Thursday 24 February 2022 12:25 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിന്റെ മലത്തിൽ രക്തം, വിളർച്ച... പിന്നിൽ പാലിൽ നിന്നുള്ള അലർജി’: ഡോക്ടറുടെ വിശദീകരണം

kid-feeding-milk-allergy

പാൽ അലർജി കൊണ്ടുള്ള കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ

കൈക്കുഞ്ഞുമായിഒരമ്മ. കുഞ്ഞിന്റെ മലത്തിൽ രക്തം കാണുന്നതാണ് പ്രശ്നം. പരിശോധനയിൽ നല്ല വിളർച്ചയും ഉണ്ട് കുട്ടിക്ക് . പരിശോധനയ്ക്കും ടെസ്റ്റുകൾക്ക് ശേഷം അമ്മയോട് കുഞ്ഞിന് പശുവിൻ പാലും പാൽ ചേർന്ന ഭക്ഷണവും നൽകരുതെന്നും ഒപ്പം മുലപ്പാൽ നൽകുന്നതിനാൽ അമ്മയും പാൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചു. കുഞ്ഞിന് പശുവിൻ പാൽ കൊണ്ടുള്ള അലർജി ആയിരുന്നു. പാൽ കൊണ്ടുള്ള അലർജി പ്രശ്നങ്ങൾ ധാരാളം കുട്ടികളിൽ കാണാറുണ്ട്. പാലിലെ പ്രോട്ടീൻ ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. ഏറ്റവും സാധാരണയായി കാണുന്നത് പശുവിൻപാൽ അലർജി ആണ്. മറ്റു പാലുകൾ ക്കും അലർജി വരാം. ആട്,എരുമ അങ്ങനെ ഏതു പാലിനും.

പാല് കുടിച്ച് മിനിട്ടുകൾ മുതൽ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കാം അലർജി ഉണ്ടാകാൻ. രണ്ടു തരത്തിൽ കാണാം. (Immediate cowsmilkprotein allergy )പെട്ടെന്ന് മിനുട്ടുകൾക്കകം മണിക്കൂറുകൾക്കുള്ളിൽ ആണെങ്കിൽ മറിച്ച് (late onset type)ആണെങ്കിൽ ദിവസങ്ങളെടുക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുവാൻ. ഓരോ കുട്ടികളിലും ഓരോ തരത്തിലായിരിക്കും. ചിലരിൽ ചെറിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ആണെങ്കിൽ മറ്റു ചിലരിൽ ചെറിയ അളവ് ഉള്ളിൽ ചെന്നാൽ പോലും ഗുരുതര രോഗാവസ്ഥ ഉണ്ടാക്കാം.

1. പാൽ അലർജിയുള്ള കുട്ടികളിലെ രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

നവജാത ശിശുക്കൾ മുതൽ ഈ പ്രശ്നം കാണാറുണ്ട്. പ്രധാനമായും

അലർജിയുള്ള കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ ഛർദിൽ, ഓക്കാനം, വയറുവേദന, colic (നിർത്താതെയുള്ള കരച്ചിൽ)അമിത നിർബന്ധം, വയറിളക്കം, മലബന്ധം, മലം പോകുമ്പോൾ രക്തം, മലദ്വാരത്തിനു ചുറ്റും ചുവപ്പും പാടുകളും, ഭാരക്കുറവ്,തൂക്കം വർധിക്കാതിരിക്കുക, മുഖത്തും ദേഹത്തും ചുവന്ന പാടുകൾ, വിട്ടുമാറാത്ത ചുമ,വലിവ്(wheeze) ശ്വാസം മുട്ട്,വിട്ടു മാറാത്തമൂക്കൊലിപ്പ് മൂക്കടപ്പ്,ചൊറിച്ചിൽ, കണ്ണിൽ നിന്നും വെള്ളം വരുക, അനഫിലാക്സിസ്(Anaphylaxis) എന്ന ഗുരുതര അലർജി അവസ്ഥ എന്നിവ. വിട്ടുമാറാത്ത വയറുവേദനയുമായി വരുന്ന ചില മുതിർന്ന കുട്ടികളിൽപോലും പശുവിൻപാൽ നിർത്തിയശേഷം വേദനയ്ക്ക് ശമനം വരുന്നതായി കാണാറുണ്ട്.

2.പാൽ അലർജി ഉറപ്പിക്കാനുള്ള ടെസ്റ്റുകൾ എന്തൊക്കെയാണ്?

രോഗലക്ഷണങ്ങൾ ഉള്ള കുട്ടികളിൽ പശുവിൻപാൽ നിർത്തിയ ശേഷം ഈ ലക്ഷണങ്ങൾ കുറയുകയും, വീണ്ടും തുടങ്ങുമ്പോൾ ലക്ഷണങ്ങൾ വരികയും ചെയ്യുന്നത് ഏറ്റവും പ്രധാനമായ ഒരു സൂചനയാണ്. Skin prick test(തൊലിപ്പുറത്തെ ടെസ്റ്റ്), RAST (രക്തത്തിലെ ആന്റി ബോഡി പരിശോധന), Milk challenge test എന്നിവയാണ് രോഗം ഉറപ്പിക്കുവാൻ ലഭ്യമാണ്

3. കുട്ടികളിലെ ചികിത്സ എങ്ങനെ?

പശുവിൻ പാൽ അലർജിയുള്ള കുട്ടികൾ സ്വാഭാവികമായും പാലും, പാൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുക തന്നെ വേണം. ഒഴിവാക്കുമ്പോൾ തന്നെ രോഗലക്ഷണങ്ങൾ മാറുകയാണെങ്കിൽ പാൽ കൊണ്ടുള്ള അലർജി ഉറപ്പിക്കാം. ഒരുവയസ്സിനു ശേഷം മാത്രംവീണ്ടും കുറെശ്ശെയായി മാത്രംപശുവിൻ പാൽ കൊടുത്തു നോക്കുക. പശുവിൻപാൽ അലർജി ആണെങ്കിൽആട്ടിൻപാൽ, സോയാ പാൽ എന്നിവ നൽകാവുന്നതാണ് ഇവക്കു അലർജി ഇല്ല എങ്കിൽ. മുലപ്പാൽ കുടിക്കാത്ത കുഞ്ഞുങ്ങളിൽ ഫോർമുല അല്ലെങ്കിൽ പൊടിപ്പാൽ നൽകുന്ന കുഞ്ഞുങ്ങൾക്ക് അലർജിക്ക് കാരണമായ പ്രോട്ടീനുകളെ ഘടകീ കരിച്ചുള്ള ഫോർമുല (extensively Hydrolysed formula) ഇപ്പോൾ ലഭ്യമാണ്. അതുപോലെതന്നെ അമിനോആസിഡ്(aminoacid ) ഫോർമുല സോയ ഫോർമുല എന്നിവയും.മുലപ്പാൽ കുടിക്കുന്ന കുട്ടികളുടെ അമ്മമാരും കുഞ്ഞിന് പാൽ അലർജിയുണ്ടെങ്കിൽ പശുവിൻപാലും പാൽ ചേർന്ന് ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുക തന്നെ വേണം.

4. കുട്ടികൾക്ക് പാലിനോട് ഉള്ള അലർജി മാറുമോ?

80 ശതമാനത്തിനു മുകളിൽ കുട്ടികളിലും മൂന്നു വയസ്സാകുമ്പോഴേക്കും പശുവിൻപാൽ അലർജി പ്രശ്നം പൂർണമായും മാറും.50 ശതമാനം കുട്ടികളിലും ഒരു വയസ്സാകുമ്പോഴേക്കും രോഗം കുറഞ്ഞുതുടങ്ങും. ഭൂരിഭാഗം കുട്ടികൾക്കും ഈ അലർജി മുതിർന്നവരാകുമ്പോൾ ഉണ്ടാകാറില്ല. പക്ഷേകുട്ടികളിൽ മറ്റ് അലർജികൾ കൂടെഉള്ളവരിലും ഗുരുതര അലർജി പ്രശ്നമുള്ളവരിലും, ശ്വാസകോശ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരിലും, ഈ അലർജി ലക്ഷണങ്ങൾ നീണ്ടകാലം തുടർന്നേക്കാം.

5. പാൽ പ്രോട്ടീൻ അലർജിയും, ലാക്ടോസ് ഇൻ ടോളറൻസ് (lactose intolerance)എന്ന രോഗാവസ്ഥയും രണ്ടും കുട്ടികളിൽ കാണുന്ന പാലുമായി ബന്ധപ്പെട്ടതാണ് ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

lactose intolerance എന്ന അവസ്ഥ പാലിലെ പ്രോട്ടീനുകൾ മൂലം അല്ല മറിച്ച് ലാക്ടോസ് (lactose)എന്ന കാർബോഹൈഡ്രേറ്റ് ഘടകം ദഹിപ്പിക്കുവാൻ ആവശ്യമായ lactase enzyme കുറവ് വരുന്നതു മൂലം സംഭവിക്കുന്ന ഒന്നാണ്. ഇത് ജന്മനാൽ തന്നെ വളരെ അപൂർവ്വം ചില കുട്ടികൾ കാണാം. പക്ഷേ സാധാരണയായി കാണാറുള്ളത് വയറിളക്കത്തിന് ശേഷം ഈ enzyme കുറവ് വരുന്നത് മൂലമുണ്ടാകുന്ന(secondary lactoseintolerance)ആണ്. കുട്ടികളിൽ നീണ്ടുനിൽക്കുന്ന വയറിളക്കം,മലദ്വാരത്തിനു സമീപം ചുവപ്പ്,വയർ വീക്കം,തൊലിപ്പുറത്ത് പാടുകൾ തൂക്കം കുറയുക എന്നിവ കാണാറുണ്ട്. ഇതിന് പരിഹാരമായി ലാക്ടോസ്(lactose) അളവ് കുറഞ്ഞ formula ലഭ്യമാണ്.

പാൽ പ്രോട്ടീൻ അലർജി ലക്ഷണങ്ങൾ കുട്ടികളിൽ പലവിധത്തിൽ പ്രകടമാകാം. പലപ്പോഴും വിട്ടുമാറാതെ നിൽക്കുന്ന ചുമയും മൂക്കടപ്പും അതുപോലെ ക്രീമുകൾ പുരട്ടിയിട്ടും മാറാതെ നിൽക്കുന്ന മുഖത്തെയും ദേഹത്തെയും പാടും ചുവന്ന പാടുകളും പശുവിൻ പാൽ ഒഴിവാക്കിയ ശേഷം വളരെ പെട്ടെന്ന് മാറുന്നതായി കാണാറുണ്ട്. നേരത്തെ തന്നെ കുട്ടികളിലെ അലർജി കണ്ടുപിടിക്കുന്നത് വഴി കുഞ്ഞിന്റെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കാതെ ഇരിക്കും.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. വിദ്യ വിമൽ

ശിശുരോഗ വിദഗ്ധ