുരേഷിന് പാമ്പു കടിയേറ്റതിങ്ങനെ

suresh-vava

വാവ സുരേഷിന് പാമ്പു കടിയേറ്റതു മുതൽ പാമ്പുകളെ ഇങ്ങനെ പിടിക്കണോ? വെറുതെ കയ്യിലെടുക്കാമോ തുടങ്ങിയുള്ള ചർച്ചകൾ ചൂടുപിടിച്ചു നടക്കുകയാണ്. ഇതിന്റെയൊക്കെ യാഥാർഥ്യം അറിയണ്ടേ?

കശ്യപമഹർഷിയുടെയും കദ്രുവിന്റെയും മകനാണ് നാഗങ്ങൾ എന്നാണ് ഭാരതീയരുടെ പരമ്പരാഗത വിശ്വാസം. ദേവാംശമുള്ള ജീവിവർഗ്ഗം അരക്കെട്ടിനു മുകളിൽ മനുഷ്യാകൃതിയോടെ നാഗങ്ങൾ പാതാളലോകത്തു വസിക്കുന്നു എന്ന വിശ്വാസം പല ഏഷ്യൻ രാജ്യങ്ങളിലുമുണ്ട്. വിഷ്ണുവിന്റെ ശയനതലമായും ശിവന്റെ ആഭരണമായും ശ്രേഷ്ഠ നാഗങ്ങൾ ശോഭിക്കുന്നു. ഹവ്വയ്ക്ക് ദുരുപദേശം നൽകിയതും പാമ്പുതന്നെ. എന്നാൽ ലോകമാകെയുള്ള 3400–ൽ പരം സ്പീഷിസിൽപെട്ട പാമ്പുകൾ ഇഴജെന്തുക്കളാണെന്നും അവ നൂറ്ററുപതു മില്യൻ വർഷം മുൻപു രൂപപ്പെട്ട ജീവിവർഗ്ഗമാണെന്നും ആധുനിക ശാസ്ത്രം നമ്മോടു പറയുന്നു. തീവ്ര വിഷമുള്ള ‘ഇലിവിഡ്’, ‘വൈപ്പറിഡ്’, ‘കോജബിഡ്’ വിഭാഗങ്ങൾക്കുനേരെ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമാണെന്നും ശാസ്ത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

പാമ്പുകളെ പിടിക്കണോ?

പാമ്പുകളെ പിടികൂടണോ എന്നു ചോദിച്ചാൽ വേണം എന്നുത്തരം പറയേണ്ടിവരും. പാമ്പിന് ആപൽക്കരമായ ആവാസ വ്യവസ്ഥയിൽ അതുപെട്ടു എന്നിരിക്കട്ടെ. ആ സാഹചര്യത്തിൽ അതിനെ പിടികൂടി മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലെത്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ ശരിയായ പരിശീലനം ലഭിച്ചവർ മാത്രമേ സാഹസികമായ ആ ജോലിക്കിറങ്ങാവൂ. പാമ്പുപിടുത്തത്തിൽ പരിശീലനം നൽകാൻ ഗവൺമെന്റ് സംവിധാനങ്ങളുണ്ട്. ലൈസൻസും നൽകുന്നുണ്ട്. വനംവകുപ്പു നൽകുന്ന ആ ലൈസൻസുള്ളവർ മാത്രമേ പാമ്പുപിടുത്തത്തിന് മുതിരാവൂ. അതാണ് സുരക്ഷിതമായ രീതി.

പരിശീലനം വേണോ?

പരിശീലനം ലഭിക്കാത്തവർ പാമ്പുകളെ പിടിക്കുന്നത് ആപത്താണ്. കലികൊണ്ട പാമ്പിന്റെ ആക്രമണം അതിവേഗത്തിലായിരിക്കും. അതായത് മനുഷ്യൻ കയ്യോ കാലോ ചലിപ്പിക്കുന്നതിന്റെ പത്തിരട്ടി വേഗതയിലാവും പാമ്പ് ആക്രമിക്കുക. മറ്റൊരു പ്രശ്നം മനുഷ്യൻ പാമ്പിനെ പിടിച്ചാൽ അത് പാമ്പിനും ആപൽക്കരമാണ് എന്നതാണ്. മിക്കവരും അതിനെ തല്ലിക്കൊല്ലാനാണ് ശ്രമിക്കുക. അല്ലെങ്കിൽ തലയിൽ കുത്തിപ്പിടിക്കുക്കും. ഇവയൊക്കെത്തന്നെ പാമ്പുക ൾക്ക് ക്ഷതമേൽക്കുന്ന പ്രവൃത്തികളാണ്. പാമ്പുപിടുത്തത്തിനിടയിൽ പാമ്പ് രക്ഷപ്പെട്ട് കാഴ്ചക്കാർക്കിടയിലേക്കു പാഞ്ഞുകയറിയ സംഭവങ്ങളേക്കുറിച്ചും പറഞ്ഞുകേട്ടിട്ടുണ്ട്.

suresh-vava-1

പാമ്പിനെ കൊല്ലണോ?

