Thursday 26 August 2021 04:24 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

കോവിഡ് ഇനി മണത്തറിയാം; പുതിയ സ്ക്രീനിങ് പരിശോധന വരുന്നു

anosme3243

കോവിഡ് ബാധിതരിൽ 99 ശതമാനം പേരിലും ഗന്ധമറിയാനുള്ള ശേഷി നഷ്ടമാകുന്നുണ്ടെന്നത് വാസ്തവമാണ്. പലരിലും പല അളവിലായിരിക്കുമെന്നു മാത്രം. ചിലരിൽ പൂർണമായി മണവും രുചിയും നഷ്ടമാകുമ്പോൾ ചിലരിൽ വളരെ ലഘുവായ തോതിലാകും ഗന്ധനഷ്ടം സംഭവിക്കുക. കോവിഡ് ബാധിതരിലെ ഈ പ്രത്യേകത അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ് കോവിഡ് അനോസ്മിയ ചെക്കർ എന്ന കോവിഡ് സ്ക്രീനിങ് പരിശോധന. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഡോ. ജാക്സൺ ജയിംസാണ് ഈ ടെക്നോളജി കണ്ടുപിടിച്ചിരിക്കുന്നത്. തികച്ചും ഇൻവേസീവ് അല്ലാത്ത പരിശോധനയായതുകൊണ്ട് ആളുകൾക്ക് ഏറെ സൗകര്യപ്രദമാണ് ഈ പരിശോധന.

‘‘ കൊറോണവൈറസ് ആദ്യം കയറുന്നത് നാസോഫാരിങ്ജൽ ഭാഗത്തുകൂടെയാണ്. അതുകൊണ്ടുതന്നെ 99 ശതമാനം പേരിലും ഏറിയോ കുറഞ്ഞോ ഗന്ധനഷ്ടം സംഭവിക്കാറുണ്ട്. തീരെ ചെറിയ അളവിലുള്ള ഗന്ധനഷ്ടം സാധാരണക്കാർക്ക് തിരിച്ചറിയാനാകില്ല. അനോസ്മിയ ചെക്കറിന്റെ പ്രധാനഗുണം എന്നത് മണമറിയാനുള്ള നമ്മുടെ ശേഷിയുടെ തോത് അളന്നറിയാം എന്നതാണ്. ചെറിയതോതിലുള്ള ഗന്ധനഷ്ടം പോലും ഈ ഉപകരണം വഴി തിരിച്ചറിയാനാകും. ’’ ഡോ. ജാക്സൺ ജയിംസ് പറയുന്നു.

‘‘ കാപ്പിപ്പൊടിയുടെയും പുൽ തൈലത്തിന്റെയും മണങ്ങൾ ഉൾച്ചേർത്തിട്ടുള്ള ഒരു പൗച്ചാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ലാബുകളിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ സ്വാബ് വയ്ക്കുന്ന പൗച്ചിനു സമാനമായ ഒരു പൗച്ചിൽ ഈ ഗന്ധങ്ങൾ ഉൾച്ചേർത്ത ഫിൽറ്റർ പേപ്പർ ഉൾക്കൊള്ളിച്ചിട്ടുണ്ടാകും. പൗച്ചിന് അലൂമിനിയം പോളിമർ സീലിങ് ഉള്ളതുകൊണ്ട് മണം നഷ്ടമാകില്ല. കോവിഡ് ഉണ്ടോയെന്നറിയാൻ ഈ പൗച്ച് മണത്തുനോക്കുകയാണ് ചെയ്യേണ്ടത്.

ശേഷം ഇൻസ്റ്റർ എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്പിൽ, ഏതൊക്കെ ഗന്ധമാണ് അറിയുന്നത്, എത്ര അളവിൽ മണമറിയാനാകുന്നുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

മണമറിയാനുള്ള ശേഷിയുടെ അളവ് അനുസസരിച്ച് മൂന്നുതരം റിസൽട്ടാണ് ലഭിക്കുക. മൈൽഡ് റിസ്ക്, മീഡിയം റിസ്ക്, ഹൈ റിസ്ക്. കോവിഡ് സാധ്യതയുണ്ടെന്നാണ് റിസൽട്ട് എങ്കിൽ ഐസൊലേഷനിൽ പോകാം. ഇതൊരു സ്ക്രീനിങ് ടൂൾ മാത്രമാണ്. രോഗസാധ്യതയുള്ളവരെ തിരിച്ചറിയാൻ സാധിക്കുമെങ്കിലും രോഗം ഉറപ്പിക്കാൻ ആന്റിജൻ ടെസ്േറ്റാ ആർടിപിസിആർ ടെസ്റ്റ് നടത്തണം. ’’ ഡോ. ജാക്സൺ പറയുന്നു.

കോവിഡ് രോഗികളിൽ പരിശോധിച്ച് ഉപകരണത്തിന്റെ ആധികാരികത ഉറപ്പാക്കിയിട്ടുണ്ട്. ഈ ഉപകരണം വഴി പരിശോധിച്ചപ്പോൾ രോഗലക്ഷണമുള്ള 97 ശതമാനം പേരിലും ലക്ഷണങ്ങളൊന്നും ഇല്ലാത്ത 94 ശതമാനം കോവിഡ് രോഗികളിലും പൊസിറ്റീവ് റിസൽട്ട് ലഭിച്ചിരുന്നു.

ഇൻസ്റ്റിഗേറ്റർ ഇ സപ്പോർട്ടിങ് സർവീസസ് എന്ന കമ്പനിക്ക് ഈ ടെക്നോളജി ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞു. 

Tags:
  • Manorama Arogyam
  • Health Tips