ഒരിക്കലുമല്ല. പാമ്പുകൾ സന്തുലിത പരിസ്ഥിതിയുടെ ഭാഗംതന്നെയാണ്. അതിനുമേലുള്ള മനുഷ്യാധിനിവേശമാണ് പാമ്പുകൾ കൊല്ലപ്പെടേണ്ടവയാണ് എന്ന ധാരണ ചിലരിലെങ്കിലും രൂപപ്പെടാൻ കാരണം. ഒട്ടേറെഗോത്രങ്ങളും സാഹചര്യങ്ങളും നാഗങ്ങളെ ആരാധിക്കുന്നു എന്നു നമുക്കറിയാം.

പാമ്പുകൾക്കു മനുഷ്യനെ ആക്രമിക്കുന്ന ശീലമില്ല. സാഹചര്യമാണ് പാമ്പിനെ മനുഷ്യന്റെ ശത്രുവാക്കുന്നത്. പതിയെ കാട്ടിൽ നടക്കുന്ന ഒ രാളെ ഇരയാണെന്നു കരുതി പാമ്പ് ആക്രമിച്ചു എന്നു വരാം. എന്നാൽ ഭൂമിയിൽ ആരെങ്കിലും അമർത്തി ചവിട്ടി നടന്നാൽ പാമ്പുകൾ ഭയന്നോടുകയാണ് പതിവ്.

പലപ്പോഴും അബദ്ധത്തിൽ ചവിട്ടുമ്പോൾ അത് ആക്രമണമായി തെറ്റിധരിക്കുകയും പാമ്പ് ഭയന്ന് ജീവരക്ഷയ്ക്കായി ആക്രമിക്കുകയും ചെയ്യും. സാഹചര്യമാണ് പലപ്പോഴും പാമ്പു കടിക്കു കാരണമാകുന്നത്.

അകറ്റി നിർത്താൻ

പരുക്കൻ തറകളിലൂടെ പാമ്പ് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കും. അതുകൊണ്ട് പഴയതരം തറയിലോ മെഴുകിയ നിലത്തോ ഒക്കെ പാമ്പിന്റെ സാന്നിധ്യമുണ്ടാകാൻ സാധ്യത കൂടുതലാണ്. ഉയരം കുറഞ്ഞ അടിത്തറയുള്ള ബിൽഡിങ്ങുകളിൽ പാമ്പ് എളുപ്പം കടന്നു കൂടും. പല്ലി, പാറ്റ ഇങ്ങനെയുള്ള ജീവികളെ പിന്തുടർന്നായിരിക്കും പലപ്പോഴും പാമ്പ് വിട്ടിനുള്ളിൽ കയറുക. പരിസരത്തെ അസഹ്യമായ ചൂ ടും വീടിനുള്ളിലേക്കു കയറാനും മറവുള്ള സ്ഥലങ്ങളിൽ ഒളിച്ചിരിക്കാനും പാമ്പുകളെ േപ്രരിപ്പിക്കും.

പാമ്പുകളെ അകറ്റി നിർത്താൻ ശുചിയായ പരിസരം വലിയൊരളവിൽ സഹായിക്കും. വീടിനടുത്ത് ചെടിക ൾ, കാടുകൾ ഇവ നിലനിർത്താതിരിക്കുക. തുണികളും മറ്റും അയയിലോ അലമാരയ്ക്കുള്ളിലോ മാത്രം സൂക്ഷിക്കുക. ഇതൊക്കെ പാമ്പ് വീട്ടിൽ ഒളിക്കാതിരിക്കാൻ സഹായിക്കും.

ആധുനിക രീതിയിൽ പണിത ഉയരമുള്ള അടിത്തറയോടുകൂടിയ വീടുകളിൽ പാമ്പിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കുറയും. വീടിനോ ടു ചേർന്ന് മരച്ചില്ലകളോ ചാരിവച്ച തടിക്കഷണങ്ങളോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ടൈലിട്ട മിനുസമുള്ള തറയിൽ സഞ്ചരിക്കാൻ പാമ്പിന് ബുദ്ധിമുട്ടാണ്.

പാമ്പിനെ കയ്യിലെടുക്കരുത്

പാമ്പിനെ സ്പർശിക്കുന്നതും കയ്യിലെടുക്കുന്നതും ഓമനിക്കുന്നതുമെല്ലാം അത്യന്തം അപകടകരമാണ്. പാമ്പിന്റെ പടം വെറുംകൈ കൊണ്ടു തൊടുന്നതുപോലും ആപത്കരമാണ്. എന്തെന്നാൽ കൊഴിഞ്ഞ പാമ്പിൻപടം സാൽമൊണല്ല പോലെയുള്ള ബാക്ടീരിയകളുടെ വിഹാരരംഗമാണ്.

മാത്രമല്ല പാമ്പുകളുടെ സ്വഭാവം പ്രവചനാതീതമാണ്. ഏതു നിമിഷവും ആക്രമണം ഉണ്ടാവാം. പാമ്പുപിടുത്തത്തിൽ ചിരപരിചിതനായ വാവ സുരേഷിനുതന്നെ പലതവണ പാമ്പുകടിയേറ്റിട്ടുണ്ട് എന്ന് ഓർമിക്കുക. അതുകൊണ്ട് പാമ്പ് പിടിയിലായാലും പുറത്തായാലും അപകടകാരിതന്നെയാണ്. പൊതുവെ ശാന്തസ്വഭാവികൾ എന്നു പറയപ്പെടുന്ന പാമ്പുകൾ പോലും ഓർക്കാപ്പുറത്ത് ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

‌പാമ്പുകടിയേൽക്കാത്ത തരം ഗ്ലൗസ് ലഭ്യമാണ്. അതു ധരിച്ചുമാത്രമേ പാമ്പുപിടുത്തത്തിന് ഒരുങ്ങാവൂ. മറ്റു ശരീരഭാഗങ്ങളെയും പരമാവധി മറച്ച് സുരക്ഷിതമാക്കണം. പാമ്പിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ അതു ചീറ്റുകയോ ആക്രമണോത്സുകത പ്രകടമാക്കുകയോ ചെയ്യുന്നുവെങ്കിൽ അകന്നു നിൽക്കണം.‌

പാമ്പ് ‘എസ്’ ആകൃതിയിൽ ശരീരം വളച്ചാണ് കിടക്കുന്നതെങ്കിൽ അത് അസ്വസ്ഥമാണ് എന്നു മനസ്സിലാക്കുക. ശാന്താവസ്ഥയിലാണെങ്കിൽ നാവ് ഇടയ്ക്കിടെ പുറത്തേക്കു നീട്ടിക്കൊണ്ടിരിക്കും. എന്തായാലും സ്നേയ്ക്ക് ടോങ്സ് എന്ന ഉപകരണം കൊണ്ട് പിടികൂടുന്നതാണ് സുരക്ഷിതം. ഉപകരണവുമായാണെങ്കിൽ പോലും തലയ്ക്കുനേരെ ചെല്ലുമ്പോൾ വളരെ ശ്രദ്ധിക്കണം. പാമ്പിനു നിങ്ങളുടെ സാന്നിധ്യം മനസ്സിലാവണം. അപ്പോൾ ഇര എന്നു കരുതി കയ്യിലോ കാലിലോ ആക്രമിക്കാനുള്ള സാധ്യത കുറയും. പകരം പാമ്പ് തെല്ല് പരിഭ്രമിക്കും. ചിലപ്പോൾ ര ക്ഷപ്പെടാൻ തലതാഴ്ത്തും. ഈ സമയം സ്നേയ്ക്ക് ടോങ്സ് ഉപയോഗിക്കാം. പിടികൂടി കണ്ടെയ്നറിലാക്കാം. ടോംങ്സ് ഉപയോഗിക്കുമ്പോഴും കയ്യും ശരീരവും തമ്മിൽ സുരക്ഷിതമായ അകലം നിലനിർത്താൻ ശ്രമിക്കണം.

ഇണചേരുന്ന കാലത്ത് പാമ്പിന് ശൗര്യം കൂടുതലാണ്. ആ ഘട്ടത്തിൽ പാമ്പിനെ പിടിക്കുന്നത് വളരെ അപകടകരമാണ്. ഇരയെടുക്കുമ്പോഴും പടംപൊഴിക്കുമ്പോഴും പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്.

തയാറാക്കിയത്:

ബിമൽകുമാർ രാമങ്കരി

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പീറ്റർ തോമസ്

ജനറൽ മെഡിസിൻ

ടി. ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ.